കശ്മീര്‍ വീണ്ടും കലങ്ങി. താഴ്വരയിലെ പുതുതലമുറ തീവ്രവാദത്തിന്‍െറ മുഖമെന്ന പേരില്‍ 10 ലക്ഷം രൂപ തലക്ക് വിലയിട്ടിരുന്ന 22കാരന്‍ ബുര്‍ഹാന്‍ മുസഫര്‍ വാനിയെയും മറ്റു രണ്ടുപേരെയും സൈന്യം വെടിവെച്ചുകൊന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം എങ്ങനെയൊക്കെ കത്തിയാളുമെന്ന് പറയുക വയ്യ. ബുര്‍ഹാനെ വകവരുത്താന്‍ കഴിഞ്ഞത് തീവ്രവാദത്തിനേറ്റ കനത്ത തിരിച്ചടിയും തങ്ങളുടെ വന്‍വിജയവുമെന്നാണ് സൈന്യം പറയുന്നത്. എന്നാല്‍, ബുര്‍ഹാന്‍െറ നാടായ ത്രാളും ബാരാമുല്ലയും കടന്ന് കശ്മീര്‍ അപ്പാടെ അക്രമാന്തരീക്ഷത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. യുവാക്കള്‍ പൊലീസ് കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടുണ്ട്. പലയിടത്തും ഏറ്റുമുട്ടലുകള്‍. തെക്കന്‍ കശ്മീരില്‍ നിരവധി സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
താഴ്വരയിലെങ്ങും മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ വിലക്കിയിരിക്കുന്നു. ജമ്മു ബേസ് ക്യാമ്പില്‍നിന്നുള്ള അമര്‍നാഥ് തീര്‍ഥയാത്ര താല്‍ക്കാലികമായി നിര്‍ത്തി. പരീക്ഷകള്‍ മാറ്റിവെച്ചു. റോഡ്, റെയില്‍ ഗതാഗതത്തെയും സംഘര്‍ഷ സാഹചര്യങ്ങള്‍ സ്തംഭിപ്പിച്ചു. വാനിയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനംചെയ്ത വിമതനേതാക്കളായ സയ്യിദ് അലിഷാ ഗീലാനിയും മീര്‍വാഇസ് ഉമര്‍ ഫാറൂഖും അടക്കമുള്ളവര്‍ വീട്ടുതടങ്കലിലാണ്. പ്രതിഷേധ മാര്‍ച്ച് നടത്താനിറങ്ങിയ ജമ്മു-കശ്മീര്‍ വിമോചന മുന്നണി നേതാവ് യാസീന്‍ മാലികിനെ അറസ്റ്റ് ചെയ്തു. കടുത്ത വിലക്കുകള്‍ക്കിടയിലും പക്ഷേ, ബുര്‍ഹാന്‍ വാനിയുടെ ഖബറടക്ക ചടങ്ങിലേക്ക് ആയിരങ്ങളാണ് ഒഴുകിയത്തെിയത്.
ഒരു സര്‍ക്കാര്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായ മുസഫര്‍ വാനിയുടെ മകനാണ് ബുര്‍ഹാന്‍. പൊലീസിനുനേരെ ഒരിക്കലെങ്കിലും നേരിട്ട് വെടിയുതിര്‍ത്തതായി പറയുന്നില്ളെങ്കില്‍ക്കൂടി 10 ലക്ഷം രൂപ തലക്കു വിലയിട്ടിരുന്ന ബുര്‍ഹാന്‍ തന്‍െറ ആശയങ്ങളിലേക്ക് അസാധാരണമായവിധത്തില്‍ അസ്വസ്ഥ യുവാക്കളെ ആകര്‍ഷിക്കുക വഴിയാണ് കശ്മീരിലെ തീവ്രവാദത്തില്‍ പുതുതലമുറയുടെ മുഖമായി മാറിയത്. ഫേസ്ബുക്കും വാട്സ്ആപ്പും പോലുള്ള നവമാധ്യമങ്ങളിലൂടെ ബുര്‍ഹാന്‍ പ്രചരിപ്പിച്ച വിഡിയോകള്‍ വൈറലായി. ഒടുവില്‍ ഭരണകൂടത്തിന് എങ്ങനെയും പിടികിട്ടേണ്ട വിലകൂടിയ തീവ്രവാദിയായി.
ബുര്‍ഹാനെയും ഒപ്പമുള്ളവരെയും ജീവനോടെ പിടികൂടുകയോ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയോ ചെയ്യുന്നതിനു പകരം, കിട്ടിയ അവസരത്തില്‍ വകവരുത്താനാണോ സൈന്യം വ്യഗ്രത കാണിച്ചതെന്ന് വ്യക്തമല്ല. അതേതായാലും ബുര്‍ഹാനെ വധിച്ചതുകൊണ്ട് ജമ്മു-കശ്മീരില്‍ തീവ്രവാദം അവസാനിക്കുന്നില്ല. ജീവിച്ചിരിക്കുന്ന ബുര്‍ഹാനെക്കാള്‍ അപകടകാരിയാണ് കൊല്ലപ്പെട്ട ബുര്‍ഹാനെന്ന യാഥാര്‍ഥ്യമാണ് ഇപ്പോള്‍ സൈന്യത്തെയും ഭരണകൂടത്തെയും തുറിച്ചുനോക്കുന്നത്.
‘കുഴിമാടത്തില്‍നിന്ന് തീവ്രവാദത്തിലേക്ക് യുവാക്കളെ വലിച്ചടുപ്പിക്കാനുള്ള ബുര്‍ഹാന്‍െറ കഴിവ്, സോഷ്യല്‍ മീഡിയ വഴി അയാള്‍ ചെയ്തിരുന്നതിനെക്കാള്‍ വളരെ വലുതാണ്’ എന്നാണ് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയില്‍നിന്നുണ്ടായ പ്രതികരണം. നിരവധി വര്‍ഷങ്ങള്‍ക്കുശേഷം ‘ആസാദി’ മുദ്രാവാക്യം താന്‍ കേള്‍ക്കുന്നു. പുതിയൊരു രക്തസാക്ഷി കശ്മീരില്‍ പിറന്നിരിക്കുന്നു -ഉമര്‍ അബ്ദുല്ല കൂട്ടിച്ചേര്‍ക്കുന്നു.
വിമത വികാരങ്ങളോട് ഒട്ടൊക്കെ മമത കാട്ടിയിരുന്ന പി.ഡി.പി, ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയശേഷം കശ്മീര്‍ ജനതക്കിടയില്‍ അരക്ഷിതബോധവും അന്യതാബോധവും വര്‍ധിച്ചിരുന്നു. ഭരണഘടനയുടെ 370ാം വകുപ്പുപ്രകാരം സംസ്ഥാനത്തിനുള്ള പ്രത്യേക പദവിയും തനിമയുടെ സംരക്ഷണവും ഭീഷണിയിലാണെന്ന ആശങ്ക നിലനില്‍ക്കുന്നു. താഴ്വരയിലെ ജനസംഖ്യയില്‍ 60 ശതമാനവും 30 വയസ്സില്‍ താഴെയുള്ളവരാണെങ്കില്‍, അവരുമായി ഇന്ന് മഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി-പി.ഡി.പി സര്‍ക്കാറിന് നല്ല ബന്ധമല്ല. അതിനെല്ലാമിടയിലാണ് ബുര്‍ഹാന്‍െറ കൊലപാതകം. അത് അസ്വസ്ഥതകളുടെ പുതിയൊരു ഏടിന്‍െറ തുടക്കമായി കരുതുന്നവര്‍ ഏറെയുണ്ട്.
ബലാല്‍ക്കാരവും അടിച്ചമര്‍ത്തലുമാണ് തീവ്രവാദത്തെയും വിമതശബ്ദങ്ങളെയും നേരിടാനുള്ള എളുപ്പവഴിയെന്ന മട്ടില്‍ ജമ്മു-കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം ഭരണകൂടം പെരുമാറുന്നതിനിടയില്‍, ബുര്‍ഹാന്‍െറ വധം നടന്ന അന്നുതന്നെയാണ് പരമോന്നത നീതിപീഠം സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന നിയമത്തെ ചോദ്യംചെയ്തത്. ആറു പതിറ്റാണ്ടായി മണിപ്പൂരില്‍ സേനാ പ്രത്യേകാധികാര നിയമമായ ‘അഫ്സ്പ’ പ്രാബല്യത്തിലിരിക്കുകയും സൈന്യം ദുരുപയോഗം നടത്തുകയും ചെയ്യുന്ന വിഷയം പരിഗണിച്ച സുപ്രീംകോടതി, അനിശ്ചിതമായി ഈ നിയമം പ്രാബല്യത്തില്‍ നിര്‍ത്തുന്നത് സര്‍ക്കാറിന്‍െറയും സേനയുടെയും പരാജയമാണെന്ന് വിലയിരുത്തി. ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിന്‍െറയും സേനാഭീകരതയുടെയും മണിപ്പൂരിലെ പ്രതീകമാണ് ഇറോം ശര്‍മിള. മൂന്നു പതിറ്റാണ്ടായി അഫ്സ്പക്കു കീഴില്‍ ജമ്മു-കശ്മീരില്‍ ഞെരിഞ്ഞമര്‍ന്നത് എത്രായിരം യുവാക്കളുടെ ജീവനാണ്. രണ്ടിനുമിടയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍.
ക്രമസമാധാനം പുന$സ്ഥാപിക്കാന്‍ എന്ന പേരില്‍ അഫ്സ്പ പ്രകാരമുള്ള അധികാരം നല്‍കി സേനയെ അനിശ്ചിതകാലത്തേക്ക് വിന്യസിക്കുന്നത് ജനാധിപത്യസംവിധാനത്തെ പരിഹസിക്കുന്നതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സമാധാനപാലനത്തിന് സേനയെ വിന്യസിച്ചാല്‍ യുക്തിസഹമായൊരു കാലയളവിനുള്ളില്‍ സാധാരണ നില പുന$സ്ഥാപിക്കപ്പെടണം. സാധാരണ നിലക്ക് രാജ്യത്തെ പൗരന്മാര്‍ക്കെതിരെ സായുധസേനകളെ ഉപയോഗിക്കാന്‍ പാടില്ല. അസ്വസ്ഥബാധിത പ്രദേശത്ത് ആയുധവുമായി പോകുന്ന ഓരോ മനുഷ്യനും തീവ്രവാദിയോ ഭീകരനോ പോരാളിയോ അല്ല. അങ്ങനെയാണെന്ന് കരുതി ഉടനടി കൊല്ലാനും പാടില്ല. രാജ്യത്തിന്‍െറ ശത്രുവാണെന്ന സംശയത്തിന്‍െറയും ആരോപണത്തിന്‍െറയും പേരില്‍ സ്വന്തം പൗരന്മാരെ കൊലപ്പെടുത്താന്‍ സേനക്ക് അധികാരം നല്‍കുന്നത് ജനാധിപത്യം അങ്ങേയറ്റം അപകടത്തിലാവും. പുകയുന്ന തോക്ക് നീതിപീഠത്തിന്‍െറ പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. സുരക്ഷാസേന അമിത ബലപ്രയോഗം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
സാധാരണക്കാരനും സൈന്യത്തിനും മുന്നില്‍ നിയമം ഒന്നുതന്നെയാണെന്ന് കോടതി ഓര്‍മിപ്പിക്കുന്നു. ന്യായീകരിക്കാന്‍ കഴിയാത്ത കൊലപാതകമാണ് നടന്നതെങ്കില്‍ അതില്‍നിന്ന് സേനക്ക് പരിരക്ഷ നല്‍കാന്‍ പാടില്ല. നമ്മുടേതുപോലൊരു ജനാധിപത്യ രാജ്യത്ത് തോക്കിന്‍െറ നിഴലില്‍ ജീവിക്കേണ്ടിവരുന്ന അവസ്ഥ പൗരന് ഉണ്ടാകരുത്. നിരോധിത സംഘടനയിലെ അംഗത്വത്തിന്‍െറ പേരില്‍ മാത്രം വ്യക്തിയുടെ മേല്‍ കുറ്റം ചാര്‍ത്താന്‍ പാടില്ല. കൊല്ലപ്പെടുന്നത് ക്രിമിനലോ തീവ്രവാദിയോ ഭീകരനോ ആരുമാകട്ടെ, അസ്വസ്ഥബാധിത മേഖലയില്‍ സായുധസേനകള്‍ നടത്തുന്ന ഓരോ കൊലപാതകവും വിശദമായി അന്വേഷിച്ചേ മതിയാവൂ. രാജ്യത്തിന്‍െറ ശത്രുവെന്ന് ആരോപിക്കപ്പെടുന്നവന്‍ എല്ലാ മൗലികാവകാശങ്ങള്‍ക്കും അര്‍ഹതയുള്ള രാജ്യത്തെ പൗരന്‍തന്നെയാണ്. ശത്രുവിനെ കൊല്ലുന്നത് പ്രശ്നങ്ങള്‍ക്ക് ഉത്തരമല്ല -സുപ്രീംകോടതി പറയുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ സൈന്യം നടത്തിയ 1528 വ്യാജ ഏറ്റുമുട്ടല്‍ കേസുകളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ തീരുമാനിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. മണിപ്പൂരില്‍നിന്നുള്ള പരാതിക്കെട്ടുകളില്‍ ആറു കേസുകളാണ് സുപ്രീംകോടതി തെരഞ്ഞെടുത്തിരുന്നത്. ഇക്കൂട്ടത്തില്‍ സേനയുടെ മര്‍ദനമേറ്റു മരിച്ച ഏഴാം ക്ളാസ് വിദ്യാര്‍ഥി ആസാദ് ഖാന്‍െറ കേസും ഉണ്ടായിരുന്നു. 12 വയസ്സുകാരന്‍ എങ്ങനെ ഭീകരനാകുമെന്ന് കോടതി ചോദിച്ചു. അയലത്തെ വീട്ടുവരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന ആസാദ് ഖാനാണ് സേനയുടെ മൃഗീയതക്ക് ഇരയായത്. കുട്ടിയെ അടുത്തുള്ള പാടത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും മാതാപിതാക്കള്‍ അലമുറയിടുന്നതിനിടയില്‍ ഒരു കമാന്‍ഡോ വെടിവെച്ചുകൊല്ലുകയുമായിരുന്നു. മരിച്ച 12കാരന്‍െറ കൈയില്‍ തോക്കു പിടിപ്പിച്ച് ഭീകരനാണെന്ന് വരുത്തി. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് കേസ് ചമച്ചു -അതാണ് യഥാര്‍ഥത്തില്‍ നടന്നത്. മണിപ്പൂരില്‍ യുദ്ധസമാനമായ സാഹചര്യമാണ്, ഇത്തരമൊരു അന്വേഷണം നടത്തുന്നത് സേനയുടെ മനോവീര്യം തകര്‍ക്കും, തീവ്രവാദികളെയും ഭീകരരെയും സഹായിക്കും തുടങ്ങിയ കേന്ദ്രസര്‍ക്കാറിന്‍െറ വാദഗതികള്‍ കോടതി അംഗീകരിച്ചില്ല. ആറു പതിറ്റാണ്ടായിട്ടും യുദ്ധസമാന സാഹചര്യം മാറ്റാന്‍തക്കവിധം ഭരണഘടനാ വ്യവസ്ഥകളൊന്നും ഉപയോഗിക്കുന്നതിന് ഭരണകൂടത്തിന് കഴിഞ്ഞില്ളെന്നുകൂടി അതിന് അര്‍ഥമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
കശ്മീരിലെ ബുര്‍ഹാന്‍ മുസഫര്‍ വാനി തീവ്രവാദിയോ ഭീകരനോ ഒളിപ്പോരാളിയോ, എന്തുമാകട്ടെ. അത്തരക്കാരെ നീതിക്കു മുന്നില്‍ കൊണ്ടുവരുകയാണ് വേണ്ടത്. പട്ടാളത്തിന്‍െറ തോക്കും ബൂട്ടുമല്ല നീതി നടപ്പാക്കേണ്ടത്. അയാളുടെ കൊലപാതകത്തില്‍ കശ്മീര്‍ ജനത രോഷവും സങ്കടവും പ്രകടിപ്പിച്ച് തെരുവിലിറങ്ങിയതിന്‍െറ പൊരുള്‍ എന്താണ്? മൂന്നു പതിറ്റാണ്ടിനിടയില്‍ സേനയുടെ ബലാല്‍ക്കാരത്തില്‍ ഞെരിഞ്ഞമരുകയോ കാണാതാവുകയോ ചെയ്തത് ആയിരങ്ങളാണെങ്കില്‍, അവരുടെ ഉറ്റവരുടെ കണ്ണീര്‍ ആ പ്രതിഷേധത്തില്‍ അലിഞ്ഞു കിടപ്പുണ്ട്. ഭരണകൂടത്തിന്‍െറ സാന്ത്വന സ്പര്‍ശമേല്‍ക്കാന്‍ ഭാഗ്യമില്ലാത്തതിന്‍െറ രോഷം ആ പ്രതിഷേധത്തില്‍ നുരപൊന്തുന്നുണ്ട്. ബുര്‍ഹാന്‍െറ കൊലക്കും അഫ്സ്പയെക്കുറിച്ച സുപ്രീംകോടതി പരാമര്‍ശങ്ങള്‍ക്കുമിടയില്‍ കാതലായ ഈ വിഷയത്തിലേക്കാണ് യഥാര്‍ഥത്തില്‍ ഭരണകൂടത്തിന്‍െറ കണ്ണ് ചെന്നെത്തേണ്ടത്.