Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപരിമിതവിഭവന്‍

പരിമിതവിഭവന്‍

text_fields
bookmark_border
പരിമിതവിഭവന്‍
cancel

മാനവവിഭവശേഷി വികസിപ്പിക്കുക എന്നത് അപാരമായ ശേഷി ആവശ്യമുള്ള കാര്യമാണ്. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ വികസിപ്പിക്കുന്നതുപോലല്ല അത്. ഗുജറാത്ത് വികസിപ്പിച്ചതുപോലെ അഡോബ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് മാനവശേഷി വികസിപ്പിക്കാനാവില്ല. അതിന് അല്‍പസ്വല്‍പം ബുദ്ധിതന്നെ വേണം. സൗന്ദര്യമുണ്ടായിട്ട് കാര്യമില്ല. നടിയും മോഡലുമൊക്കെയായ സ്മൃതി ഇറാനി ഇന്ത്യാ മഹാരാജ്യത്തെ മനുഷ്യവിഭവശേഷി വികസിപ്പിച്ചുകളയും എന്നായിരുന്നു മോദിജി വിചാരിച്ചിരുന്നത്. വിഭവമന്ത്രിണിയാണെങ്കിലും സ്വന്തം മനുഷ്യവിഭവശേഷിയെപ്പറ്റി സ്മൃതിക്ക് സ്മൃതി ലവലേശമില്ലായിരുന്നു. പഠിച്ച കോഴ്സ് എന്തെന്നുപോലും ഓര്‍മയില്ലാത്ത പാവം സീരിയല്‍ നടി പക്ഷേ, 25 മാസംകൊണ്ട് വിഭവശേഷിയുള്ള മനുഷ്യരെ ഒരു വഴിക്കാക്കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം ഭരിക്കേണ്ട മന്ത്രി സര്‍വകലാശാലകളെ ശത്രുപാളയമായി കണ്ടു. രോഹിത് വെമുലയുടെ മരണത്തെപ്പറ്റി പച്ചക്കള്ളം പറഞ്ഞും വികാരഭരിതയായി അഭിനയിച്ചും പാര്‍ലമെന്‍റിനെ സീരിയല്‍ സെറ്റാക്കി മാറ്റി. അങ്ങനെയിരിക്കെ വിഭവശേഷികൂടിയ മാനവന്മാര്‍ സ്മൃതിയെ തുണിത്തരങ്ങളുടെ കാര്യം നോക്കാനേല്‍പിച്ച് വകുപ്പ് പ്രകാശ് ജാവ്ദേക്കര്‍ക്ക് കൊടുത്തു. വകുപ്പില്‍ പ്രകാശം പരത്താന്‍ പ്രകാശിനു കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

പ്രകാശ് ചുമതലയേല്‍ക്കുന്ന ചടങ്ങിന് സ്മൃതി വന്നില്ല. കുടുംബകാര്യങ്ങളാലാണ് വരാതിരുന്നത് എന്ന് പ്രകാശ് വിശദീകരിച്ചത് ആരും തൊണ്ട തൊടാതെ വിഴുങ്ങിയിട്ടില്ല. സീരിയലിലെ അമ്മായിയമ്മമാരെപ്പോലെയായിരുന്നു സ്മൃതി. തൊട്ടതിനും പിടിച്ചതിനും ദേഷ്യം. എല്ലാവരും തനിക്കെതിരെ കോപ്പുകൂട്ടുകയാണ് എന്ന തോന്നല്‍. ആരെക്കണ്ടാലും ഇടയുന്ന സ്വഭാവം. പെണ്ണായാല്‍ ഒതുങ്ങിനില്‍ക്കണമെന്ന് മനുസ്മൃതി പഠിപ്പിച്ചതുപോലും സ്മൃതി മറന്നു. വെങ്കയ്യ നായിഡുവിനോടും അരുണ്‍ ജെയ്റ്റ്ലിയോടും നദ്ദയോടും രാം മാധവിനോടും ഇടഞ്ഞ പെണ്ണിനെ മൂലക്കിരുത്തി, തന്നെ വാഴിച്ച അഭിനവമനുമാര്‍ക്ക് വ്യക്തമായ സൂചനതന്നെ കൊടുത്തിട്ടുണ്ട് പ്രകാശ്. താന്‍ സ്മൃതിയെപ്പോലെയല്ല. വിദ്യാര്‍ഥിനേതാവായിരുന്നയാളാണ്. എന്തു കാര്യവും ചര്‍ച്ച ചെയ്തു പരിഹരിക്കും. എന്തിനും ഏതിനും സമരംചെയ്യേണ്ട കാര്യമില്ല. ജെ.എന്‍.യു, ഹൈദരാബാദ് സര്‍വകലാശാലയിലെ സമരങ്ങള്‍പോലെ പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്ന സമരങ്ങള്‍ ഇനി വേണ്ടെന്ന് സൂചിപ്പിച്ചതാണ്. പരിസ്ഥിതി ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫിസുമായി കൂടിയാലോചിച്ചാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ട്, സംഘര്‍ഷങ്ങളില്‍ താല്‍പര്യമില്ലാത്ത സീരിയലിലെ സുന്ദരകളേബരന്മാരായ സോപ്പുകുട്ടപ്പന്‍മാരെപ്പോലെയാണ് പ്രകാശ് എന്നു പറയാം. വെറുതെയല്ല കാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം കിട്ടിയത്.

പരിസ്ഥിതി ഭരിച്ചുകൊണ്ടിരിക്കെ പരിമിതവിഭവനായിരുന്നിരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല. വിഭവങ്ങള്‍ പലവഴിക്കു കിട്ടിയിട്ടുണ്ടാവും. പ്രകൃതിവിഭവങ്ങള്‍ പലതും കോര്‍പറേറ്റ് മുതലാളിത്തത്തിന് എഴുതി ഒപ്പിട്ടുകൊടുത്തു. വ്യാവസായിക വികസനത്തിനുവേണ്ടി നിര്‍ണായകമായ പരിസ്ഥിതി നിയമങ്ങളില്‍ വെള്ളംചേര്‍ത്തു. മോദിയുടെ സ്വന്തം അദാനിക്കുവേണ്ടി എഴുതിത്തള്ളിയ പിഴ 200 കോടി. ഗോത്രവര്‍ഗക്കാരുടെ എതിര്‍പ്പിനെ മറികടന്ന് ഛത്തിസ്ഗഢിലെ ഖനനപദ്ധതിക്ക് സമ്മതം മൂളിയതും അദാനിമുതലാളിക്കുവേണ്ടി. ആദിവാസിവനഭൂമികളിലെ പദ്ധതികളില്‍ ഖനനത്തിനുള്ള നിബന്ധനകളില്‍ അയവു വരുത്തി. യമുനാതടത്തെ നശിപ്പിച്ചും മലിനമാക്കിയും  ആത്മീയക്കച്ചവടം നടത്താന്‍ രവിശങ്കറിന് അനുമതി കൊടുത്തു. അതിര്‍ത്തികാക്കാന്‍ നിയുക്തരായ പട്ടാളക്കാരെ വിളിച്ച് പാലം കെട്ടിച്ച് വേദിയൊരുക്കിക്കൊടുത്തു. ദേശീയ വന്യജീവി ബോര്‍ഡിനെ റബ്ബര്‍സ്റ്റാമ്പാക്കി മാറ്റി. വന്യജീവികളെപ്പോലും വെറുതെ വിട്ടില്ല. പല ജീവികളെയും ക്ഷുദ്രജീവികളെന്നു വര്‍ഗീകരിച്ച് അവയെ യഥേഷ്ടം കൊല്ലാന്‍ അനുമതി കൊടുത്തു. അങ്ങനെ കാട്ടുപന്നിയും കുരങ്ങും നീല്‍ഗായുമൊക്കെ കൊന്നൊടുക്കപ്പെട്ടു. ആവാസവ്യവസ്ഥയുടെ സുസ്ഥിരതയെ ദുര്‍ബലമാക്കുംവിധം നാമാവശേഷമാക്കപ്പെട്ടവയില്‍ വംശനാശം വന്ന ജീവികളുമുണ്ടായിരുന്നു. കോടതി നിരോധിച്ചിട്ടും തമിഴ്നാട്ടിലെ വോട്ടര്‍മാരെ പ്രീണിപ്പിക്കാന്‍ കാളകളെ ക്രൂരമായി ഉപദ്രവിക്കുന്ന ആചാരമായ ജെല്ലിക്കെട്ടിന് അനുമതി നല്‍കി. പുതിയ പദ്ധതികള്‍ക്കുവേണ്ടി പാരിസ്ഥിതികാഘാതപഠനങ്ങളെ ദുര്‍ബലപ്പെടുത്തി. തീരദേശ നിയന്ത്രണനിയമത്തില്‍ ഇളവു വരുത്തി തീരങ്ങളില്‍ ടൂറിസം സൗകര്യങ്ങളും മറ്റു നിര്‍മാണങ്ങളും നടത്താന്‍ പച്ചക്കൊടി കാട്ടി.

മുരളീ മനോഹര്‍ ജോഷി മാനവശേഷി വികസനമന്ത്രാലയം ഭരിച്ചിരുന്നപ്പോള്‍ പാഠപുസ്തകങ്ങളെ കാവിയുടുപ്പിക്കാന്‍ നോക്കിയിരുന്നു. ഇടതുപക്ഷ ചരിത്രകാരന്മാരില്‍നിന്ന് ഭാവിതലമുറയെ രക്ഷിച്ച് ആര്‍ഷസംസ്കാരമുള്ളവരാക്കിമാറ്റാനാണ് ജോഷിജി ശ്രമിച്ചത്. എന്നാല്‍, വിദ്യാഭ്യാസം പാര്‍ട്ടിക്കാര്യമല്ല എന്ന് തുറന്നടിച്ചിട്ടുണ്ട് ജാവ്ദേക്കര്‍. ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയം വിദ്യാര്‍ഥി കേന്ദ്രിതമാവണമെന്ന അഭിപ്രായക്കാരനാണ്. ഇപ്പോള്‍ 92 വയസ്സുള്ള അമ്മ പണ്ട് പ്രൈമറി സ്കൂള്‍ ടീച്ചറായിരുന്നു. അതുകൊണ്ട് അധ്യാപകര്‍ സമൂഹത്തിനു നല്‍കുന്ന മൂല്യങ്ങളെക്കുറിച്ച് നന്നായി അറിയാം. വയസ്സിപ്പോള്‍ 65 ആയി. മഹാരാഷ്ട്രയിലെ പുണെയില്‍ 1951 ജനുവരി 30ന് ജനനം. കോളജില്‍ പഠിക്കുന്ന കാലത്തേ എ.ബി.വി.പി പ്രവര്‍ത്തകനായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ പ്രകടനം നയിച്ചതിന്‍െറ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്.

1984 മുതല്‍ 90 വരെ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറിയായിരുന്നു. 1989ല്‍ ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാനഘടകത്തിന്‍െറ സെക്രട്ടറിയും പ്രചാരണവിഭാഗം മേധാവിയുമായി.1992 മുതല്‍ 2002വരെയുള്ള കാലയളവില്‍ സംസ്ഥാന നിയമസഭയിലുണ്ടായിരുന്നു. 2008ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രിയും പാര്‍ലമെന്‍ററികാര്യ സഹമന്ത്രിയുമായി. പിന്നീട്് വനം, പരിസ്ഥിതിമന്ത്രാലയത്തിന്‍െറ സ്വതന്ത്ര ചുമതല ലഭിച്ചു. 2015ലെ കാലാവസ്ഥാ മാറ്റ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചു. പാര്‍ട്ടിയെ എങ്ങനെയും ന്യായീകരിച്ച് സംസാരിക്കാന്‍ മിടുക്കുണ്ട്. അതുകൊണ്ട്, സ്വന്തം സംസ്ഥാനത്ത് ഒൗദ്യോഗിക വക്താവായിരുന്നു. പിന്നീട് ദേശീയവക്താവായി. ബി.ജെ.പിയുടെ സാമ്പത്തിക ഫോറത്തിന്‍െറ ചുമതലയും വഹിച്ചിരുന്നു. വിവിധ പത്രങ്ങളില്‍ മുന്നൂറോളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. തൊഴിലില്ലായ്മ, നാണയപ്പെരുപ്പം, അന്താരാഷ്ട്ര നാണ്യനിധിയില്‍നിന്നുള്ള വായ്പകള്‍, കാര്‍ഷികകടം എന്നീ വിഷയങ്ങളെക്കുറിച്ച് മറാത്തിയില്‍ നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

ആകെയുള്ള പെങ്ങള്‍ സ്കൂള്‍ ടീച്ചറാണ്. ഭാര്യ ഡോ. പ്രാചി വിദ്യാഭ്യാസ ഗവേഷകയും കണ്‍സല്‍ട്ടന്‍റും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍െറ മുന്‍ ഡയരക്ടര്‍ ആണ്. രണ്ടു മക്കള്‍. ദന്തഡോക്ടറും ആര്‍ട്ടിസ്റ്റുമായ ഡോ. അശുതോഷ്, ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പിഎച്ച്.ഡി ചെയ്യുന്ന അപൂര്‍വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prakash javadekar
Next Story