ബജറ്റ്ചരിത്രത്തിലെ പുതിയ അധ്യായം
text_fieldsപുതിയ കേരളം എന്ന ആശയത്തിലേക്ക് മുന്നേറണമെങ്കില്‍ ഇതുവരെ നാം പിന്തുടര്‍ന്നുവന്ന ധനകാര്യ സമീപനത്തില്‍ ഒരു വലിയ മാറ്റം ഉണ്ടായേ കഴിയൂവെന്നത് പുതിയ സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കുന്നതിന് ഏറെ മുമ്പുതന്നെ വ്യക്തമായിരുന്നു. 2016-17ലേക്കുള്ള പുതുക്കിയ ബജറ്റ് അത്തരമൊരു നവ ധനകാര്യ സമീപനത്തിലേക്കാണ് കേരളത്തെ നയിക്കുന്നത്. എന്താണ് ഈ പുതിയ ധനകാര്യ സമീപനത്തിന്‍െറ കാതല്‍? ഈ ചോദ്യത്തിന് ഉത്തരം കണ്ടത്തെണമെങ്കില്‍ എന്തുകൊണ്ട് പഴയ സമീപനം കാലഹരണപ്പെട്ടുവെന്നത് മനസ്സിലാക്കണം. പഴയവഴിക്ക് മുന്നോട്ടുപോകാന്‍ കഴിയാതായതിന്‍െറ മുഖ്യ കാരണം ധനകമ്മി സംസ്ഥാനത്തിന്‍െറ ആഭ്യന്തര ഉല്‍പാദനത്തിന്‍െറ മൂന്ന് ശതമാനത്തിലധികം ഉയരരുത് എന്ന കേന്ദ്ര സര്‍ക്കാറിന്‍െറ നിയോ ലിബറല്‍ നിബന്ധനയാണ്.
ആഭ്യന്തര ഉല്‍പാദനത്തിന്‍െറ മൂന്നു ശതമാനത്തിലധികം കടം കൊള്ളരുത് എന്ന ഈ നിബന്ധന തികച്ചും യാഥാസ്ഥിതികമാണ്. സ്വകാര്യ കമ്പനികള്‍ക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്കും ഇഷ്ടംപോലെ കടമെടുക്കാം. ഭരണകൂടം ക്ഷേമ-വികസന ആവശ്യങ്ങള്‍ക്ക് കടമെടുക്കാന്‍ പാടില്ല എന്ന വിചിത്രമായ നിലപാടാണ് ഇത്. ഊര്‍ജോല്‍പാദനത്തിനും പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിനും ഭരണകൂടം കടമെടുക്കരുത് എന്നുപറഞ്ഞാല്‍ അതിനൊക്കെ പിന്നെ എവിടെ നിന്ന് വിഭവം കണ്ടത്തെും? റവന്യൂ ചെലവുകള്‍ കുറച്ച് റവന്യൂ വരുമാനം ഉയര്‍ത്തി റവന്യൂ മിച്ചം പരമാവധിയാക്കി വികസനത്തിന് പണം കണ്ടത്തെുകയാണ് ഏക മാര്‍ഗം. വികസനേതര ചെലവുകള്‍ കുറക്കുന്നതിലും റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതിലും മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒരു വലിയ പരാജയമായിരുന്നുവെന്ന വസ്തുത ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. തീര്‍ച്ചയായും പുതിയ സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രമല്ല ഇക്കാര്യം ആദ്യം പ്രസ്താവിച്ചത്.
മറിച്ച്, സി.എ.ജിയും യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച എക്സ്പെന്‍ഡിചര്‍ കമീഷനും ഇക്കാര്യം ആവര്‍ത്തിച്ച് വെളിപ്പെടുത്തുകയും കേരളം വിശദമായി ചര്‍ച്ച ചെയ്യുകയുമുണ്ടായിട്ടുള്ളതാണ്. അതെന്തായാലും ധനകാര്യ ഭരണത്തിന്‍െറ നേട്ടവും കോട്ടവും അധികകാലം ഒളിച്ചുവെക്കാന്‍ കഴിയില്ല. നികുതി പിരിവിലെ തളര്‍ച്ചയുടെയും സര്‍വോപരി റവന്യൂ കമ്മിയുടെയും രൂപത്തില്‍ അത് പുറത്തുവന്നേ അറിയാവൂ. റവന്യൂ കമ്മി വളര്‍ന്നുവളര്‍ന്ന് അതുതന്നെ ധനകമ്മിയുടെ ഉയര്‍ന്ന പരിധിയായ മൂന്ന് ശതമാനത്തിനടുത്ത് എത്തിയിരിക്കുന്നു എന്നതാണ് സംസ്ഥാനം നേരിടുന്ന ധനകാര്യ അടിയന്തരാവസ്ഥ വ്യക്തമാക്കുന്നത്. ഈ അവസ്ഥയില്‍ കടമെടുക്കുന്നത് മുഴുവന്‍ റവന്യൂ കമ്മി നികത്തുന്നതിനേ മതിയാവൂ. പുതിയ കേരളത്തിന്‍െറ സൃഷ്ടിക്കായി എവിടെ നിന്നാണ് പണം കണ്ടത്തെുക? ഇക്കാര്യത്തില്‍ സാമ്പ്രദായികമായി ചെയ്യാവുന്ന കാര്യങ്ങള്‍ക്കെല്ലാം പുതുക്കിയ ബജറ്റ് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. റവന്യൂ ചെലവ് കുറക്കാന്‍ പരമാവധി യത്നിക്കുമെന്ന് ധനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളം, പെന്‍ഷന്‍ മുന്‍കാല കടത്തിന്മേലുള്ള പലിശ എന്നിവയാണ് റവന്യൂ ചെലവിലെ പ്രധാന ഇനങ്ങള്‍. ഈ മൂന്നു കാര്യങ്ങളും കുറക്കുക പ്രായോഗികമല്ല. പെന്‍ഷനും പലിശയും കൊടുക്കാതിരിക്കാനാവില്ല. കുറക്കാന്‍ കഴിയുന്നത് പദ്ധതിയിതര റവന്യൂ ചെലവുകളാണ്. അത് പരമാവധി കുറക്കാനാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഒപ്പം നികുതി വരുമാനം 20 മുതല്‍ 25 ശതമാനം വരെ പ്രതിവര്‍ഷം വര്‍ധിപ്പിക്കാനും പുതിയ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പക്ഷേ അതുകൊണ്ടൊന്നും മാന്ദ്യത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാനോ നവകേരളസൃഷ്ടി സാക്ഷാത്കരിക്കാനോ കഴിയില്ല.
ബജറ്റ് സര്‍ക്കാറിന് നല്‍കുന്ന ധനകാര്യ ഇടം വളരെ പരിമിതമാണ് എന്ന ഈ യാഥാര്‍ഥ്യത്തെ അതിജീവിക്കാന്‍ ധനമന്ത്രി സ്വീകരിക്കുന്ന സമീപനമാണ് ഈ ബജറ്റിനെ വേറിട്ടുനിര്‍ത്തുന്നത്. ആ അര്‍ഥത്തില്‍ ഈ ബജറ്റ് കേരളത്തിന്‍െറ ധനകാര്യ ചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ക്കുന്നത്. സര്‍ക്കാറിന് കടമെടുക്കാന്‍ തടസ്സമുള്ളതുകൊണ്ട് കമ്പോളത്തില്‍നിന്ന് കടമെടുക്കുന്നതിനുവേണ്ടി പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങള്‍ (സ്പെഷല്‍ പര്‍പ്പസ് വെഹിക്ക്ള്‍) ഉണ്ടാക്കി മുന്നോട്ട് പോകാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) എന്ന സ്ഥാപനമാണ് ഇതില്‍ മുഖ്യ പങ്കുവഹിക്കുക. കിഫ്ബിക്ക് മോട്ടോര്‍ വാഹന നികുതിയുടെ നിശ്ചിത ശതമാനവും പെട്രോളിനുമേലുള്ള സെസും കൈമാറും. കിഫ്ബിക്ക് വിശ്വാസ്യത ഉറപ്പാക്കുന്ന മുറക്ക് വലിയതോതില്‍ വായ്പയെടുക്കാന്‍ കഴിയും. ഈ മാര്‍ഗത്തിലൂടെ സമാഹരിക്കുന്ന തുകയായിരിക്കും ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന 12000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജിന്‍െറ വിഭവ സ്രോതസ്സ്. ബജറ്റിന് പുറത്തേക്ക് വളരുന്ന ഈ ധനകാര്യ സമീപനം വളരെ പഴക്കമുള്ളതല്ല. എന്തായാലും ഇത്രയും വലിയ അളവില്‍ ഈ സാധ്യത മുന്‍കാല സര്‍ക്കാറുകള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇത് എന്തുകൊണ്ടും ഒരു വലിയ തുടക്കം തന്നെയാണ്.
പുതിയ സമീപനത്തിലൂടെ സമാഹരിക്കുന്ന തുകയാണ് ഏതാണ്ട് എല്ലാ മേഖലകളിലും ശ്രദ്ധേയമായ പുതിയ ഇടപെടലുകള്‍ പ്രഖ്യാപിക്കാന്‍ ധനമന്ത്രിയെ പ്രാപത്മാക്കുന്നത്. ഓരോ മേഖലയിലെയും ബജറ്റ് നിര്‍ദേശങ്ങള്‍ ഇവിടെ പ്രത്യേകമെടുത്ത് പരിശോധിക്കുന്നില്ല. മാന്ദ്യത്തിന്‍െറ പിടിയിലേക്ക് വീണുകൊണ്ടിരിക്കുന്ന സംസ്ഥാന സമ്പദ്ഘടനയെ പൊതുവില്‍ ഉത്തേജിപ്പിക്കാന്‍ ബജറ്റ് നിര്‍ദേശങ്ങള്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കൃഷി, ക്ഷീര വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, വ്യവസായം, പരിസ്ഥിതി തുടങ്ങിയ സര്‍വ മേഖലകളിലും ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. പുതിയ ധനകാര്യ സമീപനമാണ് ഇത്രയും വലിയ ഇടപെടലുകള്‍ക്ക് ഒരുങ്ങാന്‍ സര്‍ക്കാറിനെ പ്രാപത്മാക്കിയത് എന്ന കാര്യം മാത്രമാണ് ഇവിടെ ഊന്നുന്നത്. സ്വാഭാവികമായും ഈ പുതിയ ധനകാര്യ സമീപനമായിരിക്കും വരുംനാളുകളില്‍ കേരളം ചര്‍ച്ച ചെയ്യുക. തീര്‍ച്ചയായും പുതിയ ധനകാര്യ സമീപനം കേരളം വിദഗ്ധമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ബജറ്റ് പ്രസംഗത്തില്‍ വ്യക്തമായിട്ടുള്ളതുപോലെ ഈ പുതിയ സമീപനത്തില്‍ അനിശ്ചിതത്വത്തിന്‍െറ അംശങ്ങളുണ്ട്. സര്‍ക്കാറിന്‍െറ കൂട്ടായ നേതൃത്വവും വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കവും പ്രതിപക്ഷത്തിന്‍െറ അടക്കം പൊതുസമൂഹത്തിന്‍െറയാകെ പിന്തുണയും ഇത് വിജയിപ്പിക്കാന്‍ അത്യാവശ്യമാണ്. പുതിയ കേരളത്തിന്‍െറ സൃഷ്ടി അത്തരം ജാഗ്രത ജനങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
