Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബജറ്റ് വന്നു; ഇനി...

ബജറ്റ് വന്നു; ഇനി എന്തൊക്കെ ശരിയാകും?

text_fields
bookmark_border
ബജറ്റ് വന്നു;  ഇനി എന്തൊക്കെ ശരിയാകും?
cancel

പിണറായി സര്‍ക്കാറിന്‍െറ ആദ്യ ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധി സാക്ഷ്യപ്പെടുത്തിയ ധവളപത്രത്തിനുശേഷമാണ് ബജറ്റ് അവതരിപ്പിച്ചത്. നിത്യനിദാന ചെലവുകള്‍ക്കുകൂടി പണം ഇല്ലാത്ത അവസ്ഥയും 173 കോടിയുടെ ധനക്കമ്മിയും അടിയന്തര ബാധ്യതകള്‍ തീര്‍ക്കാന്‍ 10000 കോടിയും തുടങ്ങിയവ സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത ബോധ്യപ്പെടുത്തി. ഗുരുതര സാമ്പത്തിക പ്രതിസന്ധി തന്നെയാണിതെന്ന് സംശയം വേണ്ട.

പ്രതിസന്ധിഘട്ടത്തില്‍ അവതരിപ്പിക്കുന്ന ബജറ്റ് ഏറെ ശ്രദ്ധേയമാണ്. പ്രതിസന്ധി മറികടക്കുക സര്‍ക്കാറിന്‍െറ ഉത്തരവാദിത്തമാണ്. അതിന് ധനമന്ത്രി കാര്യമായ ശ്രമം നടത്തിയിട്ടുണ്ട് എന്നുതന്നെ പറയണം. മാന്ദ്യത്തെ ഭയക്കുകയല്ല നേരിടുകതന്നെ വേണം എന്ന തത്ത്വമാണ് ഇതിന് പിന്നിലുള്ളത്. മാന്ദ്യം മറികടക്കാന്‍ മാന്ദ്യപ്രതിരോധ പാക്കേജ് തന്നെ പ്രഖ്യാപിച്ചു. ഇതിന് 12000 കോടി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. ഇത് മാന്ദ്യത്തെ ബജറ്റില്‍ ഗൗരവമായി കണ്ടതിന്‍െറ തെളിവാണ്. അടിസ്ഥാന വികസനം, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക സുരക്ഷ എന്നീ മേഖലകളിലും കാര്യമായ ഇടപെടല്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ശമ്പളം, പെന്‍ഷന്‍, പലിശ എന്നീ ബാധ്യതകള്‍ കഴിഞ്ഞാല്‍ ഖജനാവ് കാലിയാക്കുന്ന അവസ്ഥയാണ്. ഇതിനിടെ നിത്യനിദാന ചെലവുകള്‍ക്ക് വിനിയോഗിക്കേണ്ട പണം മൂലധനച്ചെലവുകള്‍ക്ക് ഉപയോഗപ്പെടുത്തുക പ്രതിസന്ധി രൂക്ഷമാക്കുക മാത്രമാണ് പതിവ്. അതിനാല്‍തന്നെ ബജറ്റിന് പുറത്ത് മൂലധനച്ചെലവ് വര്‍ധിപ്പിക്കാനും ദീര്‍ഘകാല പദ്ധതികള്‍ക്ക് പണം കണ്ടത്തെുന്നത് ദീര്‍ഘകാല ഫണ്ടുകള്‍ വഴി തന്നെയാകണം എന്നത് ഉചിത തീരുമാനമാണ്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴി വിഭവസമാഹരണമാണ് ബജറ്റില്‍ ലക്ഷ്യമിട്ടിട്ടുള്ളത്. പദ്ധതികള്‍ വിശദമായി പരിശോധിക്കാനും വിലയിരുത്താനും പണം കണ്ടത്തൊനുമെല്ലാം ഇത് ഗുണകരമായിരിക്കും. അടിസ്ഥാന വികസന സൗകര്യം എപ്പോഴും ഏറെ പ്രധാനപ്പെട്ടതാണ്. അടിസ്ഥാന വികസനത്തിന്‍െറ ഭാഗമായി നാലുവരിപ്പാത, വിമാനത്താവള വികസനം, പാലം എന്നിവക്ക് ഫണ്ടും ബജറ്റ് നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയതും പുരോഗമനപരമായ സമീപനമാണ്. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും സാമ്പത്തിക സാമൂഹിക പുരോഗതിക്കും സംസ്ഥാനത്തിന് ഇത് ഫലപ്രദമാകുമെന്നുതന്നെ കരുതണം.

കേരളത്തിന്‍െറ സവിശേഷതകളിലൊന്ന് വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളാണ്. എന്നാല്‍, പൊതുവിദ്യാഭ്യാസം പിന്നാക്കം പോകുന്ന അവസ്ഥയാണുള്ളത്. ഇതിന് പരിഹാരം ബജറ്റിലും കാണാന്‍ ശ്രമിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഓരോ സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ മെച്ചപ്പെടുത്താനും എട്ടുമുതല്‍ 12ാം ക്ളാസ്വരെ ഹൈടെക് ആക്കാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും തുക വകയിരുത്തിയത് ഏറെ ആശ്വാസമാണ്. കേരളത്തിന്‍െറ മാനവ വിഭവ സമ്പത്തിന്‍െറ മൂല്യവര്‍ധനക്ക് ഇത് ഗുണം ചെയ്യും. ആരോഗ്യമേഖലയുടെ തകര്‍ച്ച നികത്താന്‍ ബജറ്റില്‍ കാര്യമായ നിര്‍ദേശങ്ങളുണ്ട്. മാരകരോഗങ്ങളില്‍ ബുദ്ധിമുട്ടുന്ന ജനത്തിന് ആശ്വാസം നല്‍കാനുള്ള ശ്രമം ഏറെ ശ്രദ്ധേയമാണ്. എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികിത്സയും ആശുപത്രി നവീകരണവും മാരകരോഗങ്ങളില്‍നിന്ന് പരിരക്ഷയും ഉറപ്പാക്കുന്നത് സാധാരണക്കാരന് നീതി നല്‍കുന്നതിന് തുല്യമാണ്. ഇതിനുപുറമെ, 1000 കോടിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയും വകയിരുത്തിയിട്ടുണ്ട്.

ക്ഷേമപദ്ധതികള്‍ക്ക് ധനമന്ത്രി ഒട്ടുംതന്നെ പിശുക്ക് കാട്ടിയിട്ടില്ല. എല്ലാ സാമൂഹികക്ഷേമപെന്‍ഷനും 1000 രൂപയാക്കുകയും കുടിശ്ശികയടക്കം കൊടുത്തുതീര്‍ക്കുന്നതും കൂടുതല്‍ വിഭാഗങ്ങളെ ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതും പാവപ്പെട്ടവര്‍ക്ക് ആശ്വാസമാണ്. ഭൂമിയും വീടും ചികിത്സയും വെള്ളവും കക്കൂസും വെളിച്ചവും ജനത്തിന്‍െറ അവകാശമാണെന്നത് ബജറ്റിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ പദ്ധതിയും ജനക്ഷേമത്തിന് ഊന്നല്‍ നല്‍കിയതിന്‍െറ തെളിവും സര്‍ക്കാറിന്‍െറ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണ്. തകര്‍ന്നുകിടക്കുന്ന പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. കയര്‍, കൈത്തറി, കശുവണ്ടി, മത്സ്യബന്ധനം മുതലായ മേഖലകളുടെ പുനരുദ്ധാരണത്തിന് കാര്യമായ ഇടപെടല്‍ ബജറ്റിലുണ്ട്. ഇത് ചെറുകിട വ്യവസായ മേഖലയുടെ ഉണര്‍വിന് കാരണമാകുകയും തൊഴില്‍മേഖല ശക്തിപ്പെടുകയും ചെയ്യും.

കാര്‍ഷികമേഖലയെ തകര്‍ക്കുന്ന രീതിയിലുള്ള വ്യാപകമായ വയല്‍ നികത്തല്‍ വ്യവസ്ഥ റദ്ദാക്കിയത് ഗുണകരമാണ്. ജനകീയ കാമ്പയിന്‍ വഴി പച്ചക്കറി സ്വയം പര്യാപ്തത കാര്‍ഷിക മേഖലയുടെ ഉണര്‍വിന് കാരണമാകുമെന്നുതന്നെ കരുതണം. നെല്ലിനും നാളികേരത്തിനും റബറിനും കരുതല്‍ നല്‍കിയതും കാര്‍ഷികമൂല്യവര്‍ധിത പദ്ധതികളും കര്‍ഷകന് ആശ്വാസമാകും. നിയമനങ്ങളിലെ നിയന്ത്രണം യുവാക്കള്‍ക്ക് ആശങ്ക ഉളവാക്കുന്നതാണ്. നികുതി ഒട്ടും വര്‍ധിപ്പിക്കാതെ വികസനത്തിന് പണം കണ്ടത്തെല്‍ അസാധ്യമാണ്. അതുതന്നെയാകണം നികുതി വര്‍ധനക്ക് ധനമന്ത്രിയെ നിര്‍ബന്ധിതനാക്കിയതും. ഭാഗപത്രം, ഒഴിമുറി, ധനനിശ്ചയം എന്നീ ആധാരങ്ങളുടെ മുദ്രവില മൂന്നുശതമാനം കൂട്ടിയും മറ്റ് നികുതികളില്‍ ചിലത് വര്‍ധിപ്പിച്ചും ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. എന്തായാലും അധികബാധ്യത ജനത്തിന് ബാധ്യത തന്നെയാണ്. അതുപോലെതന്നെ ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി വിലക്കയറ്റത്തിന് കാരണമാകും.

നികുതിപിരിവ് ഊര്‍ജിതമാക്കിയും ചെലവുകള്‍ ഒഴിവാക്കിയും കാര്യക്ഷമത വര്‍ധിപ്പിച്ചും പ്രതിസന്ധി മറികടന്ന് കേരളത്തിന്‍െറ ധനസ്ഥിതി മെച്ചപ്പെടുത്തണം. ഇതിനുള്ള ഉപാധിതന്നെയാകണം ബജറ്റ്. എന്നാല്‍, ബജറ്റ് നിര്‍ദേശങ്ങളില്‍ പലതും മിക്കപ്പോഴും നടപ്പാക്കിക്കാണാറില്ല. അങ്ങനെയായാല്‍ ബജറ്റ് നിര്‍ദേശങ്ങള്‍ വെറും പൊള്ളയായ വാഗ്ദാനങ്ങളായി ഒതുങ്ങും. ബജറ്റിനെപ്പോലെ പ്രാധാന്യം ഉള്ളതാണ് ‘ബജറ്റിന്‍െറ അനാലിസിസ് ആന്‍ഡ് കണ്‍ട്രോള്‍’ സംവിധാനം മന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഉണ്ടാകേണ്ടതാണ്. അതിനുള്ള ഇച്ഛാശക്തി ധനമന്ത്രി കാണിക്കുമെന്നുതന്നെ കരുതാം. അങ്ങനെയെങ്കില്‍ ദീര്‍ഘവീക്ഷണമുള്ള ജനക്ഷേമ ബജറ്റായി ഇത് മാറും. എല്ലാം ശരിയാകുന്നതിനും തുടക്കമാകും.

(ഡോ. കെ. ശശികുമാര്‍ കിക്മയുടെ ഡയറക്ടറും, ഡോ. ബി. രാജേന്ദ്രന്‍ അഡീഷനല്‍ ഡയറക്ടറുമാണ്.)

Show Full Article
TAGS:kerala budget 
Next Story