Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബ്രെക്സിറ്റിന്‍െറ...

ബ്രെക്സിറ്റിന്‍െറ രാഷ്ട്രീയ വിവക്ഷകള്‍

text_fields
bookmark_border
ബ്രെക്സിറ്റിന്‍െറ രാഷ്ട്രീയ വിവക്ഷകള്‍
cancel


ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോകാന്‍ ഇടയാക്കിയ ഹിതപരിശോധനാഫലം (ബ്രെക്സിറ്റ്) രാഷ്ട്രീയവും നൈതികവുമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. യൂറോപ്പിനെ സാമ്പത്തികമായി മാത്രമല്ല സാമൂഹികമായും സാംസ്കാരികമായും മാറ്റിത്തീര്‍ക്കാന്‍ കെല്‍പു ള്ള ഒരു തീരുമാനത്തിലേക്കാണ് ബ്രിട്ടന്‍ നീങ്ങിയിരിക്കുന്നത്. അപ്രതീക്ഷിതമായിരുന്നു ബ്രെക്സിറ്റ് പക്ഷത്തിന്‍െറ വിജയമെന്ന് പറയാമെങ്കിലും അവര്‍ വിജയിച്ചില്ലായിരുന്നെങ്കില്‍ക്കൂടി ബ്രിട്ടനും യൂറോപ്പും നീങ്ങുന്ന രാഷ്ട്രീയദിശയെക്കുറിച്ചുള്ള ഒരു വിചാരണ ചരിത്രപരമായി ആവശ്യമായി വരുന്ന സാഹചര്യം ഉണ്ടായിരുന്നു എന്നുകൂടി ഓര്‍ത്തുകൊണ്ടുവേണം ഈ പ്രശ്നം ചര്‍ച്ചചെയ്യാന്‍. യൂറോപ്പിനെ ആകെ ഗ്രസിച്ചിരിക്കുന്ന നവയാഥാസ്ഥിതികത്വത്തിന്‍െറ ബഹിര്‍സ്ഫുരണമാണ് ഈ ഹിതപരിശോധനാഫലം. അതിന്‍െറ രാഷ്ട്രീയ മാനങ്ങള്‍ നിരവധിയാണ്.

പലരും ഈ ഹിതപരിശോധനയെ കാണുന്നത് രാഷ്ട്രീയമായ ഒരു വിച്ഛേദമായിട്ടാണ്. ഈ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നത് കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തിനിടയില്‍ യൂറോപ്പില്‍ വന്നിട്ടുള്ള വലിയ സാംസ്കാരിക ചലനങ്ങളെ മനസ്സിലാക്കുന്നതിലുള്ള പരാജയത്തെ കുറിക്കുകയാവും ചെയ്യുക. യൂറോപ്പില്‍ ശക്തമാകുന്ന വര്‍ണവെറിയുടെയും വംശാധിപത്യബോധത്തിന്‍െറയും പുതിയ സാമൂഹിക സാഹചര്യം പാടെ മറന്ന് ഈ വിഷയം ചര്‍ച്ചചെയ്യാന്‍ കഴിയില്ല. പഴയ ചരിത്രത്തില്‍ യൂറോപ്പ് ചെയ്തുകൂട്ടിയ വലിയ പാതകങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ളെന്നും പുതിയ ലോകത്ത് പുതിയ ദേശീയ സങ്കല്‍പങ്ങളുള്ള വെള്ളക്കാരുടെ മാത്രം യൂറോപ്പ് എന്ന ആശയം പൂര്‍ത്തിയാക്കുന്നതിന് തങ്ങള്‍ക്ക്  അവകാശമുണ്ടെന്നും വിശ്വസിക്കുന്നവര്‍ എല്ലായിടത്തും ഭൂരിപക്ഷമാവുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 
 
അതുകൊണ്ടുതന്നെ, ബ്രെക്സിറ്റിന്‍െറ വിജയം അധിനിവേശാനന്തര ലോകത്തിന്‍െറ രാഷ്ട്രീയ സങ്കീര്‍ണതകളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന സവിശേഷമായ സാമ്പത്തിക-സാമൂഹിക സന്ദര്‍ഭങ്ങളുടെ പ്രത്യാഘാതം കൂടിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ബ്രെക്സിറ്റ് ചര്‍ച്ച എത്ര പെട്ടെന്നാണ് ബ്രിട്ടന്‍െറ സാമ്പത്തിക താല്‍പര്യങ്ങളില്‍നിന്ന് കുതറിമാറി കുടിയേറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയായി രൂപാന്തരപ്പെട്ടത്! ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുക എന്നത് ‘മറ്റുള്ളവര്‍’ ബ്രിട്ടന്‍ വിടുക, പടിഞ്ഞാറന്‍ യൂറോപ്പ് വിടുക എന്നതിന്‍െറ ഗൂഢസന്ദേശമായി വായിക്കാന്‍ വലിയൊരു വിഭാഗം അവിടെ തയാറായി എന്നതാണ് യാഥാര്‍ഥ്യം.  

ഉപരിപ്ളവമായതെങ്കിലും, ഒരു കാലത്ത് ശക്തമായിരുന്ന അധിനിവേശത്തിന്‍െറ കുറ്റബോധങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ച സമൂഹമായി യൂറോപ്യന്‍ ജനത മാറിക്കഴിഞ്ഞിരിക്കുന്നു എന്നത് കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലെ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പൊതുചിന്താധാരകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത ചരിത്രയാഥാര്‍ഥ്യമാണ്. അധിനിവേശാധികാരം നഷ്ടപ്പെട്ടതിനുശേഷം വികസന സാമ്പത്തിക യുക്തിയുടെ കെട്ടുപാടുകളില്‍ വികസ്വരരാഷ്ട്രങ്ങളെ  തളച്ചിട്ടുകൊണ്ട്  പുതിയ തലത്തിലേക്ക് ചൂഷണം വ്യാപിപ്പിച്ച കാലത്തുതന്നെ യൂറോ-അമേരിക്കന്‍ സാമ്രാജ്യ മൂലധനം ആശ്രിതത്വത്തെ ഒരു അനിവാര്യതയായാണ് അവതരിപ്പിച്ചിരുന്നത്. യൂറോപ്പ് കടന്നുപോയ വികസനത്തിന്‍െറ വഴിയിലൂടെ വികസ്വരരാഷ്ട്രങ്ങള്‍ക്ക്  മുന്നേറാന്‍ കഴിയുമെന്ന മിഥ്യ സൃഷ്ടിക്കുന്നതിലും അത് ദരിദ്രരാഷ്ട്രങ്ങളിലെ രാഷ്ട്രീയനേതൃത്വങ്ങളെക്കൊണ്ട്  അംഗീകരിപ്പിക്കുന്നതിലും അവര്‍ വിജയിക്കുകയും ചെയ്തിരുന്നു. ഈ വികസനമതം സ്വീകരിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

നൂറ്റാണ്ടുകള്‍ നീണ്ട കൊളോണിയല്‍ ഭരണത്തിന്‍െറ ഫലമായി യൂറോപ്പ് സാമ്പത്തികമായി അഭിവൃദ്ധിപ്പെട്ടപ്പോള്‍ അതിന്‍െറ അതിരുകള്‍ക്കുള്ളിലേക്ക് വിവിധ ദേശീയ ജനവിഭാഗങ്ങള്‍ വന്നുചേര്‍ന്നത് ഒരു സ്വാഭാവിക പരിണാമമായിരുന്നു. എന്നാല്‍, ഇതിനോട് പൊരുത്തപ്പെടാന്‍ ഒരു കാലത്തും യൂറോപ്പിന് കഴിഞ്ഞിട്ടില്ല. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായതുകൊണ്ട് മാത്രമാണ് തുര്‍ക്കിയെ യൂറോപ്യന്‍ യൂനിയനില്‍ ചേര്‍ക്കാതെ അനന്തമായ തര്‍ക്കങ്ങളില്‍ ആ പ്രശ്നം കോര്‍ത്തിട്ടിരിക്കുന്നത് എന്നത് മനസ്സിലാക്കാന്‍ വിഷമമുള്ള കാര്യമല്ല. അപരത്വത്തോടുള്ള യൂറോപ്യന്‍ പൊതുസംസ്കാരത്തിന്‍െറ ഭീതിയും അവജ്ഞയും പരദേശീയതകളോട്  മാത്രമല്ല, അക്രൈസ്തവ മതങ്ങളോടും കൂടിയാണ് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.

കുടിയേറ്റത്തിന്‍െറ ചരിത്രസാഹചര്യം ആഗോളതലത്തിലുള്ള ഒന്നാണ്. ലോകക്രമത്തെ സ്വന്തം അധികാരത്തിനു കീഴില്‍ കൊണ്ടുവന്ന കൊളോണിയല്‍  തന്ത്രത്തിന്‍െറതന്നെ പ്രത്യാഘാതമാണ് കുടിയേറ്റം. നിരവധി ചെറുദേശീയതകളുടെയും വംശങ്ങളുടെയും അസ്തിത്വം തുടച്ചുനീക്കുകയും മറ്റുള്ളവയുടെ നിലനില്‍പ്  അപകടത്തിലാക്കുകയും അവശേഷിക്കുന്നവയെ സ്വന്തം ആശ്രിതരാക്കി തീര്‍ക്കുകയും ചെയ്ത രാഷ്ട്രീയ ചരിത്രത്തിന്‍െറ ഭാഗമാണ് യൂറോപ്പിലേക്കുള്ള കുടിയേറ്റങ്ങളുടെ പശ്ചാത്തലവും. ഇത് മനസ്സിലാക്കിയിരുന്ന യൂറോപ്പിലെ പഴയ രാഷ്ട്രീയ നേതൃത്വങ്ങള്‍ വംശീയവെറി കലര്‍ന്നതെങ്കിലും ചരിത്രപരമായ ഒരു ക്ഷമയും സഹിഷ്ണുതയും കുടിയേറ്റങ്ങളോട് കാണിച്ചിരുന്നു. ഈ സമീപനം തുടരാന്‍ പുതിയ നേതൃത്വങ്ങളും സമ്മര്‍ദ  ഗ്രൂപ്പുകളും വംശീയവാദികളും തയാറല്ല എന്നതാണ് കഴിഞ്ഞ കുറച്ചുകാലമായി പടിഞ്ഞാറന്‍ യൂറോപ്പിലെ അവസ്ഥ. അതുകൊണ്ടുതന്നെ ബ്രെക്സിറ്റ് കേവലം ഒരു ബ്രിട്ടീഷ് കഥയല്ല. അത് യൂറോപ്പിനെ മുഴുവന്‍ ബാധിച്ചിരിക്കുന്ന  പ്രതിലോമരാഷ്ട്രീയത്തിന്‍െറ പ്രതിഫലനമാണ്.

സാമ്പത്തിക യുക്തിയുടെ അളവുകോലുകള്‍ കൊണ്ടുമാത്രം അളക്കാന്‍ കഴിയുന്ന ഒന്നല്ല ഈ പ്രതിഭാസം. മുതലാളിത്ത പ്രതിസന്ധി ഒരു പുതിയ കാര്യമല്ല. അധിനിവേശാനന്തര സാമ്രാജ്യത്വം പരസ്പരവിരുദ്ധമെന്ന് തോന്നാവുന്ന രണ്ടു പ്രധാന സാമ്പത്തിക സമീപനങ്ങളാണ് മാറിമാറി ഉപയോഗിച്ചിട്ടുള്ളത് -സാമ്പത്തിക യഥാസ്ഥിതികത്വവും സാമ്പത്തിക ഉദാരവാദവും. ആഭ്യന്തര പ്രതിസന്ധികളെ മറികടക്കാന്‍ ഈ തന്ത്രങ്ങളും ലോകമുതലാളിത്തം പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. എല്ലാകാലത്തും വികസ്വരരാജ്യങ്ങള്‍ ഈ നയങ്ങളുടെ ഇരകളായിരുന്നു. എന്നാല്‍, സാമുവല്‍ ഹണ്ടിങ്ടന്‍െറ സംസ്കാരസംഘര്‍ഷവാദത്തെ കൂടുതല്‍ പ്രാധാന്യത്തോടെ ഉള്‍ക്കൊള്ളുന്ന പുതിയ യൂറോപ്പും അമേരിക്കയും വളരെ വിദഗ്ധമായി സ്വന്തം സാമ്പത്തികതാല്‍പര്യങ്ങളെ ഈ ചട്ടക്കൂടിനുള്ളില്‍നിന്ന് കൊണ്ടുകൂടി കാണാനുള്ള ശ്രമമാണ് നടത്തുന്നത്. വംശീയമായും മതപരമായുമുള്ള ബഹുസാംസ്കാരികതയെ പാശ്ചാത്യലോകം ഇപ്പോള്‍ അസഹിഷ്ണുതയോടെയാണ് കാണുന്നത്. നവനാസികളും വര്‍ണവിദ്വേഷവാദികളും വലതു പ്രതിലോമശക്തികളും രാഷ്ട്രീയമായി ശക്തിനേടുന്നത് ഈ സങ്കുചിതവാദത്തെ കെട്ടിപ്പുണര്‍ന്നുകൊണ്ടാണ്.

കുരിശുയുദ്ധങ്ങളുടെ കാലത്തെ യൂറോപ്പിനെ തിരിച്ചുപിടിക്കാനുള്ള മനസ്സാണ് ബ്രെക്സിറ്റുകളിലേക്ക് നയിക്കുന്നത്. സെനോഫോബിയ (ഇതരവംശഭീതി) ബാധിച്ച യൂറോപ്പിന്‍െറ മനസ്സാണ് ഇതില്‍ തെളിയുന്നത്. ഇത് ബ്രിട്ടനില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ല. യൂറോപ്യന്‍ യൂനിയന്‍തന്നെ കേവലം ഒരു സാമ്പത്തിക സംവിധാനമോ പ്രാദേശിക രാഷ്ട്രസമുച്ചയമോ അല്ല. അങ്ങനെയാണെങ്കില്‍ തുര്‍ക്കി  അതിനു പുറത്താകേണ്ട കാര്യമില്ലല്ളോ. പടിഞ്ഞാറന്‍ യൂറോപ്പിന്‍െറ ലോകമേധാവിത്വത്തെ ഉറപ്പിച്ചുനിര്‍ത്താനുള്ള യൂറോ-അമേരിക്കന്‍ തന്ത്രത്തിന്‍െറ തന്നെ ഭാഗമായിരുന്നു അത്. എന്നാല്‍, അത് കെട്ടഴിച്ചുവിട്ട പ്രശ്നങ്ങളെ മറികടക്കുന്നതിന് ഈ സംവിധാനം തകര്‍ക്കേണ്ടിവരുകയാണെങ്കില്‍ അവര്‍ അതിനു മടിക്കില്ല എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പിന്‍െറ പ്രതിബദ്ധത യൂറോപ്യന്‍ യൂനിയനോടല്ല മറിച്ച്, അതിന്‍െറ സ്വന്തം വംശാധിപത്യബോധത്തോടാണ്. കിഴക്കന്‍ യൂറോപ്പിനെപ്പോലും അത് കാണുന്നത് ഈ വംശാധിപത്യത്തിന്‍െറ കണ്ണിലൂടെയാണ്. അത് നിലനിര്‍ത്താന്‍ എന്തു തന്ത്രമാണോ പയറ്റേണ്ടത് ആ തന്ത്രം  രൂപപ്പെടുത്താന്‍ അവര്‍ എപ്പോഴും തയാറായിക്കൊണ്ടിരിക്കും.

അമേരിക്കയില്‍ ഡൊണാള്‍ഡ്  ട്രംപ് ഉയര്‍ത്തിയിരിക്കുന്ന വംശീയ-മതവിഭാഗീയവാദങ്ങളും യൂറോപ്പില്‍ വളര്‍ന്നുവരുന്ന വംശാധിപത്യ രാഷ്ട്രീയവും ഒരേ സാമൂഹിക കാലാവസ്ഥയെയാണ് പ്രതിനിധാനം ചെയ്യുന്നത്. പ്രത്യയശാസ്ത്രപരമായി ഇത് രണ്ടും ഐക്യപ്പെട്ടിരിക്കുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നത് യൂറോപ്യന്‍ യൂനിയന്‍െറ തകര്‍ച്ചയെ കുറിക്കുന്നുവെന്ന് പറയുമ്പോള്‍ അതിനര്‍ഥം യൂറോപ്പിന് എന്തോ സാമ്പത്തികനഷ്ടം ഉണ്ടാവുന്നുവെന്നോ മുതലാളിത്തത്തിന് എന്തോ അപകടം ഉണ്ടാവുന്നോവെന്നോ അല്ല. മറിച്ച്, അധിനിവേശാനന്തര ലോകത്തിലെ ഒരു യൂറോപ്യന്‍ രാഷ്ട്രീയനാടകം അവസാനിച്ച് മറ്റൊന്നിലേക്കു പ്രവേശിക്കുന്നു എന്നാണ്. ലോകമുതലാളിത്തത്തിന്‍െറ പ്രതിസന്ധികള്‍ ഈ വര്‍ണവിവേചന രാഷ്ട്രീയവുമായി ചേര്‍ത്തുവെക്കാതെ പരിശോധിക്കുന്നതുതന്നെ ചരിത്രവിരുദ്ധമായ സമീപനമാണ്.

സാമ്രാജ്യത്വം മാറ്റിത്തീര്‍ക്കുന്ന പുതിയ ലോകക്രമം എന്താണ് എന്നതിനെക്കുറിച്ചുള്ള ഒരു ഉള്‍ക്കാഴ്ചകൂടിയാണ് ബ്രെക്സിറ്റ് ഫലം നല്‍കുന്നത്. ഇതര ദേശീയതകളുടെ സാമ്പത്തിക ഇടപെടല്‍ കഴിയുന്നത്ര പരിമിതപ്പെടുത്തി മതപരമായും വംശീയമായും യൂറോപ്പിനെയും അമേരിക്കയെയും -പൊതുവില്‍ പാശ്ചാത്യലോകത്തെ ഒന്നാകെയും- ശുദ്ധീകരിക്കുക എന്ന സാംസ്കാരിക ദൗത്യം സാമ്പത്തികഭദ്രതക്കും അധീശത്വം നിലനിര്‍ത്തുന്നതിനും ആവശ്യമാണെന്ന കാഴ്ചപ്പാട് ശക്തിപ്പെടുകയാണ്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവര്‍ക്കുതന്നെ ഗുണകരമാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം, മുതലാളിത്തവും സാമ്രാജ്യത്വവും സ്വന്തം അടവുകള്‍ രൂപപ്പെടുത്തുന്നത് കേവലമായ ചരിത്രബോധത്തോടെയല്ല, ചരിത്രത്തിനുമേല്‍ തങ്ങള്‍ക്കുള്ള അധികാരബോധത്തോടെയാണ്. അതിനെ ബൗദ്ധികമായല്ലാതെ ഭൗതികമായി വെല്ലുവിളിക്കാനും പരാജയപ്പെടുത്താനും കഴിയുന്ന ആഗോളരാഷ്ട്രീയം ഇനിയും രൂപപ്പെട്ടിട്ടില്ല എന്നതാണ് നമ്മുടെ മുന്നിലുള്ള വേദനാജനകമായ യാഥാര്‍ഥ്യം.

 

Show Full Article
TAGS:brexit 
Next Story