Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകുഞ്ഞുമക്കളെ കൊലക്കു...

കുഞ്ഞുമക്കളെ കൊലക്കു കൊടുക്കരുത്

text_fields
bookmark_border
കുഞ്ഞുമക്കളെ കൊലക്കു കൊടുക്കരുത്
cancel
2015 സെപ്റ്റംബറില്‍ മലപ്പുറം ജില്ലയിലെ ഒരാനാഥാലയത്തില്‍നിന്നുള്ള രണ്ടു കുട്ടികള്‍ ഡിഫ്തീരിയ ബാധിച്ച് മരിച്ചു. രോഗം ബാധിച്ച മറ്റൊരു കുട്ടിയെ മാസങ്ങളോളം കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ തീവ്രപരിചരണത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചു. ആരോഗ്യരംഗത്തെ വിദഗ്ധര്‍ ആശങ്കപ്പെട്ടപോലെ പ്രസ്തുത സംഭവം വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്‍െറ മുന്നറിയിപ്പാണെന്ന കാര്യം ഇപ്പോഴിതാ വെളിപ്പെട്ടിരിക്കുന്നു. മുഹമ്മദ് അമീന്‍ എന്ന 16കാരന്‍ ഡിഫ്തീരിയ ബാധിച്ച് മരണത്തിനു കീഴടങ്ങി.
എല്ലാ രോഗങ്ങളും നേരില്‍ കണ്ട് പഠിക്കണമെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ പോകണമെന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പറയാറുണ്ട്. അതിനെ സാധൂകരിക്കുന്ന തരത്തില്‍ മറ്റിടങ്ങളില്‍ അപൂര്‍വമായ ടെറ്റനസും ഡിഫ്തീരിയയും ഇവിടെ പതിവു കാഴ്ചയാണ്. അതിന് കോഴിക്കോട് മെഡിക്കല്‍കോളജ് വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയോട് കടപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞാല്‍ അത്യുക്തിയല്ല. കാര്യങ്ങള്‍ വഷളാക്കുന്നതില്‍ ദൃശ്യമാധ്യമങ്ങള്‍ക്കും സോഷ്യല്‍മീഡിയയിലെ പ്രചാരണ വിദ്വാന്മാര്‍ക്കും ജനകീയപ്രതിരോധമെന്നു പേരിട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രകൃതിചികിത്സക്കാര്‍ക്കും കാര്യമായ പങ്കുണ്ട്. ആഗോള സാമ്രാജ്യത്വ ഗൂഢാലോചന, പ്രത്യുല്‍പാദന ശേഷിയുടെ നശീകരണം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശാരീരികാവയവങ്ങളുടെ ക്രമേണയുള്ള തകരാറുകള്‍ തുടങ്ങിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ജനങ്ങളെ ആശങ്കയിലാക്കി, സമൂഹത്തില്‍ പേരെടുക്കാന്‍ ശ്രമിക്കുന്ന വിരലിലെണ്ണാവുന്ന ഏതാനും വ്യക്തികളുടെ കുപ്രചാരണങ്ങളില്‍ വീണുപോയ മുഹമ്മദ് അമീനെപ്പോലെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് നഷ്ടം സംഭവിച്ചത്. അവരുടെ നഷ്ടം നികത്താന്‍ കുപ്രചാരകര്‍ക്കാകുമോ?

ഉഗ്രസംഹാരശേഷിയുള്ള രോഗങ്ങളാണ് ഡിഫ്തീരിയ, ടെറ്റനസ് തുടങ്ങി കുത്തിവെപ്പുവഴി തടയാവുന്ന രോഗങ്ങള്‍. സമൂഹത്തിലെ 70-80 ശതമാനം വരെ കുട്ടികള്‍ കുത്തിവെപ്പെടുക്കുന്നതുകൊണ്ടാണ് ഈ രോഗങ്ങള്‍ വലിയ അളവില്‍ പടരാത്തത്. പല സ്ഥാപിത താല്‍പര്യക്കാരുടെ കുപ്രചാരണങ്ങളില്‍ കുടുങ്ങി കുത്തിവെപ്പെടുക്കാത്ത കുട്ടികളും ഒരു പരിധിവരെ കുത്തിവെപ്പെടുത്ത കുട്ടികളുടെ പ്രതിരോധശേഷി കാരണം രോഗം പടരാതെ രക്ഷപ്പെടുന്നു, സാംക്രമികചക്രം പൂര്‍ത്തീകരിക്കാത്തതു കാരണം. എങ്കിലും ഇവരുടെ രോഗപ്രതിരോധശേഷി കുറവായതിനാല്‍ ഏതെങ്കിലും കാരണവശാല്‍ ഈ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അവര്‍ മാരകമായ രോഗാവസ്ഥയിലായിത്തീരും.
പ്രതിരോധ കുത്തിവെപ്പുകളെ എതിര്‍ക്കുന്നവര്‍ പറയുന്ന ന്യായങ്ങളിലൊന്ന് ആഗോള മരുന്നുകമ്പനികളുടെ കച്ചവടതാല്‍പര്യങ്ങളാണെന്നാണ്. ഇതില്‍ ശരിയുമുണ്ട്. അരി, പഞ്ചസാര, വസ്ത്രവ്യാപാര രംഗത്തെപ്പോലെ എല്ലാ ബിസിനസുകളിലുമുള്ള കച്ചവട താല്‍പര്യങ്ങള്‍ ഈ രംഗത്തുമുണ്ട്. കച്ചവടസാധ്യതയുള്ളിടത്തൊക്കെ ചൂഷണത്തിനും സാധ്യത കിടക്കുന്നു. എന്നുവെച്ച് പൊതുജനം അരിയും വസ്ത്രവും ഉപയോഗിക്കരുത് എന്നാരും പറയില്ലല്ളോ. സര്‍ക്കാറുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് ഈ രംഗത്തുള്ള ചൂഷണങ്ങള്‍ അവസാനിപ്പിച്ച് മിതവും ന്യായവും ഗുണനിലവാരവുമുള്ള ചരക്കുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കുകയേ നിര്‍വാഹമുള്ളൂ. വാക്സിനുകള്‍ കുത്തകകള്‍ക്ക് വിട്ടുകൊടുക്കാതെ സര്‍ക്കാറുകള്‍ ഏറ്റെടുക്കട്ടെ.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന സ്ഥിതിവിവരക്കണക്കുകളും മറ്റും വിശ്വസനീയമല്ല, യഥാര്‍ഥത്തില്‍ പോളിയോ തുടങ്ങിയ രോഗങ്ങള്‍ കുറഞ്ഞിട്ടില്ല എന്നാണിവരുടെ മറ്റൊരു വാദം. സ്ഥിതിവിവരക്കണക്കുകള്‍ അവിടെ നില്‍ക്കട്ടെ, പൊതുജനത്തിന് നേരിട്ടറിവുള്ള കാര്യമാണ്. മുമ്പത്തെപ്പോലെ പോളിയോ ബാധിച്ച കുട്ടികള്‍ അവരുടെ മുന്നിലൂടെ ഇഴഞ്ഞുനീങ്ങുന്നില്ല, വടിയിലൂന്നി വേച്ചുനടക്കുന്നില്ളെന്ന കാര്യം. വില്ലന്‍ ചുമയും മറ്റു മാരകരോഗങ്ങളും തുലോം കുറവാണ് മുന്‍കാലങ്ങളെ അപേക്ഷിച്ചെന്ന കാര്യവും.

ചില വാക്സിന്‍ വിരുദ്ധര്‍ മരിച്ച കുട്ടികള്‍ക്ക് ഡിഫ്തീരിയ/ടെറ്റനസ് ഇല്ലായിരുന്നു എന്നൊക്കെ പറഞ്ഞുപരത്തി തങ്ങളുടെ പാപഭാരം കഴുകിക്കളയാന്‍ ശ്രമിക്കുന്നുണ്ട്. അതിനുള്ള ന്യായം പറയുന്നതോ കള്‍ചറല്‍ ടെസ്റ്റ് നെഗറ്റിവ് ആണെന്നതും. ഡിഫ്തീരിയ സാധാരണ തൊണ്ടവേദനയും പനിയുമായാണ് തുടങ്ങുന്നത്. സ്വാഭാവികമായും ഏതൊരു ഡോക്ടറും ടോണ്‍സിലൈറ്റിസിന്‍െറ ചികിത്സ ആന്‍റിബയോട്ടിക്കുകളോടെ ഇതിനും നല്‍കും. ഫലം കാണാതെ വരുമ്പോള്‍ മറ്റു ലക്ഷണങ്ങള്‍ ക്രമേണ പ്രകടമായി വരുന്ന മുറക്ക് ഡിഫ്തീരിയ സംശയിക്കുന്നു, പ്രത്യേകിച്ച് കുത്തിവെപ്പ് എടുക്കാത്ത കുട്ടികളില്‍. ആന്‍റിബയോട്ടിക്കുകള്‍ കൊടുത്താല്‍ കള്‍ചര്‍ ടെസ്റ്റ് നെഗറ്റീവാകും. ഇത് മെനിഞ്ചൈറ്റിസ്, മൂത്രപ്പഴുപ്പ് തുടങ്ങിയ മറ്റ് ഇന്‍ഫക്ഷന്‍സിന്‍െറ കാര്യത്തിലും ബാധകമാണ്. ടെറ്റനസും ഡിഫ്തീരിയയും പരിചയസമ്പന്നരായ ഡോക്ടര്‍മാര്‍ക്ക് തിരിച്ചറിയുക എളുപ്പമാണ്. വലിയ ടെസ്റ്റുകളുടെ ആവശ്യമൊന്നുമില്ല; ക്ളിനിക്കല്‍ ഡയഗ്നോസിസ് മതി. അടിയന്തര ചികിത്സ ആവശ്യമുള്ള ഈ രോഗങ്ങള്‍ പിടിപെട്ടാല്‍ രോഗത്തിന്‍െറ പുരോഗതിയും ചികിത്സാഫലവും പ്രവചനാതീതമാണ്. നൂറുശതമാനം ഫലപ്രാപ്തിയുള്ള ചികിത്സയുണ്ടെങ്കില്‍ പിന്നെ, കുത്തിവെപ്പിനുവേണ്ടി കോടികള്‍ മുടക്കി ആരോഗ്യ സംവിധാനം നിതാന്ത ജാഗ്രതയോടെ അതിന്‍െറ ഗുണമേന്മക്കും മറ്റുമായി അശ്രാന്ത പരിശ്രമം നടത്തേണ്ടതില്ലല്ളോ. ഈ ടെറ്റനസ്, ഡിഫ്തീരിയ എന്നീ രോഗങ്ങളുടെ കാരണക്കാരായ ബാക്ടീരിയകള്‍ പുറത്തുവിടുന്ന ടോക്സിനുകളാണ് രോഗത്തിന്‍െറ മാരകഫലങ്ങള്‍ക്കു കാരണം. ഹൃദയം, നാഡീഞരമ്പുകള്‍ എന്നിവയെ ബാധിച്ച് പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുക വഴി ഈ ടോക്സിനുകള്‍ കോശങ്ങളില്‍ ഒട്ടിപ്പിടിച്ചുകഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്ന് വേര്‍പെടുത്താന്‍ ആവശ്യമായ ചികിത്സാരീതി ഇപ്പോള്‍ ഒരു വൈദ്യശാസ്ത്ര മേഖലയിലും ലഭ്യമല്ല.

സ്കൂള്‍ പ്രവേശത്തിന് നിര്‍ബന്ധിത വാക്സിന്‍ കാര്‍ഡ് എന്ന വിഷയത്തില്‍ വ്യക്തത വരുത്തിയിട്ടില്ളെങ്കിലും പൊതുജനാരോഗ്യത്തിന് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളെക്കാള്‍ മുന്തിയ പരിഗണന ഏതു സര്‍ക്കാറും ചെയ്യേണ്ട കാര്യം തന്നെ. താന്‍ പേറുന്ന രോഗാണുക്കള്‍ അല്ളെങ്കില്‍ തന്‍െറ പ്രതിരോധശേഷിക്കുറവിനാല്‍ തന്നിലൂടെ മറ്റുള്ള സഹപാഠികള്‍ക്ക് രോഗം പരത്തുന്ന ഒരവസ്ഥ ഒഴിവാക്കപ്പെടേണ്ടതുതന്നെയാണ്. എല്ലാവര്‍ക്കും കുത്തിവെപ്പെടുക്കാനും എടുക്കാതിരിക്കാനും അവകാശവും സ്വാതന്ത്ര്യവുമുള്ളതുപോലെ മറ്റുള്ളവരുടെ രോഗങ്ങള്‍ പടര്‍ന്ന് സ്വന്തം ആരോഗ്യവും ജീവനും അപകടത്തില്‍പ്പെടുന്ന അവസ്ഥ ഒഴിവാക്കാനുള്ള അവകാശവുമുണ്ട്. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതുപോലെ.
ലോകത്ത് മരണം തിമിര്‍ത്താടിയ നിരവധി മാരകരോഗങ്ങളെ നിയന്ത്രണവിധേയമാക്കുന്നതില്‍ ആധുനിക കുത്തിവെപ്പുക്കളുടെ പങ്ക് വളരെ വലുതാണ്. അന്നും ജനങ്ങളുടെ  ഭയാശങ്കകളെ അസ്ഥാനത്താക്കി നിര്‍ബന്ധപൂര്‍വം പഴയ തലമുറ കുത്തിവെപ്പുകള്‍ എടുത്തതുകൊണ്ടാണല്ളോ നാമിപ്പോള്‍ വസൂരിയെ പേടിക്കാതെ കഴിയുന്നത്. എന്നിട്ടും സ്വന്തം മക്കളെ കുത്തിവെപ്പെടുക്കാതെ കൊലക്കുകൊടുക്കുന്ന മാതാപിതാക്കള്‍ക്കെതിരെ കൊലക്കുറ്റമുള്‍പ്പെടെ നിയമനടപടികള്‍ക്കും നിയമനിര്‍മാണത്തിനുമുള്ള സാധ്യതകള്‍ ഈ ടെറ്റനസ്, ഡിഫ്തീരിയ മരണങ്ങളുടെ പശ്ചാത്തലത്തില്‍ ജനപ്രതിനിധികള്‍ക്കു മുന്നില്‍ വിഷയീഭവിക്കട്ടെ.

അങ്ങനെയൊക്കെയാണെങ്കിലും കുത്തിവെപ്പുകളാണ് സമൂഹത്തിന്‍െറ രോഗാതുരതക്കുള്ള ഏകപരിഹാരമെന്നതിലേക്ക് കാര്യങ്ങള്‍ ചുരുക്കുന്നത് അതിശയോക്തിപരമാവും. ആതുരസേവന സൗകര്യങ്ങളുടെ അപര്യാപ്തവും വികലവുമായ സ്ഥാപനവും വിതരണവും, പുറമ്പോക്കിലേക്ക് എടുത്തെറിയപ്പെട്ട സമൂഹങ്ങളുടെ പ്രശ്നങ്ങളും ആരോഗ്യപരിരക്ഷാ ലഭ്യതയും, ചൂഷണമുതലാളിത്തത്തിന്‍െറയും അവരുടെ പിണിയാളുകളുടെയും കൈകടത്തലുകള്‍, വ്യക്തികളുടെയും സമൂഹത്തിന്‍െറയും പരിസ്ഥിതിയോടുള്ള, പരിസ്ഥിതി ശുചിത്വത്തോടുള്ള മനോഭാവവും സമീപനവും എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇതിനെക്കാള്‍ പ്രസക്തമാണെങ്കിലും വാക്സിനേഷന്‍ ഒരിക്കലും അപ്രസക്തമാകുന്നില്ല. മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന ഈ പശ്ചാത്തലത്തില്‍ വിശേഷിച്ചും.

കോഴിക്കോട് മെഡിക്കല്‍ കോളജ് ശിശുരോഗ വിഭാഗം അസോ. പ്രഫസറാണ് ലേഖകന്‍
Show Full Article
TAGS:vaccination diphtheria 
Next Story