Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജാതിമാലിന്യം നീക്കാതെ...

ജാതിമാലിന്യം നീക്കാതെ സ്വച്ഛഭാരതം സാധ്യമോ?

text_fields
bookmark_border
ജാതിമാലിന്യം നീക്കാതെ സ്വച്ഛഭാരതം സാധ്യമോ?
cancel
camera_alt??????? ?????????? ??????????? ????? ?????, ??????? ??????? (?????????????)

ഗുജറാത്തിലെ സന്നദ്ധ സേവന സംഘടനയായ സെന്‍റ് സേവ്യേഴ്സ് അനൗപചാരിക വിദ്യാഭ്യാസസമിതി ഈയിടെ ജോലിക്കാരെ തേടി ഒരു പരസ്യം പ്രസിദ്ധീകരിച്ചു. ബ്രാഹ്മണ, ക്ഷത്രിയ, ബനിയ, പട്ടേല്‍, സയ്യിദ്, സിറിയന്‍ ക്രൈസ്തവര്‍, പാര്‍സികള്‍ എന്നിങ്ങനെ ഉന്നതജാതി ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണനയും പ്രഖ്യാപിച്ചു. ഫലമോ, സംഘടനയുടെ ഓഫിസിനുനേരെ അക്രമവും നടത്തിപ്പുകാര്‍ക്കെതിരെ പൊലീസ് കേസും. മുന്നാക്ക ജാതിക്കാര്‍ക്ക് ജോലി സംവരണമേര്‍പ്പെടുത്തിയതില്‍ രോഷംപൂണ്ട് ഏതെങ്കിലും പിന്നാക്കസംഘടനക്കാര്‍ അഴിച്ചുവിട്ടതല്ല അക്രമം. ജാതി അഭിമാനം വ്രണപ്പെടുത്തിയ സംഘടനക്കെതിരെ ക്ഷത്രിയ, രജപുത്ര രക്തം ചൂടുപിടിച്ചതിന്‍െറ ഫലമായിരുന്നു ആ രോഷ പ്രകടനം.

പട്ടേലുമാര്‍ക്ക് സംവരണം വേണമെന്ന് ആവശ്യപ്പെട്ട് അക്രമാസക്ത സമരം നടന്ന, ദലിത് പിന്നാക്കക്കാര്‍ക്ക് നല്‍കുന്ന സംവരണം നിര്‍ത്തലാക്കി സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം വേണമെന്ന ആവശ്യങ്ങള്‍ മുഴങ്ങുന്ന കാലത്ത് ഒരു ജോലി വെച്ചുനീട്ടുമ്പോള്‍ അത് വേണ്ടെന്നുപറയാന്‍ കാരണമെന്തെന്നല്ളേ? നൂറ്റാണ്ടുകളായി ദലിത്-പിന്നാക്കസമൂഹത്തില്‍പെടുന്ന ആളുകളെക്കൊണ്ട് അവരുടെ ജന്മനിയോഗം എന്നപോലെ ചെയ്യിച്ചുവരുന്ന ശുചീകരണ ജോലിയിലേക്കായിരുന്നു ഒഴിവുകള്‍. സവര്‍ണനെ കക്കൂസ് കഴുകിക്കാന്‍ വിളിച്ചപ്പോള്‍ ജാതിബോധം തിളച്ചുമറിഞ്ഞതാണ്. മതപരിവര്‍ത്തനത്തിനുള്ള വൈദേശിക ഗൂഢാലോചന എന്നുപോലും പറഞ്ഞുകളഞ്ഞു അവര്‍. ഹാര്‍ദിക് പട്ടേലിന്‍െറ പതിദാര്‍ അനാമത് ആന്ദോളന്‍ സമിതി, സുന്നി അവാമി ഫോറം, രജപുത്ര ശൗര്യ സംഘടന്‍ മുതല്‍ സിറിയന്‍ ക്രിസ്ത്യന്‍ മൂവ്മെന്‍റ് വരെ കേസും ഭീഷണിയുമായി രംഗത്തിറങ്ങി.

മുസ്ലിം സംഘടനകളുടെ കാര്യമാണ് ഏറെ ദയനീയം. അതിഭീകര വംശഹത്യയുടെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാനുള്ള പോരാട്ടങ്ങളിലൊന്നും പറഞ്ഞുകേള്‍ക്കാത്ത പല സംഘടനകള്‍ക്കും രക്തത്തിളപ്പുണ്ടായി. സയ്യിദ്മാരെ ഈ ജോലിക്ക് ക്ഷണിച്ചത് അപമാനിക്കലാണെന്നും മാപ്പുപറയണമെന്നുമാവശ്യപ്പെട്ട് വാറോലകളുമായി അവര്‍ ഒച്ചയുണ്ടാക്കി. മുമ്പ് എ.ആര്‍. റഹ്മാനെതിരെ ഫത്വ ഇറക്കി അദ്ദേഹത്തിന്‍െറ പക്വവും അചഞ്ചലവുമായ മറുപടിക്കുമുന്നില്‍ ഉത്തരം മുട്ടിപ്പോയ മുംബൈയിലെ റസാ അക്കാദമി സംഘടനയുടെ നടത്തിപ്പുകാര്‍ക്കെതിരെ കേസുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി കത്തയച്ചു. അവരുടെ കത്ത് വായിച്ചാല്‍ ജാതിചിന്ത മുസ്ലിം വിഭാഗങ്ങള്‍ക്കിടയിലും എത്രമാത്രം ശക്തമായാണ് നിലനില്‍ക്കുന്നതെന്ന് ബോധ്യമാവും.

സയ്യിദുകളെ ശുചീകരണ ജോലിക്ക് വിളിക്കുകവഴി ലക്ഷക്കണക്കിന് വരുന്ന മുസ്ലിംകളെ അപമാനിച്ചെന്നാണ് അവരുടെ വാദം. പരസ്യം നല്‍കിയ സംഘടനയല്ല, ഇത്തരം വിവേചനവും വിഡ്ഢിത്തവും വിളമ്പുന്ന അക്കാദമികളാണ് അറബിക്ക് അനറബിയെക്കാള്‍ ശ്രേഷ്ഠതയില്ളെന്നു പഠിപ്പിച്ച, വൃത്തി വിശ്വാസത്തിന്‍െറ ഭാഗമാണെന്ന് ഉദ്ബോധിപ്പിച്ച പ്രവാചകനെ അപമാനിക്കുന്നത്. കക്കൂസ് കഴുകുന്നത് അപമാനകരമായി കരുതുന്നവര്‍ ദലിതുകളെക്കൊണ്ട് അത് ചെയ്യിക്കാന്‍ വാശിപിടിക്കുന്നു. സ്വച്ഛഭാരത് കാമ്പയിന്‍ രാജ്യമൊട്ടുക്ക് നടക്കുന്നുണ്ടല്ളോ. ഇന്ത്യ ഒട്ടാകെ വൃത്തിയാക്കി സുന്ദരമാക്കി സൂക്ഷിക്കണമെന്നാണ് കാമ്പയിന്‍െറ ലക്ഷ്യമായി ഉദ്ഘോഷിക്കപ്പെടുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ കാമറക്ക് മുന്നില്‍ പത്തു മിനിറ്റുനേരം മന്ത്രിമാരും ഉദ്യോഗസ്ഥ പ്രഭുക്കളും അടിച്ചുവാരുന്നു. അതേസമയം ഓടകളും കാനകളും കക്കൂസുകളും വൃത്തിയാക്കേണ്ട ജോലി ദലിതരുടേതാണെന്ന മനോഗതി പ്രകടിപ്പിക്കുകയും ചെയ്യുന്നു. എത്രമാത്രം പേപിടിച്ചതാണ് ഈ നിലപാട്!

പരസ്യം നല്‍കിയതിന്‍െറ ലക്ഷ്യം സന്നദ്ധസംഘടനയുടെ മേധാവിയും മലയാളിയുമായ പ്രസാദ് ചാക്കോ വ്യക്തമാക്കിപറഞ്ഞിരുന്നു: നൂറ്റാണ്ടുകളായി ദലിതു വിഭാഗങ്ങളെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിച്ചുവരികയാണ് ഈ പണികള്‍. സവര്‍ണ വിഭാഗങ്ങള്‍ അറിയണം എത്ര മനുഷ്യത്വ ഹീനമായിരുന്നു അവരുടെ ഈ ക്രിമിനല്‍ ജാതീയചിന്തകളും ചെയ്തികളുമെന്ന്. ഈ ജോലിയിലേക്ക് സവര്‍ണരെയും ക്ഷണിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തുക എന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്നാണ് പ്രസാദിന്‍െറ പക്ഷം. പക്ഷേ, അദ്ദേഹത്തിനെതിരെ ഇപ്പോള്‍ അഹ്മദാബാദ് പൊലീസ് കേസെടുത്തിരിക്കുന്നു- മതവികാരങ്ങളെ വ്രണപ്പെടുത്തിയതിന് ഇന്ത്യന്‍ പീനല്‍കോഡിലെ 153 എ വകുപ്പ് പ്രകാരം. ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ 125ാം ജന്മവാര്‍ഷികം സ്മാരകങ്ങള്‍ നിര്‍മിച്ചും സെമിനാറുകള്‍ സംഘടിപ്പിച്ചും ആഘോഷിക്കുന്നതിനിടെയാണ് ജാതീയ ഉച്ചനീചത്വത്തിനെതിരെ ഒരു ചിന്തക്ക് തിരിയിട്ട സ്ഥാപനത്തെ ആക്രമിക്കാനും കേസില്‍ തളക്കാനും ശ്രമിക്കുന്നതെന്നോര്‍ക്കണം.

എത്ര വൃത്തികെട്ട കക്കൂസും നല്ളൊരു ബ്രഷും ഫിനോയിലും ഉപയോഗിച്ച് വൃത്തിയാക്കിയെടുക്കാം. പക്ഷേ, ജാതീയതയുടെ പുഴുവരിക്കുന്ന മനസ്സുകള്‍ വൃത്തിയാക്കാന്‍ ആ അധ്വാനമൊന്നും മതിയാവില്ല. അതു നീക്കാതെ ചിന്തിക്കുന്നിടത്തൊക്കെ എത്ര ‘ശോച്യാലയങ്ങള്‍’ (വിദ്യാ ബാലനോട് കടപ്പാട്) പണിതാലും വര്‍ണതോരണങ്ങള്‍ തൂക്കിയാലും ഭാരതം സ്വച്ഛമാവില്ല.

Show Full Article
TAGS:gujarat reservation 
Next Story