ഡിഫ്തീരിയ സാധാരണ രോഗമല്ല
text_fieldsപത്തും പതിനഞ്ചും വര്‍ഷം മുമ്പെല്ലാം കുത്തിവെപ്പിനെതിരെ പ്രചാരണം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അന്ന് കുഞ്ഞുങ്ങളായിരുന്നവരിലാണ് ഇപ്പോള്‍ രോഗം കണ്ടത്തെുന്നത്. പൊതുവെ ഇംഗ്ളീഷ് മരുന്നിനോടുള്ള വിയോജിപ്പ് മലപ്പുറത്തെ ജനങ്ങളുടെ മനസ്സില്‍ വേരൂന്നിയതായി കാണാം. ഇംഗ്ളീഷ് മരുന്ന് നല്‍കിയാല്‍ പിന്നെ അത് സ്ഥിരമായി നല്‍കേണ്ടിവരുമെന്ന ആശങ്ക. കടുത്ത എതിര്‍പ്പ് ഇപ്പോള്‍ കാര്യമായി കുറഞ്ഞെങ്കിലും ഇപ്പോഴും ചില പ്രദേശങ്ങളില്‍ അത് അവശേഷിക്കുന്നു. താനൂരില്‍ ഒരു കുടുംബത്തിലെ 16 വയസ്സിന് താഴെയുള്ള ഏഴുപേര്‍ കുത്തിവെപ്പെടുക്കാത്തത് ഉദാഹരണം. നഗരസഭാ ചെയര്‍മാനടക്കമുള്ളവര്‍ പറഞ്ഞിട്ടും അവര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍, താനൂരില്‍തന്നെ നൂറ് ശതമാനം കുത്തിവെപ്പെടുത്ത പ്രദേശങ്ങളുമുണ്ട്. അനുഭവമുണ്ടായപ്പോള്‍ ജനങ്ങള്‍ കുത്തിവെപ്പിന് അനുകൂലമായി പ്രതികരിക്കുന്നെന്നതിന് ഉദാഹരണമാണ് വെട്ടത്തൂര്‍. അവിടെ യതീംഖാനയില്‍ ഇത്തരമൊരു കേസ് വന്നശേഷം നടത്തിയ പ്രചാരണത്തിന് നല്ല ഫലം കണ്ടു.
പ്രതിരോധ കുത്തിവെപ്പ് കാമ്പയിനുമായി പൂര്‍ണമായി സഹകരിക്കാന്‍ മതസംഘടനാ നേതാക്കള്‍ ഇപ്പോള്‍ രംഗത്തുണ്ട്. എന്നാല്‍, ചില സംഘടനകള്‍ കുത്തിവെപ്പിന് എതിരുനിന്നെന്നത് യാഥാര്‍ഥ്യമാണ്. ഫീല്‍ഡിലെ ആരോഗ്യജീവനക്കാര്‍ക്ക് ബോധ്യമായതാണത്. മലപ്പുറം ജില്ലയില്‍ മാത്രമല്ല, മറ്റ് ജില്ലകളിലും ചില പ്രദേശങ്ങളില്‍ ഈ മനോഭാവം പ്രകടമാണ്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ തീരദേശമേഖലകളിലും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും കുത്തിവെപ്പ് ശതമാനം കുറവാണ്. വ്യാജ ചികിത്സക്ക് കൂടുതല്‍ വശംവദരാകുന്നതും ചില വിഭാഗങ്ങള്‍ മാത്രമാണെന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം. ഹജ്ജിന് പോകുമ്പോള്‍ കുത്തിവെപ്പ് നിര്‍ബന്ധമാണ്. 70 വയസ്സ് കഴിഞ്ഞവര്‍ക്ക് രണ്ട് കുത്തിവെപ്പ് നിര്‍ബന്ധമാണ് -മെനിഞ്ചൈറ്റിസിനും ഇന്‍ഫ്ളുവന്‍സക്കും. അതിനുപുറമെ ഒ.പി.വിയും നല്‍കുന്നു. അതില്‍ ആരും എതിരഭിപ്രായം പറയാറില്ല. മതസംഘടനകള്‍ മാത്രമല്ല, രാഷ്ട്രീയപാര്‍ട്ടികളും കുത്തിവെപ്പ് കാമ്പയിനായി ഏറ്റെടുക്കുകയാണ് ഇന്നാവശ്യം. യുവജനസംഘടനകള്‍ക്ക് ഇതില്‍ കൂടുതല്‍ ചെയ്യാനാകും.
കുത്തിവെപ്പെടുത്തവര്‍ക്കും അസുഖങ്ങള്‍ വരുന്നുണ്ടെന്ന വാദങ്ങള്‍ പൂര്‍ണമായും തെറ്റിദ്ധാരണജനകമാണ്. ബോധവത്കരണത്തില്‍ ആരോഗ്യവകുപ്പിന്‍െറ ഭാഗത്തുനിന്നുള്ള വീഴ്ച കൂടി ഇതിന് കാരണമാണ്. എട്ട് രോഗങ്ങള്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുന്നത്. ആ കുഞ്ഞുങ്ങള്‍ക്ക് മറ്റ് അസുഖങ്ങള്‍ വരാം. അതിന് വേറെ ചികിത്സ നല്‍കുകയാണ് വേണ്ടത്. ഡിഫ്തീരിയ അടക്കമുള്ളവയെ സാധാരണ രോഗമായി കാണുന്നതിനാലാണ് ഇത്തരം സംശയങ്ങള്‍ വരുന്നത്. രോഗം വന്നിട്ട് ചികിത്സിച്ചാല്‍ പോരേയെന്ന് പല അമ്മമാരും ചോദിക്കാറുണ്ട്. വന്നശേഷം ചികിത്സിക്കാന്‍ പറ്റുന്ന രോഗങ്ങളല്ല ഇവ. കുത്തിവെപ്പെടുക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഇതുവരെ രോഗമൊന്നും വന്നില്ലല്ളോയെന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍, പ്രതിരോധശേഷി കുറഞ്ഞ അവരെ രോഗാണുക്കള്‍ കീഴടക്കാനുള്ള സാധ്യത വളരെയേറെയാണെന്നാണ് അടുത്തിടെയുണ്ടായ കേസുകള്‍ കാണിക്കുന്നത്. ജനങ്ങളുടെ സാമ്പത്തികശേഷി ഉയര്‍ന്നതോടെ ഏത് രോഗം വന്നാലും അപ്പോള്‍ നോക്കാമെന്ന സമീപനമാണ് ഈ രോഗങ്ങളോടും സ്വീകരിക്കുന്നത്. മറ്റൊരു വിഭാഗം അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ കുത്തിവെക്കുന്നത് കാണാന്‍ വയ്യെന്ന നിലപാടാണ്. ഇത് മലപ്പുറം ജില്ലയില്‍ കൂടുതലാണ്. പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കുമ്പോള്‍ അവര്‍ക്ക് എതിര്‍പ്പില്ല. അതില്‍ നല്ല മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്.
ഇംഗ്ളീഷ് മരുന്ന് കഴിച്ചാല്‍ സ്വാഭാവിക പ്രതിരോധശേഷി നഷ്ടപ്പെടുമെന്ന ചിലരുടെ പ്രചാരണം തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. ഒരിക്കല്‍ കുത്തിവെച്ചാല്‍ പിന്നെ ഏത് അസുഖത്തിനും കുത്തിവെക്കേണ്ടിവരുമെന്ന് പ്രചരിപ്പിക്കുന്നു. എറണാകുളം കേന്ദ്രീകരിച്ചും മറ്റും ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, അവിടെയൊന്നും ജനങ്ങള്‍ ആ പ്രചാരണങ്ങളില്‍ വീഴുന്നില്ല. മലപ്പുറം ജില്ലയിലും വാക്സിന്‍ വിരുദ്ധ പ്രചാരകര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍, പ്രചാരണം നടത്തുന്നവര്‍ക്കുപോലും കുത്തിവെപ്പിന്‍െറ ആവശ്യകത ബോധ്യമുള്ളവരാണ്. അന്വേഷിച്ചാല്‍ അവരുടെ മക്കള്‍ക്കെല്ലാം കുത്തിവെപ്പ് എടുത്തിട്ടുമുണ്ടാകും.
വാക്സിന്‍ മരുന്ന് ഇന്ത്യന്‍ നിര്‍മിതമാണ്. കുത്തിവെപ്പെടുത്തവര്‍ക്ക് കുട്ടികളുണ്ടാകില്ളെന്നതരത്തില്‍ മുമ്പ് പ്രചാരണം നടന്നു. കുത്തിവെപ്പെടുത്തവരുടെ ഒരു ഭാഗം കുഴഞ്ഞുപോയെന്ന സംഭവങ്ങളും ആയുധമാക്കുന്നു. പോളിയോ രോഗത്തിന്‍െറ അണുക്കള്‍ ശരീരത്തിലുണ്ടെങ്കില്‍ ഐ.എം കുത്തിവെപ്പോടെ അത് പോളിയോ ആയി മാറിയ ചില അനുഭവങ്ങള്‍ അമ്പതു വര്‍ഷം മുമ്പ് കേട്ടിരുന്നു. ഇത് പഴമക്കാര്‍ പറഞ്ഞുകേട്ടവര്‍ ഇപ്പോഴും അത് ഓര്‍മയില്‍ നിന്നെടുത്ത് പറയുന്നു. ആ അവസ്ഥ ഇന്നില്ല. കാരണം, ജനിച്ചയുടന്‍ സീറോ ഒ.പി.വി നല്‍കുന്നതിനാല്‍ പിന്നീട് ഐ.എം ഇന്‍ജക്ഷന്‍ നല്‍കുമ്പോള്‍ ഈ പ്രശ്നമുണ്ടാകുന്നില്ല. മറ്റൊന്ന് ഡോക്ടര്‍മാരുടെ മക്കള്‍ക്ക് കുത്തിവെപ്പെടുക്കുന്നില്ളെന്നതായിരുന്നു. അതും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ്. മധ്യവര്‍ഗത്തിലെയും പണക്കാരുടെയുമിടയില്‍ കുത്തിവെപ്പിനോട് വിമുഖത പടര്‍ന്നിരിക്കുന്നു.
40 ജൂനിയര്‍ പബ്ളിക് ഹെല്‍ത് നഴ്സുമാര്‍ ഇപ്പോള്‍ ആറുമാസത്തെ പരിശീലനത്തിലാണ്. ഈ സമയത്തുതന്നെ കാമ്പയിന്‍ നടക്കുന്നതിനാല്‍ ആ കുറവ് ബാധിക്കും. ആശാ വര്‍ക്കര്‍മാര്‍ ഉള്ളതിനാല്‍ ഒരു പരിധിവരെ പരിഹരിക്കാമെങ്കിലും ജില്ലയുടെ വിസ്തൃതി നോക്കുമ്പോള്‍ പ്രായോഗിക പ്രയാസങ്ങളുണ്ട്. 1960ലെ ജനസംഖ്യ പ്രകാരമാണ് ഇപ്പോഴും ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം. ജെ.പി.എച്ചുമാരുടെ ഒഴിവുകളുണ്ട്. ഒരു ജെ.പി.എച്ചിന് കീഴില്‍ 5000 ആള്‍ക്കാര്‍ വരുന്നു. വാക്സിന്‍ ക്ഷാമവും പ്രശ്നമാണ്. ഡല്‍ഹിയില്‍ നിന്നാണത്തെിക്കുന്നത്. പല പഞ്ചായത്തുകളില്‍നിന്നും കൂടുതല്‍ ആവശ്യം വരുന്നതിനാല്‍ തികയാതെവരാനുള്ള സാധ്യത തള്ളാനാകില്ല.
കൊണ്ടോട്ടി പള്ളിക്കല്‍ പഞ്ചായത്തില്‍ 21കാരന് രോഗം ബാധിച്ചതാണ് നമ്മുടെ ഓര്‍മയില്‍ ഇപ്പോള്‍ കൂടിയ പ്രായമായി കണക്കാക്കിയിരിക്കുന്നത്. 17,18 എന്നിങ്ങനെയാണ് ജില്ലയില്‍ അടുത്തിടെ രോഗം കണ്ടത്തെിയവരുടെ ശരാശരി പ്രായം. റഷ്യയില്‍ മുമ്പ് 60 വയസ്സുള്ള ഒരാള്‍ക്ക് ഇതേരോഗം ബാധിച്ചതാണ് നിലവിലുള്ളതിലെ കൂടിയ പ്രായം. വാക്സിനില്‍ അടങ്ങിയ വസ്തുക്കളെക്കുറിച്ച് സംശയങ്ങളുയര്‍ന്നിട്ടുണ്ട്. മൃതശരീരം സൂക്ഷിക്കാനുപയോഗിക്കുന്ന ഫോര്‍മാലിന്‍, മെര്‍ക്കുറി എന്നിവയുടെ അംശമടങ്ങിയെന്നതിന്‍െറ പേരിലാണിത്. കുറച്ചുകൂടി വിദ്യാഭ്യാസമുള്ളവരിലാണ് ഇത്തരം സംശയങ്ങള്‍. നേന്ത്രപ്പഴത്തില്‍പോലും നേരിയ അളവില്‍ ഫോര്‍മാലിന്‍ അടങ്ങിയിരിക്കുന്നു. അതിന്‍െറ അളവാണ് പ്രധാനം. മത്സ്യത്തില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ സോഡിയം ക്ളോറൈഡിലാണ് മൃതശരീരം സൂക്ഷിച്ചിരുന്നത്. എന്നുകരുതി ആരും ഉപ്പ് ഉപയോഗിക്കാതിരിക്കുന്നില്ലല്ളോ?
തയാറാക്കിയത്: വി.വി. ശ്രീജിത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
