പ്രശ്നസങ്കീര്‍ണതകളുടെയും വിവാദങ്ങളുടെയും നടുവിലാണ് വിദ്യാഭ്യാസ വകുപ്പിന് പുതിയ മന്ത്രി എത്തുന്നത്. പൊതുവിദ്യാലയങ്ങള്‍ കൂട്ടത്തോടെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു. ചിലര്‍ കോടതി ഉത്തരവിലൂടെ അടച്ചുപൂട്ടിക്കഴിഞ്ഞു. സ്കൂളുകളില്‍ ആയിരക്കണക്കിന് അധ്യാപകര്‍ അധികമായി മാറിയിരിക്കുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളും അതുവഴിയുണ്ടായ വിവാദങ്ങളും നിലനില്‍ക്കുന്നു. പ്രശ്നങ്ങളും പദ്ധതികളും സംബന്ധിച്ച് മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് നിലപാട് വ്യക്തമാക്കുന്നു...
പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയുടെ വക്കില്‍ നില്‍ക്കുന്ന ഗുരുതര പ്രതിസന്ധിയെ എങ്ങനെ നേരിടാനാണ് ആലോചിക്കുന്നത് ?
പൊതുവിദ്യാലയങ്ങളുടെ അടച്ചുപൂട്ടല്‍ നേരിടാന്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങളുടെ (കെ.ഇ.ആര്‍) പരിഷ്കരണവും ഓര്‍ഡിനന്‍സും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിഗണനയിലുള്ളത്. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന എല്ലാ സ്കൂളുകളും ഏറ്റെടുക്കല്‍ പ്രായോഗികമല്ല. നാല് സ്കൂളുകളാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. സുപ്രീംകോടതി വിധി പോലും സംസ്ഥാന സര്‍ക്കാറിന് എതിരായ അവസ്ഥയിലാണ് അവ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഈ സ്കൂളുകളെയും പൊതുവിദ്യാഭ്യാസത്തെയും സംരക്ഷിക്കാന്‍ സര്‍ക്കാറിന് മുന്നിലെ അവസാന പോംവഴിയെന്ന നിലയിലാണ് അവ അക്വയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍, അതേ നടപടിയായിരിക്കില്ല അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ആയിരത്തിലധികം സ്കൂളുകളുടെ കാര്യത്തില്‍ സ്വീകരിക്കുക. ഈ സ്കൂളുകള്‍ അടച്ചുപൂട്ടലിന്‍െറ വക്കിലത്തെിയത് വ്യത്യസ്ത കാരണങ്ങളാലാണ്. കാരണങ്ങള്‍ പ്രത്യേകം മനസ്സിലാക്കി വ്യത്യസ്ത സമീപനം സ്വീകരിക്കേണ്ടിവരും. ചിലതിന്‍െറ കാര്യത്തില്‍ കേരള വിദ്യാഭ്യാസ ചട്ടം പരിഷ്കരിക്കേണ്ടിവരും. ചിലതില്‍ ഓര്‍ഡിനന്‍സ് വേണ്ടിവരും. എല്ലാം അക്വയര്‍ ചെയ്യുക സാധ്യമല്ല. ഇത്തരം സ്കൂളുകള്‍ നിലനിര്‍ത്താനാണ് ശ്രമിക്കുക. അല്ലാതെ ഏറ്റെടുക്കാനല്ല. കെ.ഇ.ആര്‍ പ്രകാരം ഒരു വര്‍ഷം മുന്‍കൂട്ടി നോട്ടീസ് നല്‍കി മാനേജര്‍ക്ക് സ്കൂള്‍ പൂട്ടാന്‍ വ്യവസ്ഥയുണ്ട്. ആ ദിശയിലുള്ള കെ.ഇ.ആര്‍ പരിഷ്കരണം ആവശ്യമാണ്. ഈ പരിഷ്കരണം കൊണ്ടുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍കൂടി പഠിച്ചേ പരിഷ്കരണത്തിലേക്ക് പോവുകയുള്ളൂ. പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്കൂളുകളെ മികവിന്‍െറ കേന്ദ്രങ്ങളാക്കാന്‍ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സൗകര്യങ്ങളും ആധുനികവത്കരിക്കാന്‍ മാസ്റ്റര്‍ പ്ളാന്‍ കൊണ്ടുവരും.
സ്കൂളുകളില്‍ 3000ത്തില്‍ അധികം അധ്യാപകര്‍ അധികമുണ്ട്. ഇവരുടെ കാര്യത്തില്‍ എന്തായിരിക്കും നടപടി ?
പല സ്കൂളിലും അധ്യാപകര്‍ കുറവും ചിലതില്‍ കൂടുതലുമുണ്ട്. ഇത് പരിശോധിച്ച് ഇവരെ പുനര്‍വിന്യസിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപന സാഹചര്യം പൂര്‍ണമാക്കാനുള്ള പരിശോധന നടത്തും. പുനര്‍വിന്യാസത്തിന്‍െറ പ്രഥമ ലക്ഷ്യം സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യയനം പൂര്‍ണമായി നടത്താനുള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി നിരവധി പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരെക്കൂടി പങ്കാളികളാക്കാനാകും. സ്കൂളുകള്‍ നിലവില്‍ പങ്കാളികളാണ്. ഇതുപോലെ ഒരുപാട് മേഖലകളില്‍ ഇവരെ വിനിയോഗിക്കാനാകും.
പുതിയ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അനുമതി/ അംഗീകാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ നിലപാട് എന്തായിരിക്കും ?
പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുക എന്നതിന്‍െറ അര്‍ഥം അതല്ലാത്തതിനെ പ്രോത്സാഹിപ്പിക്കില്ല എന്നു തന്നെയാണ്. പുതിയ സ്കൂളുകളുടെ കാര്യത്തില്‍ പൊതുവിദ്യാഭ്യാസത്തിന് ക്ഷതമേല്‍പിക്കുന്ന ഏതുണ്ടോ അത് നടപ്പാക്കില്ല. ഇക്കാര്യത്തില്‍ പൂര്‍ണമായ ഒരു നയം എല്‍.ഡി.എഫ് സര്‍ക്കാര്‍ എടുത്തിട്ടില്ല. പുതിയ അണ്‍ എയ്ഡഡ്/ സി.ബി.എസ്.ഇ സ്കൂളുകള്‍ക്കായി വരുന്ന അപേക്ഷകളുടെ കാര്യത്തില്‍ നല്ലപോലെ ശ്രദ്ധിച്ചും പഠിച്ചും മാത്രമേ തീരുമാനമെടുക്കൂ. കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാനകാലത്ത് പുതിയ സ്കൂളുകള്‍ക്ക് അനുമതി നല്‍കിയത് എങ്ങനെയാണെന്നത് പരിശോധിക്കും. ഇതിനുമുമ്പ് സര്‍ക്കാര്‍ അനുമതി കൊടുത്തത് ജനം എങ്ങനെ സ്വീകരിച്ചു എന്നത് വിലയിരുത്തും. പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കാന്‍ പരസ്പര പൂരകമായ ഇടപെടലുകളെ വിദ്യാഭ്യാസ വകുപ്പ് അനുവദിക്കും.
പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള നടപടികള്‍ എന്തെല്ലാമായിരിക്കും?
ഇടക്കിടെയുള്ള പാഠ്യപദ്ധതി പരിഷ്കരണം ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ഈ രംഗത്തെ അശാസ്ത്രീയതയാണ് കേരളത്തിലെ പ്രധാന പ്രശ്നം. കുട്ടികള്‍ക്ക് അക്ഷരവും വ്യാകരണവും അടിസ്ഥാന ഗണിതവും അറിയാത്ത അവസ്ഥയുണ്ട്. കുട്ടികള്‍ക്ക് കഴിവില്ലാത്തതുകൊണ്ടല്ല ഇത് സംഭവിക്കുന്നത്. കുട്ടിയെ സമീപിക്കുന്ന രീതി ശാസ്ത്രത്തിലുള്ള പ്രശ്നമാണ്. കുട്ടിയെ തിരിച്ചറിഞ്ഞുകൊണ്ടുള്ളതാവണം ഇടപെടല്‍. അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസത്തിലൂടെയാണ് നാം ഇപ്പോഴും പോകുന്നത്. പാഠ്യപദ്ധതിയും പാഠപുസ്തകവും ഇതിന് പൂരകമായാണ് തയാറാക്കുന്നത്. ഇതാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ അടിസ്ഥാന പ്രശ്നത്തിനുള്ള ഒരു കാരണം. ഈ പ്രശ്നം പരിഹരിക്കാന്‍ വിദ്യാര്‍ഥി കേന്ദ്രീകൃത വിദ്യാഭ്യാസം വികസിപ്പിക്കല്‍ അനിവാര്യമാണ്. അതിനനുസരിച്ച് പാഠ്യപദ്ധതിയും പാഠപുസ്തകവും പരീക്ഷാരീതിയും മാറേണ്ടതുണ്ട്. ഇതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ശ്രമകരമായ ഒരു ജോലിയാണിത്. ഏറെ സമയമെടുത്ത് ജനാധിപത്യ പ്രക്രിയയിലൂടെ പൂര്‍ത്തിയാക്കേണ്ടതാണിത്. മാറ്റം എന്നതും ജനാധിപത്യ പ്രക്രിയയാണ്. എല്ലാവരെയും ഇക്കാര്യം ബോധ്യപ്പെടുത്തും. ബോധ്യപ്പെടുത്തി പങ്കാളിത്തത്തോടെയായിരിക്കും ഇത് നടപ്പാക്കുക.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് പാഠ്യപദ്ധതി പരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ ശാസ്ത്ര സാഹിത്യപരിഷത് ഇടപെടല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തവണ പരിഷത്തിന്‍െറ റോള്‍ എന്തായിരിക്കും?
പാഠ്യപദ്ധതി പരിഷ്കരണത്തില്‍ പരിഷത്തിന്‍െറ അഭിപ്രായവും സര്‍ക്കാര്‍ ആരായും. ഇതൊരു ജനാധിപത്യപ്രക്രിയ ആയതിനാല്‍ അവരുടെ അഭിപ്രായം കൂടി അറിയേണ്ടതുണ്ട്. മുഴുവന്‍ അധ്യാപക പ്രസ്ഥാനങ്ങളുടെയും അഭിപ്രായം അറിയും. അധ്യാപകേതര ജീവനക്കാരുടെ അഭിപ്രായവും പരിഗണിക്കും. ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക് ജനങ്ങള്‍ തന്നെയാണ് വഹിക്കുക. അതില്‍ പരിഷത്തിന്‍െറ സംഭാവനകള്‍ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് ഒരുപാട് സംഭാവനകള്‍ നല്‍കിയ പ്രസ്ഥാനമാണ് പരിഷത്. പരിഷത് പോലുള്ള പ്രസ്ഥാനങ്ങളുടെ സംഭാവനകളും സ്വീകരിക്കും. ജനകീയമായിട്ടായിരിക്കും മാറ്റങ്ങള്‍ നടപ്പാക്കുക.
എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്ന പൊതുവികാരം കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതിനോടുള്ള സമീപനം?
ജനാധിപത്യപരമായ ചര്‍ച്ചയിലൂടെയുണ്ടാകേണ്ട നയമാണത്. ഏകപക്ഷീയമായി ഒന്നും ചെയ്യില്ല. നിലവില്‍ പി.എസ്.സിക്ക് വിടണമെന്ന അഭിപ്രായമുണ്ട്. ഈ മേഖലയില്‍ പ്രശ്നങ്ങളുമുണ്ട്. ഇതെല്ലാം പഠിച്ച് അതുവഴിയുണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങളും സാധ്യതകളും പഠിച്ച് ഇടതുമുന്നണി ഇക്കാര്യത്തില്‍ നയം രൂപവത്കരിക്കും. അതിനുള്ള പഠനങ്ങളും വിശകലനങ്ങളും നടക്കും. നിലവിലെ വിദ്യാഭ്യാസ സാധ്യതകളെ ഇല്ലാതാക്കാനും ശ്രമിക്കില്ല. എല്ലാവര്‍ക്കും ബോധ്യപ്പെടുന്ന പഠനമായിരിക്കും നടക്കുക.
കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാനകാലത്ത് 113 സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചു. തുടര്‍നടപടി ഉണ്ടാകുമോ?
ഇതില്‍ സര്‍ക്കാര്‍തലത്തില്‍ പരിശോധന നടത്തിവരികയാണ്. വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ മാത്രം പരിശോധന മതിയാകില്ല. ഒരു സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ മറികടക്കുമ്പോള്‍ അതിന്‍െറ അനുകൂല പ്രതികൂല ഘടകങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അത്തരത്തിലുള്ള പരിശോധനയാണ് നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാനകാല തീരുമാനങ്ങള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതി ഈ തീരുമാനവും പരിശോധിക്കുന്നുണ്ട്. അതിനുശേഷം തുടര്‍നടപടി സ്വീകരിക്കും.
ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ സീറ്റുകളുടെ എണ്ണത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതത്വം പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കും?
ഹയര്‍ സെക്കന്‍ഡറികളില്‍ കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍ പ്രകാരം 28000 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. കേരളത്തില്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ സീറ്റുകള്‍ കുറവില്ല. എന്നാല്‍, ചില ജില്ലകളില്‍ സീറ്റുകള്‍ കുറവുണ്ട്. ഇക്കാര്യം ഇത്തവണ പ്രവേശനത്തില്‍ നിരീക്ഷിക്കുന്നുണ്ട്. നേരത്തേ മുന്‍കൂട്ടി അനുവദിക്കുകയായിരുന്നു. കൂടുതല്‍ അലോട്ട്മെന്‍റുകള്‍ കഴിയുമ്പോള്‍ കുറേയൊക്കെ പരിഹരിക്കാന്‍ കഴിയും. എന്നിട്ടും പ്രവേശം ലഭിച്ചില്ളെങ്കില്‍ അത് പരിഹരിക്കാന്‍ നടപടിയെടുക്കും.
യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്വയംഭരണ കോളജുകള്‍, നടപ്പാക്കാന്‍ ശ്രമിച്ച അക്കാദമിക് സിറ്റി, ഉന്നത വിദ്യാഭ്യാസ പ്രത്യേക മേഖലകള്‍, സ്വകാര്യ സര്‍വകലാശാല എന്നിവയുടെ കാര്യത്തില്‍ എന്തായിരിക്കും നിലപാട്?
മൂലധന തീവ്രതയുള്ള വിദ്യാഭ്യാസ വളര്‍ച്ച കേരളത്തിന് നല്ലതല്ല. മൂലധനം കൊണ്ട് കേരളത്തിന്‍െറ വിദ്യാഭ്യാസമേഖലയെ കീഴടക്കുന്ന ഒരു സമീപനവും അംഗീകരിക്കില്ല. മറിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക സ്വയംഭരണമാണ് (Academic Autonomy) വേണ്ടത്. കോത്താരി കമീഷന്‍ ഉള്‍പ്പെടെയുള്ളവയെല്ലാം മുന്നോട്ടുവെച്ചതും ഇതാണ്. ഭരണപരമായ സ്വയംഭരണമല്ല (Administrative Autonomy) അത്. എല്ലാ രംഗത്തും മൂലധനത്തിന് ആധിപത്യമോ ഭരണപരമായ സ്വയംഭരണമോ അല്ല വേണ്ടത്. ഈ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത് അക്കാദമിക സ്വയംഭരണമാണ്. അതിന്‍െറ സമസ്ത സാധ്യതകളും ഉപയോഗപ്പെടുത്തും. സ്വയംഭരണ പദവി യാഥാര്‍ഥ്യമായ കോളജുകളുടെ കാര്യം പ്രത്യേകം പരിശോധിക്കേണ്ടതാണ്. പുതിയ കോളജുകള്‍ യു.ജി.സിയില്‍നിന്ന് വരുമ്പോള്‍ നോക്കാം. സ്വകാര്യ സര്‍വകലാശാല എന്നത് പെട്ടെന്ന് അംഗീകരിക്കാന്‍ കഴിയില്ല.
ആദ്യം അറബിക് സര്‍വകലാശാലയായും പിന്നീട് വിദേശഭാഷാ സര്‍വകലാശാലയായും കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങാന്‍ തീരുമാനിച്ച സര്‍വകലാശാലയുടെ ഭാവി?
സര്‍വകലാശാലകള്‍ കൂടുതല്‍ ഉണ്ടായിട്ട് പുതുതായി അക്കാദമിക സ്വയംഭരണം ഉണ്ടാകില്ല. എന്നുകരുതി ഒരു സര്‍വകലാശാലയും ഇനി ഉണ്ടാകില്ല എന്നും പറയാനാകില്ല. സര്‍വകലാശാലകള്‍ പൊട്ടിമുളച്ചതിന്‍െറ ഭാഗമായിട്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് പുതിയ സര്‍വകലാശാലകള്‍ വേണമോ എന്നത് ജനകീയമായ വിലയിരുത്തല്‍ നടത്തിയിട്ടേ അതിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂ.
പരീക്ഷാരീതികളും മൂല്യനിര്‍ണയും പഴഞ്ചനായി മാറിയിരിക്കുന്നുവെന്ന വിമര്‍ശത്തെ എങ്ങനെ കാണുന്നു?
പരീക്ഷാരീതികള്‍ അടിമുടി മാറേണ്ടതുണ്ട്. ഇപ്പോഴത്തെ പരീക്ഷാരീതി ഒരു ചോദ്യപേപ്പര്‍ തയാറാക്കി കുട്ടിയെ വിലയിരുത്തുന്നു. ആ കുട്ടിയെ ഒരിക്കലും കാണാത്ത അധ്യാപകനാണ് ഈ വിലയിരുത്തല്‍ നടത്തുന്നത്. അതില്‍ അപാകതയുണ്ട്. ഈ രീതിയുടെ പ്രാധാന്യം കുറച്ചുകൊണ്ടുവരും. പഠിപ്പിക്കുന്ന അധ്യാപകനാണ് കുട്ടിയെ ശരിയായി വിലയിരുത്താന്‍ കഴിയുക. നിരന്തര നിരീക്ഷണത്തിനും മൂല്യനിര്‍ണയത്തിനും കൂടുതല്‍ സ്ഥാനം നല്‍കി, അവസാന പരീക്ഷയുടെ പ്രാധാന്യം കുറക്കുന്ന പുതിയ രീതിയായിരിക്കും പരീക്ഷാരംഗത്ത് കൊണ്ടുവരിക. മൂല്യനിര്‍ണയത്തില്‍ ഐ.ടി മേഖലയിലേത് ഉള്‍പ്പെടെയുള്ള പുതിയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തും. കുട്ടിയെ അറിയാത്ത ആള്‍ ദൂരെനിന്ന് വിലയിരുത്തുന്നത് ശരിയല്ല. അത് ഒരു പരിധിവരെ മാത്രമേ പാടുള്ളൂ.
ഗവേഷണമേഖലയിലെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കും?
അക്കാദമിക സ്വയംഭരണമില്ലാത്തത് തന്നെയാണ് ഗവേഷണം അതിന്‍െറ ദിശയില്‍ പോകാതിരിക്കാനുള്ള പ്രധാന കാരണം. സര്‍വകലാശാല, ഉന്നത വിദ്യാഭ്യാസം എന്ന് പറയുന്നത് ഒരിക്കലും പഠിപ്പിക്കലല്ല, അത് ഗവേഷണം തന്നെയാണ്. പത്താം ക്ളാസ് കഴിഞ്ഞാല്‍ ടെക്സ്റ്റ് ബുക്കുകളില്ല. റഫറന്‍സ് ബുക്കുകളാണ് വേണ്ടത്. കാലാനുസൃതവും ഗുണപരവുമായ മാറ്റങ്ങള്‍ ഈ മേഖലയില്‍ കൊണ്ടുവരും.
ദേശീയ വിദ്യാഭ്യാസനയം രൂപവത്കരിക്കുന്നതിന്‍െറ ഭാഗമായുള്ള വിദഗ്ധസമിതി കാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ടെന്ന് ശിപാര്‍ശ സമര്‍പ്പിച്ചതിനെ എങ്ങനെ നോക്കിക്കാണുന്നു?
അതിനോട് യോജിക്കാന്‍ കഴിയില്ല. നമ്മുടേത് ജനാധിപത്യ രാജ്യത്തിലെ കാമ്പസാണ്. കാമ്പസിന് പുറത്ത് ഒരു സാമൂഹിക അന്തരീക്ഷം, അകത്ത് മറ്റൊരു അന്തരീക്ഷം എന്നത് നാടിന് അനുകൂല വളര്‍ച്ച ഉണ്ടാക്കാന്‍ സഹായിക്കില്ല. ജനാധിപത്യ പ്രക്രിയ ചിന്ത വളര്‍ത്തുന്നതാകണം കാമ്പസ്. അങ്ങനെയെങ്കില്‍ മാത്രമേ കാമ്പസിലെ വിദ്യാര്‍ഥി ജനാധിപത്യ ബോധമുള്ള പൗരനായി വളരൂ. അക്കാര്യത്തില്‍ തര്‍ക്കം വേണ്ട.
തയാറാക്കിയത്: കെ. നൗഫല്‍