Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightധനപ്രതിസന്ധിക്ക്...

ധനപ്രതിസന്ധിക്ക് കടിഞ്ഞാണ്‍

text_fields
bookmark_border
ധനപ്രതിസന്ധിക്ക് കടിഞ്ഞാണ്‍
cancel

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് 12.4  ശതമാനമാണ് റവന്യൂവരുമാനത്തിന്‍െറ ശരാശരി വളര്‍ച്ചയെന്നാണ്  ധവളപത്രം വ്യക്തമാക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് റവന്യൂ വരുമാനം  ഇടിഞ്ഞുപോയി എന്നും ധവളപത്രം  ചൂണ്ടിക്കാട്ടുന്നുണ്ട്. നികുതി പിരിവിലുണ്ടായ പിഴവും കെടുകാര്യസ്ഥതയും അനാവശ്യമായ സ്റ്റേ ഓര്‍ഡറുകളും നികുതിവരുമാനത്തിലെ ചോര്‍ച്ചക്ക് കാരണമാക്കിയതെന്ന   മന്ത്രി തോമസ് ഐസക്കിന്‍െറ വിലയിരുത്തലില്‍  വസ്തുതയുണ്ട്.  സി.എ.ജി റിപ്പോര്‍ട്ടനുസരിച്ച് 12608 കോടി രൂപയാണ്   നികുതി കുടിശ്ശിക ഇനത്തില്‍ പിരിച്ചെടുക്കാനുള്ളത്. ഇതില്‍ നല്ളൊരു പങ്ക് സ്റ്റേയില്‍ കുടുങ്ങിക്കിടക്കുകയാണ്. സ്റ്റേ ഓര്‍ഡര്‍ മാറിയാല്‍മാത്രമേ ഇവ പിരിച്ചെടുക്കാന്‍ കഴിയൂ. നികുതി കുടിശ്ശിക   സാധ്യമായ വേഗത്തില്‍ പിരിച്ചെടുക്കുമെന്നാണ് ധവളപത്രം അടിവരയിടുന്നത്.  ഇത് സംസ്ഥാനത്തിന്‍െറ ധനസ്ഥിതിയെ സഹായിക്കും.

ധവളപത്രത്തില്‍ പറഞ്ഞിട്ടുള്ള ഒട്ടുമിക്ക കണക്കുകളും ശരിയാണ്. ഒന്നു രണ്ട് വൈരുധ്യങ്ങളുണ്ട് എന്നതും പറയേണ്ടതുണ്ട്. അതേസമയം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം 2001ല്‍ ആന്‍റണി സര്‍ക്കാറിന്‍െറ കാലത്ത് സമാനസ്വഭാവത്തില്‍ ഒരു ധവളപത്രം എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ കൊണ്ടുവന്നിരുന്നു എന്നതാണ്. ഓരോ കാലഘട്ടത്തിലും ഇത്തരത്തില്‍ ധവളപത്രങ്ങളുണ്ടാകാറുണ്ട്.   കേരളത്തിന്‍െറ പ്രത്യേക പരിതസ്ഥിതിയില്‍ ഏത് സര്‍ക്കാര്‍ ഭരിച്ചാലും ഇറങ്ങിപ്പോകുമ്പോഴേക്കും ട്രഷറി മിക്കവാറും ശൂന്യമായിരിക്കും എന്നതാണ് കാരണം. അഥവാ ട്രഷറിയില്‍   മിച്ചം  ഉണ്ടെങ്കില്‍തന്നെ, അതിനെക്കാള്‍ വലിയ ചെലവുകള്‍ ക്യൂവിലുണ്ടാകും.  1600ഓളം കോടി രൂപ ട്രഷറിയിലുണ്ടെന്ന് കഴിഞ്ഞ മുഖ്യമന്ത്രി പറഞ്ഞെന്നാണ് തോമസ് ഐസക് ധവളപത്രത്തില്‍ വ്യക്തമാക്കിയത്. 

എന്നാല്‍,  ട്രഷറിയില്‍ ക്യൂവിലുണ്ടായിരുന്ന ചെക്കുകളും ബില്ലുകളും പരിശോധിച്ചപ്പോള്‍  1600ഓളം കോടി പൂര്‍ണമായും വിനിയോഗിച്ചാലും 173 കോടി നെഗറ്റീവ് ബാലന്‍സാണ് കാണാനായതെന്നും ഇതിലൂടെ സംസ്ഥാനം കനത്ത ധനപ്രതിസന്ധിയിലാണെന്നുമാണ് തോമസ് ഐസക് സമര്‍ഥിക്കുന്നത്. നെഗറ്റീവ് ബാലന്‍സ് ഉണ്ടെന്നത് കടുത്ത ധനപ്രതിസന്ധി തന്നെയാണ്. എങ്കിലും സംസ്ഥാനം കടുത്ത കടക്കെണിയിലാണെന്ന് പറയാനാവില്ല. ഒരു സംസ്ഥാനം കടക്കെണിയിലായെന്ന് പറയുന്നത് ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 29.50 ശതമാനത്തില്‍ കൂടുതല്‍ കടം കുമിഞ്ഞുകൂടുമ്പോഴാണ്. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാറിലെ ഒടുവിലെ ഇടക്കാല ബജറ്റിലും ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 26.31 ശതമാനമാണ് കടം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. നികുതിപിരിവിലെ അപാകതകള്‍ ഉദാഹരണസഹിതം  ധവളപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാഗപത്രങ്ങള്‍ ദാനംചെയ്യുമ്പോള്‍ ഏറ്റവും കൂടിയ മൂല്യമുള്ളതിനും കുറഞ്ഞ മൂല്യമുള്ളതിനും ഒരേ മുദ്രപത്ര നിരക്ക് നിശ്ചയിച്ചത് ഉദാഹരണം.  10 കോടി സ്വന്തം മക്കള്‍ക്ക് എഴുതിക്കൊടുക്കുന്ന പിതാവും ഒരു ലക്ഷം രൂപ മക്കള്‍ക്ക് എഴുതിനല്‍കുന്ന രക്ഷിതാവും ആയിരം രൂപ മുദ്രപത്ര ചാര്‍ജ് നല്‍കിയാല്‍ മതിയെന്നതാണ് ഇതിലെ അപാകതയും അനീതിയും. സംസ്ഥാനത്തിന് കിട്ടേണ്ട വരുമാനമാണ് ഇതിലൂടെ നഷ്ടമാകുന്നത്.  

അനാവശ്യ ചെലവുകള്‍ നിര്‍ത്തലാക്കുമെന്നാണ് തോമസ് ഐസക്  വ്യക്തമാക്കിയിട്ടുള്ളത്. സുപ്രധാന കാര്യമാണിത്. ബജറ്റിന് പുറത്തുള്ള  സാമ്പത്തിക ആവശ്യങ്ങളായ സപ്ളിമെന്‍ററി ഡിമാന്‍ഡ് ഫോര്‍ ഗ്രാന്‍ഡ്സ് (എസ്.ഡി.ജി) നിയന്ത്രിക്കാനാണ് തീരുമാനം. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് കോടികളാണ് ഇത്തരത്തില്‍ ചെലവഴിക്കപ്പെട്ടിട്ടുള്ളതെന്നും ഇത് ബാധ്യതവരുത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബജറ്റ് പാസാക്കിയതിനുശേഷം അധികം ശ്രദ്ധിക്കപ്പെടാത്ത നിലയിലാവും ഇത്തരം അനാവശ്യ സപ്ളിമെന്‍ററി ഡിമാന്‍ഡ് ഫോര്‍ ഗ്രാന്‍ഡ്സ്  പാസാക്കുക. അത് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ശ്രദ്ധക്കോ ചര്‍ച്ചക്കോ വിഷയമാകാതെ പാസായി പോവുകയും ചെയ്യും.

ആ വര്‍ഷത്തെ സര്‍ക്കാറിന്‍െറ  ധനാഗമമാര്‍ഗങ്ങള്‍, എന്തുമാത്രം കടം കൊള്ളേണ്ടിവരും, എന്തുമാത്രം ചെലവുകളാണ് നിര്‍വഹിക്കാന്‍ പോകുന്നത്, ഈ കാര്യങ്ങള്‍ പൊതുജനങ്ങളുടെ പ്രതിനിധികളായ ജനപ്രതിനിധികളുടെ മുന്നില്‍ അവതരിപ്പിച്ച് നടപടികള്‍ക്കുള്ള അനുമതി വാങ്ങലാണ് ബജറ്റിലൂടെ നടക്കുന്നത്. ഈ അനുമതി വാങ്ങിയ കാര്യങ്ങള്‍ 100 ശതമാനവും നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. പക്ഷേ, ഇത്തരത്തിലെ ബജറ്റിന്‍െറ പ്രാധാന്യത്തെപ്പോലും ഇല്ലാതാക്കത്തക്കനിലയിലാണ് സപ്ളിമെന്‍ററി ഡിമാന്‍ഡ് ഫോര്‍ ഗ്രാന്‍ഡ്സ് നിയമസഭയില്‍ വരുന്നത്. ഈ ധൂര്‍ത്ത് അവസാനിപ്പിക്കണമെന്ന് പബ്ളിക് എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റി  റിപ്പോര്‍ട്ട് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്.  യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് റവന്യൂ വരുമാനം 13.1 ശതമാനവും (12.4 എന്ന് ധവളപത്രത്തില്‍) റവന്യൂ ചെലവ് 19 ശതമാനവുമായിരുന്നു.   റവന്യൂ ചെലവിന് വേണ്ടി വലിയതോതില്‍ കടം വാണ്ടേണ്ടി വന്നിരുന്നു എന്നതാണ് ഇത് നല്‍കുന്ന പാഠം.  ഇത്തരത്തിലുള്ള കടം വാങ്ങല്‍ ഒരു സര്‍ക്കാറിനും നല്ലതല്ല.  ഗവണ്‍മെന്‍റ് ചെലവുകളുടെ കാര്യക്ഷമമായ നിര്‍വഹണമാണ് ധവളപത്രത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശമ്പളം, സേവനപെന്‍ഷന്‍, സാമൂഹികക്ഷേമ പെന്‍ഷനുകള്‍, മൂലധന ചെലവുകള്‍ തുടങ്ങിയവക്ക് പുറത്തുള്ള ചെലവുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. പാവങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളിലൊന്നും കുറവുവരുത്താതെ അനാവശ്യ റവന്യൂ ചെലവുകള്‍ നിയന്ത്രിക്കുമെന്നാണ്  ധവളപത്രത്തിലെ പ്രഖ്യാപനം.   സാധാരണക്കാരനെ പരിഗണിച്ചുവെന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കുന്നത്.

നിലവിലെ ശരാശരി ശതമാനമുള്ള നികുതി-നികുതിയേതര    വരുമാന വളര്‍ച്ച 20-25 ശതമാനമായി വര്‍ധിപ്പിക്കുമെന്നാണ് ധവളപത്രത്തിലെ രണ്ടാമത്തെ പ്രഖ്യാപനം. യു.ഡി.എഫ് ഗവണ്‍മെന്‍റ് നേടിയതിന്‍െറ ഇരട്ടിയാണ് നികുതി-നികുതിയേതര വരുമാന ഇനത്തില്‍ പ്രതീക്ഷിക്കുന്നത്.  ചെക്പോസ്റ്റുകളിലെ അഴിമതി ഇല്ലാതാക്കിയും അനാവശ്യമായ സ്റ്റേ ഓര്‍ഡറുകള്‍ ഒഴിവാക്കിയും നികുതി ചുമത്തുന്നതിലെയും പിരിക്കുന്നതിലെയും കെടുകാര്യസ്ഥത ഇല്ലാതാക്കിയും   ഈ വരുമാനവര്‍ധന യാഥാര്‍ഥ്യമാക്കുമെന്നാണ് വാഗ്ദാനം. കോടതികളുടെ സ്റ്റേ ഓര്‍ഡറുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് നിയമപരമായി ഇടപെടുമെന്നും സൂചനയുണ്ട്.  ഇക്കാര്യങ്ങളെല്ലാം ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമുള്ള ഏത് സര്‍ക്കാറിനും   പ്രാവര്‍ത്തികമാക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ  എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇവ പ്രാവര്‍ത്തികമാക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.

റവന്യൂ ചെലവ് കഴിഞ്ഞ് മിച്ചം വെക്കാന്‍ കഴിയുന്ന പണം മൂലധനം ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുമെന്നാണ് മൂന്നാമത്തെ പ്രഖ്യാപനം. റവന്യൂ മിച്ചം  വര്‍ധിക്കുന്നതോടെ സര്‍ക്കാറിന്‍െറ വിശ്വാസ്യത വര്‍ധിക്കുകയും കടമെടുക്കുന്നതിന് ഇത് സഹായകമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. മൂന്നാമത്തേത് എത്രത്തോളം പ്രയോഗികമാവുമെന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു. റവന്യൂ കമ്മിയും വരുമാനവും തമ്മില്‍ വലിയ അന്തരമുണ്ട്. ഇത് പരിഹരിച്ച് മിച്ചമുണ്ടാക്കിവേണം മൂലധനം ശക്തിപ്പെടുത്താന്‍. ഇത് വലിയ പരിശ്രമത്തിന് ശേഷമേയുണ്ടാകൂ.

Show Full Article
TAGS:white papper 
Next Story