മര്‍ദിതന്‍

07:49 AM
31/01/2016

മര്‍ദിതര്‍ക്കും പീഡിതര്‍ക്കുമൊപ്പം നില്‍ക്കുന്ന പ്രസ്ഥാനത്തിന്‍െറ അമരക്കാരില്‍നിന്ന് മര്‍ദനം ഏറ്റുവാങ്ങുക എന്നത് ഒരു നിയോഗമാണ്. തെറ്റാലില്‍ പരമേശ്വരന്‍പിള്ള ശ്രീനിവാസനെ തേടിവന്നിരിക്കുന്നത് അത്തരമൊരു നിയോഗമാണ്. സ്വന്തം ഇനീഷ്യല്‍ ടി.പി എന്നാണെന്ന് ഓര്‍ക്കാതിരുന്നത് ഒന്നാമത്തെ തെറ്റ്. ടി.പിക്കാരെ കണ്ടാല്‍ 51 വെട്ട് വെട്ടിയാലല്ലാതെ അടങ്ങാത്ത മര്‍ദിതരുടെയും പീഡിതരുടെയും മുന്നില്‍ ഇറങ്ങിച്ചെന്നത് രണ്ടാമത്തെ തെറ്റ്. മുഖത്തടിച്ച് നിലത്തുവീഴ്ത്തിയത് എസ്.എഫ്.ഐ ജില്ലാ ജോയന്‍റ് സെക്രട്ടറി ശരത്ത്. പൂര്‍വാശ്രമത്തില്‍ നയതന്ത്രജ്ഞനായിരുന്നു. ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍.  നയതന്ത്രവും ഉന്നതവിദ്യാഭ്യാസവും തമ്മില്‍ എന്തു ബന്ധമെന്നൊന്നും ചോദിക്കരുത്. കുറെ നാള്‍ വിദേശത്തായിരുന്നു. ആ പരിചയമുള്ളതുകൊണ്ടാണ് കേരളത്തിലെ വിദ്യാഭ്യാസത്തെ വിദേശകമ്പോളത്തിന് തുറന്നിട്ടുകൊടുക്കുന്ന ഒരു സംഗമത്തിന്‍െറ നടത്തിപ്പുകാരനായത്. അതുകൊണ്ട് പുരോഗമന വിദ്യാര്‍ഥിപ്രസ്ഥാനം കല്‍പിച്ചുനല്‍കിയ വിശേഷണം വിദ്യാഭ്യാസക്കച്ചവടക്കാരുടെ കങ്കാണി എന്നാണ്.
1967ലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ് ബാച്ചില്‍പെട്ടയാളാണ്. 37 കൊല്ലം ഇന്ത്യയെ വിദേശത്തിരുന്ന് സേവിച്ചു. ആള്‍ നല്ളൊരു നയതന്ത്രജ്ഞനായിരുന്നു. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍െറ തലപ്പത്തത്തൊന്‍ മാത്രം അക്കാദമിക്കായ യോഗ്യത എന്താണ് എന്ന് നെറ്റിചുളിക്കുന്നവരുണ്ട്. വൈസ് ചാന്‍സലറുടെ റാങ്കുള്ള പദവിയാണ്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളിലും സര്‍ക്കാറിന് ഉപദേശം നല്‍കലാണ് പണി. ഇടതുപക്ഷ ബുദ്ധിജീവി കെ.എന്‍. പണിക്കരുടെ പിന്‍ഗാമിയായാണ് ഈ പദവിയിലത്തെുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്‍െറ വളര്‍ച്ചക്കുവേണ്ട നിരവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച സമിതിയായിരുന്നു പണിക്കരുടേത്. ശ്രീനിവാസന്‍ വന്നതോടെ അതിനൊന്നും തുടര്‍ച്ചയുണ്ടായില്ല. മാത്രവുമല്ല, കോളജുകള്‍ക്ക് സ്വയംഭരണം നല്‍കുന്ന നടപടിപോലെ കേരളത്തിന്‍െറ അക്കാദമികരംഗത്ത് ശക്തമായ എതിര്‍പ്പുണ്ടാക്കിയ നീക്കങ്ങളില്‍ അദ്ദേഹം മുനിയും മൗനിയുമായി നിലകൊണ്ടു. സ്വകാര്യ സര്‍വകലാശാലകള്‍ കേരളത്തില്‍ കൊണ്ടുവരാനുള്ള നീക്കം ഒരു വശത്തുനടക്കുന്നു. ഇപ്പോഴിതാ പ്രത്യേക സാമ്പത്തികമേഖലകള്‍പോലെ പ്രത്യേക വിദ്യാഭ്യാസമേഖലകള്‍ വരുകയാണ്. വിദേശ സര്‍വകലാശാലകളെ കേരളവുമായി സഹകരിപ്പിക്കാനാണ് അക്കാദമിക് സിറ്റിപോലുള്ള നിര്‍ദേശങ്ങള്‍. അതിനാണ് കോവളത്ത് ആഗോള വിദ്യാഭ്യാസസംഗമത്തിന് ചുവപ്പുപരവതാനി വിരിച്ചത്. അതായത് സെസ് പോലെ പ്രത്യേക ഇടങ്ങളൊരുക്കി നമ്മുടെ ഭൂമിയും മനുഷ്യവിഭവശേഷിയും വിദേശിക്ക് തീറെഴുതിക്കൊടുക്കാനാണ് നീക്കം. ഇടതുപക്ഷ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ പറയുന്നതില്‍ കഴമ്പില്ലാതില്ല. ഭരണകൂടം തീരുമാനിക്കുന്ന എല്ലാറ്റിനും പച്ചക്കൊടികാട്ടി ഒത്താശ ചെയ്യാനുള്ളതല്ല സമിതി. അക്കാദമികതലത്തില്‍ വിവാദനിര്‍ദേശങ്ങള്‍ സംബന്ധിച്ച് വിപുലമായ ചര്‍ച്ചകളും സംവാദവും അഭിപ്രായസമന്വയവും ഒരുക്കണം. അതിനൊന്നും തയാറാവാത്ത ഭരണക്കാരുടെ വിനീതവിധേയനാണ് എന്നാണ് ഇടതുവൃത്തങ്ങളില്‍നിന്ന് ഉയരുന്ന ആക്ഷേപം.
അടികിട്ടുന്നത് ആദ്യമായിട്ടല്ല. നേരത്തേ ഒരു കൂട്ടര്‍ വന്ന് കൈയൊടിച്ചിട്ടുണ്ട്. മലയാളികളല്ല; കെനിയക്കാര്‍. 1994ല്‍ കെനിയന്‍ ഹൈകമീഷണറായി ചുമതലയേറ്റകാലം. ഇന്ത്യന്‍ ബിസിനസുകാരുടെ സാമ്പത്തികപിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ വന്നുകണ്ടു. ആവശ്യം അംഗീകരിച്ചില്ളെങ്കില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കില്ല എന്നു ഭീഷണിപ്പെടുത്തി.  ഇക്കാര്യം വ്യവസായികളുടെ യോഗത്തില്‍ പറഞ്ഞെങ്കിലും അവരത് കാര്യമാക്കിയില്ല. അതിന്‍െറ പ്രത്യാഘാതം അനുഭവിക്കേണ്ടിവന്നു. നവംബര്‍ അഞ്ചിന് പുലര്‍ച്ചെ ഒരു ബഹളംകേട്ട് ഞെട്ടിയുണര്‍ന്നതാണ്. വീടിനു പുറത്തെ വളപ്പില്‍നിന്ന് ഭൂമിക്കടിയിലൂടെ തുരങ്കം നിര്‍മിച്ച് മുറിക്കുള്ളിലത്തെിയ ആക്രമികള്‍ ഇടതുകൈ തല്ലിയൊടിച്ചു. ഇടുപ്പിന് ചതവുണ്ടായി. ഹൈകമീഷണറെ ആക്രമിച്ചാണ് അവിടത്തെ ഇന്ത്യന്‍ വ്യവസായികള്‍ക്ക് കെനിയന്‍പ്രതിപക്ഷം താക്കീതുനല്‍കിയത്. വിദേശസര്‍വകലാശാലകളുമായി സഹകരിക്കുക എന്നത് സര്‍ക്കാറിന്‍െറ നയമാണ്. അതിന് വൈസ് ചെയര്‍മാനെ തല്ലിയിട്ട് എന്തുകാര്യം എന്നാണ് ഇപ്പോള്‍ ശ്രീനിവാസന്‍െറ ചോദ്യം.
ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍ പല ബഹുമതികള്‍ക്കും അര്‍ഹനാണ്. അമേരിക്കയില്‍ മൂന്നുതവണ നിയമിക്കപ്പെടുന്ന ആദ്യ വ്യക്തി. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം ഉപപ്രതിനിധി, വാഷിങ്ടണ്‍ എംബസിയിലെ നയതന്ത്ര ദൗത്യത്തിന്‍െറ ഉപമേധാവി എന്നീ നിര്‍ണായകപദവികള്‍ വഹിച്ച ആദ്യവ്യക്തി. ന്യൂയോര്‍ക്, നൈറോബി, വിയന എന്നീ മൂന്നു യു.എന്‍ ആസ്ഥാനങ്ങളില്‍ നിയമിക്കപ്പെടുന്ന ആദ്യവ്യക്തി. പ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടി ശബ്ദിച്ചതിന്‍െറ പേരില്‍ ഒരു രാജ്യത്തുനിന്ന് (ഫിജി) പുറത്താക്കപ്പെടുന്ന ആദ്യ സ്ഥാനപതി. ഒരു വിദേശരാജ്യത്ത് രാഷ്ട്രീയാക്രമണത്തിനിരയാവുന്ന ആദ്യസ്ഥാനപതി.
1944 ജൂണ്‍ 17ന് കായംകുളത്ത് ജനനം. പിതാവ് പരമേശ്വരന്‍പിള്ള സ്കൂള്‍ അധ്യാപകനായിരുന്നു. മാതാവ് എന്‍. ചെല്ലമ്മ. ഐ.എഫ്.എസ് പരീക്ഷ ജയിച്ച യൂനിവേഴ്സിറ്റി കോളജിലെ അധ്യാപകനായിരുന്ന ശങ്കരപ്പിള്ളയുമായി പിതാവിന് നല്ല ബന്ധമായിരുന്നു. അദ്ദേഹത്തിന്‍െറ പാത മകനും തുടരണമെന്ന് പിതാവ് കരുതി. അങ്ങനെയാണ് സയന്‍സ് പഠിക്കാന്‍ താല്‍പര്യപ്പെട്ട വിദ്യാര്‍ഥിയെ ഇംഗ്ളീഷ് ഭാഷാപഠനത്തിലേക്ക് വഴിതിരിച്ചുവിടുന്നത്. അയ്യപ്പപ്പണിക്കര്‍, ജി. കുമാരപ്പിള്ള, ഹൃദയകുമാരി എന്നീ മഹാരഥന്മാരുടെ ഗുരുകാരുണ്യങ്ങളില്‍ കഴിഞ്ഞ കാലം ഇംഗ്ളീഷ് ഭാഷയെ ചൊല്‍പ്പടിയിലാക്കി. ബി.എ ഇംഗ്ളീഷിനും എം.എ ഇംഗ്ളീഷിനും കേരള സര്‍വകലാശാലയില്‍ ഒന്നാമനായി. മാര്‍ ഇവാനിയോസ് കോളജില്‍ ഒരുവര്‍ഷത്തോളം ഇംഗ്ളീഷ് അധ്യാപകനായിരുന്നു. പിന്നീടാണ് ഐ.എഫ്.എസ് പരീക്ഷ പാസായത്.
ഭാര്യ ലേഖ ബഹുമുഖപ്രതിഭയാണ്. ചിത്രകാരി, ഇരുപതോളം രാജ്യങ്ങളില്‍ ചുവടുവെച്ച നര്‍ത്തകി,  കരുണ ചാരിറ്റീസ് ഇന്‍റര്‍നാഷനല്‍ എന്ന സന്നദ്ധ സംഘടന 22 വര്‍ഷമായി നടത്തുന്ന സാമൂഹികപ്രവര്‍ത്തക. വേള്‍ഡ് മലയാളി കൗണ്‍സിലിന്‍െറ ചെയര്‍പേഴ്സനായിരുന്നു. മകന്‍ ശ്രീനാഥ് കൊളംബിയ സര്‍വകലാശാലയില്‍ ജേണലിസം പ്രഫസറായിരുന്നു. ഇപ്പോള്‍ ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍  ചീഫ് ഡിജിറ്റല്‍ ഓഫിസര്‍. ശ്രീനാഥിന്‍െറ ഭാര്യ രൂപ ഉണ്ണികൃഷ്ണന്‍ അര്‍ജുന അവാര്‍ഡ് ജേതാവാണ്. ഷാര്‍പ് ഷൂട്ടിങ്ങില്‍ ഗോള്‍ഡ് മെഡലിസ്റ്റ്. ഇരുവരും 2013 മുതല്‍ അമേരിക്കന്‍ പൗരന്മാര്‍. ഇളയമകന്‍ ശ്രീകാന്ത് ദുബൈയില്‍ കെ.ഇ.എഫ് ഹോള്‍ഡിങ്സിനും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനും വേണ്ടി പ്രവര്‍ത്തിക്കുന്നു. ഹെഡ്ലൈന്‍ ടുഡേയില്‍ ജേണലിസ്റ്റ് ആയ ശരാവതി ചോക്സിയാണ് ഭാര്യ.

Loading...
COMMENTS