Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനെല്‍കൃഷി...

നെല്‍കൃഷി തിരിച്ചുപിടിക്കുക

text_fields
bookmark_border
നെല്‍കൃഷി തിരിച്ചുപിടിക്കുക
cancel

കഴിഞ്ഞ വര്‍ഷം  എന്‍െറ സുഹൃത്തിന്‍െറ നടീല്‍ കഴിഞ്ഞപ്പോള്‍ കൂലി എത്രയാണെന്നു ഞാന്‍ അന്വേഷിച്ചു . ‘500രൂപയും ചെലവും’. ചെലവ് എന്നാല്‍ രാവിലെ 10 മണിക്കും ഉച്ചക്കുമുള്ള ഭക്ഷണം എന്നര്‍ഥം. അതുകൂടി ചേരുമ്പോള്‍ 600 രൂപയോളം വരും.
 ‘കഴിഞ്ഞ തവണ 450 രൂപയായിരുന്നില്ളേ?’ ഞാന്‍ സുഹൃത്തിനോട് ആരാഞ്ഞു.
‘ഇത്തവണ എല്ലാവരും അതാണ് കൊടുക്കുന്നത് എന്നു പറഞ്ഞു.’
‘മറ്റുള്ളവര്‍ കൊടുത്താലും അവരു വാങ്ങാന്‍ പാടില്ലായിരുന്നു എന്നു പറയാമായിരുന്നില്ളേ?’
‘അവരിനി നിങ്ങള്‍ക്കു പണിക്കുവരുമ്പോള്‍ അത് നേരിട്ടുപറഞ്ഞാല്‍ മതി.’
ജീവിതകാലം മുഴുവന്‍ കൊയ്ത്തും മെതിയുമായി ജീവിച്ചിരുന്ന ഒരു കൂലിപ്പണിക്കാരനായിരുന്നു അദ്ദേഹവും. തരിശുനിലങ്ങള്‍ പാട്ടത്തിനെടുത്തു കൃഷിചെയ്യാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. അദ്ദേഹവും ഈതവണ നെല്‍കൃഷി നിര്‍ത്തി.
കഴിഞ്ഞ മകരമാസത്തില്‍ കൊയ്ത്തുകാരോടൊപ്പം ഞാനുമുണ്ടായിരുന്നു.                  നിങ്ങളെന്തിനാണ് കൂലികൂട്ടുന്നത് എന്നു ചോദിച്ചപ്പോള്‍ അവരൊന്നും പറഞ്ഞില്ല. ഇങ്ങനെ കൂലികൂട്ടിയാല്‍  എങ്ങനെ കഴിയുമെന്നു ചോദിച്ചപ്പോള്‍ ചെള്ളിച്ചി തമാശരൂപത്തില്‍ പറഞ്ഞു.
‘ഇപ്പോള്‍ സാധനങ്ങള്‍ക്കൊക്കെ വലിയവിലയാണ്.’ സാധനങ്ങളുടെ വിലയെപ്പറ്റി ഞാന്‍ പറഞ്ഞതിനൊന്നും അവര്‍ മറുപടി പറഞ്ഞില്ല.
കൂടുതല്‍ സ്ത്രീകളും തൊഴിലുറപ്പു പദ്ധതിയില്‍ ജോലിചെയ്യുന്നവരാണ്. 224 രൂപയാണവരുടെ കൂലി. പക്ഷേ, 450 രൂപ കൂലികിട്ടിയിരുന്ന കൊയ്ത്തിനും നടീലിനും അവര്‍ വീണ്ടും കൂലികൂട്ടി. വിളവിറക്കിയ കൃഷിക്കാരന്‍  കൂലി  എത്രയായാലും അതു കൊയ്തെടുത്തേ തീരൂ. അതു പണിക്കാര്‍ക്കും അറിയാം. തൊഴില്‍ ദൗര്‍ലഭ്യം വന്നതോടെ വിലപേശല്‍ ശക്തിയില്‍ അവര്‍ ഏറെ മുന്നിലാണ്. അതുകൊണ്ട്, ഈ വര്‍ഷത്തോടെ പാടത്തെ പണി നിലച്ചു.
15 വര്‍ഷത്തിനപ്പുറം നെല്ല് കൂലിക്കു കൊയ്യുന്ന സംവിധാനമില്ല. പതത്തിനു കൊയ്യുന്ന സമ്പ്രദായമായിരുന്നു. ആദ്യം അതു പത്തിനൊന്നായിരുന്നു. എന്നുപറഞ്ഞാല്‍, 10 പറ കൊയ്താല്‍ ഒരുപറ കൊയ്ത ആള്‍ക്ക്. ‘എട്ടിനൊന്നു പതം തരണം, തന്നേ തീരൂ തന്നില്ളെങ്കില്‍ പിടിച്ചുവാങ്ങു’മെന്നത് അന്നത്തെ കര്‍ഷകത്തൊഴിലാളികളുടെ സമര മുദ്രാവാക്യമായിരുന്നു. വലിയ സമ്മര്‍ദം കൂടാതെതന്നെ ഈ ആവശ്യം അംഗീകരിക്കപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുമുള്ള വരുമാനം കാര്‍ഷികേതര മേഖലകളില്‍ വന്‍തോതില്‍ നിക്ഷേപിക്കപ്പെടാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ കൂടുതല്‍ കൂടുതല്‍ സമ്മര്‍ദത്തിലായി. പതം ഏഴിനൊന്നായും ആറിനൊന്നായും അവസാനം അഞ്ചിനൊന്നായും  വര്‍ധിച്ചു. ഇതിനനുസരിച്ച് വേറെയും ചില മാറ്റങ്ങള്‍ സംഭവിച്ചു. ആദ്യം ഒന്നാം വിള നിലച്ചു. മഴക്കാലത്ത് വിളവെടുക്കുന്നതു കാരണം വൈക്കോല്‍ പ്രയോജനപ്പെടുത്താന്‍ കഴിയില്ല. രണ്ടാമതായി നെല്ല് മുളക്കാതെ സൂക്ഷിക്കാന്‍ കൂടുതല്‍ അധ്വാനം ആവശ്യമാണ്. രണ്ടാംവിളക്കാവുമ്പോള്‍ ഉണങ്ങിയ നെല്ലിന്‍െറ ഒപ്പം വൈക്കോലും ലഭിക്കും. കൊയ്ത്ത് കൂലിക്കായതോടെ വിളയുടെ വിസ്തീര്‍ണവും ചുരുങ്ങിത്തുടങ്ങി. പഴയ തൊഴിലാളികളൊക്കെ  എവിടെപ്പോയി. അവരില്‍ കൂടുതല്‍ പേരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. വളരെ നല്ല സ്ഥിതിയിലാണെന്നു മാത്രം. അറേബ്യന്‍ നാടുകളില്‍നിന്നുള്ള വരുമാനം മുഖച്ഛായ ആകെ മാറ്റി. ഗള്‍ഫിലൊന്നും പോകാത്ത നിര്‍ഭാഗ്യവാന്മാരുടെ വീട്ടില്‍ പണി കരാറെടുക്കുന്ന പുരുഷന്‍മാര്‍  ദിവസേന 1000 രൂപയിലധികം വരുമാനമുണ്ടാക്കുന്നു. നിസ്സാര വിലക്ക് റേഷന്‍ കടയില്‍ അരി സുലഭം. പിന്നെ ഈ കഠിനമായ ചൊറിയുന്ന പണിക്ക് ആരെക്കിട്ടാന്‍!  കൂലി വര്‍ധിക്കുമ്പോള്‍ കൃഷി ഉപേക്ഷിക്കാന്‍  കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. നെല്‍കൃഷിയുടെ പ്രധാന വില്ലന്‍ കൃഷിച്ചെലവു തന്നെ. വയ്ക്കോല്‍ കെട്ടുകളാക്കി മഴനനയാതെ സൂക്ഷിക്കാനുള്ള ചെലവുകള്‍ ഒഴിവാക്കിയാല്‍ 1000 കിലോ നെല്ലുല്‍പാദിപ്പിക്കാനുള്ള ചെലവ് പരമ്പരാഗത വിത്തിനങ്ങള്‍ക്കാവുമ്പോള്‍ 33,400 രൂപയും അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ക്കു 22,250 രൂപയുമാണ്.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ബാങ്കോക് ഉച്ചകോടിയില്‍  ഇന്‍റര്‍നാഷനല്‍ റൈസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഫിലിപ്പീന്‍സ് റൈസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നുവെച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ 1000 കിലോ നെല്ല് ഉല്‍പാദിപ്പിക്കാനുള്ള ഇന്ത്യയിലെ ശരാശരി ചെലവ് 12,596 രൂപയാണ്. അത് വിയറ്റ്നാമില്‍ 10,492 രൂപയും ചൈനയില്‍ 19,229 രൂപയുമാണ്. വള്ളുവനാടന്‍ ഗ്രാമങ്ങള്‍ ഉല്‍പാദനച്ചെലവിന്‍െറ കാര്യത്തില്‍ ചൈനയുടെയും മുകളിലാണ്. അരി ഇറക്കുമതി ചെയ്യുന്ന ചൈന നെല്ലുല്‍പാദനത്തെ കാര്യമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചൈനയുടെ   താങ്ങുവില 33 രൂപ (കിലോക്ക്). വിയറ്റ്നാമിന്‍െറ നയങ്ങള്‍ കൂടുതല്‍ ഫലപ്രദമാണ്. അവരുടെ ഉല്‍പാദനച്ചെലവ് കുറവാണ് എന്നുമാത്രമല്ല  ഉല്‍പാദനം കൂടുതലുമാണ്. ഒരു ഏക്കറില്‍നിന്നും ഇന്ത്യ 1880 കിലോ നെല്ലുല്‍പാദിപ്പിക്കുമ്പോള്‍ ചൈന 2620 കിലോയും വിയറ്റ്നാം 2720 കിലോ നെല്ലും ഉല്‍പാദിപ്പിക്കുന്നു. വിയറ്റ്നാമിലെ കൃഷിക്കാരന്‍ 6458 രൂപയുടെയും ചൈനയിലെ കൃഷിക്കാരന്‍ 9112 രൂപയുടെയും രാസവളമുപയോഗിക്കുന്നു. കീടനാശിനികളുടെ കാര്യത്തിലും ഇതു തന്നെ കഥ. ഇന്ത്യക്കാരന്‍ 563 രൂപയുടെ കീടനാശിനി മാത്രം ഉപയോഗിക്കുമ്പോള്‍ വിയറ്റ്നാം കര്‍ഷകന്‍ 3752 രൂപയുടെയും ചൈനയിലെ കര്‍ഷകന്‍ 2546 രൂപയുടെയും കീടനാശിനി ഉപയോഗിക്കുന്നു. ചൈനയിലെ കര്‍ഷകന്‍െറ മുഖ്യ ആശങ്ക എലികളും മറ്റുമാണെങ്കില്‍ വിയറ്റ്നാമിലെ കര്‍ഷകന്‍െറ  ആശങ്ക ഫംഗസ് രോഗങ്ങളാണ്.
ഏതായാലും കേരളത്തിലെ നെല്‍കര്‍ഷകന് വിയറ്റ്നാമില്‍നിന്ന് ഏറെ പഠിക്കുവാനുണ്ട്. കാരണം വിയറ്റ്നാമിലെ മേനിയില്‍ നെല്ലുണ്ടായാല്‍, ചെലവു കുറക്കുവാന്‍ കഴിഞ്ഞാല്‍, രണ്ടുവിളകളില്‍ നിന്നുമായി ഒരേക്കറില്‍ നിന്ന് 60000.00 രൂപ പ്രതിവര്‍ഷം ആദായമെടുക്കാന്‍ കഴിയും .ഇന്നത്തെ നിലയില്‍ അതത്ര മോശമല്ല.
കേരളത്തിലേക്ക് മടങ്ങിവരാം. 1000 കിലോ നെല്ലുല്‍പാദിപ്പിക്കാനുള്ള ചെലവ് ഇന്ത്യന്‍ ശരാശരിയിലേക്കു താഴ്ത്താന്‍ കഴിഞ്ഞാല്‍ തന്നെ, (22,250 രൂപയില്‍ നിന്നും 12,600 രൂപയിലേക്ക്) അതൊരു നേട്ടമായിരിക്കും. ഇങ്ങനെ പറയുമ്പോള്‍ കുട്ടനാട്ടിലെയും പാലക്കാട്ടെയും കര്‍ഷകര്‍ക്കതു മനസ്സിലാവില്ല. കൂടുതല്‍ പ്രദേശങ്ങളില്‍ ഒന്നിച്ചു വിളവിറക്കുന്നതുകൊണ്ട്  അവരുടെ നടീലും കൊയ്ത്തും  യന്ത്രവത്കൃതമാണ്. പക്ഷേ, ഇവിടെ പരാമര്‍ശിക്കുന്ന അസംഘടിതരായ ചെറുകിട കര്‍ഷകരുടെ സ്ഥിതി അതല്ല. സര്‍ക്കാര്‍ മുന്‍കൈയില്‍ നടീല്‍    പലയിടങ്ങളിലും യന്ത്രവത്കൃതമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഏറ്റവും ചെലവ് കൂടിയ മേഖല കൊയ്ത്താണ്. കൊയ്ത്തുയന്ത്രം ഉപയോഗിക്കുകയാണെങ്കില്‍ ഈ ചെലവ് 17,000 രൂപയില്‍ നിന്നും 2000 രൂപയായി ചുരുക്കാന്‍ കഴിയും. അതിലുപരി കൊയ്ത്തിനെക്കുറിച്ചുള്ള മാനസിക സംഘര്‍ഷത്തില്‍നിന്നും കൃഷിക്കാരനെ മോചിതനാക്കാനും കഴിയും. പക്ഷേ, ഈ ഉത്തരവാദിത്തം ഗവണ്‍മെന്‍റ് ഏറ്റെടുക്കണം. കാരണം, തനിക്കാവശ്യമായ സമയത്ത് കര്‍ണാടകത്തില്‍നിന്നോ തമിഴ്നാട്ടില്‍നിന്നോ അത് വാടകക്കെടുക്കാന്‍ ചെറുകിടക്കാരന് കഴിയില്ല. കൃഷിക്കാര്‍ക്ക് അവരാവശ്യപ്പെടുന്ന സമയത്ത് ചളിയില്‍ കൊയ്യാന്‍ കഴിയുന്ന കൊയ്ത്തുമെതിയന്ത്രം വാടകക്ക് നല്‍കാനുള്ള ഉത്തരവാദിത്തം ഗവണ്‍മെന്‍റ് ഏറ്റെടുക്കണം. അസംഘടിതരായ ചെറുകിട നെല്‍കര്‍ഷകര്‍ക്ക് തമിഴ് നാട്ടില്‍നിന്നോ കര്‍ണാടകത്തില്‍നിന്നോ ഇത് വാടകക്കെടുക്കാന്‍ കഴിയില്ല.
നിലമൊരുക്കലും നടീലും കൊയ്ത്തും മെതിയും വയ്ക്കോല്‍ കെട്ടലും ഒക്കെ യന്ത്രവത്കരിക്കുന്നത് തൊഴിലിന്‍െറ ഉല്‍പാദനക്ഷമത ഉയര്‍ത്താന്‍ ഏറെ സഹായിക്കും. ഇത് നല്ളൊരു വിഭാഗം കൃഷിക്കാരെ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ സഹായിക്കും. ഇങ്ങനെയൊരു നീക്കം അഞ്ചുവര്‍ഷം മുമ്പെങ്കിലും നടത്തേണ്ടതായിരുന്നു. അങ്ങനെ ചെയ്യാത്തതു മൂലം കേരളത്തിനുണ്ടായ സാമ്പത്തിക നഷ്ടം വളരെ വലുതാണ്.
നെല്‍പാടങ്ങളിലെ കൈയേറ്റങ്ങള്‍
നെല്‍പാടങ്ങള്‍ കൈയേറിക്കൊണ്ടിരിക്കുന്ന പ്രധാന വിളകള്‍ വാഴയും, കപ്പയുമാണ്. വാഴയില്‍നിന്നും ഒരു ഏക്കറിന് 60,000 രൂപവരെ ലാഭം പ്രതീക്ഷിക്കാം. വില 20 രൂപ (ഒരു കിലോക്ക്) യുടെ താഴെ വന്നാല്‍ അതു 12,000 രൂപയോളമായിരിക്കും. കപ്പയുടെ ലാഭം പ്രവചിക്കുവാന്‍ കഴിയില്ല. ഇതെഴുതുമ്പോള്‍ കവുങ്ങ് ഏറ്റവും ലാഭംകൂടിയ വിളയാണ്. എന്നാല്‍, എത്ര കാലത്തേക്ക് എന്നാര്‍ക്കും പറയാന്‍ കഴിയില്ല. മാത്രമല്ല, നാലുദിവസം വെള്ളം കെട്ടിനിന്നാല്‍ വാഴയും കപ്പയും പാടെ നശിച്ചുപോകും.
കൃഷിനിര്‍ത്തിയ പാടങ്ങള്‍ പകുതിയും വെറുതെ കിടക്കുകയാണ് - ആരാച്ചാരുടെ കത്തിയും പ്രതീക്ഷിച്ചുകൊണ്ട്. തരിശായിക്കിടക്കുന്ന ഓരോ ലക്ഷം ഹെക്ടറും 100 കോടി രൂപയാണ് നഷ്ടമാക്കുന്നത്. അതൊരു ദേശീയ നഷ്ടമാണ്. എന്നാല്‍, അത് നശിപ്പിക്കപ്പെടുമ്പോള്‍, അതിന്‍െറ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താല്‍, വലിയ ദുരന്തം തന്നെ. അത് തിരിച്ചറിയാന്‍ എത്ര സമയം എടുക്കുമെന്ന ചോദ്യംമാത്രമേ അവശേഷിക്കുന്നുള്ളൂ. കൃഷിനിലങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഒട്ടനവധി നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. പോരെങ്കില്‍ കോടതികള്‍ ഇടപെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ഈ നിയമങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും ഉള്ള വയലുകള്‍ ബസ്സ്റ്റാന്‍ഡുകളും, ഷോപ്പിങ് കോംപ്ളക്സുകളും വീടുകളുമൊക്കെയായി മാറുന്നതും വയല്‍ സംരക്ഷണ നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ ഗവണ്‍മെന്‍റുകള്‍ തന്നെ പരിശ്രമിക്കുന്നതും പണത്തിന്‍െറ സമ്മര്‍ദം കൊണ്ടാണ്. ഈ പ്രവണത തിരുത്തിയേ തീരൂ. അതിനാദ്യം ചെയ്യേണ്ടത് നെല്‍കൃഷിയെ പാടത്തേക്ക് തിരിച്ചുകൊണ്ടുവരുക എന്നതാണ്. നെല്‍കൃഷി ലാഭകരമാക്കിത്തീര്‍ക്കണം. അതിനുകഴിയും. സ്വന്തം ആവശ്യങ്ങള്‍ കൃഷിക്കാരന് ആദ്യം പറയാന്‍ കഴിയുക പഞ്ചായത്തിനോടാണ്. കൃഷിക്കാരന് ആവശ്യമായ യന്ത്രോപകരണങ്ങള്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കൃഷിക്കാരന് ലഭ്യമാക്കണം. ഈ പദ്ധതി പഞ്ചായത്തുകള്‍ മുഖാന്തരം നടപ്പാക്കണം. വിയറ്റ്നാമിനു ചെയ്യാന്‍കഴിയുന്നത് എന്തുകൊണ്ട് കേരളത്തിനു കഴിയില്ല?

Show Full Article
TAGS:paddy field paddy cultivation rice kerala 
Next Story