Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഫ്രഞ്ച് പ്രസിഡന്‍റും...

ഫ്രഞ്ച് പ്രസിഡന്‍റും ചണ്ഡിഗഢും

text_fields
bookmark_border
ഫ്രഞ്ച് പ്രസിഡന്‍റും ചണ്ഡിഗഢും
cancel

റിപ്പബ്ളിക് ദിനാഘോഷ പരേഡില്‍ ഇത്തവണ നമ്മുടെ വിശിഷ്ടാതിഥി ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡാണ്. ഇന്ന് ഇന്ത്യയിലത്തെുന്ന അദ്ദേഹം ആദ്യം ന്യൂഡല്‍ഹിയില്‍നിന്നല്ല, ചണ്ഡിഗഢില്‍നിന്നായിരിക്കും പര്യടനം ആരംഭിക്കുക. ഉണര്‍വുപകരുന്ന പുതിയൊരു മൗലികാശയമാണിത്. ലേ കോര്‍ബൂസിയര്‍ എന്ന ഫ്രഞ്ച് വാസ്തുശില്‍പിയാണ് ചണ്ഡിഗഢ് നഗരം രൂപകല്‍പന ചെയ്തത്. ഈ വസ്തുത മുന്‍നിര്‍ത്തിയാണ് ഓലന്‍ഡിന്‍െറ പ്രഥമ വരവേല്‍പിന് ചണ്ഡിഗഢ് നഗരം തെരഞ്ഞെടുക്കപ്പെട്ടത്.

കൗതുകകരമാണ് ചണ്ഡിഗഢുമായി ബന്ധപ്പെട്ട  ചരിത്ര യാഥാര്‍ഥ്യങ്ങള്‍. പക്ഷേ, അവയെ സംബന്ധിച്ച് പലര്‍ക്കും വേണ്ടത്ര ധാരണകള്‍  ഇല്ല. വിഭജനാനന്തര പഞ്ചാബിന് പ്രത്യേക തലസ്ഥാന നഗരം സ്ഥാപിക്കുക എന്ന ആശയം ഉയര്‍ന്നുവന്നപ്പോള്‍തന്നെ ചില വിവാദങ്ങളും അതോടൊപ്പം തലപൊക്കിയിരുന്നു. പുതിയ തലസ്ഥാനം സ്ഥാപിക്കുന്നതിന് കാലവിളംബം ഉണ്ടാകുമെന്നും അത് ജനങ്ങളുടെ പുനരധിവാസത്തെ ബാധിക്കുമെന്നും 1949ല്‍ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഓര്‍മിപ്പിച്ചിരുന്നു. ഡല്‍ഹി സര്‍വകലാശാല സ്ഥിതിചെയ്യുന്ന സ്ഥലത്തിനപ്പുറത്തെ ഏതാനും പ്രദേശങ്ങളെ പഞ്ചാബില്‍ ലയിപ്പിച്ച് അവിടം തലസ്ഥാനം നിര്‍മിക്കാമെന്നും അദ്ദേഹം നെഹ്റുവിനു മുമ്പാകെ നിര്‍ദേശിച്ചു. അപ്പോള്‍ പകുതി ഗൗരവത്തിലും പകുതി തമാശയായും നെഹ്റു ഇങ്ങനെ പ്രതിവചിച്ചു:  ‘അതുപറ്റില്ല, പഞ്ചാബികളെ എനിക്ക് നന്നായി അറിയാം. ഇന്ന് നിങ്ങള്‍ കുറച്ച് പ്രദേശം ചോദിക്കുന്നു. ഭാവിയില്‍ ഡല്‍ഹി മുഴുവനായും ആവശ്യപ്പെടാന്‍ നിങ്ങള്‍ മടിക്കില്ല.’ തുടര്‍ന്നാണ് ചണ്ഡിഗഢ് പ്രത്യേക നഗരമായി രൂപകല്‍പന ചെയ്യപ്പെട്ടത്. വാസ്തുകലാ ശില്‍പ രംഗത്തെ മികവുകള്‍ നഗരത്തെ സാര്‍വദേശീയതലത്തില്‍തന്നെ പുകള്‍പെറ്റതാക്കി.

ഷിംലയിലായിരുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ 1953 ആദ്യത്തോടെ പൂര്‍ണമായി ചണ്ഡിഗഢിലേക്ക് മാറ്റാന്‍ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി തീവ്രശ്രമങ്ങള്‍ നടത്തുകയുണ്ടായി. സെക്രട്ടേറിയറ്റ്, രാജ്ഭവന്‍, ഹൈകോടതി എന്നിവ ഒരേ നിരയില്‍ സ്ഥാപിക്കണമെന്നതായിരുന്നു കോര്‍ബൂസിയറുടെ വിഭാവന -എന്നാല്‍ പണികള്‍ നീണ്ടതിനാല്‍ സങ്കല്‍പം സാക്ഷാത്കരിക്കപ്പെട്ടില്ല. മുഖ്യമന്ത്രിക്കുവേണ്ടി നിര്‍മിച്ച മന്ദിരം ഗവര്‍ണര്‍ക്ക് കൈമാറി. തന്‍െറ പാര്‍പ്പിടമായി മുഖ്യമന്ത്രി ഗെസ്റ്റ്ഹൗസും തെരഞ്ഞെടുത്തു.

കോര്‍ബൂസിയറുടെ ചില രീതികളുമായി അഭിഭാഷകരായ ഞങ്ങള്‍ക്കും ഇടയേണ്ടിവന്നു. ഷിംല ഹൈകോടതിയില്‍ അനുവദിക്കപ്പെട്ട ബാര്‍ റൂം വളരെ കുടുസ്സാര്‍ന്നതായിരുന്നു. ചണ്ഡിഗഢില്‍ ബാര്‍ റൂം സൗകര്യപൂര്‍ണമായിരിക്കണമെന്ന് ഞങ്ങള്‍ മുന്‍കൂട്ടി അദ്ദേഹത്തെ അറിയിച്ചു. ബാറില്‍ എത്ര അഭിഭാഷകര്‍ ഉണ്ടെന്ന് അദ്ദേഹം ആരാഞ്ഞു. 150ഓളം വരുമെന്ന് ഞങ്ങള്‍ അറിയിച്ചപ്പോള്‍ കുടിക്കാനും വിശ്രമിക്കാനും ഒരേസമയം 50ലധികം പേര്‍ എത്താന്‍ സാധ്യതയില്ളെന്ന  അദ്ദേഹത്തിന്‍െറ മറുപടിയില്‍ ഞങ്ങള്‍ പകച്ചുപോയി. ബാറിനെ കോര്‍ബൂസിയര്‍  തെറ്റിദ്ധരിച്ചിരിക്കുന്നു. അഭിഭാഷകര്‍ക്ക് ജോലിചെയ്യാനും കക്ഷികളെ കാണാനുമുള്ള വേദിയായല്ല അദ്ദേഹം ‘ബാറി’നെ കണ്ടത്. ഞങ്ങളുടെ ഒഴിവുസമയ പാനശാല മാത്രമാണതെന്ന ആ ധാരണ വലിയൊരു ഫലിതമായി ദീര്‍ഘകാലം ഞങ്ങളില്‍ ചിരിയുണര്‍ത്തുകയുണ്ടായി. പക്ഷേ, അദ്ദേഹത്തിന്‍െറ വാസ്തുശില്‍പ വൈഭവത്തിന് ഈ അജ്ഞത തെല്ലും മങ്ങലേല്‍പിച്ചില്ല എന്നുകൂടി ഓര്‍മിപ്പിക്കട്ടെ. മറ്റൊരിക്കല്‍ ഒരു വരാന്ത നിര്‍മാണ വിഷയത്തിലും ഞങ്ങള്‍ക്ക് അദ്ദേഹവുമായി ഇടയേണ്ടി വന്നു. റൂമില്‍നിന്ന് ഹൈകോടതിയിലേക്ക് മേല്‍ക്കൂരയുള്ള വരാന്ത വേണമെന്ന ഞങ്ങളുടെ ആവശ്യം മാനിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.

കാലവര്‍ഷ നാളുകളില്‍ നനയാതെ കോടതിയിലത്തെുക എന്നതു മാത്രമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. സെക്രട്ടേറിയറ്റില്‍നിന്ന് കോടതിയിലേക്കുള്ള നേര്‍ദൃശ്യത്തിന് വരാന്ത ഭംഗം ഉണ്ടാക്കുമെന്നും സ്വതന്ത്ര വായുപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുമെന്നുമൊക്കെയുള്ള മറുവാദങ്ങളുമായി അദ്ദേഹം ഞങ്ങളെ നിരാശപ്പെടുത്തി. ഞങ്ങള്‍ ഇന്ത്യന്‍ ആര്‍ക്കിടെക്റ്റുകളെ ശരണം തേടി. ചെറിയൊരു ‘ഗൂഢാലോചന’തന്നെ അരങ്ങേറി. കോര്‍ബൂസിയര്‍ അവധി ചെലവിടാന്‍ ഫ്രാന്‍സിലേക്കു തിരിച്ച സന്ദര്‍ഭത്തില്‍ ആ വരാന്ത മേല്‍ക്കൂരയുടെ ഗര്‍വോടെ തലയുയര്‍ത്തി. എന്തുകൊണ്ടോ അതുസംബന്ധമായി കോര്‍ബൂസിയര്‍ ശണ്ഠക്കു വരുകയുണ്ടായില്ല. സോവിയറ്റ് പ്രസിഡന്‍റും പരിവാരവും 1955ല്‍ ചണ്ഡിഗഢ് സന്ദര്‍ശിക്കുകയുണ്ടായി. ചണ്ഡിഗഢ് നഗരത്തിന്‍െറ രൂപകല്‍പനയും പ്ളാനും നേരത്തേ സോവിയറ്റ് അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും അത്തരമൊരു നഗര നിര്‍മാണം ആവശ്യമില്ളെന്ന നിലപാടായിരുന്നു ക്രെംലിന്‍ സ്വീകരിച്ചത്. രാജസ്ഥാനിലും മറ്റും മികച്ച വാസ്തുകലാ ശില്‍പികള്‍ ഉണ്ടായിരിക്കെ ഫ്രഞ്ച് സഹായം തേടിയതിന്‍െറ യുക്തിയെക്കുറിച്ചായിരുന്നു സോവിയറ്റ് പര്യടന സംഘത്തിന്‍െറ സന്ദേഹങ്ങള്‍. ഒടുവില്‍ സംശയങ്ങള്‍ വിട്ട് അവര്‍ ചണ്ഡിഗഢിന്‍െറ ശില്‍പ സൗന്ദര്യങ്ങളില്‍ സ്വാസ്ഥ്യം കണ്ടത്തെി. ചണ്ഡിഗഢിലെ മന്ദിരങ്ങള്‍ക്കും വീഥികള്‍ക്കും സവിശേഷമായൊരു ചാരുത ഉണ്ടായിരുന്നു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ നഗരം ഇപ്പോഴും ആകര്‍ഷിക്കുന്നുമുണ്ട്.

ഒരുപക്ഷേ, ഓലന്‍ഡിന്‍െറ സന്ദര്‍ശനം പഞ്ചാബ് സര്‍ക്കാറിന് അല്‍പം ആശങ്കകളും പകര്‍ന്നിട്ടുണ്ടാകണം. കാരണം, ‘ന്യൂ ചണ്ഡിഗഢ്’ എന്ന പുതിയ പട്ടണത്തിലൂടെ ഓലന്‍ഡ് കടന്നുപോകുമ്പോള്‍ അദ്ദേഹം ഉന്നയിക്കുന്ന ചില സംശയങ്ങള്‍ കുഴക്കുന്നതായേക്കും. കാരണം, മുല്ലാമ്പൂര്‍ എന്ന ചെറുപട്ടണം നവീകരിച്ച് ന്യൂ ചണ്ഡിഗഢ് എന്ന പേര് ചാര്‍ത്തിയിരിക്കുകയാണവര്‍. അറിയപ്പെടുന്ന ചണ്ഡിഗഢിന്‍െറ സവിശേഷതകള്‍ ഒന്നുമില്ലാത്ത ന്യൂ ചണ്ഡിഗഢ് ഒരു വ്യാജ ഉല്‍പന്നംപോലെ നമ്മെ തുറിച്ചുനോക്കുന്നു. നഗരത്തിന് പഴയ പേര്‍ തിരിച്ചു നല്‍കുക മാത്രമാണ് അഭിലഷണീയമായ നടപടി. ഇന്ത്യയുടെ പ്രഗല്ഭരായ ചില വാസ്തുശില്‍പികള്‍ ചണ്ഡിഗഢിലും പ്രാന്തങ്ങളിലുമായി ഇപ്പോഴും താമസിച്ചുവരുന്നു. ഓലന്‍ഡിനു വരവേല്‍പ് നല്‍കിയശേഷം അദ്ദേഹത്തിന് ഇവരെ പരിചയപ്പെടുത്താന്‍ അധികൃതര്‍ സന്മനസ്സ് കാണിക്കുന്നതും ഉചിതമായിരിക്കും.

(ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:francefrançois hollande
Next Story