Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രതീക്ഷകളുടെയും...

പ്രതീക്ഷകളുടെയും ആശങ്കകളുടെയും അരങ്ങ്

text_fields
bookmark_border
പ്രതീക്ഷകളുടെയും ആശങ്കകളുടെയും അരങ്ങ്
cancel


സാങ്കേതിക വിദ്യകളുടെ വര്‍ധിച്ച പിന്‍ബലമുള്ള ചലച്ചിത്രങ്ങളുടെയും, ക്ഷണനേരംകൊണ്ട് വിനിമയം സാധ്യമാക്കുന്ന നവസമൂഹ മാധ്യമങ്ങളുടെയും കടന്നുവരവോടെ സംഭവിച്ച ഭാവുകത്വ വ്യതിയാനങ്ങള്‍ക്കിടയിലും പ്രമേയപരമായ ഒൗന്നത്യംകൊണ്ടും ആവിഷ്കാരതലത്തിലെ മൗലികതകൊണ്ടും ശ്രദ്ധേയമായ ഒരുപിടി നാടകങ്ങള്‍ തൃശൂരിലെ എട്ടാമത് അന്തര്‍ദേശീയ നാടകോത്സവത്തില്‍ (ഇറ്റ്ഫോക്) അവതരിപ്പിക്കപ്പെടുകയുണ്ടായി. പരീക്ഷണ സന്നദ്ധരായ നാടകപ്രവര്‍ത്തകരുടെ വൈഭവവും സംഘാടകരുടെ അക്ഷീണാധ്വാനവും ഒരാഴ്ച നീണ്ട നാടകോത്സവത്തെ അവിസ്മരണീയവും പ്രതീക്ഷാജനകവുമായ ദൃശ്യാനുഭവമായി മാറ്റിത്തീര്‍ക്കുകയുണ്ടായി. അതേസമയം, ഇത്തരം സാംസ്കാരികോത്സവങ്ങള്‍ക്ക് ലഭിക്കേണ്ട ഒൗദ്യോഗിക പിന്തുണയുടെ അഭാവം ആശങ്കകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഏഴു ദിവസങ്ങളിലായി എട്ട് വിദേശ രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള ഇരുപത് രംഗാവതരണങ്ങളാണ് അരങ്ങിലത്തെിയത്. ലബനാന്‍, മലേഷ്യ, ഇറാന്‍, സിംഗപ്പൂര്‍, ജപ്പാന്‍, തുര്‍ക്കി, ജര്‍മനി, ഇറാഖ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സമകാല രംഗാവതരണങ്ങള്‍ ഈ എഡിഷനില്‍ ഉള്‍പ്പെട്ടിരുന്നു. അന്തര്‍ദേശീയ വിഭാഗത്തില്‍ പതിനൊന്നും ദേശീയതലത്തില്‍ അഞ്ചും കേരളത്തില്‍നിന്ന് നാലും. അതിനുപുറമെ രണ്ട് പരമ്പരാഗത കലാരൂപങ്ങളും -മാര്‍ഗി മധുവിന്‍െറ ചാക്യാര്‍കൂത്തും സുനന്ദാ നായരുടെ മോഹിനിയാട്ടവും -അരങ്ങേറി. അനുബന്ധമായി നാടന്‍പാട്ടും കവിതകളും മാര്‍ട്ടിന്‍ ജോണ്‍ ചാലിശ്ശേരിയുടെ നേതൃത്വത്തിലുള്ള ഊരാളി എക്സ്പ്രസ് എന്ന മ്യൂസിക് ബാന്‍ഡിന്‍െറ സംഗീതവിരുന്നും.
2008ല്‍ നടന്‍ മുരളിയുടെ നേതൃത്വത്തില്‍, ജെ. ശൈലജ ഫെസ്റ്റിവല്‍ ഡയറക്ടറായി തുടക്കംകുറിച്ച ഇറ്റ്ഫോക്കിന്‍െറ എട്ടാം എഡിഷന് തിരശ്ശീല വീണത് സാധാരണ നാടക പ്രേക്ഷകരില്‍ ഒട്ടേറെ ആശങ്കകളും അസ്വസ്ഥതകളും അവശേഷിപ്പിച്ചുകൊണ്ടാണ്. മറ്റൊരു സംസ്ഥാനത്തിനും ഇന്നുവരെ നടത്താന്‍ കഴിയാത്ത, ന്യൂ ഡല്‍ഹിയിലെ നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ഭാരത് രംഗ് മഹോത്സവത്തോട് കിടപിടിക്കുന്നവിധത്തില്‍ വളരെ കുറച്ചുകാലംകൊണ്ട് ഉയര്‍ന്നുവന്ന കേരളത്തിന്‍െറ അന്തര്‍ദേശീയ നാടകോത്സവത്തിന്‍െറ ഭാവിയെക്കുറിച്ചുതന്നെയാണ് ഈ ആശങ്കകള്‍.
സാംസ്കാരികരംഗം ബഹുവിധ കടന്നാക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍, സാംസ്കാരിക വിനിമയത്തിനും പുതിയ ചലനങ്ങളെ കണ്ടറിയാനുമായി രൂപംകൊണ്ട ഇറ്റ്ഫോക്ക്പോലുള്ള ഇടങ്ങളുടെ നിലനില്‍പുതന്നെ സര്‍ക്കാര്‍ പിന്തുണയുടെ കുറവുമൂലം അപകടത്തിലായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് പ്രത്യക്ഷമാകുന്നത്.
തുച്ഛമായ ഫണ്ട് മാത്രം കൈമുതലായാണ് ഇറ്റ്ഫോക്കിന്‍െറ ഇക്കഴിഞ്ഞ രണ്ട് എഡിഷനുകളും ഒരുക്കാന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ശങ്കര്‍ വെങ്കിടേശ്വരന്‍ നിര്‍ബന്ധിതനായത്. അമ്പത് ലക്ഷം രൂപയെന്നത് ഒരു അന്തര്‍ദേശീയ നാടകോത്സവത്തിന്‍െറ സംഘാടനത്തിന് ഒട്ടും മതിയാവില്ളെന്നത് സ്പഷ്ടമാണ്. ടെക്നിക്കല്‍ ഡയറക്ടറുടെ പോസ്റ്റ് അനുവദിക്കാന്‍പോലും പറ്റാത്ത സാഹചര്യത്തിലാണ് ഫെസ്റ്റിവലിന്‍െറ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്.
പല നാടകങ്ങളും ഏകാംഗാവതരണങ്ങള്‍ ആയിപ്പോയതിന്‍െറ കാരണവും ഇതുതന്നെ. ഇത്രമാത്രം പരിമിതികള്‍ക്കുള്ളില്‍ നിന്നിട്ടും ശക്തമായ ഒരുപിടി രംഗാവതരണങ്ങളെങ്കിലും ഇക്കുറി തൃശൂരിലത്തെിക്കാന്‍ കഴിഞ്ഞത് ശങ്കര്‍ വെങ്കിടേശ്വരന്‍ നേതൃത്വം നല്‍കുന്ന ഫെസ്റ്റിവല്‍ സംഘത്തിന്‍െറ നേട്ടമാണ്. തൃക്കരിപ്പൂര്‍ കെ.എം.കെ കലാസമിതിക്കുവേണ്ടി പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ദീപന്‍ ശിവരാമന്‍ സംവിധാനംചെയ്ത ‘ഖസാക്കിന്‍െറ ഇതിഹാസം’ ഗ്രാമീണ നാടകവേദിയുടെ കരുത്ത് വെളിപ്പെടുത്തി.  ഒ.വി. വിജയന്‍െറ നോവലിന്‍െറ മാസ്മരികാന്തരീക്ഷം പുന$സൃഷ്ടിച്ചുകൊണ്ട് ഈ നാടകം കാണികളുടെ ഹര്‍ഷാരവമേറ്റുവാങ്ങി. 720 പേര്‍ക്കിരിക്കാവുന്ന തുറസ്സായ വേദിയിലേക്കിരച്ചുകയറിയത് സംഘാടകരുടെ കണക്കുകളെല്ലാം തെറ്റിച്ച ജനക്കൂട്ടമായിരുന്നു. ജനക്കൂട്ടത്തിന്‍െറ തിരക്കില്‍പ്പെട്ടുണ്ടായ സാങ്കേതികത്തകരാറുകള്‍ പരിഹരിക്കുംവരെ ഒരു മണിക്കൂറോളം ക്ഷമയോടെ കാത്തിരുന്ന പ്രേക്ഷകരുടെ മുന്നില്‍ എല്ലാ സാങ്കേതിക പ്രശ്നങ്ങളെയും മറികടന്നുകൊണ്ട് ഉജ്ജ്വലമായ പ്രകടനം കാഴ്ചവെക്കാന്‍ കെ.എം.കെ കലാസമിതിയിലെ അഭിനേതാക്കള്‍ക്കു കഴിഞ്ഞു. ‘ഖസാക്കി’ന്‍െറ രണ്ടാം ദിവസത്തെ അവതരണത്തിനും തിരക്കിന് കുറവുണ്ടായിരുന്നില്ല.
‘റിപ്പീറ്റ് ഷോ’കളായിരുന്നു ഇത്തവണത്തെ ഇറ്റ്ഫോക്കിന്‍െറ ഒരു സവിശേഷതയെന്ന് പറയാം. കുറഞ്ഞ എണ്ണം പ്രേക്ഷകരെ മാത്രം ഉള്‍ക്കൊള്ളിക്കാനാവുന്ന പല അവതരണങ്ങളും മൂന്നും നാലും തവണ ആവര്‍ത്തിക്കപ്പെട്ടിരുന്നു.
പ്രശസ്ത കൊറിയോഗ്രാഫറായിരുന്ന ചന്ദ്രലേഖയുടെ അവസാനത്തെ അവതരണമായ ‘ശരീര’യില്‍നിന്നാരംഭിച്ച ഇറ്റ്ഫോക്ക് അവസാനിച്ചത്, ഡല്‍ഹിയിലെ യുവ കലാകാരി മല്ലികാ തനേജയുടെ ‘ഥോഡാ ധ്യാന്‍ സേ’ (ബി കെയര്‍ ഫുള്‍!) എന്ന അതിശക്തമായ ഏകാംഗാവതരണത്തോടെയായിരുന്നു. ‘ബോഡി-പൊളിറ്റിക്’ (ശരീരം-രാഷ്ട്രീയം) എന്ന വിഷയത്തിലൂന്നിയ ഇത്തവണത്തെ രംഗാവതരണങ്ങളില്‍ ശരീരത്തിന്‍െറ രാഷ്ട്രീയം ഒരുപക്ഷേ, ഏറ്റവും ശക്തമായും കാണികളുടെ മുഖത്തടിക്കുന്നപോലെയും ആവിഷ്കരിച്ചത് മല്ലികാ തനേജയാണെന്നു പറയാം. ഡല്‍ഹിയിലെയും മുംബൈയിലെയും കുപ്രസിദ്ധമായ ബലാത്സംഗ കേസുകളുടെ പശ്ചാത്തലത്തിലുയര്‍ന്നുവന്ന ‘ആക്രമിക്കപ്പെടാതിരിക്കേണ്ടത് ഇരയുടെ ഉത്തരവാദിത്തമാണെ’ന്ന പിന്തിരിപ്പന്‍ വാദങ്ങള്‍ക്കെതിരെയുള്ള കടുത്ത വിമര്‍ശമായാണ് മല്ലിക ‘ഥോഡാ ധ്യാന്‍ സേ’ അവതരിപ്പിക്കുന്നത്. വസ്ത്രം നിങ്ങളെ സുരക്ഷിതമാക്കുമെന്ന വാദത്തെയാണ് അതിശക്തമായ ശരീരഭാഷ ഉപയോഗിച്ച് മല്ലിക ചോദ്യംചെയ്യുന്നത്. ഏതാണ്ട് 20 മിനിറ്റുള്ള അവതരണത്തിനുശേഷം പ്രേക്ഷകരുടെ പ്രതികരണമാരായാനും അവരുമായി സംവദിക്കാനും ഇവര്‍ ശ്രദ്ധിക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളില്‍നിന്നു വരുന്ന അവതരണങ്ങളുടെ രാഷ്ട്രീയ-ചരിത്രപരമായ പശ്ചാത്തലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാകാതിരുന്നത് പല അവതരണങ്ങളെയും സാധാരണ പ്രേക്ഷകര്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമായി. സിംഗപ്പൂര്‍ സ്വദേശിയായ ഡാനിയേല്‍ കോക്കിന്‍െറ ഏകാംഗാവതരണമായ ‘ചിയര്‍ ലീഡര്‍ ഓഫ് യൂറോപ്പ്’ ഒരു ഉദാഹരണം. സമകാലിക യൂറോപ്യന്‍ പ്രതിസന്ധിയെ ഏഷ്യന്‍ കാഴ്ചപ്പാടിലൂടെ നോക്കണമെന്ന് ശക്തമായ രാഷ്ട്രീയം പറയുന്ന ഈ ഏകാംഗാവതരണം പക്ഷേ, നല്ളൊരു വിഭാഗം പ്രേക്ഷകര്‍ക്കും പിടികിട്ടാതെ പോവുകയായിരുന്നു. അവതരണം ഇഷ്ടപ്പെടാതിരുന്ന പലരും പശ്ചാത്തലം പറഞ്ഞുകേട്ടപ്പോള്‍, ‘അതുശരി, ഇപ്പോള്‍ കാര്യം പിടികിട്ടി’ എന്ന് പ്രതികരിക്കുകയും ചെയ്തു.
തുര്‍ക്കിയില്‍നിന്നുള്ള പാവ നാടകാവതാരകന്‍ ചെങ്കിസ് ഒസെക് തനിച്ചവതരിപ്പിച്ച നിഴല്‍ പാവനാടകങ്ങളായ ‘ഗാര്‍ബേജ് മോണ്‍സ്റ്ററും’ ‘മാജിക് ട്രീ’യും വിസ്മയങ്ങളൊന്നും സൃഷ്ടിച്ചില്ളെങ്കിലും സൂക്ഷ്മ സൗന്ദര്യവും ഹാസ്യവുംകൊണ്ട് പ്രേക്ഷകരെ ആകര്‍ഷിച്ചു.
ഇറാനില്‍നിന്നുള്ള ബൊഹീമിയന്‍ തിയറ്റര്‍ ഗ്രൂപ്പിനുവേണ്ടി ഫാരി ബോര്‍സ് കരീമി സംവിധാനംചെയ്ത ടെന്നസി വില്യംസിന്‍െറ ‘ഐ കാന്‍ഡ് ഇമാജിന്‍ ടുമോറോ’ കാവ്യാത്മകമായൊരാഖ്യാനമായിരുന്നു.
ലിങ്കണ്‍ സര്‍വകലാശാലയിലെ അധ്യാപകന്‍ ശ്രീനാഥ് നായര്‍ പ്ളേറൈറ്റ് തിയറ്ററിനുവേണ്ടി സംവിധാനം ചെയ്ത ‘മറിയാമ്മ,’ മലയാള നാടക ചരിത്രത്തിലെ ആദ്യ സാമൂഹിക നാടകമെന്ന് പറയാവുന്ന പോളച്ചിറയില്‍ കൊച്ചീപ്പന്‍ തരകന്‍ 1878ല്‍ രചിച്ച് 1903ല്‍ പ്രസിദ്ധീകരിച്ച ‘മറിയാമ്മ നാടക’ത്തിന്‍െറ പുനരാവിഷ്കാരമായിരുന്നു.
എറണാകുളത്തെ ഫ്ളോട്ടിങ് ഐലന്‍ഡ് ആക്ടേഴ്സ് ഗ്രൂപ്പിനുവേണ്ടി തൃശൂര്‍ ഗോപാല്‍ജി രചിച്ച് സംവിധാനം ചെയ്ത ‘അദ്ദേഹവും മൃതദേഹവും’ ആത്മഹത്യ ചെയ്തവന്‍െറ ശരീരത്തിന് കാവല്‍നില്‍ക്കാന്‍ നിയുക്തനായ പൊലീസുകാരന്‍െറ വിഹ്വലതകളെയാണ് ചിത്രീകരിച്ചത്.
മാഹിയിലെ മലയാള കലാനിലയം നാടകവേദിക്കുവേണ്ടി ജിനോ ജോസഫ് സംവിധാനംചെയ്ത ‘മത്തി’ കേരള സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടക മത്സരത്തിലും ന്യൂഡല്‍ഹിയിലെ മഹീന്ദ്ര അവാര്‍ഡിലുമെല്ലാം പുരസ്കാരങ്ങള്‍ നേടിയെടുത്തതാണ്. സമാന്തര നാടകമായി അരങ്ങിലത്തെിയ ‘മത്തി’ വര്‍ണപ്പകിട്ടുള്ള രംഗാവതരണത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.

 

Show Full Article
TAGS:drama itfok 
Next Story