Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനൃത്തകലയുടെ സമഗ്രശോഭ

നൃത്തകലയുടെ സമഗ്രശോഭ

text_fields
bookmark_border
നൃത്തകലയുടെ സമഗ്രശോഭ
cancel

ഭരതനാട്യത്തിന്‍െറ സമുദ്ധാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നൂറ്റാണ്ടില്‍ കേട്ട പേരുകളില്‍ പ്രസിദ്ധമാണ് പന്തനല്ലൂര്‍ മീനാക്ഷി സുന്ദരംപിള്ള. ഈ ആചാര്യശ്രേഷ്ഠന്‍െറ ശിക്ഷണത്തില്‍ ഭരതനാട്യം ആധികാരികമായി ഉള്‍ക്കൊണ്ട കലാകാരിയായിട്ടാണ് മൃണാളിനി സാരാഭായിയെ കലാലോകം ആദ്യം അറിയുന്നത്.

മലയാളിയായ മൃണാളിനി ഭരതനാട്യത്തിന്‍െറ പന്തനല്ലൂര്‍ ശൈലിക്ക് തന്‍െറ അംഗോപാംഗ പ്രത്യംഗങ്ങളിലൂടെ അഴകും ആഴവും നല്‍കി. മൃണാളിനി കഥകളിയിലും മോഹിനിയാട്ടത്തിലും നിപുണയായിരുന്നു എന്ന സത്യം പലര്‍ക്കും അറിവുള്ളതാണ്. മഹാനടന്‍ ഗുരു കുഞ്ചുക്കുറുപ്പാണ് മൃണാളിനിയെ കഥകളിയുടെ അദ്ഭുത ലോകത്തിലേക്ക് കൈപിടിച്ചാനയിച്ചത്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയില്‍നിന്ന് മോഹിനിയാട്ടവും ഇവര്‍ കലാജീവിതത്തിന്‍െറ ഭാഗമാക്കി. ഭരതനാട്യത്തിലൂടെ നൃത്തത്തിന്‍െറയും കഥകളിയിലൂടെ സൂക്ഷ്മാഭിനയത്തിന്‍െറയും മോഹിനിയാട്ടത്തിലൂടെ ലാസ്യത്തിന്‍െറയും മഹാപ്രപഞ്ചം അവര്‍ സ്വായത്തമാക്കി.

പ്രശസ്ത ബഹിരാകാശ ഗവേഷകനും കലാപ്രണയിയുമായിരുന്ന വിക്രം സാരാഭായിയെ വിവാഹം കഴിച്ചതോടെ മൃണാളിനിയുടെ പ്രവര്‍ത്തന മണ്ഡലം അഹ്മദാബാദിലേക്ക് മാറി. ‘ദര്‍പ്പണ’ എന്ന നൃത്ത സംഗീത വിദ്യാലയത്തിന് അവര്‍ അവിടെ ജന്മം നല്‍കി. തുടര്‍ന്നുള്ള ജീവിതം നൃത്താവതരണത്തിനും നൃത്ത-നാടക സംവിധാനത്തിനുമായി സമര്‍പ്പിച്ചു. ഒട്ടനവധി നൃത്ത-നാടകങ്ങള്‍ മൃണാളിനി സംവിധാനം ചെയ്തു.
ഭരതനാട്യത്തില്‍നിന്നും കഥകളിയില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് നൃത്തത്തിന്‍െറ ശരീരഭാഷയെ ഇവര്‍ പുന$സൃഷ്ടിച്ചു. പാരമ്പര്യത്തെയും വഴക്കങ്ങളെയും പദാനുപദം പിന്തുടരാന്‍ മൃണാളിനി കൂട്ടാക്കിയില്ല. അരങ്ങിന് പുതിയ വിന്യാസപദങ്ങളും വികാസ പദ്ധതികളും തന്‍െറ നൃത്ത സംസ്കാരത്തിലൂടെ അവര്‍ നേടിയെടുത്തു. ലോകം മുഴുവന്‍ പലവട്ടം തന്‍െറ സൃഷ്ടികളുമായി അവര്‍ പര്യടനം നടത്തി. പ്രശസ്ത നര്‍ത്തകിയും നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മകള്‍ മല്ലികാ സാരാഭായി കലയിലും ജീവിതത്തിലും അവര്‍ക്ക് കരുത്തുറ്റ പിന്തുണയായി.

നൃത്തകലക്ക് പുറമെ കഥ, കവിത, വിജ്ഞാനം എന്നീ മേഖലകളിലേക്കും മൃണാളിനിയുടെ കര്‍മമണ്ഡലം വളര്‍ന്നു. സംസ്കാരത്തിന്‍െറ സമസ്ത മേഖലകളിലും വ്യാപരിക്കാനുള്ള മേദാശക്തിയും രാഷ്ട്രീയ-സാമൂഹിക അവബോധവും മൃണാളിനിയെ അനന്യമാക്കി. കലകള്‍ ഒറ്റപ്പെട്ട പ്രതിഭാസമല്ളെന്നും കലാ പ്രയോക്താക്കള്‍ സ്വപ്നജീവികളല്ളെന്നും മൃണാളിനി തന്‍െറ ജീവിതത്തിലൂടെ തെളിയിച്ചു. രവീന്ദ്രനാഥ ടാഗോറിന്‍െറയും ജവഹര്‍ലാല്‍ നെഹ്റുവിന്‍െറയും ജീവിത ദര്‍ശനം മൃണാളിനിക്ക് മാര്‍ഗനിദര്‍ശമായി. ജാതിമത വര്‍ഗ ഭേദങ്ങള്‍ക്കതീതമായി മനുഷ്യനെന്ന സത്തയെ നിര്‍വചിക്കാനും തദനുസാരിയായ ദര്‍ശനം തന്‍െറ കലയിലൂടെ സാക്ഷാത്കരിക്കാനും മൃണാളിനി പ്രതിജ്ഞാബദ്ധയായി.  മനുഷ്യന്‍ എന്ന പേരിലൊരു നൃത്തനാടകം ഇവര്‍ കഥകളി നടന്‍ കാവുങ്ങല്‍ ചാത്തുണ്ണി പണിക്കര്‍ക്കൊപ്പം സംവിധാനം ചെയ്തിട്ടുണ്ട്.
 സുദീര്‍ഘമായ കലാജീവിതം ബഹുമുഖമായ പ്രതിഭാവിശേഷംകൊണ്ട് കര്‍മബഹുലമാക്കാന്‍ മൃണാളിനിക്ക് സാധിച്ചു. സാര്‍വദേശീയ ബഹുമതികള്‍ ഒന്നിനുപിറകെ ഒന്നായി അവരെ തേടിയത്തെി. കേരള കലാമണ്ഡലത്തിന്‍െറ ഫെലോഷിപ് സ്വീകരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃണാളിനി മകള്‍ക്കൊപ്പം എത്തിയത് ഇന്നും അവിസ്മരണീയ അനുഭവമാണ്. ആത്മനവീകരണത്തിന്‍െറ ഭാഗമായി നൃത്തകലയെ ഉപാസിച്ചവരില്‍ രുക്മിണീ ദേവി അരുണ്ടേലിന്‍െറ ഡെയിലിനെപോലെ തേജസ്വിനിയായി നിലകൊണ്ടു മൃണാളിനിയും.

മനുഷ്യനും പ്രകൃതിയുമായുള്ള ഗാഢമായ വേഴ്ചയെയാണ് ഭാരതീയ കലകള്‍ പ്രതിനിധാനം ചെയ്യുന്നത് എന്നായിരുന്നു അവരുടെ എക്കാലത്തെയും വിശ്വാസ പ്രമാണം. ഇതിന്‍െറ മൂര്‍ത്തമായ ആവിഷ്കാരങ്ങളായി ഇവര്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ച നൃത്തശില്‍പങ്ങളെല്ലാം. നൃത്തകലയുടെയും  സാംസ്കാരിക നവോത്ഥാനത്തിന്‍െറയും പതാകവാഹകരില്‍ പ്രമുഖയായ ഒരു വ്യക്തിയെയാണ് ഇന്ത്യക്ക് നഷ്ടമായത്. മൃണാളിനി അവശേഷിപ്പിക്കുന്ന ശൂന്യത അപരിഹാര്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story