Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്ലീനത്തിന്‍െറ ഉപമ

പ്ലീനത്തിന്‍െറ ഉപമ

text_fields
bookmark_border
പ്ലീനത്തിന്‍െറ ഉപമ
cancel

എഴുതിയതാരാണെന്ന് അറിയില്ളെന്നുപറഞ്ഞ് വി.കെ. ശ്രീരാമന്‍ എടുത്തുദ്ധരിച്ച സര്‍ഗരചനയിലെ ഏതാനുംഭാഗം ചുവടെ:
യേശു ഒരു കറുത്തവര്‍ഗക്കാരനായിരുന്നുവെന്നതിന് മൂന്ന് നല്ല വാദങ്ങളുണ്ട്.
ഒന്ന്: അവന്‍ എല്ലാവരെയും സഹോദരാ എന്നുവിളിച്ചു.
രണ്ട്: അവന്‍ സുവിശേഷം പറയാന്‍ ഇഷ്ടപ്പെട്ടു.
മൂന്ന്: അവന് നല്ളൊരു വിചാരണ ലഭിച്ചില്ല.
യേശു ഒരു കാലിഫോര്‍ണിയക്കാരനായിരുന്നുവെന്നതിനും മൂന്നു വാദങ്ങളുണ്ട്.
ഒന്ന്: അവനൊരിക്കലും മുടി മുറിച്ചില്ല.
രണ്ട്: എല്ലാ സമയവും അവന്‍ നഗ്നപാദനായി നടന്നു.
മൂന്ന്: അവനൊരു പുതിയ മതം തുടങ്ങിവെച്ചു.
എന്നാല്‍, യേശു ഒരു സ്ത്രീ ആയിരുന്നുവെന്നതിനും മൂന്നു ശക്തമായ വാദങ്ങളുണ്ട്.
ഒന്ന്: തീരെ ഭക്ഷണമില്ലാതിരുന്ന സമയത്ത് ഒരുനിമിഷത്തെ മുന്നറിയിപ്പില്‍ ഒരാള്‍ക്കൂട്ടത്തെ അവന് ഊട്ടേണ്ടിവന്നു.
രണ്ട്: ഒരിക്കലും ഒന്നും മനസ്സിലാവാത്ത പുരുഷാരത്തിനുകുറുകെ സന്ദേശമയക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
മൂന്ന്: പണികള്‍ ചെയ്തുതീര്‍ക്കാന്‍ ബാക്കിയുള്ളതിനാല്‍ ക്രൂശാരോഹണത്തിനുശേഷവും അവന് എണീറ്റ് വരേണ്ടിവന്നു.
സി.പി.എമ്മിന്‍െറ കൊല്‍ക്കത്ത പ്ളീനം വിപ്ളവകരമായ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെങ്കിലും വലിയമാറ്റമൊന്നും പാര്‍ട്ടിയിലുണ്ടാവാനോ പാര്‍ട്ടിക്ക് വരാനോ സാധ്യതയില്ല. ഇതിനും ശക്തമായ മൂന്നു വാദങ്ങളുണ്ട്.
ഒന്ന്: സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ പാര്‍ട്ടി സംസാരിക്കുകയോ സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന പദപ്രയോഗങ്ങള്‍ പാര്‍ട്ടി ഉപയോഗിക്കുകയോ ചെയ്യുന്നില്ല.

 രണ്ട്: പാര്‍ട്ടിയുടെ പുതിയ   നേതാക്കള്‍ പാടത്തോ പണിശാലയിലോ പണിയെടുത്തവരല്ല, മറിച്ച് ലാപ്ടോക്രാറ്റുകളായ സൈദ്ധാന്തികരാണ്.
 മൂന്ന്: പാര്‍ട്ടി അണികളും അനുഭാവികളും താല്‍പര്യത്തോടെ കാത്തിരുന്ന രണ്ടുവിഷയങ്ങളിലും-കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടും കേരളത്തിലെ അടുത്ത തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍െറ സ്ഥാനവും -പ്ളീനവും പാര്‍ട്ടിയും വ്യക്തമായ ഉത്തരം നല്‍കിയില്ല.
പാര്‍ട്ടിയുടെ ഇക്കാര്യത്തിലെ ഉത്തരം ഉണ്‍മയെ സംബന്ധിച്ച ജൈനന്മാരുടെ ‘സ്വാദ് വാദം’ പോലെയായിരുന്നു. ഒരുപക്ഷേ, അതുണ്ടായിരിക്കും. ഒരുപക്ഷേ, അതില്ലായിരിക്കും. ഒരുപക്ഷേ, അത് ഒരേസമയത്ത് ഉണ്ടായിരിക്കുകയും ഇല്ലാതിരിക്കുകയും ചെയ്യും. ഒരുപക്ഷേ, അത് അവ്യക്തമായിരിക്കും. ഒരുപക്ഷേ, അതുണ്ടായിരിക്കുകയും അവ്യക്തമായിരിക്കുകയും ചെയ്യും. ഒരുപക്ഷേ, അതില്ലാതിരിക്കുകയും അവ്യക്തമായിരിക്കുകയും ചെയ്യും. ഒരുപക്ഷേ, അതുണ്ടായിരിക്കുകയും ഇല്ലാതിരിക്കുകയും അവ്യക്തമായിരിക്കുകയും ചെയ്യും. ഒരു വസ്തുതയെപ്പറ്റി ജൈനന്മാര്‍ ഇങ്ങനെയാണ് പറയുക. ജൈനന്മാരുടെ സ്വാദ് വാദവും കൊല്‍ക്കത്ത പ്ളീനത്തിലെ ഉത്തരവുംതമ്മില്‍ വലിയ വ്യത്യാസമുണ്ടോ?

കേരളത്തിലെ ആദ്യ ഇ.എം.എസ് മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയായിരുന്ന കെ.സി. ജോര്‍ജ് ഭക്ഷ്യക്ഷാമം വന്നപ്പോള്‍ ജനത്തിനോട് മക്രോണി തിന്നാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജനം അന്തിച്ചുനിന്നു. കാരണം, കപ്പയും കഞ്ഞിയും തന്നെ കഴിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ  മക്രോണി വാങ്ങിക്കഴിക്കുമെന്നായിരുന്നു ജനത്തിന്‍െറ ആശങ്ക. മാത്രവുമല്ല, നെയ്യിലും പാലിലുമാണ് മക്രോണി കഴിക്കേണ്ടതെന്നും പ്രചാരമുണ്ടായി.
അപ്പം തിന്നാന്‍ വകയില്ലാത്തവനോട് പണ്ട് കേക്ക് തിന്നാന്‍ ഒരു രാജ്ഞി പറഞ്ഞില്ളേ! ഏതാണ്ട് അതുപോലെയാണ് മന്ത്രിയുടെ പ്രസ്താവനയെ ജനം കണ്ടത്. മക്രോണി കപ്പയുടെ ഒരു വകഭേദമാണെന്ന് ജനത്തിന് മനസ്സിലായതുമില്ല. ആരും മനസ്സിലാക്കിക്കൊടുത്തുമില്ല.
ഏതാണ്ട് ഇതുപോലെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പല പ്രസ്താവനകളും പദപ്രയോഗങ്ങളും. ആര്‍ക്കും മനസ്സിലാവില്ല. മനസ്സിലാവണമെന്ന് ആര്‍ക്കും നിര്‍ബന്ധവുമില്ല. അതുകൊണ്ടുതന്നെ, ഓരോരുത്തരും ഓരോ രൂപത്തില്‍ വ്യാഖ്യാനിക്കും. ഇ.വി. കൃഷ്ണപിള്ളയുടെ ‘കവിതാകേസ്’ എന്ന നാടകത്തിലെ രായര്‍ വക്കീല്‍ കവിത വ്യാഖ്യാനിച്ചപോലെയാണ് പല വ്യാഖ്യാനങ്ങളും പോകുന്നത്.
 കേരളത്തിലെ രാഷ്ട്രീയ ഭൂമികയില്‍ പാര്‍ട്ടി വിക്ഷേപിച്ച പദങ്ങളുടെയും പ്രയോഗങ്ങളുടെയും അര്‍ഥം ഏതെങ്കിലുമൊരു മലയാളിക്ക് ഇന്നേവരെ മനസ്സിലായിട്ടുണ്ടോ? പ്രത്യയശാസ്ത്രത്തെപ്പറ്റി ഒരു പിണ്ണാക്കുമറിയാത്തവനോട് പ്രത്യയശാസ്ത്രവ്യതിയാനത്തെപ്പറ്റി വാചാലനാവും. വര്‍ഗരാഷ്ട്രീയത്തെപ്പറ്റി വാതോരാതെ വായിട്ടടിക്കും.

സ്വത്വപ്രതിസന്ധി, പാര്‍ലമെന്‍ററി വ്യാമോഹം, ഉള്‍പ്പാര്‍ട്ടി ജനാധിപത്യം, ലെനിനിസ്റ്റ് സംഘടനാ ശൈലി, ബൂര്‍ഷ്വാ ഇല്യൂഷനിസ്റ്റ് എസ്കേപിസ്റ്റ് ശൈലി, സാമൂഹികമായ ആകൃതിപ്പെടുത്തല്‍, വിപ്ളവ രാഷ്ട്രീയം, പാഠത്തിന്‍െറ സമരവിചാരം, സാമൂഹികവിചാരം, ചരിത്രവിചാരം, ഉപകരണവാദപരവും പരിവര്‍ത്തനവാദപരവുമായ സമീപനങ്ങള്‍, അടവുനയം, മാര്‍ക്സിയന്‍ ഹ്യൂമനിസം അങ്ങനെ എത്രയെത്ര പദങ്ങളും പ്രയോഗങ്ങളും. പാര്‍ട്ടികോണ്‍ഗ്രസും പ്ളീനവും തമ്മിലുള്ള വ്യത്യാസം ഇതുവരെ മാലോകര്‍ക്ക് മനസ്സിലായിട്ടില്ല. പിന്നെയാണോ ഈ പദങ്ങളുടെയും പ്രയോഗങ്ങളുടെയും അര്‍ഥം മനസ്സിലാവുന്നത്? ദാസ് കാപിറ്റല്‍ പണ്ട് റഷ്യയില്‍ പ്രസിദ്ധീകരണത്തിനായി അനുമതിക്കത്തെിയപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് ഇങ്ങനെ നിരീക്ഷിച്ചുവത്രെ. റഷ്യയില്‍ വളരെക്കുറച്ചുപേര്‍ മാത്രമേ ഈ കൃതി വായിക്കാനിടയുള്ളൂ. അങ്ങനെ ആരെങ്കിലും വായിച്ചാല്‍ അവര്‍ക്ക് മനസ്സിലാവാനിടയുമില്ല.
ജനം താല്‍പര്യത്തോടെ വീക്ഷിക്കുന്ന കാര്യങ്ങളില്‍ മൗനം ദീക്ഷിക്കുക, ഒരു താല്‍പര്യവുമില്ലാത്ത കാര്യങ്ങളില്‍ വാചാലരാവുക. ഇതാണോ പ്ളീനംകൊണ്ട് ഉദ്ദേശിക്കുന്നത്?
ഒരുകാര്യം ഒരാളെ ബോധ്യപ്പെടുത്താന്‍ പറ്റിയില്ളെങ്കില്‍ പിന്നെയുള്ള മാര്‍ഗം അവരെ ആശയക്കുഴപ്പത്തിലാക്കുകയെന്നതാണ്. അതാണ് പാര്‍ട്ടിയും പ്ളീനവും  ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചുരുക്കം.

Show Full Article
TAGS:pleenam 
Next Story