Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒരു ജേക്കബ് തോമസ്...

ഒരു ജേക്കബ് തോമസ് മാത്രം മതിയോ?

text_fields
bookmark_border
ഒരു ജേക്കബ് തോമസ് മാത്രം മതിയോ?
cancel

‘അഴിമതിയെ ചെറുത്തുനില്‍ക്കാന്‍ ആര്‍ക്കു കഴിയും’ ഒരു ജേക്കബ് തോമസിനോ മറ്റോ കഴിയുമായിരിക്കും’ എന്ന മുന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബിന്‍െറ അടുത്തകാലത്തുണ്ടായ പരാമര്‍ശം സമൂഹമനസ്സാക്ഷിയെ തെല്ളെങ്കിലും അസ്വസ്ഥമാക്കേണ്ടതാണ്. നീണ്ടകാലത്തെ ഉന്നതോദ്യോഗസ്ഥ ജീവിതത്തിനിടയിലുണ്ടായ എത്രയോ ധര്‍മസങ്കടങ്ങളുടെയും നിസ്സഹായതയുടെയും അനുഭവം പുരണ്ടായിരിക്കും ആ വാക്കുകള്‍? ഉദാസീനതയോടെ നാം നില്‍ക്കുന്ന തറയുടെ ചൂട് അത് വെളിപ്പെടുത്തുന്നുണ്ട്.

രാജ്യവാഴ്ചയും സാമ്രാജ്യത്വവും ചേര്‍ന്ന് സൃഷ്ടിച്ച വിചിത്രജീവിയാണ് നമ്മുടെ ബ്യൂറോക്രസി. സവിശേഷമായ രണ്ടു അവയവങ്ങള്‍ അതിനു പരമ്പരാഗതമായി ലഭിച്ചിട്ടുണ്ട്. യജമാനനുനേരെ യഥേഷ്ടം ആട്ടാനുള്ള ഒരു വാലും, അതേസമയംതന്നെ സാമാന്യ ജനങ്ങള്‍ക്കുനേരെ കുരക്കാനുള്ള ഒരു വായയും ഇതിനെ മാറ്റിനിര്‍മിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് പബ്ളിക് സര്‍വിസ് കമീഷനുകളും സിവില്‍ സര്‍വിസ് പരീക്ഷകളുമൊക്കെ തുടങ്ങിയത്. എന്തുകൊണ്ട് അതൊന്നും ഒരല്‍പംപോലും  ഫലം ചെയ്തില്ളെന്ന് ഇപ്പോള്‍ ഗൗരവത്തില്‍ ആലോചിക്കാം. മനുഷ്യര്‍ ജന്മംകൊണ്ടുതന്നെ മോശക്കാരായതുകൊണ്ടല്ല അതെന്നു നിശ്ചയം. തത്ത്വചിന്തയും ധര്‍മസംഹിതകളും മഹാത്മാക്കളുടെ ജീവിതവുമടക്കം വളരെയേറെ കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചുപഠിച്ച് ഉന്നതവിജയം നേടിയവരാണ് സര്‍ക്കാര്‍ സര്‍വിസിലേക്കു വരുന്ന യുവാക്കള്‍. യൗവനത്തില്‍ സഹജമായുണ്ടാവുന്ന ഐഡിയോളജിയുടെ ഭാഗമായി അഴിമതിയടക്കമുള്ള സാമൂഹിക തിന്മകള്‍ക്കെതിരെ നിലപാടുള്ളവരായിരിക്കും ഒട്ടുമിക്കപേരും. പക്ഷേ, സര്‍വിസിലത്തെി ഏതാനുംനാള്‍ കഴിയുംമുമ്പേ, അല്ളെങ്കില്‍ സര്‍ക്കാര്‍ സര്‍വിസിനെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങുമ്പോള്‍തന്നെ അവരെല്ലാം വ്യവസ്ഥയുടെ ഭാഗമാകുന്നു. ഇടക്കിടെ ഒന്നോ രണ്ടോ ജേക്കബ് തോമസുമാര്‍ മാത്രം ബാക്കിയാവുന്നതുതന്നെ മഹാഭാഗ്യം.

ഈയിടെ ഒരു മലയാളം ന്യൂസ് ചാനല്‍ ജേക്കബ് തോമസിന് അവരുടെ ന്യൂസ്മേക്കര്‍ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ഈ ലേഖകന്‍ സാക്ഷിയായുണ്ടായിരുന്നു. വളരെയേറെ വൈകാരികമായിട്ടാണ് ആ ഉദ്യോഗസ്ഥന്‍ ഓണ്‍ലൈനില്‍ അന്നു പ്രതികരിച്ചത്. അഴിമതിക്കെതിരെ നിലപാടെടുത്തതിന്‍െറ പേരില്‍ ഏറ്റ മുറിവുകളുടെ വേദന വാക്കുകളിലുണ്ടായിരുന്നു. നിരന്തരം പരാജയപ്പെട്ടതിന്‍െറയും അപമാനിക്കപ്പെട്ടതിന്‍െയും രോഷവും. അലക്സാണ്ടര്‍ ജേക്കബ് പറയുന്നത് ശരിയാണ്. ഒന്നാലോചിച്ചാല്‍ ആര്‍ക്കും തോന്നും. ഇത്രയേറെ സഹിച്ച് ഒരു ജീവിതകാലംതന്നെ തുലച്ച് എത്രകാലം അഴിമതിക്കെതിരെ ഒരാള്‍ക്ക് എങ്ങനെ നിലപാടെടുത്ത് പൊരുതിനില്‍ക്കാന്‍ കഴിയും?
അഴിമതികൊണ്ട് പ്രസിദ്ധമായ ഒരു സര്‍ക്കാര്‍ വകുപ്പില്‍ 25 കൊല്ലം പണിയെടുത്ത അനുഭവം ഈ ലേഖകനുണ്ട്.

ഉന്നതതലത്തില്‍ എത്താഞ്ഞതുകൊണ്ട് ‘മുകളില്‍നിന്നുള്ള സമ്മര്‍ദങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, 25 കൊല്ലവും കരുതലോടെയാണ് ഞാനവിടെ ഇരുന്നത്. ഏതു രീതിയിലായിരിക്കും കടന്നാക്രമണമുണ്ടാവുക എന്നറിയില്ലല്ളോ. ആരെങ്കിലുമൊരു കല്യാണക്കത്ത് കൊണ്ടുവന്നാല്‍പോലും അവരെക്കൊണ്ടുതന്നെ കവര്‍ തുറപ്പിച്ച് അതിനകത്ത് പണമില്ളെന്ന് ഉറപ്പുവരുത്തിയിട്ടേ സ്വീകരിച്ചിരുന്നുള്ളൂ. കാരണം, ജേക്കബ് തോമസ് തന്നെ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുള്ളതുപോലെ അഴിമതിക്കാര്‍ അത്രക്ക് ശക്തരും സ്വാധീനമുള്ളവരും തന്ത്രശാലികളുമാണ്. സാധാരണമട്ടിലുള്ള മേലുകീഴുരീതികള്‍പോലും അവരുടെ മുന്നിലുണ്ടാകില്ല. ‘മികച്ചരീതിയില്‍ കൈക്കൂലിവാങ്ങുന്നവന്‍ ശിപായിയാണെങ്കില്‍ അവനായിരിക്കും ഓഫിസും ചിലപ്പോള്‍ വകുപ്പും ഭരിക്കുക’ വകുപ്പുതലവന്മാര്‍പോലും അവനു കീഴടങ്ങി നില്‍ക്കും.

നമ്മുടെ ഇന്ത്യയില്‍ സര്‍ക്കാര്‍ സര്‍വിസില്‍ പ്രത്യേകിച്ച് ചില സവിശേഷ വകുപ്പുകളില്‍ അഴിമതി നടത്തുന്നതല്ല, നടത്താതിരിക്കുന്നതാണ് കുറ്റകരം. അപായകരം എന്നും പറയാം. അത്തരം സ്ഥാപനങ്ങളില്‍ അഴിമതിയെ സംരക്ഷിക്കുന്നതിനുള്ള സായുധസേനയും ധാര്‍മികവ്യവസ്ഥയും നിലനില്‍ക്കുന്നുണ്ടായിരിക്കും. അവിടത്തെ മൂല്യങ്ങള്‍തന്നെ വേറൊന്നാണ്. സത്യമെന്നതിന് പൊതുസമൂഹം കല്‍പിക്കുന്ന അര്‍ഥമല്ല, അല്ളെങ്കില്‍ ശ്രീകണ്ഠേശ്വരം ശബ്ദതാരാവലിയില്‍ നല്‍കിയിട്ടുള്ള അര്‍ഥമല്ല അവിടെയുള്ളത്. അഹിംസക്കും ധര്‍മത്തിനും ചാരവൃത്തിക്കും ഒറ്റിനും കളവിനും തെമ്മാടിത്തത്തിനും എല്ലാം വേറെ അര്‍ഥമുണ്ട്. ചിലപ്പോള്‍ നേര്‍വിപരീതമായ അര്‍ഥം.

എനിക്കുതോന്നുന്നത് അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരില്‍ 50 ശതമാനംപേരെങ്കിലും വകുപ്പുകളിലെയും ഓഫിസുകളിലെയും സാഹചര്യങ്ങളുടെ സമ്മര്‍ദംകൊണ്ടാണ് അങ്ങനെയാകുന്നതെന്നാണ്. അഴിമതിയുടെ ലോകത്ത് അതില്‍പെടാതെ നില്‍ക്കുന്നവന്‍ ഒറ്റുകാരനും ചാരനുമായി കരുതപ്പെടുന്നു. പലപ്പോഴും അവന്‍ മേലുദ്യോഗസ്ഥന്‍െറ നോട്ടപ്പുള്ളിയാവുന്നു. ഇന്‍സ്പെക്ഷന്‍ ഓഡിറ്റിങ്, പ്രതിമാസ അവലോകന യോഗം എന്നിങ്ങനെ അറിയപ്പെടുന്ന സംഗതികള്‍ പലതും അതിന്‍െറ ധര്‍മമല്ല നിര്‍വഹിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. സല്‍ക്കാരങ്ങളും കൈക്കൂലിപ്പണത്തിന്‍െറ പങ്കുവെപ്പും അവിടങ്ങളില്‍ നടക്കുന്നു. ‘കൈക്കൂലിവാങ്ങാത്തവന്‍ എവിടെന്നെടുത്തിട്ട് മേലുദ്യോഗസ്ഥനെ സല്‍ക്കരിക്കാനാണ്’. വകുപ്പു ഭരിക്കുന്ന രാഷ്ട്രീയ കക്ഷിക്ക് അവനെങ്ങനെ വന്‍തുക സംഭാവന നല്‍കും? അപ്പോള്‍ പിന്നെ രണ്ടിലൊന്നേ ചെയ്യാനുള്ളൂ. ‘വ്യവസ്ഥക്കു വിധേയനാവുക’ അല്ളെങ്കില്‍ നിഷ്ക്രിയനാവുക. ഒരു ജോലിയും ചെയ്യാതിരുന്ന് ശമ്പളംവാങ്ങുക എന്ന അഴിമതിക്കും നമ്മുടെ സര്‍ക്കാര്‍ സര്‍വിസില്‍ സ്വീകാര്യതയുണ്ട്.

ഓഫിസുകളില്‍ സി.സി.ടി.വി വെച്ചും ഓണ്‍ലൈന്‍ അപേക്ഷാസംവിധാനം ഏര്‍പ്പെടുത്തിയും ഓട്ടോമേഷന്‍ നടത്തിയും പ്രശ്നംപരിഹരിക്കാന്‍ കഴിയുമോ? ഈ സംവിധാനങ്ങളെല്ലാം നല്ലതുതന്നെ. കാര്യക്ഷമമായി ഉപയോഗിക്കപ്പെട്ടാല്‍ ഫലമുണ്ടാകും. പക്ഷേ, നാളിതുവരെയുള്ള അനുഭവം അത്ര ശുഭാപ്തികരമല്ല. കമ്പ്യൂട്ടറിനെയും അഴിമതി പഠിപ്പിച്ചിരിക്കുന്നു. വേണ്ടത് ജനങ്ങളുടെ സാമൂഹിക ജാഗ്രതയാണ്. സ്വന്തം ആത്മാവുകളെ കാമറപോലെ പ്രവര്‍ത്തിപ്പിക്കാന്‍ അവര്‍ക്കുകഴിയണം. ഒപ്പം അഴിമതിക്കാരല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടുപിടിച്ച് അവരെ വിശ്വാസത്തിലെടുത്ത് ചുമതലയും നേതൃത്വവും ഏല്‍പിക്കണം. വിധിക്കപ്പെട്ട ഏകാന്തതയില്‍നിന്നും അപായകരമായ ജീവിതസാഹചര്യങ്ങളില്‍നിന്നും അവര്‍ക്ക് മോചനം നല്‍കണം.

ഞാന്‍ ഓര്‍ക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ സാഹിത്യരചനക്കുള്ള പലവിധ പുരസ്കാരങ്ങള്‍ ഈ ലേഖകനു ലഭിച്ചിട്ടുണ്ട്. സാഹിത്യ പുരസ്കാരങ്ങള്‍ക്ക് ഒരു കുറവുമില്ലല്ളോ. നമ്മുടെ കേരളത്തില്‍ ഒരെഴുത്തുകാരന് അതിലൊരെണ്ണമോ ഏറെയോ കിട്ടാനല്ല, കിട്ടാതിരിക്കാനാണ് ബുദ്ധിമുട്ട്. അത്തരം ബഹുമതികള്‍ കിട്ടുമ്പോഴൊക്കെ ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു. അഴിമതിയില്ലാതെ കാര്യക്ഷമമായി ജോലിചെയ്യുന്നതിന്‍െറ പേരില്‍ ആരെങ്കിലും ഒരു അവാര്‍ഡ് തന്നിരുന്നെങ്കില്‍ എന്ന്. ഞാന്‍ ചോദിക്കട്ടെ, ജേക്കബ് തോമസിനെപ്പോലെ ഇപ്പോഴും ഇതിനുമുമ്പും എത്രയോ ഉദ്യോഗസ്ഥന്മാരുണ്ടായിരിക്കും? അഴിമതിക്കെതിരായി പൊരുതിനിന്നതിന്‍െറ പേരില്‍ ഒരു ബഹുമതി, പുരസ്കാരം, പോട്ടെ ഒരു സമാശ്വാസ വാക്കെങ്കിലും ഈ കേരളത്തില്‍ ആര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടോ, എന്നെങ്കിലും?

Show Full Article
TAGS:corruption 
Next Story