Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസംവരണം: ചില ‘അവിശുദ്ധ’ ...

സംവരണം: ചില ‘അവിശുദ്ധ’ വര്‍ത്തമാനങ്ങള്‍

text_fields
bookmark_border
സംവരണം: ചില ‘അവിശുദ്ധ’ വര്‍ത്തമാനങ്ങള്‍
cancel

ഇന്ത്യയിലെ സമുന്നത കലാലയമായ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥികളുടെ പ്രവേശവുമായി ബന്ധപ്പെട്ട് ഈയിടെ ചില കണക്കുകള്‍ പുറത്തുവരുകയുണ്ടായി. നേരിട്ട് പിഎച്ച്.ഡിക്ക് പ്രവേശം ലഭിക്കുന്നവരില്‍ പിന്നാക്കവിഭാഗ വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമായി സംവരണം ലഭിക്കുന്നില്ല എന്നുമാത്രമല്ല സ്വാതന്ത്ര്യലബ്ധിയുടെ സപ്തതിയിലേക്ക് നീങ്ങുമ്പോഴും ഇന്ത്യയുടെ ബൗദ്ധിക ഇടങ്ങള്‍പോലും അപകടരമായ ജാതിഭ്രഷ്ടില്‍നിന്ന് മോചിതമായിട്ടില്ല എന്ന് വെളിപ്പെടുത്തുന്നതാണ് പ്രസ്തുത കണക്കുകള്‍. 2015-16 വിന്‍റര്‍ സെമസ്റ്ററില്‍ നേരിട്ട് പിഎച്ച്.ഡിക്ക് 73 വിദ്യാര്‍ഥികള്‍ക്കാണ് ജെ.എന്‍.യു പ്രവേശം നല്‍കിയിരിക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന പ്രകാരം ഇവരില്‍ 11 പേര്‍ പട്ടികജാതിക്കാരും ഏഴുപേര്‍ പട്ടികവര്‍ഗക്കാരും 20 പേര്‍ മറ്റു പിന്നാക്ക വിഭാഗക്കാരുമായിരിക്കണം. എന്നാല്‍, മറ്റു പിന്നാക്ക വിഭാഗത്തില്‍നിന്ന് ആകെ ആറുപേര്‍ക്കാണ് പ്രവേശം നല്‍കിയിരിക്കുന്നത്. അപ്പോഴും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരെ പേരിനൊരു സീറ്റുപോലും നല്‍കാതെ ഭ്രഷ്ട് കല്‍പിച്ച് അകറ്റിനിര്‍ത്തിയിരിക്കുന്നു.

പുരോഗമന ഇടതു രാഷ്ട്രീയം പ്രഭാവം ചെലുത്തുന്നതായി വിശേഷിപ്പിക്കപ്പെടുന്ന ജെ.എന്‍.യുവിലും ഇതൊരു അസാധാരണ സംഭവമല്ളെന്ന് മുന്‍വര്‍ഷങ്ങളിലെയും പ്രവേശത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. 2014-15 വിന്‍റര്‍ സെമസ്റ്ററിലും 22 പ്രോഗ്രാമുകളിലേക്കായി 62 ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കിയപ്പോള്‍ പട്ടികജാതി -വര്‍ഗ വിഭാഗക്കാര്‍ക്ക് ഓരോ സീറ്റ് വീതവും ഇതര പിന്നാക്കക്കാരില്‍ 13 വിദ്യാര്‍ഥികള്‍ക്കുമാണ് പ്രവേശം നല്‍കിയത്. ഭരണഘടനയുടെ സംവരണ നയപ്രകാരം പട്ടികജാതി, പട്ടികവര്‍ഗം, ഇതര പിന്നാക്ക വിഭാഗം തുടങ്ങിയവര്‍ക്ക് യഥാക്രമം ഒമ്പത്, അഞ്ച്, 17 സീറ്റുകള്‍ നല്‍കിയിരിക്കണം. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആനുപാതിക സംവരണം കാറ്റില്‍ പറത്തുന്നതിന്‍െറ കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്.

അധ്യാപക നിയമനത്തിലും ഈ അസന്തുലിതത്വം കാണാനാകും. അക്കാദമിക മേഖലയിലെ ബൗദ്ധികാധിപത്യം സവര്‍ണ ഇന്ത്യയുടെ കുത്തകയാണെന്ന ബ്രാഹ്മണവിശ്വാസത്തെ അടിവരയിടുന്നതാണ് പ്രസ്തുത രംഗം. ഒരു ദശാബ്ദത്തിനുമുമ്പ് മാത്രം നടന്ന സംഭവമാണ്. 30 ഫാക്കല്‍റ്റികള്‍ അടങ്ങുന്ന ഒരു സംഘം പ്രഫസര്‍മാരുടെയും അസിസ്റ്റന്‍റ്, അസോസിയേറ്റ് പ്രഫസര്‍മാരുടെയും കാര്യത്തിലെ പട്ടികജാതി, പട്ടികവര്‍ഗ, ഇതര പിന്നാക്ക വിഭാഗത്തിന് നല്‍കിയ സംവരണം പുനരാലോചന നടത്തണമെന്നാവശ്യപ്പെട്ട് ജെ.എന്‍.യു എക്സിക്യൂട്ടിവ് കൗണ്‍സിലിനൊരു കത്തയക്കുന്നു. ആ കത്തില്‍ പറയുന്നതിങ്ങനെ: ‘അസി. പ്രഫസര്‍മാര്‍ക്ക് മുകളിലുള്ള നിയമനത്തില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം ജെ.എന്‍.യു എന്ന സുപ്രധാന സ്ഥാപനത്തിന്‍െറ ഭാവി വിദ്യാഭ്യാസ രംഗത്ത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.’ വൈസ് ചാന്‍സലറായിരുന്ന വൈ.കെ. അലഗും ജെ.എന്‍.യുവില്‍ പ്രഫസര്‍മാരായിരുന്ന, രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ടി.കെ. ഉമ്മനും ഇടത് ചിന്തകനും നാഷനല്‍ ബുക് ട്രസ്റ്റ് ചെയര്‍മാനുമായിരുന്ന ബിപിന്‍ ചന്ദ്രയും ഉള്‍പ്പെടുന്ന മറ്റൊരു സംഘം ജെ.എന്‍.യു വൈസ് ചാന്‍സലര്‍ക്ക് ഒരു കത്ത് കൈമാറി.

‘ജെ.എന്‍.യുവിന്‍െറ വിശിഷ്ട പദവി നിലനിര്‍ത്തുന്നതിന് പ്രതികൂലമായ നടപടികള്‍ (സംവരണം മൂലം അസോസിയേറ്റ്, സീനിയര്‍ പ്രഫസര്‍ പദവികളില്‍ കഴിവുള്ള ആളുകള്‍ തഴയപ്പെടുന്നു) സ്വീകരിക്കുന്നതുമൂലം ഇരയാക്കപ്പെടുന്നത് ഇന്ത്യന്‍ സമൂഹത്തിലെ പാവപ്പെട്ടവരും പിന്നാക്കക്കാരുമായിരിക്കും. ജെ.എന്‍.യു ഈ നിര്‍ദേശം തള്ളിക്കളയുകയാണെങ്കില്‍ കഴിവുള്ളവര്‍ വിദേശ സര്‍വകലാശാലകളിലേക്കും സ്വകാര്യ സര്‍വകലാശാലകളിലേക്കും ചേക്കേറും. അങ്ങനെ ജെ.എന്‍.യു ഇതുവരെ നല്‍കിവന്ന ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം സമൂഹത്തിലെ പിന്നാക്കക്കാര്‍ക്ക് നല്‍കാന്‍ കഴിയാതെവരുന്നു.’
25 തികയുന്ന മണ്ഡല്‍ കമീഷന്‍
1979 ജനുവരി ഒന്നിനാണ് പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ബി.പി. മണ്ഡലിനെ രണ്ടാം ഇതര പിന്നാക്ക വിഭാഗ കമീഷന്‍െറ ചെയര്‍മാനായി നിയോഗിക്കുന്നത്. രണ്ടുവര്‍ഷത്തിനുശേഷം മണ്ഡല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശേഷം ഭരണത്തിലേറിയ ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലശേഷം വി.പി. സിങ് ആണ് 10 വര്‍ഷം മുമ്പ് സമര്‍പ്പിച്ച മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ പാസാക്കുന്നത്. ഇതര പിന്നാക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന ഈ റിപ്പോര്‍ട്ടിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങള്‍ അലയടിച്ചു. എന്നാല്‍, റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ വി.പി. സിങ്ങിന്‍െറ സര്‍ക്കാര്‍ തയാറായിരുന്നില്ല. മൂന്നു വര്‍ഷത്തിനുശേഷം 1993ല്‍ കേന്ദ്രസര്‍ക്കാര്‍ ഇതരപിന്നാക്ക വിഭാഗക്കാര്‍ക്കുള്ള 27 ശതമാനം സംവരണം നടപ്പില്‍വരുത്തിയെങ്കിലും 2007ലാണ് കേന്ദ്ര സര്‍വകലാശാലകളിലെ അധ്യാപക നിയമനത്തില്‍ ഇത് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍, വര്‍ഷങ്ങളായി തുടരുന്ന സംവരണ അസന്തുലിതത്വം പരിഹരിക്കാന്‍ വേണ്ട കാര്യമാത്ര ശ്രമങ്ങള്‍ ഉണ്ടായില്ല എന്നുതന്നെ പറയേണ്ടിവരും.

അസോസിയേറ്റ് പ്രഫസര്‍, പ്രഫസര്‍ തുടങ്ങിയ തസ്തികകളിലേക്ക് ഇതര പിന്നാക്ക വിഭാഗക്കാര്‍ക്ക് നല്‍കപ്പെട്ട സംവരണത്തിന് തടയിടാനുള്ള എല്ലാ ശ്രമങ്ങളും അധീശ ബ്രാഹ്മണവിഭാഗത്തിന്‍െറ ഭാഗത്തുനിന്നുണ്ടായി. അക്കാദമിക അധികാരശ്രേണിയിലേക്കുയര്‍ന്ന് ഇതര പിന്നാക്കക്കാര്‍ തീരുമാനാധികാരസമിതിയിലേക്ക് വരുന്നതിനെ അവര്‍ ഭയപ്പെട്ടിരുന്നു. അസോസിയേറ്റ് പ്രഫസര്‍, പ്രഫസര്‍ തുടങ്ങിയ തസ്തികകളിലേക്ക് മാത്രമല്ല അസി. പ്രഫസറുടെ തസ്തികകളിലേക്കുള്ള നിയമനത്തിലും സംവരണം നടപ്പാക്കാന്‍ കേന്ദ്ര സര്‍വകലാശാലകള്‍ പൊതുവില്‍ അപകടകരമായ അശ്രദ്ധപുലര്‍ത്തിയതായി കാണാം. പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കുള്ള സംവരണം എന്നും ഭരണഘടനയുടെ ഭാഗമായിരുന്നെങ്കിലും 1990ല്‍ മാത്രമാണ് കേന്ദ്ര സര്‍വകലാശാലകള്‍ ഇത് പ്രയോഗത്തില്‍ കൊണ്ടുവരുന്നത്.

എല്ലാ അധ്യാപക തസ്തികകളിലും ഇതു നടപ്പാക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രസര്‍വകലാശാലയായ ഡല്‍ഹി യൂനിവേഴ്സിറ്റിക്ക് 2013 വരെ കാത്തിരിക്കേണ്ടിവന്നു. പോണ്ടിച്ചേരി സര്‍വകലാശാലയും ജെ.എന്‍.യുവും 1994 മുതല്‍ അനധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിലുള്ള സംവരണം ആരംഭിച്ചെങ്കിലും 2007ല്‍ മാത്രമാണ് അധ്യാപക തസ്തികകളിലേക്ക് സംവരണം നടപ്പില്‍വരുത്തുന്നത്. അധ്യാപക തസ്തികയിലേക്ക് മാത്രമായുള്ള സംവരണം വൈകിക്കാനുള്ള തക്കതായ കാരണമുണ്ടായിരുന്നില്ല. 2007ല്‍ യു.ജി.സി ഒ.ബി.സി സംവരണം നടപ്പില്‍വരുത്തുമ്പോള്‍ തീരുമാനമെടുക്കാന്‍ 14 വര്‍ഷം വൈകിയതിനുള്ള നഷ്ടപരിഹാരവും ആരും ഉന്നയിച്ചുകണ്ടില്ല. 1993 മുതല്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ അസി. പ്രഫസര്‍ തസ്തികയിലേക്ക് 270 ഒഴിവുണ്ടായിരുന്നു. അന്ന് ഒ.ബി.സി സംവരണം പ്രാബല്യത്തില്‍ വന്നിരുന്നെങ്കില്‍ പിന്നാക്കവിഭാക്കാരില്‍നിന്ന് ഇന്ന് ആ തസ്തികകളില്‍ 70 പേരുണ്ടാകുമായിരുന്നു.

പ്രസ്തുത തസ്തികകളിലേക്ക് ഇനി സംവരണം പ്രാബല്യത്തില്‍ വരണമെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ ഒഴിഞ്ഞുപോവുകയോ വിരമിക്കുകയോ വേണം. അന്ന് പ്രവേശം ലഭിച്ചവര്‍ വിരമിക്കാന്‍ ഇനി 40 വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരും. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പ്രവേശം മെറിറ്റടിസ്ഥാനത്തിലേക്ക് മാറ്റാന്‍ വേണ്ട നടപടികളാരംഭിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍, തീവ്രവലതുപക്ഷം കേന്ദ്രം ഭരിക്കുമ്പോള്‍ ഇതര പിന്നാക്കവിഭാഗത്തിന് 40 വര്‍ഷങ്ങള്‍ക്കുശേഷവും എന്ത് ലഭിക്കാന്‍ പോകുന്നുവെന്നത് ചോദ്യചിഹ്നം മാത്രമാണ്.
(ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)

Show Full Article
TAGS:jnu delhi 
Next Story