പാതവെട്ടിയത് ജനഹൃദയങ്ങളിലേക്ക്

സാംസ്കാരിക നഗരത്തിന്‍െറ വ്യത്യസ്ത മണ്ഡലങ്ങളില്‍ തനത് വ്യക്തിത്വത്തോടെ നിറഞ്ഞുനിന്ന  അപൂര്‍വ വ്യക്തിയായിരുന്നു റഹീം സാഹിബ്. അനുകരണീയമായ മാതൃക അവശേഷിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്. നിര്‍ധന കുടുംബത്തില്‍ പിറന്ന  അദ്ദേഹത്തിന് സഹജീവികളുടെ പ്രയാസം തൊട്ടറിയാന്‍ സാധിച്ചിരുന്നു. അത് പരിഹരിക്കാന്‍ ആവോളം ശ്രമിക്കുകയും ചെയ്തു. അതിന്‍െറ ഭാഗമായി ചെയ്ത സേവനത്തിന്‍െറ ഒട്ടേറെ മാതൃകകള്‍ പ്രവര്‍ത്തന നാള്‍വഴി ചികഞ്ഞാല്‍ കണ്ടത്തൊനാകും.

പാലക്കാട്, മലപ്പുറം ജില്ലകള്‍ ചികിത്സക്ക് തൃശൂരിനെ ആശ്രയിച്ചിരുന്ന കാലത്ത് ആശുപത്രികളിലത്തെുന്ന നിര്‍ധന രോഗികളെ സഹായിക്കാനും ആശ്വസിപ്പിക്കാനും അദ്ദേഹം രൂപംനല്‍കിയ ആതുരശുശ്രൂഷാ സമിതി ഇപ്പോഴും നിലവിലുണ്ട്. രക്തദാന ഫോറമാണ് ജനസേവന പ്രവര്‍ത്തനങ്ങളിലെ മറ്റൊരു സംരംഭം. തന്‍െറ ആദ്യകാല പ്രവര്‍ത്തനകേന്ദ്രമായിരുന്ന കാജാ സ്റ്റോഴ്സിലേക്ക് ജില്ലക്കകത്തുനിന്നും പുറത്തുനിന്നും രോഗികള്‍ക്ക് രക്തം ആവശ്യമായിവരുമ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ തേടിയത്തെുമായിരുന്നു. അനാഥ മയ്യിത്ത് പരിപാലന സംഘം രൂപവത്കരിച്ച് പ്രവര്‍ത്തിച്ചിരുന്നത് മറ്റൊരു ഉദാഹരണം.
50 വര്‍ഷം മുമ്പ് കേവലമായ സംഖ്യ സ്വരൂപിച്ച് തുടങ്ങിയ സംഘടിത സകാത് സംഭരണ വിതരണ സംവിധാനം കേരളത്തിനുതന്നെ മാതൃകയായി. കടുത്ത എതിര്‍പ്പുകളിലൂടെ വളര്‍ന്ന് പൊതു അംഗീകാരം നേടിയ സകാത് കമ്മിറ്റിയെ അനുകരിച്ച് ഇന്ന് മറ്റു മൂന്ന് സംഘടിത സകാത് വിതരണ സംവിധാനങ്ങള്‍ തൃശൂരില്‍ പ്രവര്‍ത്തിക്കുന്നു.

അനാഥകള്‍ക്കൊപ്പം വയോധികരെയും ഭിന്നശേഷിയുള്ളവരെയും ശാരീരിക വൈകല്യമുള്ളവരെയും ഏറ്റെടുത്ത് സംരക്ഷിച്ചുകൊണ്ട് അനാഥ സംരക്ഷണമേഖലയിലും അദ്ദേഹം മാതൃക സൃഷ്ടിച്ചു. തൃശൂര്‍ നഗരത്തില്‍നിന്ന് സമീപത്തെ കാളത്തോട് സ്ഥാപിച്ച വി.എം.വി ഓര്‍ഫനേജ് ഇത്തരക്കാര്‍ക്ക്  ‘തണല്‍’ ആയി. വി.എം. വീരാവു സാഹിബും സഹധര്‍മിണി ഐശ സാഹിബയും വഖഫ് ചെയ്ത വീടും സ്ഥലവുമാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. നഴ്സറി മുതല്‍ പി.ജി വരെ പഠിക്കുന്ന അനാഥരും പാവപ്പെട്ടവരുമായ വിവിധ മതത്തില്‍പെട്ട വിദ്യാര്‍ഥിനികള്‍ അവിടെയുണ്ട്.

സാമൂഹിക ഇടപെടലുകളില്‍ പുതിയ മാനം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കൂര്‍ക്കഞ്ചേരിയിലും പരിസരത്തും  ജില്ലയിലെ  വിവിധയിടങ്ങളിലും മതസൗഹാര്‍ദ വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. തൃശൂര്‍ അതിരൂപതയുമായി നല്ലബന്ധം നിലനിര്‍ത്തി. സഹായ മെത്രാന്‍ ഫാ. റാഫേല്‍ തട്ടില്‍, കല്‍ദായ സഭയുടെ അധ്യക്ഷന്‍ ഡോ. മാര്‍ അപ്രേം, ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട് എന്നിവരുമായും തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് പ്രഫ. മാധവന്‍കുട്ടി തുടങ്ങി സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരുമായും സൗഹൃദം നിലനിര്‍ത്തി.

ഉദ്യോഗസ്ഥരെയും കച്ചവടക്കാരെയും പൗരപ്രമുഖരെയും ലക്ഷ്യംവെച്ച് 50 കൊല്ലം മുമ്പ് രൂപവത്കരിച്ച ഫ്രൈഡേ ക്ളബ് ഈ മേഖലയില്‍ കേരളത്തിലെ ആദ്യ സംരംഭമായിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് തൃശൂര്‍ ഫ്രൈഡേ ക്ളബിന്‍െറ കീഴില്‍ സ്ഥാപിച്ചതാണ് കലക്ടറേറ്റിനു മുന്നിലുള്ള ജുമാമസ്ജിദ്.  നീണ്ടകാലം കൂര്‍ക്കഞ്ചേരി പള്ളി സെക്രട്ടറിയായിരുന്നു. ഏത് സങ്കീര്‍ണ പ്രശ്നങ്ങളെയും ലളിതമായി കുരുക്കഴിക്കാനുള്ള പാടവമാണ് റഹീം സാഹിബിന്‍െറ പ്രധാന സവിശേഷത. കൊച്ചുകുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്‍െറ ക്ളാസുകള്‍. ചിന്തോദ്ദീപകമായ പ്രഭാഷണങ്ങള്‍വഴി ജനമനസ്സുകളിലേക്കാണ് അദ്ദേഹം പാതവെട്ടിയത്.

Loading...
COMMENTS