Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആത്മഹത്യകള്‍ എന്ന...

ആത്മഹത്യകള്‍ എന്ന കൂട്ടക്കുരുതികള്‍

text_fields
bookmark_border
ആത്മഹത്യകള്‍  എന്ന കൂട്ടക്കുരുതികള്‍
cancel

നാട്ടില്‍ പിടിച്ചുനില്‍ക്കാനാവാത്ത വിധം കടം പെരുകി. എങ്ങനെ ശ്രമിച്ചാലും ഈ ജന്മത്തില്‍ ഞങ്ങളെക്കൊണ്ട് ഈ കടങ്ങള്‍ വീട്ടാനാവില്ല. ആരെയും ബുദ്ധിമുട്ടിക്കാതെ ഞങ്ങള്‍ പോകുന്നു. മക്കള്‍ ആര്‍ക്കും ഭാരമാകാതിരിക്കാന്‍ അവരെയും കൂടെക്കൂട്ടുന്നു- കേരളത്തില്‍ നടന്ന ഒരു കൂട്ട ആത്മഹത്യയിലെ രക്ഷിതാവ് അവസാനം എഴുതിവെച്ച കത്തിലെ വരികളാണിത്. ഒറ്റനോട്ടത്തില്‍ നമുക്ക് അനുകമ്പതോന്നുമെങ്കിലും അതിക്രൂരമായ ഒരു കൊലപാതകത്തിന്‍െറ ബാക്കിപത്രമാണത്. കൂട്ട ആത്മഹത്യകള്‍ക്ക് വിധേയമാകുന്ന പല കുടുംബങ്ങളിലെയും കുട്ടികള്‍ ആ വിവരം അറിയുന്നുണ്ടാകില്ല. പലപ്പോഴും മാതാപിതാക്കള്‍ തീരുമാനിച്ച്  കുട്ടികളെ അതിലേക്ക് വലിച്ചിഴക്കുകയാണ് പതിവ്. ഏറ്റവുമൊടുവില്‍ 2015 നവംബറില്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ കുട്ടിയുടെ ശരീരത്തിലൂടെ കേബ്ള്‍ ചുറ്റി വൈദ്യുതി കടത്തിവിട്ടാണ് ആറുവയസ്സുകാരനെ മാതാപിതാക്കള്‍ വകവരുത്തിയത്. ശേഷം അവര്‍ ആത്മഹത്യ ചെയ്തു.

ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ എറണാകുളം സ്വദേശിനി വെണ്ടുരുത്തി പാലത്തില്‍നിന്നും ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി പുഴയിലേക്ക് ചാടി. അവിടെയുണ്ടായിരുന്ന നേവി ഉദ്യോഗസ്ഥന്‍ ഉടന്‍ പുഴയില്‍ചാടി യുവതിയെ രക്ഷിച്ചെങ്കിലും കുഞ്ഞ് മരിച്ചു. രക്ഷിക്കാനിറങ്ങിയ നേവിയിലെ പാലക്കാട്ടുകാരനായ യുവ ഉദ്യോഗസ്ഥനെ പുഴയില്‍ കാണാതായി. ഇതുവരെ അദ്ദേഹത്തെക്കുറിച്ച് ഒരുവിവരവും കിട്ടിയിട്ടില്ല. കുടുംബ ആത്മഹത്യയിലൂടെ ആയിരക്കണക്കിന് കുട്ടികള്‍ക്കാണ് ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബ ആത്മഹത്യകളില്‍ കൊല്ലപ്പെടുന്ന കുട്ടികളെ സംബന്ധിച്ച് ഒരു ഏജന്‍സിയുടെ കൈവശവും കൃത്യമായ കണക്കില്ല. അധികൃതര്‍ വിഷയം വേണ്ട ഗൗരവത്തില്‍ കാണുന്നില്ളെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

പല കൂട്ട ആത്മഹത്യകളിലും മാതാപിതാക്കള്‍ രക്ഷപ്പെട്ട് കുട്ടികള്‍ മരിക്കുന്നതും പതിവാണ്. എന്നാല്‍, രക്ഷപ്പെട്ട രക്ഷിതാക്കള്‍ക്ക് വേണ്ടത്ര ശിക്ഷ കിട്ടാറുമില്ല.
സംരക്ഷിക്കേണ്ട കൈ അന്തകനായി മാറുന്ന കാഴ്ചയാണ് കുടുംബ ആത്മഹത്യകളില്‍ കാണാനാവുക. കൊലചെയ്യുന്ന രക്ഷിതാക്കള്‍തന്നെ പിന്നീട് സമൂഹത്തിന്‍െറ സഹതാപം പിടിച്ചുപറ്റുന്ന അവസ്ഥയും വിരളമല്ല. മക്കളുമായി പുഴയില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ച് മക്കള്‍ കൊല്ലപ്പെടുകയും അമ്മമാര്‍ രക്ഷപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നു. നിസ്സാര കുടുംബപ്രശ്നത്തിന്‍െറ പേരില്‍വരെ പിഞ്ചുമക്കളെ കൊലക്കു കൊടുക്കുന്നവരുടെ എണ്ണവും സമൂഹത്തില്‍ കൂടിവരുകയാണ്. ഭര്‍ത്താവിനോട് പിണങ്ങി എട്ടുംപൊട്ടും തിരിയാത്ത മക്കളുമായി ആത്മഹത്യക്കുശ്രമിക്കുന്നവര്‍ ഭൂമിയില്‍ ജീവിക്കാനുള്ള കുരുന്നുകളുടെ അവകാശത്തെയാണ് ഇല്ലാതാക്കുന്നത്.
പിറവിക്കരച്ചില്‍ ഒടുങ്ങുംമുമ്പേ
അവിഹിതബന്ധത്തില്‍ പിറന്ന കുഞ്ഞുങ്ങളാണ് കൊലക്കത്തിക്ക് ഇരയാവുന്നതില്‍ അധികവും. ഗര്‍ഭത്തില്‍വെച്ചുതന്നെ തുടങ്ങുന്നു ഇവരോടുള്ള ക്രൂരത. അവിവാഹിതരായ അമ്മമാരാണ് ഇത്തരത്തിലെ കൊലയാളികളില്‍ അധികവും. പ്രസവിച്ചയുടനെ കുഞ്ഞിനെ കൊന്ന് കാനയില്‍ തള്ളുന്നവരുടെ നാടായി കേരളം മാറിയിട്ടുണ്ട്. അവിവാഹിതരായ അനേകം പെണ്‍കുട്ടികളാണ് ഗര്‍ഭം അലസിപ്പിക്കാന്‍ സമീപിക്കുന്നതെന്ന് എറണാകുളത്തെ പ്രമുഖ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് പറയുന്നു. അതുവരെ സഹജീവിതം നയിച്ചവന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് മുങ്ങുന്നതാണ് പല സ്ത്രീകളും കുഞ്ഞുങ്ങളോട് ക്രൂരത കാട്ടാന്‍ മുതിരുന്നതിന് കാരണം. സര്‍ക്കാര്‍ മുക്കിനുമുക്കിന് കുട്ടികളെ ഉപേക്ഷിക്കാന്‍ അമ്മത്തൊട്ടില്‍ സൗകര്യം ഒരുക്കിയിട്ടും അവസ്ഥക്ക് മാറ്റമില്ല. പ്രസവിച്ചയുടന്‍ കുട്ടികളെ കൊല്ലാനും ചിലര്‍ മടികാട്ടാറില്ല. അടുത്തിടെയാണ് കോട്ടയത്ത് പ്രസവിച്ചശേഷം ശ്വാസംമുട്ടിച്ച് കൊന്ന കുട്ടിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബിഗ്ഷോപ്പറില്‍ കണ്ടത്തെിയത്. കാനകളില്‍നിന്നും പുഴയില്‍നിന്നും മാലിന്യക്കൂമ്പാരത്തില്‍നിന്നുമൊക്കെ ഇങ്ങനെ നിരവധി കുഞ്ഞുങ്ങളുടെ ശവം ലഭിച്ചുകൊണ്ടിരിക്കുന്നു.

അടുത്തിടെ ആലപ്പുഴയില്‍ ഒരു ഓഡിറ്റോറിയത്തിന്‍െറ ഉദ്ഘാടനത്തോടനുബന്ധിച്ച് നിര്‍ധനരായ മൂന്ന് യുവതികളുടെ വിവാഹവും ഓഡിറ്റോറിയം ഉടമ നടത്തിക്കൊടുത്തു. 50,000 രൂപയും പത്ത് പവന്‍ സ്വര്‍ണവുമാണ് ഇവര്‍ക്ക് സമ്മാനമായി നല്‍കിയത്. ഉത്തമജീവിതം കാഴ്ചവെച്ചാല്‍ യുവദമ്പതികള്‍ക്ക് വിദേശയാത്ര ഉള്‍പ്പെടെ നിരവധി സമ്മാന ഓഫറുകളുമുണ്ടായിരുന്നു. അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂര്‍ വരെ പങ്കെടുത്ത പരിപാടി. വിവാഹത്തില്‍ പങ്കെടുത്തവര്‍ തിരികെ വീട്ടിലത്തെുന്നതിന് മുമ്പുതന്നെ ആ ഇരട്ട കൊലപാതക വാര്‍ത്തയത്തെി. ഉച്ചക്ക് മണവാട്ടിയായി മണ്ഡപത്തില്‍ അണിഞ്ഞൊരുങ്ങിയിരുന്ന വിജിഷ എന്ന യുവതി വൈകീട്ട് താന്‍ പ്രസവിച്ച ഇരട്ടക്കുട്ടികളുടെ ഘാതകയാവുകയായിരുന്നു. കോട്ടയം, കോലാഹലമേട് നിരപ്പേല്‍ പ്രവീണിന്‍െറ ഭാര്യ വിജീഷയാണ് (22) ഇരട്ടക്കുട്ടികളെ പ്രസവിച്ചയുടന്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയത്. ഭര്‍തൃവീട്ടിലായിരുന്നു പ്രസവവും കൊലപാതകവും. സമൂഹവിവാഹ ദിവസമായിരുന്നു ഇരുവരും താലികെട്ടിയത്.

സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തിരുന്ന തിരുവല്ല സ്വദേശിയായ വിജീഷയും പ്രവീണും ഒരുവര്‍ഷമായി ഒരുമിച്ചായിരുന്നു താമസം. കുട്ടികള്‍ വേണ്ടെന്ന പ്രവീണിന്‍െറ  തീരുമാനത്തിനു വിരുദ്ധമായി ഗര്‍ഭംധരിച്ചതാണ് കുട്ടികളെ കൊലപ്പെടുത്താന്‍ കാരണമെന്ന് വിജീഷ പീരുമേട് എസ്.ഐക്ക് മൊഴിനല്‍കി. എന്നാല്‍, വിവാഹസമ്മാനം ലഭിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പിന്നീട് തെളിഞ്ഞു. വിവാഹദിവസം വൈകീട്ടുതന്നെ കോലാഹലമേട്ടില്‍ പ്രവീണിന്‍െറ വീട്ടില്‍ നവദമ്പതികളത്തെി. അവിടെവെച്ചാണു വിജീഷ പ്രസവിച്ചത്. അബോര്‍ഷനായെന്നും രക്തസ്രാവം നില്‍ക്കുന്നില്ളെന്നും പറഞ്ഞ് രാത്രി 11.55നാണ് ഭര്‍ത്താവ് പ്രവീണിനും പ്രവീണിന്‍െറ അമ്മക്കുമൊപ്പം വിജീഷ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിയത്. പ്രസവത്തത്തെുടര്‍ന്നുള്ള രക്തസ്രാവമാണെന്നു പരിശോധനയില്‍ കണ്ടത്തെി. 

പരിശോധനയില്‍ പൂര്‍ണ വളര്‍ച്ചയത്തെിയ കുട്ടികളെയാണു പ്രസവിച്ചതെന്നു വ്യക്തമായി. പ്രസവവും കുട്ടികളെ കൊലപ്പെടുത്തിയ കാര്യവും വിജീഷ സമ്മതിച്ചു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ ഒരുദിവസം പ്രായമായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടത്തെി. കുട്ടികളുണ്ടായ വിവരം ഭര്‍തൃവീട്ടുകാര്‍ അറിയാതിരിക്കാനാണു വിജീഷ പ്രസവിച്ചയുടന്‍ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയത്.
മാനസിക പിരിമുറുക്കവും വീട്ടിലെ അസ്വസ്ഥ അന്തരീക്ഷവും കാരണം ആത്മഹത്യചെയ്യുന്ന കുട്ടികളുടെ എണ്ണവും കേരളത്തില്‍ കുറവല്ല. വൃദ്ധരായ മാതാപിതാക്കള്‍ തഴയപ്പെടുന്നതും വീട്ടില്‍നിന്നും പുറന്തള്ളപ്പെടുന്നതുമാണ് പലപ്പോഴും വാര്‍ത്തയാകുന്നത്. എന്നാല്‍, വൃദ്ധരേക്കാള്‍ കൂടുതല്‍ വീടുകളില്‍ ദുരിതമനുഭവിക്കുന്നത് ഇന്ന് കുഞ്ഞുങ്ങളാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.                                                         

(തുടരും)

Show Full Article
TAGS:nizar puthumana 
Next Story