Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭീഷണികള്‍ക്കുമുന്നില്‍ ...

ഭീഷണികള്‍ക്കുമുന്നില്‍ മൗനം വിപത്കരം

text_fields
bookmark_border
ഭീഷണികള്‍ക്കുമുന്നില്‍ മൗനം വിപത്കരം
cancel

മഹത്തായ പാരമ്പര്യവും മഹാമനസ്കതയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രമാണ് ഇന്ത്യ. വ്യത്യസ്ത ജാതി-മത വിഭാഗങ്ങള്‍ പരസ്പരം സ്നേഹാദരങ്ങളോടെ കഴിയുന്നുവെന്നതാണ് നമ്മുടെ നാടിന്‍െറ സവിശേഷത. ആഭ്യന്തരപ്രശ്നങ്ങള്‍ കാരണം ഇതര സാമ്രാജ്യങ്ങള്‍ തകര്‍ന്ന് തരിപ്പണമായപ്പോള്‍ ഇന്ത്യ തകര്‍ന്നില്ളെന്നുമാത്രമല്ല , ഇന്നുവരെ അന്തസ്സോടെ നിലനില്‍ക്കുന്നത് ഈ മഹത്ഗുണം കാരണമായിമാത്രമാണ്. ഇതിന്‍െറ അടിസ്ഥാനത്തില്‍ തന്നെയാണ് രാജ്യം വിദേശ അടിമത്തത്തില്‍നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചതും. സര്‍വരെയും ഉള്‍ക്കൊള്ളുകയും സ്നേഹിക്കുകയും ചെയ്ത രാജ്യത്തിന്‍െറ സവിശേഷ പാരമ്പര്യം നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെയാണ് ഭരണഘടന രൂപപ്പെടുത്തിയതും.

എന്നാല്‍, രാജ്യത്തിന്‍െറ സമാധാനവും സ്വാസ്ഥ്യവും തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനകള്‍ വിവിധയിടങ്ങളില്‍ അരങ്ങേറുന്നു. ശരിയായ സനാതന ധര്‍മത്തെയോ ഉന്നതരായ മുന്‍ഗാമികളുടെ സാഹോദര്യ മാതൃകകളെയോ സ്വീകരിക്കാതെ ഹിന്ദുമതത്തിന്‍െറ ബാഹ്യമായ ചില കാര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചാണ് രാജ്യത്തെ ഭിന്നിപ്പിക്കാനും ശിഥിലീകരിക്കാനുമുള്ള ശ്രമങ്ങള്‍. അധികാരവും സമ്പത്തും ലക്ഷ്യമിട്ട് ഹൈന്ദവ ഗ്രൂപ്പുകളുടെ ഐക്യത്തിന് ആഹ്വാനംചെയ്യുകയും മറ്റു മതവിഭാഗങ്ങളെ ഇല്ലാതാക്കാന്‍ ഗൂഢമായി പരിശ്രമിക്കുകയും ചെയ്യുന്ന ദുരവസ്ഥ രാജ്യത്ത് ശക്തി പ്രാപിക്കുന്നു. സമ്പത്തും അധികാരവും നേടാന്‍ ന്യായമായ മാര്‍ഗങ്ങളുണ്ടായിരിക്കെ ധ്രുവീകരിക്കുന്ന കുറുക്കുവഴി സ്വീകരിക്കുന്നത് ഹീനവും അപലപനീയവുമാണ്.

മുഴുവന്‍ പൗരന്മാരുടെ പ്രതിനിധികളും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരും ഈ വിഷയത്തില്‍ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകളും അണികള്‍ അസഹിഷ്ണുതയോടെ അഴിച്ചുവിടുന്ന അതിക്രമങ്ങളും രാജ്യസ്നേഹികളായ ഓരോ പൗരന്മാരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. നിസ്സാരമായ പ്രശ്നങ്ങളുടെ പേരില്‍ കൊലകളും കൊള്ളകളും കലാപങ്ങളും കത്തിപ്പടരാന്‍ സാധ്യതയുള്ള അവസ്ഥ സംജാതമായിരിക്കുന്നു.  മതേതരത്വം, ജനാധിപത്യം, അഹിംസ എന്നീ മഹനീയ സ്തംഭങ്ങളില്‍ പടുത്തുയര്‍ത്തിയ നമ്മുടെ മഹത്തായ ഭരണഘടനപോലും ഇടക്കിടെ ചോദ്യംചെയ്യപ്പെടുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, മുന്‍ഗാമികളായ മഹത്തുക്കളെ വര്‍ഗീയവാദികളായി ചിത്രീകരിക്കുകയും ദുഷിച്ച ലക്ഷ്യങ്ങള്‍ക്കായി അവരുടെ നാമങ്ങള്‍ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു.
സര്‍വമത സമ്മേളനം
മഹത്തായ പാരമ്പര്യങ്ങള്‍ നിറഞ്ഞ ഇന്ത്യയെ സ്നേഹിക്കുകയും പൗരാണിക മൂല്യങ്ങളുമായി രാഷ്ട്രം വികസന പുരോഗതി പ്രാപിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന യഥാര്‍ഥ രാജ്യസ്നേഹികളായ ആര്‍ക്കും ഇത്തരം അവസ്ഥയില്‍ നിശബ്ദരാകാന്‍ സാധ്യമല്ല. ഈ സാഹചര്യത്തിലാണ്  ഇന്ത്യന്‍ മുസ്ലിംകളുടെ സംയുക്തവേദിയായ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞമാസം ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച സര്‍വ മതവിഭാഗങ്ങളുടെയും സംയുക്ത സമ്മേളനം പൗരന്മാരോട് ചില ആഹ്വാനങ്ങള്‍ നടത്തിയത്. നീതി, അവകാശ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ലക്ഷ്യമാക്കിയാണ് ഇത് വിളിച്ചുചേര്‍ത്തത്. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ കടുത്തഭീഷണി നേരിടുകയാണ്.  ഭരണഘടനയിലൂടെ ഇന്ത്യയിലെ ഓരോ പൗരനും മതം, ജാതി, ഭാഷ, ലിംഗം, സമുദായം എന്നീ കാര്യങ്ങളുടെ ഒരു വ്യത്യാസവുമില്ലാതെ സുരക്ഷയും അവസരവും ലഭിക്കുമെന്ന് പ്രഖ്യാപിക്കുന്നു.  മതം, വിശ്വാസം, ആരാധന എന്നിവയുടെ സ്വാതന്ത്ര്യവും വാഗ്ദാനംചെയ്യുന്നു. ശാന്തിയും സമാധാനവും ഉറപ്പുനല്‍കുന്നു.  വിശിഷ്യാ ദരിദ്രരും പ്രാന്തവത്കരിക്കപ്പെട്ടവരും മര്‍ദിതരുമായ വിഭാഗങ്ങളുടെ പുരോഗതി നിര്‍ദേശിക്കുന്നു. രാഷ്ട്രം മതേതരമായിരിക്കുമെന്ന് പ്രാധാന്യത്തോടെ പ്രഖ്യാപിക്കുന്നു.  

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങളെയും കീഴാള വിഭാഗങ്ങളെയും കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്യുന്ന അവസ്ഥ നിന്ദ്യവും ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തോടുള്ള പരിഹാസവുമാണ്. ഈ സാഹചര്യത്തിലാണ് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ സര്‍വമത സമ്മേളനം സംഘടിപ്പിച്ചത്.

ഭരണകൂടത്തിന് ഭരണവിഷയത്തില്‍ ഒരുമതം ഉണ്ടായിരിക്കുന്നതല്ളെന്നും ഏതെങ്കിലും മതത്തെ ഭരണകൂടം പ്രചരിപ്പിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നതല്ളെന്നുമാണ് ഭരണഘടന അനുശാസിക്കുന്നത്.  മതത്തിന്‍െറ വിഷയത്തില്‍ ആരോടും വിവേചനവുമുണ്ടാകില്ല.  ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രബോധനം ചെയ്യാനും ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യമുണ്ട്. ഈ ഭരണഘടനയുടെ വെളിച്ചത്തിലാണ്  ഭരണകൂടത്തോട് ഞങ്ങള്‍ ചില ആവശ്യങ്ങളുന്നയിക്കുന്നത്.  സാമ്പത്തിക അനീതി രാജ്യത്ത് കൊടികുത്തി വാഴുകയാണ്. ദാരിദ്ര്യവും യാചനയും  വര്‍ധിക്കുന്നു. സമ്പത്ത്  ചിലരിലേക്കുമാത്രം ചുരുങ്ങുന്നു.  സാമ്പത്തിക അനീതികള്‍  ഇല്ലാതാക്കാനുള്ള ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. വിദ്യാഭ്യാസവും ആരോഗ്യവും അനുയോജ്യമായ തൊഴിലും എല്ലാ വിഭാഗത്തിനും ലഭിക്കണം. എന്നാല്‍, രാജ്യത്തിന്‍െറ അടിസ്ഥാന പ്രശ്നങ്ങളില്‍നിന്നും ഉത്തരവാദിത്തപ്പെട്ടവര്‍ മുഖംതിരിക്കുകയാണ്. സാമ്പത്തിക അസമത്വവും ദാരിദ്ര്യവും രാജ്യത്ത് വര്‍ധിക്കുന്നു.  പോഷകാഹാരം കുറയുന്നു. കാര്‍ഷിക-വിദ്യാഭ്യാസ മേഖലകളെക്കുറിച്ച് അധികാരികള്‍ക്ക് ശ്രദ്ധയില്ല. പൊതുജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വര്‍ധിക്കുന്നു. അടുത്തകാലത്തായി  അക്രമങ്ങള്‍ വ്യാപകമാവുന്ന അവസ്ഥയുമുണ്ട്.  വിശിഷ്യാ ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സ്വത്തിനും സ്വത്വത്തിനും നേര്‍ക്ക് അക്രമങ്ങള്‍ കൂടുന്നു. അവരെ രണ്ടാംതരം പൗരന്മാരായി കാണുകയും രാജ്യത്ത് ഇരട്ടനീതി എന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു. ഘര്‍വാപസി എന്ന പേരില്‍ നടന്ന മതംമാറ്റ ശ്രമങ്ങള്‍ ഇതില്‍പ്പെട്ടതാണ്.

ഇന്ത്യ എല്ലാവരുടേതുമാണ്. ഇവിടെ വിദേശികള്‍ ആരുമില്ല. വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങളെയും താഴ്ന്ന ജാതിക്കാരെയും മൃഗീയമായി കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്യുന്ന അവസ്ഥ അത്യന്തം നിന്ദ്യവും ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തോടും അവകാശങ്ങളോടുമുള്ള  പരിഹാസവും നിഷേധവുമാണ്. ഇത്തരം സാഹചര്യം വിലയിരുത്തിയ സര്‍വമത സമ്മേളനം നാലുകാര്യങ്ങള്‍ അടങ്ങുന്ന മിനിമം പരിപാടിയില്‍ ഏകോപിക്കുകയും കഴിയുന്നനിലയില്‍ ഇതിനുവേണ്ടി പരിശ്രമിക്കാനും ഇടപെടലുകള്‍ നടത്താനും തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രത്തിന്‍െറ ഭരണഘടന സംരക്ഷിക്കുക. മതേതരത്വം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന തത്ത്വങ്ങള്‍ കര്‍മപരമായി നടപ്പാക്കുക. പാഠ്യപദ്ധതികള്‍ മതേതരവും ശാസ്ത്രീയവുമായി നിലനിര്‍ത്തുക. ഇതിനെതിരെ ഉയരുന്ന ഓരോ നീക്കവും കണ്ടത്തെി അവ ഒഴിവാക്കാനുള്ള ഇടപെടല്‍ നടത്തുകയും ചെയ്യുക. മതവിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന കൈകടത്തലുകളെ എതിര്‍ക്കുക. പൊതുജനങ്ങളുടെ സാമ്പത്തികഭദ്രതക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും സാമുദായിക സുരക്ഷിതത്വത്തിനും ഭീഷണിയാകുന്ന എല്ലാ നീക്കങ്ങളെയും പ്രതിരോധിക്കുക തുടങ്ങിയ തീരുമാനങ്ങളാണ് സമ്മേളനം കൈക്കൊണ്ടത്. തീരുമാനങ്ങള്‍ ദേശീയ അടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ക്കും രൂപംനല്‍കും.
(ഓള്‍ ഇന്ത്യ മുസ് ലിം പേഴ്സനല്‍ ലോ ബോര്‍ഡ് ചെയര്‍മാനാണ് ലേഖകന്‍)
തയാറാക്കിയത്-വാഹിദ് കറ്റാനം

Show Full Article
TAGS:syed mohammed rabiyu hasani nadvi 
Next Story