പഞ്ചാബിന്‍െറ വടക്കുഭാഗത്തുള്ള ഗുരുദാസ്പുര്‍ ജില്ലയില്‍ ഏകദേശം 2000 ഹെക്ടറില്‍ നീണ്ടുപരന്നുകിടക്കുന്ന സമതലപ്രദേശത്താണ് പത്താന്‍കോട്ട് എയര്‍ഫോഴ്സ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ എണ്‍പതുകളുടെ തുടക്കത്തില്‍ തീവ്രവാദം കൊടുമ്പിരികൊണ്ടപ്പോഴും പത്താന്‍കോട്ടില്‍ താരതമ്യേന സമാധാനാന്തരീക്ഷമായിരുന്നു. ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ മാത്രമുള്ള പത്താന്‍കോട്ടുനിന്നാണ് പഞ്ചാബ്, ജമ്മു-കശ്മീര്‍, രാജസ്ഥാന്‍ എന്നീ മേഖലകളില്‍ തന്ത്രപ്രധാന വ്യോമസേനാ നീക്കങ്ങള്‍ നടത്തുന്നത്. വൈദ്യുതി വേലിയാല്‍ ചുറ്റപ്പെട്ട ഈ വ്യോമസേനാ താവളത്തിനു പുറത്ത് ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ അടക്കമുള്ള സുരക്ഷാസേനകള്‍ വേറെയുമുണ്ട്. ശത്രുസൈന്യത്തിന്‍െറ ദൃഷ്ടിക്ക് തടസ്സംവരുത്തുന്ന രീതിയില്‍ വളരെ ഉയരത്തില്‍ വളരുന്ന ഒരുതരം പുല്ലും ചുറ്റിനും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷാ പരിശീലനം ലഭിച്ച സൈനികര്‍ മാത്രമുള്ള ഈ സൈനിക കേന്ദ്രത്തില്‍ ഇപ്പോള്‍ നടന്നതുപോലുള്ള ഒരാക്രമണം അവിശ്വസനീയമായിത്തന്നെ നിലനില്‍ക്കുന്നു. ആഴ്ചകളോളമോ അല്ളെങ്കില്‍ മാസങ്ങളോളമോ ഉള്ള പഴുതടച്ച തയാറെടുപ്പിലൂടെയല്ലാതെ ഇത്തരമൊരു ആക്രമണം ആസൂത്രണംചെയ്യാന്‍ സാധ്യമല്ല. ആക്രമണ സാധ്യതയെക്കുറിച്ച് മുമ്പുതന്നെ ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ. രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങള്‍ അട്ടിമറിയിലൂടെ നശിപ്പിച്ച് സേനയെ ദുര്‍ബലപ്പെടുത്തുകയായിരിക്കാം അക്രമികളുടെ ലക്ഷ്യം. ഇതര സ്ഥലങ്ങളെ അപേക്ഷിച്ച് പത്താന്‍കോട്ടിനെ സംബന്ധിച്ചിടത്തോളം കരസേനയുടെയും വ്യോമസേനയുടെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാന പൊലീസ് സേനയുടെയും അനുബന്ധസേനകളുടെയും പ്രവര്‍ത്തനങ്ങളും നീക്കങ്ങളും നിരീക്ഷണങ്ങളും ഫലപ്രദമായി ഏകോപിപ്പിച്ചാല്‍ മാത്രമേ ഇത്തരം ദുരന്തങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കൂ. സമാധാന സ്നേഹികളായ ഇന്ത്യക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന രീതിയിലുള്ള ശത്രുവിന്‍െറ ഇത്തരം നീചനീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ നമ്മുടെ സേന സുസജ്ജമാണ്.
ഇന്ത്യയും പാകിസ്താനുമായുള്ള സൗഹൃദാന്തരീക്ഷം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത് പല തീവ്രവാദ സംഘടനകളുടെയും ഉറക്കംകെടുത്തിയിരിക്കുന്നു എന്നുവേണം അനുമാനിക്കാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാകിസ്താനിലേക്കുള്ള മിന്നല്‍സന്ദര്‍ശനം അക്ഷരാര്‍ഥത്തില്‍ എല്ലാ തീവ്രവാദ സംഘടനകള്‍ക്കും മിന്നലേറ്റതുപോലെയായി. രാജ്യത്തിനകത്ത് അശാന്തിയും അനൈക്യവും വിതക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ശിഥിലശക്തികളുടെ നടുവൊടിക്കുന്ന രീതിയിലായിപ്പോയി ഇന്ത്യ-പാക് സൗഹൃദത്തിന്‍െറ പരിശ്രമങ്ങള്‍.
രാജ്യമൊട്ടുക്ക് അതീവജാഗ്രതയില്‍ സൈന്യം എന്തിനും തയാറായിത്തന്നെ നിലകൊള്ളുമ്പോഴും രാജ്യത്തെ ഓരോ സാധാരണ പൗരനും അവനാല്‍ കഴിയുന്നവിധത്തില്‍ സേനയുടെ മനോവീര്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും കേട്ടുകേള്‍വിയിലും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളിലും ഒരുതരത്തിലും കുടുങ്ങരുതെന്നും ഒരേയൊരിന്ത്യ ഒരൊറ്റജനത എന്ന ആശയം കൂടുതല്‍ ആര്‍ജവത്തോടെ എല്ലാ അര്‍ഥത്തിലും പ്രകടിപ്പിക്കാനുള്ള അവസരമായി കാണണമെന്നുമാണ് മുന്‍ സൈനികരെന്ന നിലയില്‍ സൂചിപ്പിക്കാനുള്ളത്.
ഒരു കാര്യം നാമെല്ലാം മനസ്സിലാക്കണം. പരമപ്രധാനമായ ദേശസുരക്ഷ സൈനികരുടെയോ സേനയുടെയോ മാത്രം മിടുക്കോ കഴിവോ കര്‍ത്തവ്യമോ അല്ല. മറിച്ച്, ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ പൗരന്‍െറയും കര്‍ത്തവ്യം കൂടിയാണ്. തദ്ദേശവാസികളായ സിവിലിയന്മാരില്‍ ചിലരുടെയെങ്കിലും അറിവോ പിന്തുണയോ സഹായമോ ഇല്ലാതെ ഒരിക്കലും ഇത്തരം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സാധ്യമല്ല. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതില്‍ സേനയിലെപ്പോലെതന്നെ സിവിലിയന്മാര്‍ക്കും പങ്ക് വഹിക്കാനാവും. അതെങ്ങനെയെന്ന് സൈനികമേഖലകളിലല്ലാതെ താമസിക്കുന്ന സിവിലിയന്‍ സഹോദരങ്ങള്‍ ചോദിച്ചേക്കാം.
റെസിഡന്‍റ്സ് അസോസിയേഷനുകള്‍ തുടങ്ങിയ കൂട്ടായ്മകള്‍ പ്രചുരപ്രചാരമുള്ള കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ മനുഷ്യന്‍ പരസ്പരം കൂടുതല്‍ അറിയുന്നവരും പരിചിതരുമായി തുടങ്ങിയിരിക്കുന്നു. സ്വാഭാവികമായും അപരിചിതരെയും അവരുടെ അസ്വാഭാവിക ചലനങ്ങളെയും അനായാസം നിരീക്ഷിക്കാന്‍ സാധിക്കും. പുതുതായി താമസത്തിന് വാടകവീടെടുക്കുന്നവര്‍, അപ്രസക്തമായ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയാന്‍ ശ്രമിക്കുന്നവര്‍, കെട്ടിലും മട്ടിലും സംസാരത്തിലും പെരുമാറ്റത്തിലും അസാധാരണത്വം തോന്നുന്ന അപരിചിതര്‍ എന്നിവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും വേണ്ടിവന്നാല്‍ അത്തരക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യാം. ഇങ്ങനെ പലവിധേനയും ദേശസുരക്ഷയില്‍ പങ്കാളികളാവാന്‍ സൈനികരല്ലാത്തവര്‍ക്കും സാധിക്കും. തീവ്രവാദികളെ തുരത്താനുള്ള ഈ സൈനിക നീക്കത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീര ഇന്ത്യന്‍ ജവാന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാം. അവരുടെ കുടുംബത്തിന്‍െറ ദു$ഖത്തില്‍ പങ്കുചേരാം.