Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅരുത്, അവരെ...

അരുത്, അവരെ തോല്‍പിക്കരുത്

text_fields
bookmark_border
അരുത്, അവരെ തോല്‍പിക്കരുത്
cancel

ഒന്നാം ക്ളാസ് മുതല്‍ എട്ടാം ക്ളാസ് വരെ നിലവിലെ ഓള്‍ പ്രമോഷന്‍ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു എന്ന വാര്‍ത്ത വിദ്യാഭ്യാസപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നതാണ്. സംസ്ഥാനത്ത് വിദ്യാഭ്യാസത്തിന്‍െറ ഗുണനിലവാരം കുറയാനും കുട്ടികള്‍ കൂട്ടത്തോടെ മറ്റു സിലബസുകളിലേക്ക് ചേക്കേറാനും ഇതാണ് കാരണമെന്ന ന്യായമാണ് സംസ്ഥാനം മുന്നോട്ടുവെക്കുന്നത്. ഏതു പഠനത്തിന്‍െറ വെളിച്ചത്തിലാണ് ഇത്തരമൊരു നിഗമനത്തിലത്തെിയതെന്ന് വ്യക്തമല്ളെങ്കിലും, എയ്ഡഡ് സ്കൂളുകളില്‍ കുട്ടികള്‍ കുറയാന്‍ കാരണം ഓള്‍ പ്രമോഷനാണെന്ന ‘കണ്ടത്തെല്‍’ അധികൃതനീക്കത്തിന്‍െറ വിശ്വാസ്യതയില്‍ സംശയമുണ്ടാക്കുന്നു.

ആദ്യംതന്നെ ലളിതമായൊരു സംശയമുന്നയിക്കട്ടെ. പഴയ ജയവും തോല്‍വിയും തിരിച്ചുവന്നാല്‍ പഠനത്തിന്‍െറ ഗുണനിലവാരം ഉയരുമെന്ന് ഉറപ്പുപറയാന്‍ കഴിയുന്ന ആരെങ്കിലുമുണ്ടോ? ഓള്‍ പ്രമോഷന്‍ ഒറ്റപ്പെട്ട പരിഷ്കാരമായി നടപ്പായതാണോ എന്ന ചോദ്യവും പ്രസക്തമാണ്. വിദ്യാര്‍ഥി, അധ്യാപകന്‍, അധ്യാപനം, പാഠ്യപദ്ധതി തുടങ്ങിയ വിദ്യാഭ്യാസസംബന്ധിയായ സങ്കല്‍പനങ്ങള്‍ക്കുണ്ടായ നൂതനവും ലോകാംഗീകൃതവുമായ പരികല്‍പനകള്‍ ഇവിടെയും അംഗീകരിക്കുകയായിരുന്നു. വിദ്യാഭ്യാസ പദ്ധതി ലക്ഷ്യമിടുന്ന നാല് കോര്‍ ഏരിയകള്‍, അറിയാന്‍ പഠിക്കുക, ചെയ്യാന്‍ പഠിക്കുക, സാമൂഹിക ജീവനത്തിന് പഠിക്കുക, ആയിത്തീരാന്‍ പഠിക്കുക എന്നിങ്ങനെ വിദ്യാഭ്യാസത്തിന്‍െറ നാല് തൂണുകള്‍ എന്ന പേരില്‍ ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യ മാത്രമല്ല, ലോകരാജ്യങ്ങളെല്ലാം അംഗീകരിച്ചതാണത്. പുതിയ കാഴ്ചപ്പാടുകളുടെയും നൂതന സാങ്കേതികവിദ്യയുടെയും സഹായത്തോടെ ക്ളാസ്മുറികള്‍ അറിവുനിര്‍മാണത്തിന്‍െറ കേന്ദ്രങ്ങളാവുക എന്നതാണ് സങ്കല്‍പം. കുട്ടിയിലെ സര്‍ഗാത്മക വാസനകള്‍ പുറത്തുകൊണ്ടുവരുകയും സാമൂഹികജ്ഞാന നിര്‍മിതിയിലൂടെ ആഗ്രഹിക്കുന്നതെന്തോ  അതായിത്തീരാന്‍ അയാളെ പ്രാപ്തനാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

ശിശുകേന്ദ്രിത-പ്രവര്‍ത്തനാധിഷ്ഠിത പഠനം, തുടര്‍മൂല്യനിര്‍ണയം, ഗ്രേഡിങ് സമ്പ്രദായം തുടങ്ങിയ മാറ്റങ്ങള്‍ ഇതിന്‍െറയൊക്കെ തുടര്‍ച്ചയാണ്. ഇതൊന്നും കേരളത്തില്‍ മാത്രമായി വന്നതല്ളെന്ന് ചുരുക്കം. ബോധനശാസ്ത്രപരമായ അതിജീവനം, ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം (Inclusive Education), അന്താരാഷ്ട്ര നിലവാരം, സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനം, മെന്‍റര്‍ സങ്കല്‍പം, വിദ്യാര്‍ഥിസൗഹൃദ നിലനിര്‍ണയം, ഭൗതികസൗകര്യങ്ങളുടെ ആധുനീകരണം തുടങ്ങിയ കാഴ്ചപ്പാടുകളുടെ കൃത്യമായ തുടര്‍ച്ചയായി നിലവില്‍വന്നതാണ് ഓള്‍ പ്രമോഷന്‍ സമ്പ്രദായം. ഇതിലേതിലെങ്കിലും മാറ്റം വരുത്താന്‍ ആരെങ്കിലും ആവശ്യപ്പെടുമോ? ആവശ്യപ്പെട്ടാല്‍ നടക്കുമോ? കുട്ടിയുടെ ജന്മാവകാശമായ അവസരം, സംരക്ഷണം, പങ്കാളിത്തം (Provision, Protection, Participation) എന്നീ സങ്കല്‍പനത്രയം നമുക്കു മാത്രമായി സ്വീകാര്യമല്ലാതാകുമോ? ലോകം അംഗീകരിച്ച ഈ തത്ത്വത്തിന് വിരുദ്ധമല്ളേ തോല്‍വിയിലേക്ക് കുട്ടിയെ വീണ്ടും തള്ളിയിടാനുള്ള ശ്രമം? ബൗദ്ധികമാനത്തിന് (ഐ.ക്യു) പകരം വൈകാരികമാനം (ഇ.ക്യു) എന്ന നൂതനമായ കാഴ്ചപ്പാടില്‍നിന്ന് പിറകോട്ടുപോകാന്‍ നമുക്കു കഴിയുമോ? സര്‍ഗാത്മകതയുടെ വിളംബരം പേരില്‍തന്നെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന കേന്ദ്ര മാനവശേഷി വികസന വകുപ്പിന്‍െറ ഏറ്റവും പുതിയ പദ്ധതിയായ രാഷ്ട്രീയ ആവിഷ്കാര്‍ അഭിയാന്‍ (ആര്‍.എ.എ) മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടില്‍ കുട്ടിയെ തോല്‍പിക്കുന്നതിനെക്കുറിച്ച് സൂചനയൊന്നുമില്ല.  ആറു മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് സയന്‍സ്, ഗണിതം, സാങ്കേതികവിദ്യ എന്നീ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന മുന്നേറ്റമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2015 ജൂലൈ ഒമ്പതിന് പദ്ധതി ഉദ്ഘാടനം ചെയ്ത്്  മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഇത്രവേഗം വിസ്മൃതിയിലായോ?

ശരിയാണ്, കേരളത്തില്‍ ചിലയിടങ്ങളിലെങ്കിലും വിദ്യാഭ്യാസത്തിന്‍െറ ഗുണനിലവാരം ഇടിഞ്ഞതായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനര്‍ഥം സംസ്ഥാന സിലബസിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും തകര്‍ന്നുപോയെന്നല്ല. അധ്യാപകരും രക്ഷാകര്‍തൃസമൂഹവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിലൂടെ വിജയക്കൊടി പാറിച്ച നൂറുകണക്കിന് സ്കൂളുകള്‍ സംസ്ഥാനത്തുണ്ട്. ഇതിന് നഗര-ഗ്രാമ വ്യത്യാസമൊന്നുമില്ല. അടിസ്ഥാനസൗകര്യ വികസനവും തുടര്‍ച്ചയായ പരിശീലനപരിപാടികളിലൂടെ അധ്യാപകരിലുണ്ടായ ഉണര്‍വും പുതിയ ബോധനരീതികളുടെ മികവും സാമൂഹികപങ്കാളിത്തത്തിലെ നിറവുമാണ് അധ്യയനവര്‍ഷാരംഭത്തിനുമുമ്പേ പ്രവേശമില്ല എന്ന ബോര്‍ഡ് വെക്കേണ്ടിവരുന്ന ജനറല്‍ സ്കൂളുകളെ സൃഷ്ടിച്ചത്. അമേരിക്കന്‍ സ്കൂളുകളെക്കാള്‍ മികച്ച പഠനാന്തരീക്ഷവും നിലവാരവുമാണ് മണക്കാട് സ്കൂളിലുള്ളതെന്ന (തിരുവനന്തപുരം കോര്‍പറേഷനില്‍) കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസ്താവന വാര്‍ത്തയാവുകയുണ്ടായല്ളോ.

എന്നാല്‍, ഗുണനിലവാരം കുറഞ്ഞ സ്കൂളുകളുണ്ടെന്നത് വസ്തുതയാണ്. അതിന് കാരണം അവിടെ വന്നുചേരുന്ന കുട്ടികളാണെന്ന വാദം മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് കാരണം അവിടെ പെയ്യുന്ന മഴയാണെന്നതുപോലെ ദുര്‍ബലമാണ്. ഈ വിഷയത്തില്‍ ആധികാരികവും സമഗ്രവുമായ പഠനം നടത്തിയത് കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ്. സംസ്ഥാനത്താകെ നടത്തിയ സര്‍വേ വിവരങ്ങള്‍ ക്രോഡീകരിച്ച് അവര്‍ പ്രസിദ്ധീകരിച്ച ‘കേരളപഠനം’ വിദ്യാഭ്യാസത്തിന്‍െറ ഗുണനിലവാരത്തകര്‍ച്ചയുടെ കാരണം ഇങ്ങനെ വിലയിരുത്തുന്നു: ‘എല്ലാതരം സ്കൂളുകളിലും അധ്യാപനമാണ് സ്കൂള്‍ മോശമെന്ന് അഭിപ്രായപ്പെടാനുള്ള പ്രധാന കാരണം’ (കേരളപഠനം, പുറം-100). വിമര്‍ശത്തിന്‍െറ വിരല്‍ ചൂണ്ടപ്പെടുന്നത് കുട്ടികളിലേക്കല്ല, മറിച്ച്, അധ്യാപകരിലേക്കാണ്. അത്യന്തഗൗരവത്തോടെ പ്രശ്നം വിശകലനംചെയ്യുന്നതിന് പകരം ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാണ് ശ്രമം.

അധ്യാപകരെ കുറ്റപ്പെടുത്തുന്നതിനുമുമ്പ് ചില യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. കുറ്റമറ്റ അധ്യാപകപരിശീലനം നടക്കുന്ന സംസ്ഥാനമാണ് കേരളം. പരിശീലനം ലഭിക്കാത്ത ഒരാളെയും അധ്യാപനത്തിന് നിയമിക്കാത്ത നാട്. പാഠപുസ്തകങ്ങളും അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകങ്ങളും കൃത്യമായ ഇടവേളകളില്‍ പരിഷ്കരിക്കുന്നുണ്ട്. നമ്മുടെ പാഠപുസ്തകങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് കാര്യമായ പരാതികളൊന്നും  ഇക്കാലംവരെ ഉണ്ടായിട്ടില്ല. ഇന്‍സര്‍വിസ് കോഴ്സുകളും മുറക്ക് നടക്കുന്നുണ്ട്. എന്നിട്ടും പഠനത്തിന്‍െറ ഗുണനിലവാരം കാത്തുസൂക്ഷിക്കാന്‍ കഴിയാത്തതിന് പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, അധ്യാപകനും കുട്ടിയും മുഖാമുഖം നില്‍ക്കുന്ന യഥാര്‍ഥ പഠനസമയത്തിന്‍െറ കുറവ്. രണ്ട്, കിട്ടുന്ന സമയം കുറ്റമറ്റ പഠനപ്രവര്‍ത്തനങ്ങളുടേതാക്കി മാറ്റുന്നതിലുള്ള അധ്യാപകരുടെ പരാജയം.

ഒന്നാമത്തെ പ്രശ്നമെടുക്കാം. പഠിപ്പിക്കാന്‍ സമയം കിട്ടുന്നില്ളെന്ന് പരാതി പറയാത്ത ഒരു അധ്യാപകനും ഇവിടെയില്ല. 200 പ്രവൃത്തിദിവസങ്ങളാണ് വിദ്യാഭ്യാസ അവകാശനിയമം നിഷ്കര്‍ഷിക്കുന്നതെങ്കിലും എല്ലാ അനുബന്ധ പ്രവൃത്തിദിനങ്ങളടക്കം കൂട്ടിയിട്ടും അതിനടുത്തത്തൊന്‍ ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ല. നിലവിലുള്ളതിന് പുറമെയുള്ള അവധിപ്രഖ്യാപനങ്ങളുടെ പ്രളയത്തില്‍ സ്കൂള്‍ ഓഫിസുകളിലെ പ്രവര്‍ത്തന കലണ്ടറുകള്‍ കാഴ്ചവസ്തുക്കള്‍ മാത്രമാകുന്നു. തുടര്‍ച്ചയായുണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കുകളുമെല്ലാം പ്രഥമ ലക്ഷ്യമായി കാണുന്നത് അടഞ്ഞുകിടക്കുന്ന സ്കൂളുകളെയാണ്. ഫലം, കിട്ടുന്ന പ്രവൃത്തിദിനങ്ങള്‍തന്നെ കുറവ്.

ഇടവപ്പാതിക്ക് സ്കൂള്‍ തുറന്നാല്‍ ആദ്യത്തെ രണ്ടു മാസം തടസ്സങ്ങളുണ്ടാകാറില്ല. പിന്നെ മേളകളുടെ വരവായി. ശാസ്ത്രമേള, കായികമേള, കലാമേള. ഓരോന്നും സ്കൂള്‍തലം, ഉപജില്ല-ജില്ലാതലം, സംസ്ഥാനതലം എന്ന നിലയില്‍ എല്ലാം അവസാനിച്ച് ശാന്തമാകാന്‍ ജനുവരിയാകണം. നടത്തിപ്പുകാരായും സംഘാടകരായും പങ്കാളികളായും ആദ്യവസാനക്കാരായി ഓരോന്നിനും അധ്യാപകര്‍തന്നെ വേണം. ഇത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് പ്രൈമറി സ്കൂളുകളാണ്. അവിടെ ഗുണനിലവാരം കുറയാന്‍ കാരണവും അതാണ്. പത്താംതരത്തിലെ പരീക്ഷാഫലം സ്ഥാപനങ്ങളും സമൂഹവും അഭിമാനപ്രശ്നമായി കാണുന്നതിനാല്‍ ഹൈസ്കൂളുകളില്‍ പരമാവധി പ്രവൃത്തിദിനങ്ങള്‍ കിട്ടുന്നു. അധികദിനങ്ങള്‍ കണ്ടത്തൊനും അവര്‍ ശ്രമിക്കുന്നു. ഇതൊന്നും പ്രൈമറിയില്‍ കാണാറില്ല. നാലോ അഞ്ചോ അധ്യാപകരുള്ള ലോവര്‍ പ്രൈമറിയില്‍നിന്ന് ഒരാള്‍ വിട്ടുനിന്നാല്‍തന്നെ സ്കൂളിന്‍െറ പഠനപ്രവര്‍ത്തനം അവതാളത്തിലാകും. സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പിന്‍െറ നേതാവെന്നനിലയില്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി നേതൃത്വം നല്‍കി മുന്നോട്ടുപോകാന്‍ മിക്ക പ്രധാനാധ്യാപകരും പ്രയാസപ്പെടുകയാണ്. ഇത്തരം കാര്യങ്ങള്‍ ഇടവിട്ടെങ്കിലും പരിശോധിച്ച് ഉറപ്പുവരുത്താനാകാത്തവിധം വിദ്യാഭ്യാസ ഓഫിസര്‍മാരും കൃത്യാന്തര ബാഹുല്യങ്ങളില്‍പെട്ടുഴലുന്നു.

ഇനി രണ്ടാമത്തെ പ്രശ്നത്തിലേക്കു വരാം. കിട്ടുന്ന സമയം ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ പരാജയപ്പെടുന്ന അധ്യാപകരുണ്ട്.  തുടര്‍മൂല്യനിര്‍ണയവും പരിഹാരബോധനവുമടക്കമുള്ള സൂക്ഷ്മതല ആസൂത്രണത്തിന്‍െറ കരുത്തും അനുബന്ധ സാമഗ്രികളുടെ പിന്തുണ നല്‍കുന്ന ആത്മവിശ്വാസവുമുണ്ടെങ്കിലേ പഠനസന്ദര്‍ഭങ്ങളെ പൊലിപ്പിച്ചെടുത്ത് മുന്നേറുന്ന യഥാര്‍ഥ അധ്യാപകനാകാന്‍ കഴിയൂ. ഓള്‍ പ്രമോഷന്‍ എന്നതിനെ ‘പ്രമോഷന്‍ വിത്ത് ഓള്‍ കോമ്പിറ്റന്‍സീസ്’ (Promotion with All Competencies) എന്ന് ശരിയായ വിധത്തില്‍ വായിച്ചെടുക്കാനുള്ള ശ്രമമാണ് വേണ്ടത്. ഒന്നിലും രണ്ടിലുമൊക്കെ പഠിക്കുന്ന കുട്ടികള്‍ ഒന്നും പഠിച്ചില്ളെങ്കിലും പാസാകുമെന്നതിനാല്‍ പഠിക്കാതിരിക്കുന്നു എന്നു പരിഭവിക്കുന്നവര്‍ക്ക് ശിശുമന$ശാസ്ത്രത്തിന്‍െറ ബാലപാഠംപോലും അറിയില്ളെന്ന് പറയേണ്ടിവരും.

നിഷ്കര്‍ഷിക്കപ്പെട്ട പ്രവൃത്തിദിനങ്ങള്‍ ഉറപ്പുവരുത്തണം. കുട്ടികളുടെ എണ്ണം പരിഗണിക്കാതെ പ്രധാനാധ്യാപകരെ ക്ളാസ് ചുമതലയില്‍നിന്നൊഴിവാക്കി അക്കാദമികവും ഭരണപരവുമായ മേല്‍നോട്ടത്തിന് സാഹചര്യമൊരുക്കണം.  കുട്ടികള്‍ നിസ്സഹായരാണ്; നിഷ്കളങ്കരും. മുതിര്‍ന്നവരുടെ വീഴ്ചകള്‍ മറച്ചുപിടിക്കാനോ കച്ചവടക്കണ്ണുകളെ തൃപ്തിപ്പെടുത്താനോവേണ്ടി അവരെ തോല്‍പിക്കരുത്. പരിഷ്കൃതലോകത്തിനു മുന്നില്‍ നാം സ്വയം ചെറുതാകരുത്.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education
Next Story