Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുസ്ലിം സമുദായം...

മുസ്ലിം സമുദായം മാര്‍പാപ്പയെ കാത്തിരിക്കുകയാണോ?

text_fields
bookmark_border
മുസ്ലിം സമുദായം മാര്‍പാപ്പയെ കാത്തിരിക്കുകയാണോ?
cancel

ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് ആഗോള കത്തോലിക്കാസഭ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ കിറില്‍ പാത്രിയാര്‍ക്കീസുമായി ക്യൂബയിലെ ഹവാനയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ലോകമാധ്യമങ്ങള്‍ വന്‍ പ്രാധാന്യമാണ് നല്‍കിയത്. പാശ്ചാത്യ-പൗരസ്ത്യ ക്രൈസ്തവസഭകള്‍ തമ്മില്‍ ക്രി.വ 1054ല്‍ ഉണ്ടായ ഭിന്നതയുടെ മുറിവുണക്കാനുള്ള ആദ്യ നടപടിയാണിതെന്ന് ഇരുസഭകളും പ്രസ്താവിച്ചു. 952 വര്‍ഷം അകന്നുജീവിച്ച ഇരു സഭകളുടെയും ആത്മീയനേതാക്കള്‍ പരസ്പരം ആശ്ളേഷിച്ച് സ്നേഹം പങ്കുവെച്ചു. ദൈവം ആഗ്രഹിച്ച ഐക്യം പുന$സ്ഥാപിക്കാന്‍ ഈ കൂടിക്കാഴ്ച ഇടയാക്കുമെന്ന് അവര്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും ക്രൈസ്തവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് അറുതിവരുത്താനും ആഭ്യന്തരയുദ്ധങ്ങളാല്‍ കഷ്ടപ്പെടുന്ന ഇതര മതവിശ്വാസികളെ സഹായിക്കാനും ക്രൈസ്തവ സഭകള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന് സംയുക്ത പ്രസ്താവനയിലെ മുപ്പതിന നിര്‍ദേശങ്ങള്‍ ആവശ്യപ്പെടുന്നു.
ഈ വാര്‍ത്ത വായിക്കുമ്പോള്‍ ക്രൈസ്തവ മേലധ്യക്ഷന്മാര്‍ എടുത്തുപറഞ്ഞ പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും മുസ്ലിംസമൂഹം അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അവര്‍ക്കൊരു നേതൃത്വമില്ലാതെപോയത് കരള്‍പിളര്‍ക്കുന്ന സത്യമാണ്. മുസ്ലിം ലോകത്തെ ഏറ്റവും വലിയ പ്രശ്നം സുന്നി-ശിയാ തര്‍ക്കമാണ്.  ഈ തര്‍ക്കത്തിന്‍െറ പ്രായവും ഏതാണ്ട് ആയിരം വര്‍ഷം. ആയിരം കൊല്ലം മുമ്പുണ്ടായ ഭിന്നതക്ക്  പരിഹാരമുണ്ടാക്കാനാകുമോ എന്ന് ക്രൈസ്തവ നേതൃത്വം ആലോചന തുടങ്ങിയപോലെ ഏതാണ്ട് അത്രതന്നെ വര്‍ഷങ്ങളുടെ ചരിത്രമുള്ള സുന്നി-ശിയാ സംഘര്‍ഷം ലഘൂകരിക്കാന്‍ എന്തുചെയ്യാനാകുമെന്ന് മുസ്ലിംനേതൃത്വം ആലോചിക്കേണ്ടതല്ളേ?
മുഹമ്മദ് നബിയുടെ കുടുംബം (അഹ്ലുല്‍  ബൈത്ത്) മൊത്തം മുസ്ലിംകളുടെ ബഹുമാനവും സ്നേഹവും അര്‍ഹിക്കുന്നുവെന്ന കാര്യത്തില്‍ സുന്നി വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കമില്ല. മുഹമ്മദ് നബിയുടെ കാലശേഷം പുത്രീഭര്‍ത്താവ് അലിയായിരുന്നു ഖലീഫയാകേണ്ടത് എന്ന അഭിപ്രായമുള്ളവര്‍ ശീഅതു അലി (അലിയുടെ ഗ്രൂപ്) എന്നും പിന്നീട് ശിയാക്കള്‍ എന്നും അറിയപ്പെട്ടു. നബിക്കു ശേഷം ഖലീഫയാകേണ്ടത് അബൂബക്കറാണെന്ന അഭിപ്രായമുള്ളവരായിരുന്നു ഭൂരിപക്ഷം പ്രവാചകാനുയായികളും. അവരാണ് അഹ്ലുസ്സുന്ന എന്ന സുന്നി വിഭാഗം. പിന്നീട് വിവിധ ചിന്താധാരകള്‍ ഉയര്‍ത്തി മുസ്ലിംകള്‍ക്കിടയില്‍ പല ഗ്രൂപ്പുകളുമുണ്ടായെങ്കിലും സുന്നി-ശിയാ വിഭാഗങ്ങളാണ് നിലനിന്നത്.  
വിശ്വാസപരമായിത്തന്നെ വലിയ അന്തരമുള്ള ശിയാ-സുന്നി വിഭാഗങ്ങളെ ഒന്നാക്കുക സാധ്യമല്ല. ലോകാടിസ്ഥാനത്തില്‍ എല്ലാ അര്‍ഥത്തിലും സ്ഥാപനവത്കരിക്കപ്പെട്ടു കഴിഞ്ഞ ഇരു വിഭാഗങ്ങളെയും ഇല്ലാതാക്കാനുമാവില്ല. ഈ രണ്ടു വിഭാഗവും പരസ്പരം ആക്രമിക്കാതെ ജീവിച്ചുപോകാന്‍ എന്തു ചെയ്യണമെന്നാണ് ആലോചിക്കേണ്ടത്. ശിയാക്കള്‍ക്ക് പിന്‍ബലമായി ഇറാനും സുന്നികളെ സഹായിക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളും ഉള്ളിടത്തോളം ഇതില്‍ ഇടപെടാന്‍ രാഷ്ട്രീയത്തിനും ഭരണാധികാരികള്‍ക്കും കഴിയും.
മക്കയില്‍ പോയി ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ അനുവാദമുള്ളവരെല്ലാം മുസ്ലിംകളായിരിക്കെ സുന്നി-ശിയാ വിഭാഗങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തി പരസ്പര ബഹുമാനത്തോടെ ജീവിക്കാനുള്ള പുതിയൊരു അധ്യായം തുടങ്ങേണ്ടതുണ്ട്. ഇറാന്‍െറ സഹായത്തോടെ സിറിയയിലും ഇറാഖിലും ഈജിപ്തിലും കുവൈത്തിലും സ്ഫോടനങ്ങള്‍ നടത്തുന്ന ശിയാ യുവാക്കളും സൗദിയിലും കുവൈത്തിലും മറ്റുമുള്ള ശിയാ പള്ളികളില്‍ ബോംബ് പൊട്ടിക്കുന്ന സുന്നി ചാവേറുകളും പുതുതായുണ്ടായ ഐ.എസുമെല്ലാം ഇസ്ലാമിനേല്‍പിക്കുന്ന പരിക്കുകള്‍ സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞാലും മാറ്റിയെടുക്കുക സാധ്യമല്ല.
അര നൂറ്റാണ്ടു മുമ്പ് ഈജിപ്തിലെ അല്‍അസ്ഹര്‍ സര്‍വകലാശാല വിവിധ ചിന്താധാരകളെ അടുപ്പിക്കാനെന്ന പേരില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതില്‍ സുന്നി-ശിയാ തര്‍ക്കം വിഷയമായിരുന്നു. ശൈഖുല്‍ അസ്ഹര്‍ (റെക്ടര്‍) ആയിരുന്ന ശൈഖ് മഹ്മൂദ് ശല്‍തൂത് ശിയാക്കളുടെ കര്‍മശാസ്ത്രപരമായ ജഅ്ഫരി മദ്ഹബ് മുസ്ലിംകള്‍ക്ക് സ്വീകരിക്കാവുന്ന കര്‍മശാസ്ത്ര രീതിയാണെന്നും ഫത്വ നല്‍കിയിരുന്നു. 20 വര്‍ഷം മുമ്പ് ബഹ്റൈന്‍ മതകാര്യ മന്ത്രാലയം നടത്തിയ സംയുക്ത ഇസ്ലാമിക സമ്മേളനം സുന്നി-ശിയാ വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദവും സമാധാനവും സ്ഥാപിക്കാന്‍ തീരുമാനമെടുത്തു. മുസ്ലിം വിഭാഗങ്ങളും പ്രസ്ഥാനങ്ങളും സമുദായത്തിന്‍െറ പൊതുകാര്യങ്ങളില്‍ ഒന്നിച്ചുനില്‍ക്കണം, ഓരോ സംഘവും സ്വയം സ്വീകരിച്ച പേരുകള്‍ മാത്രമേ അവരെക്കുറിച്ച് മറ്റുള്ളവര്‍ വിളിക്കാവൂ, റാഫിദി, വഹാബി തുടങ്ങിയ പേരുകള്‍ അവര്‍ സ്വീകരിച്ചതല്ലാത്തതുകൊണ്ട് വിളിക്കാന്‍ പാടില്ല, ഓരോ വിഭാഗവും വിശ്വസിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ക്ക് അവര്‍ നല്‍കുന്ന തെളിവുകളാണ് മറ്റുള്ളവര്‍ പരിശോധിക്കേണ്ടത്, ഒരുകൂട്ടര്‍ പറയുന്ന കാര്യങ്ങള്‍ക്ക് അവര്‍തന്നെയാണ് വിശദീകരണവും വ്യാഖ്യാനവും നല്‍കേണ്ടത് തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത്തരം തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പില്‍വരുത്താന്‍ അംഗീകാരവും ശക്തിയുമുള്ള ഒരു കേന്ദ്രം മുസ്ലിംകള്‍ക്ക് ഇല്ലാതെപോയി. കുവൈത്തിലെ ശിയാ പള്ളിയില്‍ സ്ഫോടനം നടന്ന ഉടനെ കുവൈത്ത് അമീറും മന്ത്രിമാരും ഓടിയത്തെുകയും എല്ലാ പള്ളികളും മതസ്ഥാപനങ്ങളും സംരക്ഷിക്കുമെന്നും അക്രമികള്‍ക്കെതിരില്‍ അതിശക്തമായ നടപടികളുണ്ടാകുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. സൗദിയിലെ അല്‍ഹസയിലെ ശിയാ പള്ളിയില്‍ നടന്ന സ്ഫോടന സംഭവത്തിലും അക്രമികള്‍ക്കെതിരില്‍ മുഖംനോക്കാതെ ശിക്ഷ നല്‍കുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. ശിയാ പള്ളികളില്‍ സുന്നി ചെറുപ്പക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ മതപരമായി അംഗീകരിക്കാനാവില്ളെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി ഉള്‍പ്പെടെയുള്ള പണ്ഡിതന്മാര്‍ വ്യക്തമാക്കി.
പുതിയ ലോകത്ത് മുസ്ലിം സമുദായത്തിലെ ഈ രണ്ട് വിഭാഗങ്ങളും പരസ്പരം അംഗീകരിച്ച് സമാധാനപരമായി സഹകരിച്ചുപോകാന്‍ പുതിയ ചര്‍ച്ചകളും ശ്രമങ്ങളുമുണ്ടാകേണ്ടതുണ്ട്. രാഷ്ട്രീയമായും മതപരമായും അതിന് നേതൃത്വം നല്‍കാന്‍ സൗദി അറേബ്യയും ഇറാനുമാണ് മുന്നോട്ടു വരേണ്ടത്.
ഇന്ത്യയില്‍ പല പ്രദേശങ്ങളിലും സുന്നി-ശിയാ പ്രശ്നങ്ങള്‍ പൊന്തിവരാറുണ്ടെങ്കിലും ചില പൊതുവേദികളുടെ സാന്നിധ്യം പ്രശ്നങ്ങളുടെ രൂക്ഷത കുറക്കാന്‍ സഹായകമായി. മൗലാനാ അബുല്‍ ഹസന്‍ അലി നദ്വി ചെയര്‍മാനായിരുന്ന ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ബോര്‍ഡില്‍ സുന്നി-ശിയാ പണ്ഡിതന്മാര്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും പേഴ്സനല്‍ ബോര്‍ഡ് അങ്ങനത്തെന്നെയാണുള്ളത്. വ്യത്യസ്ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഇന്ത്യന്‍ മുസ്ലിംകളുടെ വിവിധ കൂട്ടായ്മകളുണ്ട്. ഓള്‍ ഇന്ത്യ മജ്ലിസെ മുശാവറ, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ബോര്‍ഡ്, ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ തുടങ്ങിയ വേദികള്‍ അവയില്‍ പ്രധാനമാണ്. അഹ്ലെ ഹദീസ്, ജമാഅത്തെ ഇസ്ലാമി, ദയൂബന്ദ് ദാറുല്‍ ഉലൂം, ലഖ്നോ നദ്വത്തുല്‍ ഉലമ, തബ്ലീഗെ ജമാഅത്ത് തുടങ്ങി വിവിധ പ്രസ്ഥാനങ്ങളുടെ ഏറ്റവും മുതിര്‍ന്ന നേതാക്കന്മാരാണ് മുസ്ലിംസമുദായത്തിന്‍െറ പൊതുപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇടക്കിടെ ഒരുമിച്ചുകൂടുന്നത്.
മുസ്ലിംകള്‍ ഏറ്റവും കൂടുതല്‍ വ്യവസ്ഥാപിതമായും സംഘടിതമായും പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് കേരളം. 1922ല്‍ സ്ഥാപിതമായ കേരള മുസ്ലിം ഐക്യസംഘമാണ് കേരളത്തിലെ സംസ്ഥാന തലത്തിലുള്ള ആദ്യ മുസ്ലിം സംഘടന. പിന്നീട് 1924ല്‍ പണ്ഡിതന്മാര്‍ ഒരുമിച്ചുകൂടി കേരള ജംഇയ്യതുല്‍ ഉലമ സ്ഥാപിച്ചു. ശേഷം 1926ല്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പിറവിയെടുത്തു. തെക്കന്‍ കേരളത്തിലെ ചില പണ്ഡിതന്മാര്‍ ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സ്ഥാപിച്ചു. കൂടാതെ കേരള സംസ്ഥാന ജംഇയ്യതുല്‍ ഉലമയും അവസാനം അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമയും രൂപവത്കൃതമായി. 1924ല്‍ സ്ഥാപിതമായ കേരള ജംഇയ്യതുല്‍ ഉലമയുടെ പിന്‍ഗാമികളായുണ്ടായത് മുജാഹിദ് പണ്ഡിതന്മാരാണ്. 2002ല്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ പിളര്‍പ്പുണ്ടായതോടെ കേരള ജംഇയ്യതുല്‍ ഉലമയും രണ്ട് സംഘടനകളായി. ഇടക്കാലത്ത് ജമാഅത്തെ ഇസ്ലാമിയും തബ്ലീഗെ ജമാഅത്തും കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തില്‍ മുസ്ലിം സംഘടനകള്‍ ഉണ്ടാവുകയും വളരുകയും പിളരുകയും ചെയ്യാന്‍ തുടങ്ങിയിട്ട് 100 വര്‍ഷത്തില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ. അതിശക്തമായ ആശയ സംഘട്ടനങ്ങളും കായികമായ നേരിടലുകളുമൊക്കെ കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, മാറിയ സാഹചര്യം താല്‍പര്യപ്പെടുന്ന അനിവാര്യതയെന്നോണം ഒന്നിച്ചിരിക്കാന്‍ ചില അവസരങ്ങളുണ്ടാവാറുണ്ട്. വഖഫ് ബോര്‍ഡ്, ന്യൂനപക്ഷ മന്ത്രാലയം, മുസ്ലിം ലീഗ്,  എം.ഇ.എസ്, എം.എസ്.എസ്, മുസ്ലിം സൗഹൃദ വേദി തുടങ്ങിയ പൊതു വേദികളുടെ ക്ഷണപ്രകാരമാണ് അവര്‍ ചിലപ്പോഴെങ്കിലും ഒന്നിച്ചുകൂടാറുള്ളത്. എയര്‍പോര്‍ട്ടിലും തീവണ്ടിയിലും ഹോട്ടലിലും മരണവീട്ടിലും കല്യാണപ്പുരയിലും അവിചാരിതമായി കണ്ടുമുട്ടുമ്പോള്‍ സലാം പറഞ്ഞ് കൈകൊടുക്കാറുമുണ്ട്. എന്നാല്‍, 90 വര്‍ഷത്തെ മുറിവുണക്കാന്‍ ഇ.കെ, എ.പി സുന്നികളിലെയും വിവിധ മുജാഹിദ് വിഭാഗങ്ങളിലെയും ജമാഅത്തെ ഇസ്ലാമി, തബ്ലീഗ് വിഭാഗങ്ങളിലെയും നേതാക്കള്‍ക്ക് ഒരു ഒത്തുകൂടലിന് സാധിക്കുന്നില്ല എന്നത് വേദനയോടെ കാണേണ്ട കാര്യമാണ്. സംഭാവന കൊടുക്കുന്ന പണക്കാരെയോ ഭരണം കൈയിലുള്ള രാഷ്ട്രീയനേതാക്കളെയോ ചെന്നുകണ്ട് കാര്യം സാധിച്ചെടുക്കാന്‍ സുന്നി-മുജാഹിദ് വ്യത്യാസം ഒരു നേതാവിനും തടസ്സമാകാറില്ല. അവരോട് സലാം പറയാന്‍ പാടുണ്ടോ എന്നൊന്നും ‘കാര്യം നേടാന്‍ കഴുതക്കാല്‍ പിടിക്കു’മ്പോള്‍ അവര്‍ ചിന്തിക്കാറുമില്ല.
തിരൂരങ്ങാടി യതീംഖാന പള്ളിക്ക് കെ.എം.  മൗലവിയുടെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളാണ് തറക്കല്ലിട്ടത്. പാണക്കാട് പൂക്കോയ തങ്ങള്‍ ഇമാമായി നടന്ന മലപ്പുറം ഈദ് ഗാഹിലെ ഖത്തീബ്  പി.പി. അബ്ദുല്‍ ഗഫൂര്‍ മൗലവിയായിരുന്നു. മുജാഹിദ് സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റായിരുന്ന പ്രഫ. മങ്കട അബ്ദുല്‍ അസീസ് മൗലവിയുടെ ജനാസ നമസ്കാരത്തിന് ഇമാമായിരുന്നത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ആദര്‍ശമെന്ന് പഠിപ്പിക്കുകയായിരുന്നു ആ മഹാന്മാരെല്ലാം. അവരുടെ ഈ വിശാലവീക്ഷണത്തെ ആദര്‍ശവ്യതിയാനമാണെന്ന് വിവരമുള്ള ഒരു സുന്നിയും മുജാഹിദും പറഞ്ഞിട്ടില്ല. സമുദായത്തിനു വേണ്ടി പദ്ധതികളാവിഷ്കരിക്കുകയും സ്വയം ആലോചിക്കുകയും ചെയ്യാതെ നമ്മെ നേര്‍വഴിക്ക് നടത്താനായി ഒരു മാര്‍പാപ്പയെയും പാത്രിയാര്‍ക്കീസ് ബാവയെയും കാത്തിരിക്കുകയാണോ മുസ്ലിംസമുദായം ചെയ്യേണ്ടത്?

Show Full Article
TAGS:hussain madavoor 
Next Story