Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightലാലേട്ടാ... എന്താണ്...

ലാലേട്ടാ... എന്താണ് രാജ്യസ്നേഹം?

text_fields
bookmark_border
ലാലേട്ടാ... എന്താണ് രാജ്യസ്നേഹം?
cancel

ഇടക്ക് ലാലേട്ടന്‍ നന്നായി ബ്ളോഗ് എഴുതും. ആരും വായിച്ചുപോകുന്ന എഴുത്തുകള്‍. ചില വിഷയങ്ങളിലേക്ക് വിരല്‍ചൂണ്ടിയും ചോദ്യങ്ങളുയര്‍ത്തിയും സാന്ത്വനം പകര്‍ന്നും ചിലപ്പോള്‍ സന്തോഷം നല്‍കിയും. പ്രധാനമായും വൈകാരിക എഴുത്തുകള്‍. മുന്നില്‍ക്കാണുന്ന വിഷയങ്ങള്‍ അതേപടി പകര്‍ത്തിക്കളയും. അതിന്‍െറ ചരിത്രമോ സാഹചര്യമോ ഒന്നും എഴുത്തില്‍ കാണണമെന്നില്ല. അതുകൊണ്ട്, ഒരു വായനക്കാരന്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ:
ജെ.എന്‍.യു വിഷയത്തെ സൂചിപ്പിച്ച്  താങ്കള്‍ എഴുതിയ ബ്ളോഗ് അത്തരത്തിലുള്ള ഒന്നായെന്ന് പറയാതെ വയ്യ. ചര്‍ച്ച നടത്തുന്നതും സമരം ചെയ്യുന്നതുമൊക്കെ  പ്രശ്നവത്്കരിച്ചത് എന്തിനാണെന്ന് മനസ്സിലായില്ല. സിയാചിനില്‍ വീരമൃത്യു വരിച്ച പട്ടാളക്കാരെ പറയാന്‍ സര്‍വകലാശാലകളില്‍ നടക്കുന്ന സമരങ്ങളെ പുച്ഛിക്കേണ്ടതുണ്ടോ?

എന്താണ് ലാലേട്ടാ, രാജ്യസ്നേഹം? രാജ്യത്ത് നടക്കുന്ന അനീതിയെക്കുറിച്ച് ഒരക്ഷരവും മിണ്ടാതിരിക്കുന്നതാണോ? സ്വന്തം പൗരനുമേല്‍ നടപ്പാക്കുന്ന അനീതിയേക്കാള്‍ വലിയ രാജ്യദ്രോഹം  ചൂണ്ടിക്കാണിക്കാമോ? സിയാചിനില്‍ വീരമൃത്യു വരിച്ച സൈനികര്‍ ആദരം അര്‍ഹിക്കുന്നു. എന്നാല്‍, അനീതിയുടെ തടവറകളില്‍ ജീവിതകാലം മുഴുവന്‍ കഴിയുകയും അന്യായമായി തൂക്കിലേറ്റപ്പെടുകയും ചെയ്യുന്നവരെ കണ്ടില്ളെന്നു നടിക്കരുത്. അവരെ ആദരിക്കേണ്ട, ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി. മഅ്ദനി, അഫ്സല്‍ ഗുരു, യാകൂബ് മേമന്‍, സായിബാബ തുടങ്ങിയവരെ കുറിച്ചൊന്നും മിണ്ടാന്‍ പാടില്ല. അവര്‍ അനുഭവിച്ചതിലെ നീതികേട്  പറയുന്നതുപോലും ഭീകരതയാണ്, രാജ്യദ്രോഹമാണ്.

ലാലേട്ടന്‍ പരപ്പനങ്ങാടിയിലെ സകരിയ്യയെ പഠിക്കണം. ഒരു തെറ്റും ചെയ്യാതെ ജീവിതത്തിലെ സുവര്‍ണനിമിഷങ്ങള്‍ ജയിലറയില്‍ തള്ളിനീക്കുകയാണ് അവന്‍.  ഇന്ത്യയില്‍ അത്തരത്തിലുള്ള നിരവധി ചെറുപ്പക്കാരുണ്ട്. അവര്‍ക്ക് വീടുണ്ട്, അമ്മയുണ്ട്, അച്ഛനുണ്ട്, കുഞ്ഞുങ്ങളുണ്ട്.
ഇന്ത്യക്കാരനായി ജീവിക്കേണ്ടി വരുന്ന ഈ പാവങ്ങള്‍ക്ക്  ഈ പീഡനത്തോടൊപ്പം ലഭിക്കുന്നതാകട്ടെ, സമൂഹത്തില്‍നിന്നുള്ള കടുത്ത ഉപരോധവും അവഗണനയും. നമ്മുടെ മാധ്യമങ്ങളും താങ്കള്‍ അടക്കം  പ്രതിനിധാനം ചെയ്യുന്ന സിനിമകളും അതിന് ആക്കംകൂട്ടുകയും ചെയ്യുന്നു.
ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ താങ്കള്‍ക്ക് താല്‍പര്യമില്ളെന്ന് സൂചിപ്പിച്ചു. അതില്‍ ഇരകളുടെ പക്ഷത്ത് നിലയുറപ്പിക്കാന്‍ താങ്കള്‍ക്ക്  ആവുന്നില്ല എന്നതല്ളേ കാരണം? മുംബൈ ഭീകരാക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട സഞ്ജയ്ദത്തിന്‍െറ വിഷയം താങ്കള്‍ ചര്‍ച്ച ചെയ്തല്ളോ. സഞ്്ജയ്ദത്തിന് ശിക്ഷയില്‍ ഇളവുനല്‍കണം എന്നുവരെ താങ്കള്‍ ആവശ്യപ്പെട്ടു. ഇതു പോലെ രാജ്യത്തെ മറ്റു പൗരന്മാര്‍ക്ക് നീതി ലഭ്യമാക്കണം എന്നുപറയാന്‍ ബാക്കിയുള്ളവര്‍ക്ക് അവകാശമില്ളേ? ഇത് സൂചിപ്പിക്കാന്‍ താങ്കള്‍ പറഞ്ഞപോലെ ബുദ്ധിജീവിയൊന്നും ആവേണ്ട. കാര്യങ്ങള്‍ സത്യസന്ധമായി നോക്കിക്കാണാനുള്ള മനസ്സുണ്ടായാല്‍ മാത്രം മതി.

എന്തുകൊണ്ടാണ് നമ്മുടെ മക്കള്‍ക്ക്  ഇന്ത്യ എന്ന അദ്ഭുതത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാത്തത് എന്ന് താങ്കള്‍ ചോദിക്കുന്നു. ഇന്ത്യയെക്കുറിച്ച് നമ്മളവര്‍ക്ക് പറഞ്ഞു കൊടുക്കണം.    പക്ഷേ, അത് ഇന്ത്യയെ തകര്‍ക്കുന്ന ശക്തികളെക്കുറിച്ച് മൗനമവലംബിച്ചാകരുത്.  ഇന്ത്യയുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നത് ഇന്ത്യയെ തകര്‍ക്കാന്‍ വേണ്ടിയല്ല. അത് രാജ്യദ്രോഹവുമല്ല. അത് രാജ്യദ്രോഹമാണെങ്കില്‍ താങ്കള്‍ തൊട്ടുമുമ്പെഴുതിയ ‘ഗോഡ്സ് ഓണ്‍ കണ്‍ട്രി ഓര്‍ ഡെവിള്‍സ് കണ്‍ട്രി’ എന്ന ലേഖനം ഒന്നാന്തരം രാജ്യദ്രോഹമാണ്. രാജ്യസ്നേഹം എന്നാല്‍ മൗനമല്ല. രാജ്യത്തിന്‍െറ ഭരണഘടന തന്നെ നല്‍കിയ സംവാദത്തിനുള്ള അവകാശമുണ്ട്. അതുപയോഗിച്ച് രാജ്യത്തെയും തിരുത്താന്‍ സാധിക്കണം. ജുഡീഷ്യറി അനീതി നടത്തുമ്പോള്‍ അത് തിരുത്തുന്നതും രാജ്യസ്നേഹം തന്നെ. സ്വന്തം രാജ്യത്തിന്‍െറ മുഖം എല്ലാ രംഗത്തും മൂല്യത്തില്‍ അധിഷ്ഠിതമാകണം എന്നതായിരിക്കണം രാജ്യസ്നേഹത്തിന്‍െറ അടിസ്ഥാനം.

ആരാധകര്‍ കുറഞ്ഞുപോകുമെന്ന് ഭയന്ന് സംഘ്പരിവാറിനെക്കുറിച്ച് മിണ്ടാതിരിക്കരുത്. മുഹമ്മദ് അഖ്ലാഖിനെ രാജ്യവിരുദ്ധ ശക്തികള്‍ വെറും പശുവിറച്ചിയുടെ പേരില്‍ കൊന്നുകളഞ്ഞപ്പോള്‍, എം.എം. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാഭോല്‍ക്കര്‍ എന്നിവര്‍ വധിക്കപ്പെട്ടപ്പോള്‍ താങ്കള്‍ ബ്ളോഗ് എഴുതാന്‍ സമയം കണ്ടില്ല. ഗുജറാത്തിലെയും മുസഫര്‍നഗറിലെയും ചിത്രങ്ങള്‍ താങ്കളുടെ മനസ്സിനെ മഥിക്കാത്തതെന്ത്?
പട്ടാളക്കാരനുവേണ്ടി എഴുതുന്നതുപോലെ പ്രസക്തമാണ് ഇന്ന് ഗാന്ധിജിക്കുവേണ്ടി എഴുതുന്നതും. ഗാന്ധിയെ കൊന്ന ഗോദ്സെക്ക് ക്ഷേത്രം നിര്‍മിക്കണം എന്ന് ആവശ്യമുയര്‍ന്നപ്പോള്‍ താങ്കളുടെ വികാരനിര്‍ഭരമായ എഴുത്ത് പ്രതീക്ഷിച്ചു. ചില ജനവിഭാഗങ്ങളെ ഇന്ത്യയില്‍ പൗരന്മാരായി പോലും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന പ്രസ്താവനകള്‍ വരുന്നു. അതിനെക്കുറിച്ച് വിഷമമില്ളേ? നിങ്ങള്‍ പറയുന്നപോലെ അവര്‍ രാത്രി തണുപ്പിനെ മറികടക്കാന്‍ ഫയര്‍ സൈഡും വിസ്കിയും കഴിച്ച് ഇരിക്കുകയല്ല. അതൊക്കെ താങ്കളുടെ സിനിമയില്‍... വയര്‍ നിറച്ചുണ്ട് വീണ്ടും കമ്പിളി വലിച്ച് മേലിട്ട് മതിമറന്നുറങ്ങുംമുമ്പ് ആ സുഖത്തില്‍ ചെയ്തുപോകുന്ന ചര്‍ച്ചകളുമല്ല ഇത്. നിലനില്‍പിനുള്ള നിലവിളികളാണ്. രോഹിത് വെമുലയുടെ മുഖത്തുനോക്കി, രാജ്യത്തെ വലിയ ശതമാനം ദാരിദ്ര്യമനുഭവിക്കുന്ന പാവങ്ങളുടെ മുഖത്ത് നോക്കി അങ്ങനെ ഒരു അശ്ളീലം പറയാന്‍ താങ്കള്‍ക്ക് എങ്ങനെ സാധിക്കുന്നു?

ഒരച്ഛന്‍ മകള്‍ക്ക് അയച്ച കത്തുപോലെ തന്നെ താങ്കളും വായിക്കേണ്ട കത്തുകളുണ്ട്. രോഹിത് വെമുലയുടെ, യാകൂബ് മേമന്‍െറ, മഅ്ദനിയുടെ, അദ്ദേഹത്തിന്‍െറ കുടുംബത്തിന്‍െറ വേദന തുളുമ്പുന്ന വാക്കുകള്‍, ഈച്ചരവാര്യര്‍ മകനയച്ച കത്ത്. സകരിയ്യയുടെ മാതാവിന്‍െറ നോവും കണ്ണീരുമുള്ള നിസ്സംഗത...ഇവരുടെ വേദന, ഇവര്‍ നേരിട്ട അനീതി -അതിനെക്കുറിച്ച പരാമര്‍ശങ്ങള്‍.
രാജ്യത്തെ സ്നേഹിക്കുന്നെങ്കില്‍ അതിലെ മുഴുവന്‍ പൗരന്മാര്‍ക്കുംവേണ്ടി എഴുന്നേറ്റു നില്‍ക്കണം. ഒരു കലാകാരന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് അതിന് ബാധ്യതയുണ്ട്.
നീതിക്കുവേണ്ടി നിലകൊള്ളുക. അതിനേക്കാള്‍ വലിയ രാജ്യസ്നേഹമില്ല. രാവിലെ എഴുന്നേറ്റ് സൂര്യനമസ്കാരം ചെയ്യുന്നതും പശുക്കിടാവിന് കഞ്ഞിവെള്ളം കൊടുക്കുന്നതുമല്ല രാജ്യസ്നേഹം. വന്ദേമാതരം വരി തെറ്റാതെ പാടി പാകിസ്താനെ ശത്രുവെന്ന് വിളിച്ചാല്‍ രാജ്യസ്നേഹി എന്ന് പറയാനാവില്ല. കപടമായ വായ്ത്താരികളും തീവ്ര ദേശീയതയും അല്ല രാജ്യസ്നേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmadhyamam article
Next Story