Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജനാധിപത്യത്തിന്‍െറ...

ജനാധിപത്യത്തിന്‍െറ ശിരസ്സ് തകര്‍ക്കുന്നവര്‍

text_fields
bookmark_border
ജനാധിപത്യത്തിന്‍െറ ശിരസ്സ് തകര്‍ക്കുന്നവര്‍
cancel

ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ ബാഹ്യ ഇടപെടലുകള്‍ രോഹിത് വെമുല എന്ന ഗവേഷക വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ കലാശിച്ചതിന്‍െറ നടുക്കം മാറുന്നതിനുമുമ്പെയാണ് രാജ്യത്തെ ഏറ്റവും പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിക്കുനേരെ (ജെ.എന്‍.യു)  മോദിസര്‍ക്കാറിന്‍െറയും ബി.ജെ.പി-എ.ബി.വിപി തുടങ്ങിയ ഹിന്ദുത്വസംഘടനകളുടെയും ഇടപെടലുകള്‍ അരങ്ങേറിയത്. സര്‍വകലാശാലകളുടെ സ്വയംഭരണം എന്ന സങ്കല്‍പത്തെതന്നെ അട്ടിമറിക്കുന്ന, സ്വതന്ത്രചിന്തകള്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഇടപെടലുകളാണ്  വാഴ്സിറ്റികളില്‍ നടന്നത് എന്നത് അത്യധികം ആശങ്കജനകമായ കാര്യമാണ്. എ.ബി.വി.പി പ്രവര്‍ത്തകര്‍ ബി.ജെ.പി എം.പി മുഖേന കേന്ദ്ര മന്ത്രാലയങ്ങള്‍വഴി ചെലുത്തിയ സമ്മര്‍ദങ്ങളാണ് രോഹിതിന്‍െറ മരണത്തിലേക്ക് നയിച്ചത്. സമാനരീതിയില്‍ ഡല്‍ഹിയിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ജെ.എന്‍.യുവിലെ വിദ്യാര്‍ഥിയൂനിയന്‍ പ്രസിഡന്‍റായി ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട കനയ്യ കുമാറിനെതിരെയും കരുക്കള്‍ നീക്കിയിരിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട കനയ്യ കുമാറിന് കോടതി വളപ്പില്‍പോലും ബി.ജെ.പി അനുയായികളുടെ മര്‍ദനമേറ്റു.

ജെ.എന്‍.യു കാമ്പസില്‍ പാക് അനുകൂല മുദ്രാവാക്യം ഉയര്‍ന്നിരുന്നുവത്രെ. എന്നാല്‍, ഇതുസംബന്ധിച്ച് പരസ്പരവിരുദ്ധവും സംശയാസ്പദവുമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കാന്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍തന്നെ ആയിരുന്നു ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കിയതെന്ന് ഒരുവിഭാഗം അവകാശപ്പെടുന്നു. എന്നാല്‍, ഈ ദേശദ്രോഹ മുദ്രാവാക്യം മുഴക്കിയതിന്‍െറ പേരിലാണത്രെ കനയ്യയെ പൊലീസ്  പിടികൂടുന്നത്. അദ്ദേഹത്തിന്‍െറ സംഘടനയായ എ.ഐ.എസ്.എഫും മാതൃസംഘടന സി.പി.ഐയും ഇത്തരം മുദ്രാവാക്യങ്ങളെയും കശ്മീര്‍ വിഘടനവാദത്തെയും നിശിതമായി എതിര്‍ക്കുന്ന പ്രസ്ഥാനങ്ങളുമാണ്. മാത്രമല്ല, മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനെ ദേശദ്രോഹമായി പ്രഖ്യാപിച്ച് നടപടികള്‍ സ്വീകരിക്കാന്‍ നിയമമില്ല.

ഡല്‍ഹി പൊലീസിന് ജെ.എന്‍.യു കാമ്പസില്‍ എങ്ങനെ പ്രവേശം ലഭിച്ചു? ഇതുസംബന്ധമായി വൈസ് ചാന്‍സലര്‍ പുറത്തുവിട്ട വിശദീകരണം സംശയാസ്പദമാണ്. അവസാനകൈ എന്ന നിലയിലാണ് പൊലീസ് സഹായം ലഭിച്ചതെന്ന് ഇദ്ദേഹം അവകാശപ്പെടുകയുണ്ടായി. എന്നാല്‍, നേരത്തേതന്നെ പൊലീസ്  സഹായം തേടിയതായി അന്വേഷണം വെളിപ്പെടുത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ നിര്‍ദേശപ്രകാരം കാമ്പസില്‍ കടന്ന പൊലീസ്, ദേശദ്രോഹക്കുറ്റം ചുമത്തി കനയ്യയെ പിടികൂടുകയായിരുന്നു. ജാമ്യത്തിനായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകരുള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥികളെന്ന് തോന്നിക്കുന്ന ജനങ്ങള്‍ക്കുമെതിരെ ആക്രമണങ്ങളഴിച്ചുവിട്ടു. തോക്ക് കൈവശമുണ്ടായിരുന്നെങ്കില്‍ സര്‍വ ദേശദ്രോഹികളെയും താന്‍ വെടിവെച്ചുവീഴ്ത്തിയേനെ എന്നായിരുന്നു ഒരു ബി.ജെ.പി എം.എല്‍.എയുടെ ആക്രോശം. ഒരു മാധ്യമപ്രവര്‍ത്തകനുനേരെയും ആക്രമണമുണ്ടായി. പൊലീസിന് മുന്നിലായിരുന്നു കൈയേറ്റങ്ങള്‍. കാമ്പസിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അധ്യാപകരും സഹപ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. രാജ്യത്തെ മതേതര-ജനാധിപത്യ ശബ്ദങ്ങളെ അമര്‍ച്ചചെയ്യാനുള്ള നീചമായ നടപടികളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിയെയും എ.ബി.വി.പിയെയും നിയന്ത്രിക്കുന്ന ആര്‍.എസ്.എസിന്‍െറ കരങ്ങളാണ് ഇതിനുപിന്നില്‍.

സ്വന്തം രാഷ്ട്രീയത്തോട് വിയോജിപ്പുള്ള സര്‍വരെയും ദേശദ്രോഹികളെന്ന് അധിക്ഷേപിക്കുന്ന കൗശലതന്ത്രം പ്രയോഗിച്ച് സര്‍ക്കാര്‍ മെഷിനറികളുടെ പിന്തുണ ഉറപ്പുവരുത്തുകയാണ് എ.ബി.വി.പി. പുരോഗമന ശബ്ദങ്ങളെ ഭയപ്പെടുത്തി ഇല്ലായ്മ ചെയ്യാമെന്ന് എ.ബി.വി.പി കണക്കുകൂട്ടുന്നു. ‘ദേശവിരുദ്ധത’ എന്ന പരികല്‍പന ഉയര്‍ത്തിക്കാട്ടി മാസ് ഹിസ്റ്റീരിയ സൃഷ്ടിക്കാനാണ് ശ്രമങ്ങള്‍. ഹിന്ദുത്വദേശീയതയെ മാനിക്കാത്തവരൊന്നടങ്കം ദേശവിരുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നു. നിയമപാലകര്‍ അനുവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ അനുകൂല നിലപാടും ഭരണകര്‍ത്താക്കളുടെ പക്ഷപാതസമീപനവും രാജ്യത്തെ പ്രമുഖ നിയമജ്ഞരിലും പൗരാവകാശപ്രവര്‍ത്തകരിലും ആശങ്ക നിറച്ചിരിക്കുന്നു.  

ഫാഷിസ്റ്റ് അതിക്രമം എന്നാണ് ഇതിനെ കഴിഞ്ഞദിവസം പ്രശാന്ത് ഭൂഷണ്‍ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും ജനാധിപത്യമൂല്യങ്ങളും അസഹിഷ്ണുതയുടെ കുത്തൊഴുക്കില്‍ നഷ്ടപ്പെടുകയാണോ? കനയ്യ കുമാറിനെപ്പോലുള്ള ഗവേഷകവിദ്യാര്‍ഥികളെ പ്രഫഷനല്‍ മര്യാദകള്‍ തൊട്ടുതീണ്ടാത്തവിധം പിടികൂടിയ നിയമപാലകരും ജനാധിപത്യരാജ്യത്തിന് കളങ്കവും അപമാനവുമാണ് സമ്മാനിക്കുന്നത്. കോടതികള്‍ സമാശ്വാസം പകര്‍ന്നേക്കാം. അല്ലാത്തപക്ഷം ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ ഏറ്റെടുക്കാന്‍ ജനങ്ങള്‍തന്നെ സ്വയം സജ്ജരാകും.

Show Full Article
TAGS:jnu protest 
Next Story