Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജെ.എന്‍.യുവിലെ...

ജെ.എന്‍.യുവിലെ ചെറുത്തുനില്‍പ്

text_fields
bookmark_border
ജെ.എന്‍.യുവിലെ ചെറുത്തുനില്‍പ്
cancel

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലക്കെതിരെ സ്റ്റേറ്റിന്‍െറ മുഴുവന്‍ മെഷിനറിയും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഒരു ഭാഗത്ത്. വിമര്‍ശങ്ങളെയും വിവിധ രാഷ്ട്രീയബോധ്യങ്ങളെയും അടിച്ചമര്‍ത്താനുള്ള പരിശ്രമമാണിത്. എന്നാല്‍, മറുവശത്ത് അവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ജെ.എന്‍.യുവില്‍ അധ്യാപക-വിദ്യാര്‍ഥി സമൂഹം ഒന്നടങ്കം വലിയ ചെറുത്തുനില്‍പ് നടത്തിക്കൊണ്ടിരിക്കുകയാണ്. സര്‍വകലാശാല എന്ന സങ്കല്‍പത്തിനുനേരെ തന്നെയുള്ള ഈ അതിക്രമം ജനാധിപത്യരീതിയിലുള്ള സംഘര്‍ഷത്തിന്‍െറ പാതയിലൂടെതന്നെ നേരിടാനാണ് അക്കാദമിക സമൂഹം ഇവിടെ ശ്രമിക്കുന്നത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെയും അനുഭവപാഠം നമ്മുടെ മുന്നിലുണ്ട്. രോഹിത് വെമുലയുടെ ആത്മഹത്യക്കുശേഷം സംഘ്പരിവാറിന്‍െറയും ഭരണകൂടത്തിന്‍െറയും വീക്ഷണങ്ങള്‍ക്കും ചെയ്തികള്‍ക്കുമെതിരെ പുതിയ ഒരു വിമര്‍ശബോധ്യം ഉടലെടുത്തുവരുന്ന സമയത്താണ് ജെ.എന്‍.യുവിലെ ഭരണകൂട അതിക്രമം നടക്കുന്നത്.

അത്തരമൊരു രാഷ്ട്രീയദിശയുടെ രൂപവത്കരണത്തിലൂടെ ഭരണകൂടത്തിനെതിരെ ഇന്ത്യയുടെ പല കോണുകളില്‍നിന്നുണ്ടായ തിരിച്ചടിയെ വഴിതിരിച്ചുവിടാന്‍ ജെ.എന്‍.യുവിനെതിരായ പുതിയ നീക്കം സഹായിക്കുമെന്നാണ് ഭരണകൂടം കണക്കുകൂട്ടിയത്. എന്നാല്‍, ജെ.എന്‍.യുവിനെ പ്രത്യേകമായി ആക്രമിക്കുന്ന രീതി സംഘ് പരിവാര്‍ കുറെ കാലമായി തുടങ്ങിയിട്ട്. ആര്‍.എസ്.എസ് മുഖപത്രമായ ‘പാഞ്ചജന്യ’, ‘ജെ.എന്‍.യു ദേശദ്രോഹികളുടെ കൂടാരം’ എന്ന തലക്കെട്ടോടുകൂടി ഒരു പ്രത്യേകപതിപ്പുതന്നെ ഇറക്കി. അതില്‍ പേരെടുത്ത് പറഞ്ഞ് രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടവനാണ് ഈയുള്ളവനും. രോഹിതിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ കേന്ദ്ര മാനവ വിഭവശേഷി മന്ത്രിക്ക് അയച്ച കത്തില്‍ രോഹിതിനെയും സമരരംഗത്തുള്ള കൂട്ടാളികളെയും ജാതിവാദികളും തീവ്രവാദികളും എന്നതിനു പുറമെ രാജ്യദ്രോഹികളുമായാണ് ചിത്രീകരിച്ചത്. ജെ.എന്‍.യുവിലെ സംഘ്പരിവാര്‍ വിദ്യാര്‍ഥിസംഘടനയും അവരുടെ ഡല്‍ഹി എം.പി മഹേന്ദ്ര ഗിരിയും തങ്ങളുടെ പരാതികളിലൂടെ ജെ.എന്‍.യു വിദ്യാര്‍ഥികളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ഭരണകൂടത്തിന് കൈകാര്യം ചെയ്യാനായി അവസരമൊരുക്കുകയാണ് ചെയ്തത്. രാജ്യദ്രോഹികളെ തുരത്താനെന്ന പേരിലുള്ള ഈ പ്രവര്‍ത്തനത്തിന് ഹൈദരാബാദിലെന്ന പോലെ ജെ.എന്‍.യുവിലും അധികാരികളില്‍നിന്നുള്ള ഒത്താശ ലഭിക്കുകയുണ്ടായി.

ജെ.എന്‍.യു പരമ്പരാഗതമായി ഒരു ജനാധിപത്യ അഭിപ്രായസ്വാതന്ത്ര്യത്തിന്‍െറ ഇടമായി നിലകൊള്ളുന്നുണ്ടെങ്കിലും ജാതീയവും സാമൂഹികവുമായ ഉച്ചനീചത്വങ്ങളുടെ സ്ഥാപനവത്കൃത പ്രയോഗങ്ങളെ മറികടക്കാനുള്ള കൂടുതല്‍ സാധ്യതകള്‍ ആരായുന്ന സന്ദര്‍ഭമാണിത്. പൊലീസിനെ ഉപയോഗിച്ചുകൊണ്ടുള്ള ഭരണകൂടത്തിന്‍െറ ഇടപെടല്‍ സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തിനുനേരെയും മേല്‍പറഞ്ഞ സാധ്യതകള്‍ക്കുനേരെയും ചോദ്യമുയര്‍ത്തുകയാണ് .
സര്‍വകലാശാലയിലെ ക്ളാസ്റൂമുകളില്‍ എന്തു പഠിക്കണം, പഠിപ്പിക്കണം,   ഹോസ്റ്റലുകളിലെ സംവാദങ്ങളില്‍ എന്ത് അഭിപ്രായപ്രകടനങ്ങള്‍ നടത്തണം, ധാബകള്‍ക്കു മുന്നില്‍ ഏതെല്ലാം പരിപാടികള്‍ സംഘടിപ്പിക്കാം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശത്തെയും സാധ്യതയെയുമാണ് ഭരണകൂടത്തിന് നേരിട്ട് ഇടപെടാന്‍ അവസരമൊരുക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

ഭരണകൂടം നിശ്ചയിക്കുന്ന ഏകമുഖമായ ദേശീയതാ വ്യവഹാരത്തിലേക്ക് എല്ലാ അക്കാദമിക-രാഷ്ട്രീയ സംവാദങ്ങളും ഒതുക്കാനുള്ള പരിശ്രമമാണ് ഇവിടെ നടക്കുന്നത്. ഈ ആധിപത്യപ്രവണതക്കെതിരെ നിലപാടെടുത്തുകൊണ്ട് വധശിക്ഷയെ കുറിച്ചും കശ്മീര്‍പോലുള്ള നിര്‍ണായക രാഷ്ട്രീയപ്രശ്നങ്ങളെ കുറിച്ചും ബ്രാഹ്മണ്യ ജാതി പ്രത്യയശാസ്ത്രത്തെക്കുറിച്ചും ശക്തമായിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് പ്രവണതകളെക്കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് രാജ്യദ്രോഹ ലേബല്‍ ചാര്‍ത്തുന്നത്. കാമ്പസിനകത്തെ ബൗദ്ധികമേഖലയില്‍ നടക്കുന്ന ഈ വിമര്‍ശാത്മക പരിശോധനകളെയും ആശയസംഘട്ടനങ്ങളെയും രാജ്യദ്രോഹക്കുറ്റമാക്കുന്ന പ്രവര്‍ത്തനമാണ് സംഘ്പരിവാറിന്‍െറയും കോര്‍പറേറ്റ് മാധ്യമങ്ങളുടെയും ഒത്താശയോടെ ഭരണകൂടം നടത്തിയത്. വിദ്യാര്‍ഥികള്‍ പ്രകടിപ്പിക്കുന്ന രാഷ്ട്രീയാഭിപ്രായങ്ങളും അവര്‍ വിളിക്കുന്ന മുദ്രാവാക്യങ്ങളും രാജ്യദ്രോഹമാക്കുന്ന നടപടികളെയാണ് നമുക്ക് ചെറുക്കേണ്ടത്.

ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാര്‍ അടക്കം എട്ടോളം വിദ്യാര്‍ഥികളെയാണിപ്പോള്‍ പിടികൂടിയിരിക്കുന്നത്. ഇവരെ എല്ലാവരെയും വിട്ടുകിട്ടുന്നതുവരെയുള്ള സമരം അനിവാര്യമായിരിക്കുകയാണ്. അധ്യാപകരും വിദ്യാര്‍ഥികളും ഒരുമിച്ച്  കഴിഞ്ഞദിവസം കാമ്പസില്‍ പ്രകടിപ്പിച്ച സമരൈക്യം ആ ദിശയിലുള്ള ഫലമുളവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പൂര്‍ണസൈനിക സന്നാഹങ്ങളോടെ കാമ്പസിന്മേലുള്ള  അധിനിവേശം ഭരണകൂടത്തിന്‍െറ ചില കോണുകളിലെങ്കിലുമുള്ളവര്‍ക്ക് ഉണ്ടെന്നതും വിസ്മരിച്ചുകൂടാ.
(ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷനല്‍ സ്റ്റഡീസില്‍ അധ്യാപകനാണ് ലേഖകന്‍)

Show Full Article
TAGS:kanayya kumar jnu protest 
Next Story