1931 ഒക്ടോബര്‍ 31ന് മഹാത്മാഗാന്ധി ഡോ. ബി.ആര്‍. അംബേദ്കറെ സംബന്ധിച്ച് ശ്രദ്ധേയമായ ഒരു പ്രസ്താവന നടത്തി. ‘അമര്‍ഷംകൊള്ളാന്‍ അംബേദ്കര്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്. ആത്മസംയമനം ഉള്ളതുകൊണ്ടുമാത്രമാണ് അദ്ദേഹം നമ്മുടെ ആരുടെയും തല തല്ലിപ്പൊട്ടിക്കാതിരിക്കുന്നത്’. അംബേദ്കറോടും അദ്ദേഹത്തിന്‍െറ സമുദായത്തോടും അനുവര്‍ത്തിക്കപ്പെട്ട കടുത്ത ക്രൂരതകള്‍ പരിഗണിക്കുമ്പോള്‍ അദ്ദേഹം നടത്തുന്ന രോഷംനിറഞ്ഞ പരുഷ പരാമര്‍ശങ്ങള്‍ ന്യായം മാത്രമാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ഗാന്ധിജി ഈ പ്രസ്താവനയിലൂടെ.
ജെ.എന്‍.യുവില്‍ സമരരംഗത്തുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഗാന്ധിജിയുടെ ഈ വാചകം ഒരിക്കല്‍കൂടി ഓര്‍മയില്‍ എത്തുകയായിരുന്നു. സര്‍ക്കാറിനെ അനുസരിക്കാതിരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള എഴുത്തോ പ്രസ്താവനയോ മറ്റു പ്രവൃത്തികളോ ആണ് ദേശദ്രോഹക്കുറ്റത്തിന്‍െറ നിര്‍വചനപരിധിയില്‍ വരുന്ന കാര്യങ്ങള്‍. കിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി എം.പി മഹേഷ് ഗിരിയാണ് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. വിദ്യാര്‍ഥികളെ ഭരണഘടനാവിരുദ്ധരും ദേശവിരുദ്ധരുമായാണ് മഹേഷ് വിശേഷിപ്പിക്കുന്നത്.
ഇത്തരം ലജ്ജാകരമായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാമ്പസില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടികള്‍ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, മനുഷ്യവിഭവശേഷി മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്ക് മഹേഷ് ഗിരി കത്തയക്കുകയുമുണ്ടായി. യാകൂബ് മേമന്‍ വധത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ ഹൈദരാബാദ് സര്‍വകലാശാലയില്‍ ബി.ജെ.പി അഴിച്ചുവിട്ട ആക്രമണങ്ങളുടെ തനിയാവര്‍ത്തനമായിരുന്നു ജെ.എന്‍.യുവിലും അരങ്ങേറിയത്. ഹൈദരാബാദ് സര്‍വകലാശാലാ സംഭവം ദലിത് വിദ്യാര്‍ഥിയായ രോഹിതിന്‍െറ ആത്മഹത്യയില്‍ കലാശിക്കുകയും ചെയ്തു.
വിദ്യാര്‍ഥി പ്രതിഷേധത്തിന് അനുവാദം നല്‍കിയിരുന്നില്ളെന്നാണ് ജെ.എന്‍.യു അധികൃതരുടെ വാദം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയെങ്കിലും അതില്‍ പിന്നാക്കക്കാര്‍ക്ക് പ്രാതിനിധ്യം അനുവദിക്കപ്പെട്ടിട്ടില്ളെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാര്‍ഥികളെ നിയമക്കുരുക്കില്‍ വീഴ്ത്തുന്നതിനുമുമ്പ് പ്രശ്നങ്ങളുടെ യഥാര്‍ഥ മര്‍മം മനസ്സിലാക്കാന്‍ ബി.ജെ.പി ശ്രമിക്കണമായിരുന്നു. മേമന്‍െറ വധശിക്ഷയില്‍ പ്രതിഷേധിക്കാന്‍ എന്തുകൊണ്ട് ദലിത് വിദ്യാര്‍ഥികള്‍ ഹൈദരാബാദ് കാമ്പസില്‍ രംഗത്തുവരുന്നു? ജെ.എന്‍.യുവിലെ മുസ്ലിം പിന്നാക്ക വിദ്യാര്‍ഥികള്‍ എന്തുകൊണ്ട് ഉന്നംവെക്കപ്പെടുന്നു? അന്വേഷണ സമിതികളില്‍ കീഴാളവിഭാഗത്തിന്‍െറ പ്രാതിനിധ്യം എന്തുകൊണ്ട് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. തുടങ്ങിയ ചോദ്യങ്ങള്‍ അവര്‍ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ വധശിക്ഷക്ക് മുസ്ലിംകളും ദലിതുകളുമാണ് കൂടുതല്‍ ഇരകളാക്കപ്പെടുന്നത്. പൊതു വധശിക്ഷകളില്‍ 75 ശതമാനവും ഭീകരതയുമായി ബന്ധപ്പെട്ട വധശിക്ഷകളില്‍ 93.5 ശതമാനവും ദലിതുകള്‍ക്കും മുസ്ലിംകള്‍ക്കുമെതിരിലാണ് വിധിക്കപ്പെടുന്നതെന്ന് നാഷനല്‍ യൂനിവേഴ്സിറ്റി നടത്തിയ പഠനസര്‍വേ വെളിപ്പെടുത്തുന്നു. ഒരുകാര്യം ഇവിടെ സ്പഷ്ടമാണ്. മുന്‍വിധികളോടെയാണ് ഈ രണ്ട് വിഭാഗങ്ങളും വീക്ഷിക്കപ്പെടുന്നത്.
സവര്‍ണ ഹിന്ദു വിഭാഗങ്ങള്‍ നടത്തുന്ന ഭീകരചെയ്തികളോട് സര്‍ക്കാര്‍ മൃദുനയം കൈക്കൊള്ളുന്നു. മാലേഗാവ് ഭീകരാക്രമണംതന്നെ ഇതിന്‍െറ മതിയായ ഉദാഹരണം. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിങ്ങിന്‍െറ ഘാതകന് വധശിക്ഷ നടപ്പാക്കാന്‍ ആരും ധിറുതികാട്ടിയിരുന്നില്ല. രാജീവ് ഗാന്ധിയുടെ കൊലയാളികള്‍ക്ക് ശിക്ഷയില്‍ ഇളവും ലഭിക്കുകയുണ്ടായി. ഗുജറാത്തില്‍ 95 മുസ്ലിംകളുടെ കൊലക്കുത്തരവാദിയായ മായ കോട്നാനിക്കും ശിക്ഷ നല്‍കാന്‍ ധിറുതിയില്ല. ദലിതുകളും മുസ്ലിംകളും ദാരിദ്ര്യം അനുഭവിക്കുന്നതിനാല്‍ അവരെ നിസ്സാരമായി കാണുന്ന സവര്‍ണ മനോഭാവവും മേല്‍പറഞ്ഞ മുന്‍വിധികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. അഫ്സല്‍ ഗുരുവിന് കേസ് വാദിക്കാന്‍ മികച്ച വക്കീലിനെപ്പോലും ലഭ്യമായിരുന്നില്ല.
ഉപരി മധ്യവര്‍ഗങ്ങളാണ് സവര്‍ണ ഹിന്ദുത്വ ലോബിയുടെ അടിത്തറ. അതിനാല്‍ അവര്‍ സംവരണം എന്ന ആശയത്തെപ്പോലും ശക്തമായി എതിര്‍ക്കുന്നു. വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ പ്രതിപക്ഷത്തിന് കൈയുണ്ടെന്ന പ്രധാനമന്ത്രിയുടെ വാദം യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതേ അല്ല. ഈ കാലഘട്ടത്തില്‍ ദലിതുകള്‍ക്ക് കൂടുതല്‍ ഉച്ചത്തില്‍ സ്വരമുയര്‍ത്താന്‍ അവസരം കൈവന്നിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. അവര്‍ പരുഷഭാഷ ഉപയോഗിക്കുന്നുണ്ടാകാം. എന്നാല്‍, അതിനെ അടിച്ചമര്‍ത്താനല്ല അധികൃതര്‍ ശ്രമിക്കേണ്ടത്. അവരുടെ വാദങ്ങള്‍ക്ക് ചെവിനല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. അവരുമായി സംഭാഷണങ്ങള്‍ നടത്താനും സന്മനസ്സ് കാട്ടണം.
അംബേദ്കറുടെ കാര്യത്തില്‍ ഗാന്ധിജി പ്രകടിപ്പിച്ച വിവേകപൂര്‍വമായ നീതിബോധവും നിലവിലെ ഭരണകൂടത്തിന്‍െറ രീതിയും നാം തുലനംചെയ്യേണ്ടതുണ്ട്. ആദ്യം ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിസമരത്തോടും ഇപ്പോള്‍ ജെ.എന്‍.യുവിലെ സമരത്തോടും അനുവര്‍ത്തിച്ച അടിച്ചമര്‍ത്തല്‍ നയം യുക്തിഭദ്രവും വിവേകപൂര്‍വവുമാണോ?
ഇത്തരം വിഷയങ്ങളെ പക്വതയോടെ സമീപിക്കാനുള്ള ശീലമാണ് സ്വായത്തമാക്കേണ്ടത്. എന്നാല്‍, അത്തരം പക്വതയും ആര്‍ജവവും പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. നിരന്തരമായ പാര്‍ശ്വവത്കരണത്തിന്‍െറയും ക്രൂരമായ അടിച്ചമര്‍ത്തലിന്‍െറയും പശ്ചാത്തലം നിലനില്‍ക്കെ സര്‍ക്കാറിനെ ധിക്കരിക്കാന്‍ ജനങ്ങള്‍ക്ക് പ്രേരണയരുളുന്ന എഴുത്തുമായൊ പ്രക്ഷോഭ പരിപാടികളുമായോ ഇരകള്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ അതിശയിക്കാനുണ്ടോ?
(കടപ്പാട് ഒൗട്ട്ലുക്ക് വാരിക)