Begin typing your search above and press return to search.
exit_to_app
exit_to_app
ഇങ്ങനെ ഇനി ഒരാളില്ല
cancel

ഓര്‍ക്കാപ്പുറത്താണ് ശനിയാഴ്ച വൈകുന്നേരം ഒ.എന്‍.വിയുടെ വിയോഗവാര്‍ത്ത അറിയുന്നത്. ആരോ ചതിച്ചപോലെ! മിനിയാന്ന് അദ്ദേഹത്തിന്‍െറ വീട്ടുകാരിയെ വിളിച്ച് രോഗവിവരം തിരക്കിയപ്പോഴും ഒരു സൂചനയും കിട്ടിയില്ലായിരുന്നു. ഒരാഴ്ചക്കകം ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് തിരികെ പോകാമെന്ന പ്രതീക്ഷയാണ് അവരെനിക്കുതന്നത്. കണ്ടിട്ട് കുറച്ചായി, താമസിയാതെ ചെന്നുകാണണം എന്ന് മനസ്സില്‍ കുറിക്കുക മാത്രമല്ല, വീട്ടിലത്തെുമ്പോള്‍ വരാമെന്ന് അവരോട് പറയുകയും ചെയ്തു. എന്നിട്ടിപ്പോള്‍... ഇല്ല ഒ.എന്‍.വിയുടെ ഇച്ഛാശക്തിയെ മരണത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. ജീവിതത്തിന്‍െറ അവസാനനാള്‍വരെ അവശതകളൊന്നും വകവെക്കാതെ കവിത എഴുതി അദ്ദേഹം. കാണാന്‍ ചെല്ലുമ്പോഴൊക്കെ താന്‍ എഴുതാനുദ്ദേശിക്കുന്ന കവിതകളെയും പുതുതായി ഇറങ്ങാനിരിക്കുന്ന സമാഹാരങ്ങളെയും കുറിച്ച് സംസാരിച്ചു. നാട്ടില്‍ നടമാടുന്ന വിഭാഗീയതയുടെ രാഷ്ട്രീയത്തെ എവ്വിധമെല്ലാം പ്രതിരോധിക്കാമെന്ന് വിശദമായി പറഞ്ഞുതന്നു.

ദാരിദ്ര്യത്തിന്‍െറയും പ്രതിരോധത്തിന്‍െറയും സൗന്ദര്യശാസ്ത്രപരമായ സാധ്യതകളെ ഇത്രനന്നായി അനുഭവിച്ചവതരിപ്പിച്ച ഒരു കവി ലോകത്തെങ്ങും വേറെയുണ്ടെന്ന് തോന്നുന്നില്ല. ദാരിദ്ര്യം നന്നായി അനുഭവിച്ചതുകൊണ്ടും കവിത്വം ജന്മസിദ്ധമായതിനാലുമാകാം ഇത് സാധിച്ചത്. ഇല്ലാത്തവനും വല്ലാത്തവനും സാഹിത്യത്തില്‍ സ്ഥാനമില്ളെന്നായിരുന്നുവല്ളോ ഇവിടത്തെ പഴയ സങ്കല്‍പം.

സര്‍വജന സമത്വത്തിന്‍െറ സംസ്കാരം കേരളീയ മനസ്സാക്ഷിയിയില്‍ രൂഢമൂലമാണെന്ന് മാവേലി നാടു വാണീടും കാലം എന്ന ഈരടിതന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ സ്വാതന്ത്ര്യസമരത്തിന് തിരികൊളുത്തിയ വികാരത്തില്‍ ഇത് പ്രമുഖ സ്ഥാനത്തുണ്ടായിരുന്നു എന്ന് കരുതണം. പക്ഷേ, സ്വാതന്ത്ര്യം കിട്ടിയതോടെ ഇന്ത്യന്‍ നവോത്ഥാനം രണ്ടായി പിരിഞ്ഞു. ഒരുകൂട്ടര്‍ പടിഞ്ഞാറന്‍ സമ്പദ്വ്യവസ്ഥയെയും വികസനമാതൃകയെയും ആധാരമാക്കിയപ്പോള്‍ മറ്റൊരു കൂട്ടര്‍ സമത്വമെന്ന സ്വപ്നത്തിന്‍െറ സാക്ഷാത്കാരത്തില്‍ ഊന്നി. ഇവിടത്തെ എഴുത്തുകാരില്‍ മഹാഭൂരിപക്ഷവും ഈ ഇടതുപക്ഷത്തായി. ഇടതിനെതിരെ മര്‍ദനവുംകൂടിയായതോടെ ഇവരുടെ പക്ഷം മഹാജനപക്ഷമായി. അങ്ങനെയാണ് ലോകത്തിലാദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ജനായത്തത്തിലൂടെ അധികാരത്തില്‍വരുന്നത്.

പക്ഷേ, പാര്‍ട്ടിയുടെ ഭരണം ഏകപക്ഷീയമായിപ്പോകുന്നു എന്ന അവസ്ഥ വന്നപ്പോള്‍ അന്നോളം പാര്‍ട്ടിയെ അനുകൂലിച്ചവരില്‍ പി. ഭാസ്കരന്‍ ഉള്‍പ്പെടെ പലരും അകന്നു. പക്ഷേ, ഒ.എന്‍.വിയും വയലാറും മാറിയില്ളെന്നല്ല, പാര്‍ട്ടിയെ അകത്തുനിന്ന് തിരുത്താന്‍ ശ്രമിക്കയായി. ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച് വയലാര്‍ നേരത്തേ യാത്രയായി. ഒ.എന്‍.വിയാകട്ടെ, ജീവിതാന്ത്യംവരെ പ്രതീക്ഷ കൈവിട്ടില്ളെന്നല്ല ഇടതിന്‍െറ പ്രതിരോധസമീപനത്തെ പരിസ്ഥിതിസംരക്ഷണത്തിലേക്കും വേദാന്തത്തിന്‍െറവരെ ഉന്നതതലങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കയും ചെയ്തു. അവസാനമെഴുതിയ ‘അഹം’ എന്ന കവിത നോക്കുക. സര്‍വമനുഷ്യ സാഹോദര്യത്തിന്‍െറയും ഭൂമിയിലെ പച്ചയുടെ നിലനില്‍പിന്‍െറയും കവിയായി ഒ.എന്‍.വി നീണ്ടുവാണു.
ഇത്രയേറെ താളബോധവും പദസ്വാധീനവുമുള്ളവര്‍ മലയാളത്തില്‍ വിരളമാണ്. ഉള്ളുനിറയെ സംഗീതം അലയടിച്ചുകൊണ്ടുമിരുന്നു. മലയാളിയുടെ മനംകവര്‍ന്ന ഈ താളവും ഈണവും ഇഴചേര്‍ന്നുണ്ടായ അനേകശതം ഗാനങ്ങള്‍ക്ക്, ഇടതുപക്ഷത്തിന് അതിന്‍െറ നേതാക്കള്‍ സംഭാവന ചെയ്ത മുദ്രാവാക്യങ്ങളെക്കാള്‍ ജനസ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞു.

നാലഞ്ചു പതിറ്റാണ്ടായി അദ്ദേഹത്തെ അടുത്തറിയാന്‍ കഴിഞ്ഞത് മറ്റു പലര്‍ക്കുമെന്നപോലെ എനിക്കും വലിയ അനുഗ്രഹമായി. അടുത്തറിയുന്നവര്‍ക്കൊക്കെ തോന്നുക തന്നോടദ്ദേഹത്തിന് പ്രത്യേകമായ മമതയുണ്ടെന്നാണ്. എനിക്കുമങ്ങനെയാണ് തോന്നാറ്. സുഹൃത്തും ഗുരുവും സഹോദരനും വിമര്‍ശകനും എല്ലാമായിരുന്നു എനിക്കദ്ദേഹം.


ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ അഭിപ്രായമാരായാന്‍ എനിക്കിനി ആരുമില്ല. ഒട്ടും പരിഭ്രമിക്കേണ്ടതില്ല. ഈ ലോകം ഏറെ താമസിയാതെ മനുഷ്യര്‍ക്ക് സമാധാനമായും സുഖമായും ഒരു തരംതിരിവുമില്ലാതെയും കഴിഞ്ഞുകൂടാന്‍ പറ്റുന്ന ഇടമായി മാറും എന്ന് പുഞ്ചിരിച്ച് പറഞ്ഞുറപ്പിച്ചുതരാനും ഇനി ആരുമില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മെ ആരെല്ലാം ആവേശിച്ചിരിപ്പുണ്ടെന്നാലും ഏതെല്ലാം ക്ഷുദ്രശക്തികള്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാലും അതെല്ലാം നാളെ ഉദിക്കുന്ന ജനകീയവിവേകത്തില്‍ സൂര്യോദയത്തിലെ കൂരിരിട്ടുപോലെ അപ്രത്യക്ഷമാകുമെന്ന് ശപഥം ചെയ്യാനുമില്ല ഇനിയാരും.
അതുകൊണ്ട്, അരികില്‍ചെന്നിരിക്കാന്‍ വെറുതെ മോഹിച്ചുപോകുന്നു. ആ മോഹം ഈ ജീവിതത്തില്‍ ഇനി വെറുതെ എന്നറിയുമ്പോഴും വെറുതേയങ്ങനെ മോഹിക്കാനും മോഹം തോന്നുന്നു.                           l

Show Full Article
TAGS:onv kurup 
Next Story