Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസിക വൈറസ്: ജാഗ്രത...

സിക വൈറസ്: ജാഗ്രത മികച്ച പ്രതിരോധം

text_fields
bookmark_border
സിക വൈറസ്: ജാഗ്രത മികച്ച പ്രതിരോധം
cancel

ആഗസ്റ്റില്‍ ആരംഭിക്കുന്ന ഒളിമ്പിക്സ് കായിക മാമാങ്കം വീക്ഷിക്കാന്‍ ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുതെന്ന ബ്രസീലിന്‍െറ പ്രഖ്യാപനത്തോടെയാണ് ‘സിക’ വൈറസ് സൃഷ്ടിച്ച ആരോഗ്യപ്രതിസന്ധിയുടെ തീക്ഷ്ണതയിലേക്ക് ലോകരാഷ്ട്രങ്ങള്‍ ഉണര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ സിക വൈറല്‍ബാധയെ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയുടെ (പി.എച്ച്.ഇ.ഐ.സി) പരിധിയില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന പ്രഖ്യാപനം പുറത്തുവിടുകയും ചെയ്തു. ഈഡിസ് കൊതുക് പരത്തുന്ന സികാ വൈറല്‍ പനിയാണ് പി.എച്ച്.ഇ.ഐ.സിയുടെ പരിധിയില്‍പെടുത്തുന്ന ആദ്യത്തെ കൊതുകുജന്യ രോഗം.
അപ്രതീക്ഷിതമായി പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന അവസരത്തിലാണ് ഒരു രോഗത്തെ പി.എച്ച്.ഇ.ഐ.സി പരിധിയില്‍പെടുത്തുന്നത്. 1947ല്‍ കണ്ടത്തെിയ നിരുപദ്രവകാരി എന്നുകരുതിയ സികാ വൈറസിനെ 2016 ഫെബ്രുവരി ഒന്നു മുതലാണ് പി.എച്ച്.ഇ.ഐ.സി ആയി പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യചട്ടങ്ങളുടെ  ഭാഗമായി പ്രത്യേക അന്താരാഷ്ട്ര സമിതി കൂടിയാണ് ആഗോളമായി സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കാവുന്ന ഈ തീരുമാനമെടുത്തത്. ആഫ്രിക്കയിലെ സിക്കാ വനത്തിലെ കുരങ്ങുകളിലാണ് 1947ല്‍ ആദ്യമായി ഈ വൈറസിനെ കണ്ടത്തെിയത്.
• 1960ല്‍ നൈജീരിയയില്‍ ഇത് മനുഷ്യനില്‍ രോഗം പരത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
• 1970ല്‍ ഇന്ത്യ, പാകിസ്താന്‍, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
• 2007ല്‍ മൈക്രോനേഷ്യയിലും (49 കേസ്) 2013ല്‍ പോളിനേഷ്യയിലും ഇത് പടര്‍ന്നുപിടിച്ചു. എന്നാല്‍, 2015ല്‍ ബ്രസീലിലാണ് ഏകദേശം ഒരു ദശലക്ഷം ആളുകളില്‍ പടര്‍ന്നുപിടിക്കുകയും തലയോട് ചുരുങ്ങി തലച്ചോറിനെ ബാധിക്കുന്ന മൈക്രോസിഫലിയുള്ള നവജാത ശിശുക്കളുടെ വര്‍ധന കണ്ടത്തെുകയുംചെയ്തത്.

രോഗലക്ഷണങ്ങള്‍
ഏകദേശം 20 ശതമാനം ആള്‍ക്കാരും കൊതുകുകടിയേറ്റതിന്‍െറ രണ്ടു മുതല്‍ 12 ദിവസത്തിനുശേഷം രോഗലക്ഷണങ്ങള്‍ പ്രകടമാക്കുകയും ഒരാഴ്ചക്കുള്ളില്‍ ഇവ മാറുകയും ചെയ്യുന്നു.  ചെറിയതോതിലുള്ള പനി, തലവേദന ശരീര വേദന, കണ്ണുകളില്‍ ചുവപ്പ്, തൊലിപ്പുറത്തുള്ള പാടുകള്‍ എന്നിവയാണ് പ്രത്യക്ഷ ലക്ഷണങ്ങള്‍. ചിലര്‍ക്ക് വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി എന്നിവയും അനുഭവപ്പെടുന്നു. എന്നാല്‍, ഇത്തരുണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ഗുരുതരാവസ്ഥയിലുള്ള കേസുകളൊന്നും റിപ്പോര്‍ട്ട്ചെയ്തിരുന്നില്ല. ലക്ഷണത്തിനനുസരിച്ചുള്ള ലഘു ചികിത്സ എടുക്കുമ്പോള്‍ ഇവ മാറുന്നു. എന്നാല്‍, ബ്രസീലിലുണ്ടായ വ്യാപകമായ രോഗ സംക്രമണത്തിനുശേഷം തലയോട് ചുരുങ്ങി തലച്ചോറിന്‍െറ വളര്‍ച്ചയെ ബാധിക്കുന്ന (Microcephaly) അവസ്ഥ നവജാത ശിശുക്കളില്‍ 4000 പേരില്‍ റിപ്പോര്‍ട്ടുചെയ്തു. അതേപോലെ, ഗുലിയന്‍ ബാരി പോലുള്ള നാഡീവ്യൂഹത്തെ ദുര്‍ബലമാക്കുന്ന അവസ്ഥയുമായി ബന്ധമുള്ളതായി സംശയിക്കപ്പെട്ടു.
മൈക്രോസിഫലി ആയി 24 മണിക്കൂറിനുള്ളില്‍ മരിച്ച നവജാത ശിശുക്കളുടെ തലച്ചോറില്‍നിന്നും ഗര്‍ഭാവസ്ഥയില്‍ മൈക്രോസിഫലി കുഞ്ഞുള്ള അമ്മമാരുടെ ഗര്‍ഭപാത്രത്തിലെ ദ്രാവകത്തില്‍നിന്നും  വൈറസിനെ കണ്ടത്തെി. അതുകൊണ്ടാണ് സികാ വൈറസിന്‍െറ കടുത്ത രോഗാതുരത ഉണ്ടാക്കുന്ന മൈക്രോസിഫലിയുമായുള്ള ബന്ധം സംശയിക്കുകയും ആഗോളമായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടാന്‍ രോഗത്തെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്തത്.ച്ചത്. ഇതിനെ തുടര്‍ന്ന് ഗര്‍ഭിണികളായ സ്ത്രീകള്‍ സികാ രോഗമുള്ള നാടുകളിലേക്ക് യാത്രചെയ്യുന്നത് വിലക്കിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടന യാത്ര/ വ്യാപാര നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ലാറ്റിന്‍ അമേരിക്കയില്‍ ഈ രോഗത്തിന്‍െറ പ്രബലത കുറയുന്നതുവരെ മാസങ്ങളോ വര്‍ഷങ്ങളോ ആരും ഗര്‍ഭിണിയാകരുത് എന്ന നിര്‍ദേശം സികാ വൈറസുണ്ടാക്കാവുന്ന ആരോഗ്യ പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നു.
• ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകളാണ് സികാ വൈറസിനെ വ്യക്തിയില്‍നിന്ന് വ്യക്തിയിലേക്കുള്ള വ്യാപനത്തിന് കാരണമാകുന്നത്.
• വൈറസ് വാഹകനായ പുരുഷനില്‍നിന്നും സ്ത്രീകളിലേക്ക് ലൈംഗികബന്ധം വഴി പകര്‍ന്ന കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസ് കലര്‍ന്ന രക്തം സ്വീകരിക്കുന്നതുവഴിയും രോഗം വരാം.
• പ്രസവാനന്തരം അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് വ്യാപിക്കാം.
• രോഗിയുടെ ഉമിനീരിലും മൂത്രത്തിലും വൈറസ് സാന്നിധ്യം കണ്ടത്തെിയിട്ടുണ്ടെങ്കിലും അതുവഴി സംക്രമിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.
• 2015ല്‍ ഫുട്ബാള്‍ ലോകകപ്പിനോടനുബന്ധിച്ചാണ് ആദ്യമായി സികാ വൈറസ് ഏതോ രോഗവാഹകനിലൂടെ ബ്രസീലില്‍ എത്തിയതെന്ന് നിഗമനം.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
ഈഡിസ് കൊതുകുകളെ നിയന്ത്രിക്കാനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുഖ്യമായത്. മനുഷ്യന്‍െറ വാസസ്ഥലങ്ങള്‍ക്ക് അനുബന്ധമായി പെരുകുന്നവയാണ് ഈഡിസ് കൊതുകും. ഒരു ടീസ്പൂണ്‍ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്തുപോലും ഇവ മുട്ടയിടുന്നു. നഗരവത്കരണവും പ്ളാസ്റ്റിക് സംസ്കാരവും മാലിന്യസംസ്കരണത്തിലുള്ള അശാസ്ത്രീയതയും കൊതുകുകളുടെ ബാഹുല്യം കൂട്ടുന്നു.

കേരളം ചെയ്യേണ്ടത്
ഈഡിസ് കൊതുക് സമ്മാനിച്ച ഡെങ്കിപ്പനി, ചികുന്‍ഗുനിയ എന്നിവയുടെ രോഗാതുരത അനുഭവിച്ചുകൊണ്ടിരിക്കുന്ന നാടാണ് കേരളം.
വര്‍ഷം മുഴുവന്‍ ഇടവിട്ടുള്ള മഴയും 37 ഡിഗ്രി സെല്‍ഷ്യസ്വരെയുള്ള ചൂടും ഈഡിസ് കൊതുകിന് പെരുകാനനുകൂലമായ കാലാവസ്ഥ ഒരുക്കുന്നു.
• രോഗനിരീക്ഷണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്ന അസാധാരണ ലക്ഷണങ്ങള്‍ കണ്ടത്തെിയാല്‍ ഉടന്‍ ആരോഗ്യസംവിധാനങ്ങളില്‍ റിപ്പോര്‍ട്ടുചെയ്യുക. കൊതുകിന്‍െറ ഉറവിട നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജീവിത ശൈലിയുടെ ഭാഗമാക്കുക.
•സാമൂഹിക ശുചിത്വത്തിന് മുന്‍തൂക്കം കൊടുക്കുക ഈഡിസ് കൊതുക് പകല്‍സമയത്ത് കടിക്കുന്ന കൊതുകായതിനാല്‍ ഗൃഹശുചിത്വവും സമൂഹശുചിത്വവും ഒന്നിച്ചു പാലിക്കുമ്പോള്‍ മാത്രമേ ഇവയെ പ്രതിരോധിക്കാന്‍ കഴിയൂ.
• മാലിന്യസംസ്കരണ സംസ്കാരം ശീലമാക്കുക. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കേണ്ട ഉത്തരവാദിത്തം നമുക്കുതന്നെയാണെന്ന നീതിബോധം രൂഢമൂലമാക്കുക.
•രോഗാവസ്ഥയില്‍ ആശങ്കകള്‍ കൈവെടിഞ്ഞ്  അടിസ്ഥാനപരമായി ആരോഗ്യ പരിപോഷക ശീലങ്ങളും ജീവിതശൈലികളും സമൂഹത്തിന്‍െറ ഭാഗമാക്കുക എന്നതാണ് പ്രതിരോധത്തിനുള്ള ഒറ്റമൂലി.           

 

മഞ്ചേരി മെഡി. കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയാണ് ലേഖിക

Show Full Article
TAGS:zika virus 
Next Story