Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസമസ്തയും...

സമസ്തയും മാപ്പിളസ്വത്വവും

text_fields
bookmark_border
സമസ്തയും മാപ്പിളസ്വത്വവും
cancel

കേരളത്തില്‍ സുന്നി വിചാരധാരയെ പ്രതിനിധാനംചെയ്യുന്ന ‘ആധികാരിക’ വക്താക്കളായാണ് സമസ്തകേരള ജംഇയ്യതുല്‍ ഉലമയും അതിന്‍െറ പോഷകഘടകങ്ങളും സ്വയം പരിചയപ്പെടുത്തുന്നത്. അറബ്ലോകവുമായുള്ള സഹസ്രാബ്ദങ്ങളുടെ സാംസ്കാരിക വിനിമയങ്ങളിലൂടെ പ്രവാചകന്‍െറ കാലഘട്ടത്തില്‍തന്നെ കേരളക്കരയിലേക്ക് കൈമാറ്റപ്പെട്ട ഇസ്ലാമിന്‍െറ ചൈതന്യം തനതുഭാവത്തില്‍  കാത്തുസൂക്ഷിക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ തങ്ങളാണ് യഥാര്‍ഥ ‘അഹ്ലുസുന്നത്തി വല്‍ജമാഅത്ത്’ എന്ന ബോധത്തോടെയാണ് കഴിഞ്ഞ 90 വര്‍ഷം സമസ്ത പ്രവര്‍ത്തിച്ചത്. 1498ല്‍ പറങ്കികള്‍ കോഴിക്കോടിനടുത്ത് പന്തലായിനിയില്‍ കപ്പലിറങ്ങിയതില്‍ പിന്നെ വാണിജ്യ, സാമൂഹികമണ്ഡലങ്ങളില്‍ ഏല്‍ക്കേണ്ടിവന്ന ആഘാതങ്ങളും നഷ്ടങ്ങളുമാണ് സ്വന്തം സ്വത്വത്തെക്കുറിച്ച് ചിന്തിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചതെന്ന് ചരിത്രകാരന്‍ സ്റ്റീഫന്‍ ഫെഡറിക് ഡെയ്ല്‍ നിരീക്ഷിക്കുന്നുണ്ട്. ബ്രിട്ടീഷ് കോളനിശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പാണ് ഒരു സമൂഹമെന്ന നിലയില്‍ ആ സ്വത്വത്തെ അരക്കിട്ടുറപ്പിക്കുന്നത്. പൊന്നാനിയിലെ മഖ്ദൂം തങ്ങന്മാര്‍ കൊളുത്തിവെച്ച വൈജ്ഞാനിക വിളക്കില്‍നിന്ന് പ്രകാശമുള്‍ക്കൊണ്ട്, വെളിയങ്കോട് ഉമര്‍ഖാദി, മമ്പറം അലവി തങ്ങള്‍, ഫസല്‍ പൂക്കോയതങ്ങള്‍, ആലി മുസ്ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയ ആത്മീയനേതാക്കളുടെ ചെറുത്തുനില്‍പിന്‍െറ പോരാട്ടവഴിയിലൂടെ, 20ാം നൂറ്റാണ്ടിലത്തെിയതോടെ മുസ്ലിം ലോകത്താകമാനമുണ്ടായ ഉണര്‍വ് കേരളക്കരയെയും പുണര്‍ന്നു എന്നതാണ് നേര്.

ഖിലാഫത്ത് പ്രസ്ഥാനമാണ് ഇന്ത്യയിലെ മുസ്ലിംകളില്‍ സംഘടനാബോധം അങ്കുരിപ്പിച്ചത്. ശ്രീനാരായണഗുരുവും കുമാരനാശാനും സഹോദരന്‍ അയ്യപ്പനും ഡോ. പല്‍പ്പുവുമൊക്കെ അധ$സ്ഥിതവിഭാഗത്തില്‍ തുടക്കംകുറിച്ച നവോത്ഥാന സംരംഭങ്ങളുടെ വെളിച്ചംകണ്ട്, എന്തുകൊണ്ട് മുസ്ലിംസമൂഹത്തിലും അരുണോദയം ആയിക്കൂടാ എന്ന് ഒരുവിഭാഗം ഉല്‍പതിഷ്ണുക്കള്‍ ചിന്തിച്ചുതുടങ്ങിയ  കാലഘട്ടമായിരുന്നു അത്. 1921ലെ ബ്രിട്ടീഷ്വിരുദ്ധ പോരാട്ടങ്ങള്‍ ലക്ഷ്യം കാണാതെപോയപ്പോള്‍ വക്കം മൗലവിയും  കെ.എം. മൗലവിയും സീതിസാഹിബുമൊക്കെ മാറ്റത്തിന്‍െറ കാഹളംമുഴക്കാന്‍ തുടങ്ങിയത് മാറിച്ചിന്തിക്കുന്നവരുടെ ഒരു സംഘടന രൂപവത്കരിക്കുന്നതിലാണ് ചെന്നവസാനിച്ചത്. ആ സംഘടനയുടെ പിറവിയാവട്ടെ, കൊടുങ്ങല്ലൂരിലെ രണ്ട് ആഢ്യതറവാട്ടുകാര്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ കെ.എം. മൗലവിയും മറ്റും മുന്‍കൈ എടുത്തുള്ള ഒരു കൂട്ടായ്മയായിരുന്നു. ഐക്യസംഘം എന്നപേരില്‍ 1922ല്‍ രൂപവത്കൃതമായ ആ കൂട്ടായ്മയാണ് 1924ല്‍ കേരള ജംഇയ്യതുല്‍ ഉലമ എന്ന പണ്ഡിതസഭയുടെ ആവിര്‍ഭാവത്തിനു നിദാനമാകുന്നത്.

കേരളത്തില്‍ സലഫി പ്രസ്ഥാനത്തിന്‍െറ നാന്ദികുറിക്കപ്പെട്ട അന്നുതൊട്ട് ഇസ്ലാമിലേക്ക് നവീനാശയങ്ങള്‍ കൊണ്ടുവരുന്നത് മതത്തിന്‍െറ തനിമ നഷ്ടപ്പെടുത്തുമെന്നും പാശ്ചാത്യ, ബാഹ്യ പ്രത്യയശാസ്ത്രങ്ങള്‍ സ്വാംശീകരിക്കുന്നത് മതത്തിന്‍െറ ചൈതന്യത്തിന് കോട്ടം തട്ടിക്കുമെന്നും അക്കാലത്തെ ഒരുവിഭാഗം പണ്ഡിതന്മാരില്‍നിന്ന് മുറവിളി ഉയര്‍ന്നു. സമസ്തയുടെ ആശയാടിത്തറ വ്യാഖ്യാനിക്കുന്നതില്‍ ഒരുവേള  മുന്‍പന്തിയിലുണ്ടായിരുന്ന യശശ്ശരീരനായ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ സംഘടന രൂപവത്കരിക്കാനുള്ള പ്രചോദനം എന്തായിരുന്നുവെന്ന് വിവരിക്കുന്നതിങ്ങനെ:  ‘സുന്നത്ത് ജമാഅത്തിന്‍െറ ആദര്‍ശങ്ങള്‍ക്കെതിരെ പല പുതുവാദങ്ങളും കേരള ജംഇയ്യതുല്‍ ഉലമയുടെ മൗലവിമാര്‍ ഉന്നയിക്കാന്‍ തുടങ്ങി. പരമ്പരാഗതമായി കേരള മുസ്ലിംകള്‍ ആചരിച്ചുവരുന്ന പലതും ശിര്‍ക്കിന്‍െറ കരിമ്പട്ടികയില്‍പെടുത്താനുള്ള പ്രചാരണമായിരുന്നു അത്. ഇബ്നു അബ്ദുല്‍വഹാബിനെപോലെ പാരമ്പര്യ മുസ്ലിംകളെ പരസ്യമായി ബഹുദൈവാരാധകരെന്ന് മുദ്രകുത്താന്‍ മുതിര്‍ന്നില്ളെങ്കിലും ഇബ്നുതീമിയ്യയുടെയും ഇബ്നു അബ്ദുല്‍വഹാബിന്‍െറയും പിഴച്ചവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിലാണവര്‍ വ്യാപൃതരായത്. പണ്ഡിതന്മാരെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുക പതിവായിരുന്നു’.
അങ്ങനെ, പരമ്പരാഗത വിശ്വാസപ്രമാണങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പോറലേല്‍പിക്കാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ പ്രതിരോധനിര തീര്‍ക്കാന്‍ രംഗത്തിറങ്ങിയ പണ്ഡിതസംഘം 1925ല്‍ കോഴിക്കോട് കുറ്റിച്ചിറ ജുമാമസ്ജിദില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് കേരള ജംഇയ്യതുല്‍ ഉലമ എന്നപേരില്‍ ഒരു സംഘടനക്ക് രൂപംനല്‍കുന്നത്. വരക്കല്‍ അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ തുടങ്ങിയവരായിരുന്നു ആ സംരംഭത്തിന് നേതൃത്വം കൊടുത്തത്.

1926ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന പണ്ഡിതസമ്മേളനത്തിലാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നിലവില്‍വരുന്നത്. സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിക്കുന്നിടത്ത് ഊന്നിപ്പറയുന്നത് ഇവയാണ്: ‘പരിശുദ്ധ ഇസ്ലാംമതത്തിന്‍െറ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ്ലുസ്സുന്നതി വല്‍ജമാഅത്തിന്‍െറ യഥാര്‍ഥ വിധിക്കനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക, അഹ്ലുസ്സുന്നതി വല്‍ജമാഅത്തിന്‍െറ വിശ്വാസത്തിനും ആചാരത്തിനുമെതിരായ പ്രസ്ഥാനങ്ങളെയും പ്രചാരണങ്ങളെയും നിയമാനുസരണം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ച് മുസ്ലിംകള്‍ക്ക് ബോധമുണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുക, മതവിശ്വാസത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പുറമേ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്തവിധത്തിലുള്ള ലൗകി വിദ്യാഭ്യാസ വിഷയത്തിലും വേണ്ടത്ര പ്രവര്‍ത്തിക്കുക’. മതകീയ വിഷയങ്ങളിലൂന്നിയുള്ള കര്‍മപരിപാടിയാണ് അടുത്തകാലംവരെ സമസ്ത പ്രതിനിധാനം ചെയ്യുന്ന സുന്നിസമൂഹത്തിന്‍െറ സാംസ്കാരിക സ്വത്വത്തെ അടിസ്ഥാനപരമായി സ്വാധീനിക്കപ്പെട്ടത്. പഴമയിലും പാരമ്പര്യത്തിലും ഊന്നിയുള്ള വിചാരഗതി പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്ന ജീവിതപരിസരത്തും ആഗോളഭൂമികയിലും കേരളത്തിലെ സുന്നികളെ സവിശേഷ സമൂഹമായി നിലനിര്‍ത്തിയതിനെക്കുറിച്ച് ചരിത്രകാരനായ റോളാന്‍റ് മില്ലര്‍ (‘മാപ്പിള മുസ്ലിംസ് ഓഫ് മലബാര്‍) ഗൗരവതരമായ ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

കേരളീയ മുസ്ലിംസമൂഹത്തിന്‍െറ ഭൂരിഭാഗവും സുന്നി ആശയം (ആഗോളതലത്തിലുള്ള സുന്നി, ശിയ വേര്‍തിരിവല്ല ഇവിടെ വിവക്ഷിക്കുന്നത്. മറിച്ച് പാരമ്പര്യ ചിന്താഗതിയാണ്്) കൊണ്ടുനടക്കുന്ന സാമൂഹികപരിസരത്ത് സമസ്തയുടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമൊക്കെ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. മുസ്ലിം ഭൂരിപക്ഷത്തിന്‍െറ സാംസ്കാരികസ്വത്വം രൂപപ്പെടുന്നതും വിചാരഗതി നിയന്ത്രിക്കപ്പെടുന്നതും സുന്നിമഹല്ലുകളിലാണ്. സമസ്തയുടെ ഏറ്റവുംവലിയ നേട്ടമായി എണ്ണുന്നത് ആയിരക്കണക്കിന് മദ്റസകള്‍ ചിട്ടയായും വ്യവസ്ഥാപിതമായും നടത്തിക്കൊണ്ടുപോവുന്നു എന്നതാണ്. പരമ്പരാഗത മതപഠന രീതിയില്‍നിന്ന് കാലോചിതമായ മാറ്റമൊന്നും അവകാശപ്പെടാനില്ളെങ്കിലും ഗ്രാമാന്തരങ്ങളില്‍പോലും ഒരു വിദ്യാഭ്യാസശൃംഖല തങ്ങളുടേതായി ഉണ്ടെന്ന് അവകാശപ്പെടാന്‍ സാധിക്കുന്നു. എന്നാല്‍, ഈ മദ്റസകളുടെ മുഴുവന്‍ സാമ്പത്തികബാധ്യതകളും അതത് മഹല്ലുകളാണ് ഏറ്റെടുത്തിരിക്കുന്നതെന്നും സിലബസ് ഉണ്ടാക്കലും കിതാബ് വിതരണവും പരീക്ഷനടത്തിപ്പും മാത്രമാണ് സമസ്തക്ക് സംഭാവന ചെയ്യാനുള്ളതെന്നുമാണ് അടിസ്ഥാനസത്യം. പട്ടിക്കാട് ജാമിഅ നൂരിയ മാത്രമാണ് ഒരുവേള ഉന്നതപഠനകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് ചെമ്മാട് ദാറുല്‍ ഹുദപോലുള്ള സാമാന്യം ഭേദപ്പെട്ട കരിക്കുലം കൈമുതലായ വിദ്യാകേന്ദ്രങ്ങള്‍ ഉയര്‍ന്നുവന്നത് മാറ്റത്തിന്‍െറ വാതായനങ്ങള്‍ തുറന്നുവെക്കുന്നുണ്ട്.

പാരമ്പര്യവാദത്തെ മുറുകെപ്പിടിക്കുമ്പോഴും കാലത്തിന്‍െറ ചുവരെഴുത്ത് വായിച്ചെടുക്കാന്‍ സമസ്ത മുന്നോട്ടുവന്നിട്ടുണ്ട് എന്നതിന്‍െറ നിദര്‍ശനമാണ് സുന്നി യുവജനസംഘം, സുന്നി വിദ്യാര്‍ഥിപ്രസ്ഥാനം, വിദ്യാഭ്യാസബോര്‍ഡ് തുടങ്ങിയ പോഷകഘടകങ്ങള്‍ രൂപവത്കരിച്ച് ആ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള എളിയ ശ്രമങ്ങള്‍. യുവജനങ്ങള്‍ കമ്യൂണിസ്റ്റ്, നിരീശ്വരവാദ പ്രത്യയശാസ്ത്രങ്ങളിലേക്ക് വല്ലാതെ ആകര്‍ഷിക്കപ്പെട്ട അമ്പതുകളിലാണ് ചിന്താപരമായ അപഭ്രംശത്തിനു തടയിടാന്‍ എസ്.വൈ.എസിനു ഉരുവം നല്‍കുന്നത്. അതുപോലെ, വിദ്യാര്‍ഥിരാഷ്ട്രീയം കാമ്പസുകളെ പ്രക്ഷുബ്ധമാക്കിയ കാലസന്ധിയിലാണ് എസ്.എസ്.എഫിന് തുടക്കംകുറിച്ചത്. സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ളെങ്കിലും തങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍നിന്ന് അവരെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കാറില്ല.

അതേസമയം, ഗള്‍ഫിന്‍െറ സ്വാധീനവും 1975ലെ പിളര്‍പ്പിന്‍െറ ആഘാതവും സമസ്തയുടെ കാഴ്ചപ്പാടിലും രാഷ്ട്രീയവീക്ഷണ ഗതിയിലുമൊക്കെ കാതലായ മാറ്റം വരുത്തിവെച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍തന്നെ സമ്മതിക്കാതിരിക്കില്ല. മുസ്ലിം രാഷ്ട്രീയനേതൃത്വത്തിന് വിധേയമായി പ്രവര്‍ത്തിക്കണോ വേണ്ടേ എന്ന കാതലായ ചോദ്യം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെയും നേതൃത്വത്തിലുള്ള ഒരു സംഘം പണ്ഡിതന്മാരെയും സമസ്തയില്‍നിന്ന് വേര്‍പിരിഞ്ഞുപോവാന്‍ പ്രേരിപ്പിച്ചപ്പോള്‍ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള ഗ്രൂപ് മുസ്ലിം ലീഗിനെ പൂര്‍ണമായി അംഗീകരിച്ചും ആശീര്‍വദിച്ചും നീങ്ങിയത് സംസ്ഥാന രാഷ്ട്രീയത്തില്‍തന്നെ ചലനങ്ങളുണ്ടാക്കി. യശശ്ശരീരനായ സി.കെ.പി. ചെറിയ മമ്മുക്കേയി സ്വകാര്യസംഭാഷണത്തിനിടയില്‍ ഓര്‍മിപ്പിച്ച സംഗതി ഓര്‍ത്തുപോകുന്നു: വിഭജനാനന്തരം സത്താര്‍സേട്ട് സാഹിബ് പാകിസ്താനിലേക്ക് വണ്ടി കയറിയപ്പോള്‍ മലബാര്‍ ലീഗിന്‍െറ അമരത്തിരുത്താന്‍ ആരാണ് ഏറ്റവും യോഗ്യന്‍ എന്ന ചോദ്യമുയര്‍ന്നു.

നല്ല രാഷ്ട്രീയ അവഗാഹമുള്ള പരേതനായ കെ.കെ. അബുവാവട്ടെ എന്ന് ചിലര്‍ നിര്‍ദേശിച്ചത്രെ. അപ്പോള്‍ കേരളത്തിലെ സലഫി പ്രസ്ഥാനത്തിന്‍െറ തലതൊട്ടപ്പനായ കെ.എം. മൗലവി പറഞ്ഞത്രെ പാര്‍ട്ടിയുടെ തലപ്പത്ത് നല്ളൊരു സുന്നിതന്നെ വേണമെന്ന്. അങ്ങനെയാണ് അരിക്കച്ചവടത്തില്‍ മുഴുകിയിരുന്ന അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ ലീഗ് പ്രസിഡന്‍റായി അവരോധിക്കുന്നത്. ഇന്ന് മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള അതിര്‍വരമ്പ് മാഞ്ഞുമാഞ്ഞ് ഇല്ലാതായിരിക്കുന്നു. ശുഭ്രവസ്ത്രധാരണത്തിലും മറ്റും കാണിക്കുന്ന കണിശത ആത്മീയതയും മതബോധവും സന്നിവേശിപ്പിക്കപ്പെട്ട ഒരു തലമുറയുടെ സൃഷ്ടിപ്പിന്‍െറ വിഷയത്തില്‍ പ്രകടമല്ല എന്നത് 90 വര്‍ഷത്തെ കര്‍മകാണ്ഠത്തിന്‍െറ തിളക്കം കുറക്കുന്നില്ളേ എന്ന് ആത്മവിചിന്തനം നടത്താനുള്ള അവസരം കൂടിയാവട്ടെ ആഘോഷങ്ങള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samsamasthamappila community
Next Story