Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകര്‍മബഹുലമായ ജീവിതം

കര്‍മബഹുലമായ ജീവിതം

text_fields
bookmark_border
കര്‍മബഹുലമായ ജീവിതം
cancel

മൂന്നരദശകമായി ഡോ. എന്‍.എ. കരീം സാഹിബിനോടൊപ്പം ഒന്നിച്ച് വിവിധ കാര്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുമ്പോള്‍ കിട്ടിയ വാത്സല്യവും നിര്‍ദേശങ്ങളും അറിവിന്‍െറ തേന്‍തുള്ളികളും ആ മരണത്തിന് മുന്നില്‍ വേദനയൂറുന്ന ഒരുപിടി ചിത്രങ്ങളാണ് എന്‍െറ മനോമുകുരത്തില്‍ എത്തിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനി, വിദ്യാഭ്യാസ വിചക്ഷണന്‍, ചിന്തകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, ബുദ്ധിജീവി, ആക്ടിവിസ്റ്റ് എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്ന എന്‍.എ. കരീം ഏറ്റവും വലിയ ഹ്യൂമനിസ്റ്റ് കൂടിയായിരുന്നു.

മഹാരാജാസ് കോളജില്‍ ഇന്‍റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ വിദ്യാര്‍ഥി കോണ്‍ഗ്രസ് നേതാവായിരുന്നു. എന്നാല്‍, കോളജില്‍നിന്ന് ദേശീയപതാക ഉയര്‍ത്തിയതിന്‍െറ പേരില്‍  പുറത്താക്കപ്പെട്ടു. കുറച്ചുകാലത്തിനുശേഷം കോഴിക്കോട് ഫാറൂഖ് കോളജില്‍ അമ്മാവനായ സീതിസാഹിബിന്‍െറ സഹായത്താല്‍ വിദ്യാര്‍ഥിയായി ചേര്‍ന്നു. പിന്നീട് അവിടെ അധ്യാപകനാവുകയും ചെയ്തു. എന്നാല്‍, അധ്യാപകരുമായുണ്ടായ ചില നീരസങ്ങളുടെ പേരില്‍ സ്വയം പുറത്തുപോവുകയുമാണ് ഉണ്ടായത്. അനീതിക്കെതിരെ അവസാനംവരെ പോരാടാനുള്ള കരുത്ത് യഥാര്‍ഥത്തില്‍ കരീംസാറില്‍ ഉറവയെടുക്കുന്നത് ഇവിടെ നിന്നാണ്.

‘ചന്ദ്രിക’യില്‍ സി.എച്ച്. മുഹമ്മദ് കോയയോടൊപ്പം പത്രാധിപ സമിതിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അലീഗഢില്‍ എം.എക്ക് ചേര്‍ന്നത് പഠനത്തോടുള്ള നിത്യതാല്‍പര്യത്തിന് തെളിവ്. അലീഗഢില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി കോയമ്പത്തൂര്‍ കോളജില്‍ അധ്യാപകനായി. ഡല്‍ഹി ജാമിഅ മില്ലിയ്യയില്‍നിന്നാണ് അദ്ദേഹം കേരള സര്‍വകലാശാലയില്‍ ഇംഗ്ളീഷ് അധ്യാപകനായി തെരഞ്ഞെടുക്കപ്പെടുന്നത്. കോഴിക്കോട് സര്‍വകലാശാലയില്‍ സ്റ്റുഡന്‍റ് സര്‍വിസസ് ഡീന്‍, കേരള സര്‍വകലാശാലയില്‍ രണ്ട് ടേമുകളില്‍ പ്രോ-വൈസ് ചാന്‍സലര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍ ഡയറക്ടര്‍, അക്കാദമിക് സ്റ്റാഫ് കോളജ് ഡയറക്ടര്‍ എന്നീ നിലകളില്‍ ഒൗദ്യോഗിക രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചു.

പൊതുജീവിതമാണ് യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്‍െറ മഹത്ത്വം ഊട്ടിയുറപ്പിച്ചത്. വിദ്യാഭ്യാസ-ഭരണരംഗങ്ങളില്‍ സ്വതന്ത്ര അഭിപ്രായം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം മുന്‍പിന്‍ നോക്കാതെ സാമൂഹിക നന്മക്കുവേണ്ടി നിലകൊള്ളുകയും അതിനായി പോരാടുകയും ചെയ്തു. ഡി.പി.ഇ.പി മുതലായ കാര്യങ്ങളില്‍ ഇടതുപക്ഷത്തിന് വിഷമമുണ്ടാക്കുന്ന തരത്തില്‍ അദ്ദേഹത്തില്‍നിന്ന് വന്ന അഭിപ്രായം ഇന്ന് കേരളത്തിന്‍െറ സ്കൂള്‍ വിദ്യാഭ്യാസത്തെപ്പറ്റി പഠിക്കുന്ന സര്‍വരും അംഗീകരിക്കും. ഉന്നത വിദ്യാഭ്യാസത്തിന്‍െറ വാണിജ്യവത്കരണത്തെക്കുറിച്ചും വിശദമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു.
ലോകത്തെ മാറ്റങ്ങള്‍ പ്രവചനാത്മകമായി സ്വരൂപിക്കാന്‍ അദ്ദേഹം കാണിച്ച താല്‍പര്യവും ഓര്‍ക്കേണ്ടതുണ്ട്. നോം ചോംസ്കിയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് മൂന്നാമനുമൊക്കെ അദ്ദേഹത്തിന്‍െറ സുഹൃത്തുക്കളായിരുന്നു.

പ്രൗഢമായ ഒരു സുഹൃദ്വലയം എന്നും അദ്ദേഹത്തിന്‍െറ കരുത്തായിരുന്നു. വിദ്യാര്‍ഥി കാലഘട്ടത്തില്‍ മത്തായി മാഞ്ഞൂരാന്‍, വിശ്വനാഥമേനോന്‍, പി.കെ. ബാലകൃഷ്ണന്‍, എം.പി. മേനോന്‍, ബേബി ജോണ്‍, കെ. വിജയരാഘവന്‍, ആര്‍.എം. മനയ്ക്കലാത്ത്, കെ.ആര്‍. ചുമ്മാര്‍ തുടങ്ങി നിരവധി സുഹൃത്തുക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. മുന്‍ രാഷ്ട്രപതി ഡോ. സാകിര്‍ ഹുസൈന്‍െറ ശിഷ്യനാകാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.

പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ. കരുണാകരന്‍, സി.എച്ച്. മുഹമ്മദ് കോയ, എ.കെ. ആന്‍റണി, ഇ.എം.എസ്, പി.കെ.വി, ഇ.കെ. നായനാര്‍, വി.എസ് തുടങ്ങിയവരോടൊപ്പം ഇടപഴകാനും അദ്ദേഹത്തിന് സാധിച്ചു. എന്നാല്‍, എ.കെ. ആന്‍റണിക്കെതിരെ മത്സരിക്കാനും അദ്ദേഹത്തിന് നിയോഗമുണ്ടായി. കേരളത്തിലെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍െറ ശിഷ്യരില്‍പെടും. തിരുവനന്തപുരത്തെ വക്കം മൗലവി ഫൗണ്ടേഷനാണ് അദ്ദേഹം കെട്ടിപ്പടുത്ത സ്ഥാപനങ്ങളിലൊന്ന്. മരിക്കുമ്പോള്‍ അദ്ദേഹം അതിന്‍െറ പ്രസിഡന്‍റായിരുന്നു. ഡോ. എന്‍.എ. കരീം സര്‍വരുടെയും സ്വന്തമായിരുന്നു എന്നതാണ് സത്യം.

Show Full Article
TAGS:na karim 
Next Story