Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രത്യാശയുടെ...

പ്രത്യാശയുടെ നാമ്പുകള്‍

text_fields
bookmark_border
പ്രത്യാശയുടെ നാമ്പുകള്‍
cancel

പുതുവര്‍ഷ ദിനത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള ഒരു ഉത്തരവ് കേരള സര്‍ക്കാര്‍ പുറത്തിറക്കുകയുണ്ടായി. കേരള ഗവര്‍ണര്‍ക്കുവേണ്ടി റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വിശ്വാസ് മത്തേ പുറത്തിറക്കിയ ഉത്തരവിലൂടെ 1947നു മുമ്പ് വിദേശ കമ്പനികള്‍ കൈവശംവെച്ചിരുന്ന കേരളത്തിലെ മുഴുവന്‍ ഭൂമിയുടെയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനുവേണ്ടി ഡോ. എം.ജി. രാജമാണിക്യം എന്ന പ്രഗല്്ഭനായ ഐ.എ.എസ് ഉദ്യോഗസ്ഥനെയാണ് സര്‍ക്കാര്‍ സ്പെഷല്‍ ഓഫിസറായി  നിയമിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂറിലെയും കൊച്ചിയിലെയും എല്ലാ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായിരുന്നു. ഏറ്റവും നല്ല മണ്ണ് തേടിപ്പിടിച്ച അവര്‍ തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാരില്‍നിന്നും അവരുടെ സാമന്തന്മാരില്‍നിന്നും പാട്ടവ്യവസ്ഥയില്‍  സ്ഥലം വാങ്ങി ചെറുതും വലുതുമായ തോട്ടങ്ങള്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ ലാന്‍ഡ് റവന്യൂ  മാന്വല്‍ പ്രകാരം വിദേശികള്‍ക്ക് തിരുവിതാംകൂറില്‍ സ്വന്തമായി സ്ഥലം വാങ്ങാന്‍ അനുമതി ഇല്ലാതിരുന്നതിനാല്‍ പാട്ട വ്യവസ്ഥയിലായിരുന്നു വിദേശ കമ്പനികള്‍ക്കുള്ള ഭൂമികൈമാറ്റങ്ങള്‍. തിരുവിതാംകൂര്‍ ലാന്‍ഡ് റവന്യൂ മാന്വല്‍ (ചട്ടം IV) ഇപ്രകാരം പറയുന്നു:
‘യൂറോപ്യന്മാരോ അമേരിക്കക്കാരോ ഉടമസ്ഥാവകാശം കൈമാറുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ചട്ടം IV പ്രകാരം തഹസില്‍ദാരോ അതിന് ചുമതലപ്പെടുത്തിയിരിക്കുന്ന മറ്റ് ഉദ്യോഗസ്ഥരോ തിരുവിതാംകൂര്‍ ദിവാന്‍െറ തീര്‍പ്പിന് സമര്‍പ്പിക്കേണ്ടതാണ്. ഗവണ്‍മെന്‍റിന്‍െറ അനുവാദം ഇല്ലാതെ വിദേശികള്‍ തിരുവിതാംകൂറില്‍ സ്ഥലം മേടിക്കാനോ സ്വന്തമാക്കാനോ പാടില്ല.’  വിദേശികളുടെ പേരിലുള്ള ഒരു കൈമാറ്റമോ പോക്കുവരവോ റവന്യൂ രേഖകളില്‍ പാടില്ല എന്നാണ് ഈ നിയമം കര്‍ശനമായി പറയുന്നത്.
തിരുവിതാംകൂറില്‍ സാമന്തരാജ്യങ്ങള്‍ക്കും നാടുവാഴികള്‍ക്കും സര്‍ക്കാര്‍ വക ഭൂമി സ്വതന്ത്ര അവകാശമായി കൈവശംവെക്കുന്നതിനും, അത് പാട്ടത്തിന് നല്‍കി നികുതി പിരിക്കുന്നതിനും അനുവദിച്ചിരുന്നു. ഇത്തരം നാട്ടുരാജ്യങ്ങളെ ‘സ്വരൂപങ്ങള്‍’ എന്നപേരിലാണ് വിളിച്ചിരുന്നത്. സ്വരൂപങ്ങള്‍ക്ക് നല്‍കിയിരുന്ന ഭൂമി അവകാശം ‘ഇടവക അവകാശം’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇടപ്പള്ളി സ്വരൂപം, പൂഞ്ഞാര്‍ കോയിക്കല്‍ സ്വരൂപം, കിളിമാനൂര്‍ കൊട്ടാരം, വഞ്ചിപ്പുഴ മഠം എന്നിവയായിരുന്നു ഇത്തരത്തില്‍ ഇടവക അവകാശം അനുവദിക്കപ്പെട്ട പ്രധാന നാട്ടുരാജ്യങ്ങള്‍. ഇവരുടെ കൈവശം മാത്രം ഏകദേശം  1,30,000 ഏക്കര്‍ ഭൂമി സ്വതന്ത്ര അവകാശമായി ഉണ്ടായിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇതിന് ഭൂനികുതി ഈടാക്കിയിരുന്നില്ല. പക്ഷേ, സ്വരൂപങ്ങളുടെ പ്രധാന വരുമാനമാര്‍ഗം ഭൂമി പാട്ടത്തിന് നല്‍കി ഭൂനികുതി പിരിക്കുക എന്നതായിരുന്നു. വലിയ തുക നികുതി നല്‍കി ഭൂമി സ്വന്തമാക്കുക എന്നത് അക്കാലത്ത് സാധാരണക്കാരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടായിരുന്നതിനാല്‍ ഈ ഭൂമി മുഴുവന്‍ വിദേശ കമ്പനികളുടെ നിയന്ത്രണത്തില്‍ എത്തി. ഈ വിദേശ കമ്പനികളില്‍ പ്രധാനപ്പെട്ട മൂന്ന് കമ്പനികള്‍ കണ്ണന്‍ ദേവന്‍ ഹില്‍ പ്രൊഡ്യൂസ് കമ്പനി, മലയാളം പ്ളാന്‍േറഷന്‍ കമ്പനി, ട്രാവന്‍കൂര്‍ റബര്‍ കമ്പനി എന്നിവയായിരുന്നു. തിരുവിതാംകൂറില്‍ ഉണ്ടായിരുന്ന തോട്ടങ്ങളില്‍ വലിയ പങ്കും നിയന്ത്രിച്ചിരുന്നത് ലണ്ടനിലും സ്കോട്ട്ലന്‍ഡിലും രജിസ്ട്രേഡ് ഓഫിസുകള്‍ ഉണ്ടായിരുന്ന ഈ കമ്പനികളായിരുന്നു. സ്വരൂപങ്ങള്‍ വക ഭൂമി പാട്ടത്തിനെടുത്തും സര്‍ക്കാര്‍ വക ഭൂമി കൈയേറിയും ഇവര്‍ പതിനായിരക്കണക്കിന് ഏക്കര്‍ വിസ്തീര്‍ണമുള്ള വന്‍കിട തോട്ടങ്ങള്‍ നടത്തി.
സ്വാതന്ത്ര്യാനന്തരം വിദേശ കമ്പനികള്‍ക്ക് തിരുവിതാംകൂര്‍ വിട്ടുപോകേണ്ടിവന്നുവെങ്കിലും തോട്ടങ്ങളുടെ നിയന്ത്രണാധികാരം തങ്ങളുടെ ചാര്‍ച്ചക്കാരുടെയോ ബിനാമികളുടെയോ പേരില്‍ നിലനിര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചു.  വിദേശ കമ്പനികള്‍ നിയന്ത്രിച്ചിരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന് ആദ്യകാലങ്ങളില്‍ ചില നിയമനിര്‍മാണങ്ങള്‍ നടന്നതല്ലാതെ അവയൊന്നും ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കുന്നതിന് കേരളത്തില്‍ മാറിമാറി ഭരിച്ച ഇടതു-വലത് മുന്നണി സര്‍ക്കാറുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
ഈ നിയമനിര്‍മാണങ്ങളില്‍ ആദ്യത്തേത് 1955ല്‍ തിരുവിതാംകൂര്‍-കൊച്ചി സര്‍ക്കാര്‍ ‘ഇടവക അവകാശം ഏറ്റെടുക്കല്‍ നിയമം’ പാസാക്കിയതാണ്. ഈ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ നാലു സ്വരൂപങ്ങളിലുംകൂടി നിക്ഷിപ്തമായിരുന്ന 1,30,000 ഏക്കര്‍ സ്ഥലം 20 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാന്‍ തിരുവിതാംകൂര്‍-കൊച്ചി ഗവണ്‍മെന്‍റ് തീരുമാനിച്ചു. അന്നത്തെ ചീഫ് സെക്രട്ടറിയും രാജപ്രമുഖ് തിരുവിതാംകൂര്‍ മഹാരാജാവിന്‍െറ പ്രതിനിധിയുമായ ബി.വി.കെ. മേനോന്‍ നേരിട്ടു വന്ന് സ്വരൂപങ്ങള്‍ക്ക് പ്രതിഫലം നല്‍കി  കരാര്‍ ഒപ്പിട്ടുവെങ്കിലും ഒരേക്കര്‍ സ്ഥലം പോലും സര്‍ക്കാറിന്‍െറ നിയന്ത്രണത്തില്‍ വന്നില്ല. വീണ്ടും 1957ല്‍ വിദേശ കമ്പനികള്‍ കൈവശംവെച്ചിരുന്ന തോട്ടങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുവേണ്ടി ‘കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട്’ കേരള നിയമസഭ പാസാക്കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഉത്തരവ് വഴി ജില്ലാ കലക്ടര്‍ക്ക് തോട്ടങ്ങള്‍ ഏറ്റെടുക്കാമെന്നും തീരുമാനിച്ചു. പക്ഷേ, ഒരു തുടര്‍നടപടിയും ഉണ്ടായില്ല. 1971ല്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് (ഭൂമി ഏറ്റെടുക്കല്‍) നിയമത്തിലൂടെ ടാറ്റയുടെ കൈവശം ഇരുന്ന ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഈ നിയമത്തിന് സുപ്രീംകോടതിയുടെ വരെ അംഗീകാരം ലഭിച്ചിട്ടും ഒരു ഏക്കര്‍ ഭൂമിപോലും പിടിച്ചെടുക്കാന്‍ കഴിയാത്തത് ലജ്ജാകരമാണ്. 60,000 ഏക്കര്‍ ഭൂമി പാട്ടത്തിന് എടുത്ത കണ്ണന്‍ ദേവന്‍ കമ്പനി പിന്നീട് സര്‍ക്കാര്‍ ഭൂമി കൈയേറി ഇപ്പോള്‍ 1,30,000 ഏക്കര്‍ സ്ഥലം നിയന്ത്രിക്കുന്നതും, സര്‍ക്കാര്‍ നോക്കുകുത്തിയായി നിന്നതും നമ്മുടെ ഭരണസംവിധാനത്തിന്‍െറ വീഴ്ചകള്‍ തുറന്നുകാണിക്കുന്നതാണ്.
1976ലാണ് കണ്ണന്‍ ദേവന്‍ ഹില്‍ പ്രൊഡ്യൂസ് കമ്പനിയില്‍നിന്ന് ടാറ്റ ഫിന്‍ലെ കമ്പനിയിലേക്ക് വസ്തുകൈമാറ്റം നടക്കുന്നത്. ഈ കൈമാറ്റം ബ്രിട്ടീഷ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ് ടാറ്റ വാദിക്കുന്നത്. അതിനര്‍ഥം ഇന്ത്യ ഒരു പരമാധികാര രാജ്യം അല്ല എന്നും നമ്മള്‍ ഇപ്പോഴും ഭരിക്കപ്പെടുന്നത് ബ്രിട്ടനിലെ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നുമല്ളേ? ഇത് കടുത്ത രാജ്യദ്രോഹമാണ്. 1984 വരെ ഹാരിസണ്‍ മലയാളം കമ്പനിയുടെ പേരുതന്നെ ഹാരിസണ്‍ മലയാളം ലിമിറ്റഡ് ബ്രിട്ടന്‍ എന്നാണ്. ട്രാവന്‍കൂര്‍ റബര്‍ കമ്പനിയില്‍നിന്ന് ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനിയിലേക്ക് ഭൂമി കൈമാറി എന്നു പറയുന്നുവെങ്കിലും അതിന് ഒരു രേഖയും ഇല്ല എന്നാണ് വാസ്തവം.
ഇടുക്കി-കോട്ടയം ജില്ലകളിലായി 15,000ത്തോളം ഏക്കര്‍ സര്‍ക്കാര്‍ റവന്യൂ ഭൂമി കൈയേറിയിരിക്കുന്ന ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനിക്കെതിരെ സര്‍ക്കാര്‍ നടത്തിയ അന്വേഷണം ശരിക്കും കുടത്തിനുള്ളില്‍ അടച്ചുവെച്ചിരിക്കുന്ന ഭൂതത്തെ തുറന്നുവിട്ടതിന് തുല്യമാണ്. സര്‍ക്കാറിന്‍െറ പ്രാഥമിക നിഗമനത്തില്‍ കേരളത്തിലെ ആകെ റവന്യൂ ഭൂമിയുടെ 58 ശതമാനം അതായത്, അഞ്ചു ലക്ഷത്തോളം ഏക്കര്‍ സ്ഥലം ഇപ്പോഴും വിദേശ കമ്പനികളുടെയോ അവരുടെ ബിനാമികളുടെയോ നിയന്ത്രണത്തിലാണ്. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി ഹാജരാക്കുന്ന രേഖകള്‍ വ്യാജവും കൃത്രിമവുമാണ്.
അനധികൃത തോട്ടങ്ങള്‍ക്കെതിരെയുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ നിലപാടുകള്‍ വളരെയധികം സ്വാഗതാര്‍ഹമാണ്. ഹാരിസണ്‍ കമ്പനിക്കെതിരെ 2013ല്‍ ഡോ. എം.ജി. രാജമാണിക്യത്തെ സ്പെഷല്‍ ഓഫിസറായി നിയമിച്ചതും സുപ്രീംകോടതി ഇത് അംഗീകരിച്ചതും 2015 മേയില്‍ ഹാരിസണ്‍ കൈമാറ്റം ചെയ്ത ചെറുവള്ളി, ബോയിസ്, റിയ, അമ്പനാട് തോട്ടങ്ങള്‍ കണ്ടുകെട്ടിക്കൊണ്ടുള്ള ഉത്തരവ് ഉണ്ടായതും ഇതിന് ഉദാഹരണമാണ്. ഇപ്പോള്‍ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനിക്കെതിരെ നടപടി ആരംഭിച്ചിരിക്കുകയാണ്. മറ്റു തോട്ടങ്ങള്‍ക്കെതിരെ  അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നു. ഐ.ജി ശ്രീജിത്ത് ഐ.പി.എസിന്‍െറ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ചിന്‍െറ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് 39 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. കേരള ഭൂസംരക്ഷണ നിയമം അനുസരിച്ച് അഞ്ചുവര്‍ഷം വരെ കഠിന തടവും രണ്ടു ലക്ഷം രൂപ വരെ പിഴയുമാണ് സര്‍ക്കാര്‍ ഭൂമി കൈയേറിയതിന് ലഭിക്കുന്ന പരമാവധി ശിക്ഷ.
സര്‍ക്കാറിന്‍െറ ഉറച്ച പിന്തുണയോടെ ഡോ. എം.ജി. രാജമാണിക്യം, എസ്. ശ്രീജിത്ത്,  ഹൈകോടതിയിലെ സ്പെഷല്‍ പ്ളീഡര്‍ സുശീലാ ഭട്ട് എന്നിവരടങ്ങിയ സംഘം  ഭൂമാഫിയക്കെതിരെ ശക്തമായി മുന്നോട്ടുപോകുമ്പോള്‍ കേരളത്തിലെ ഭൂസമര സംഘടനകളും ആദിവാസികളും ദലിതരും ഉള്‍പ്പെടുന്ന ഭൂരഹിതരും പൊതുസമൂഹവും വളരെ പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ നടപടികളെ വീക്ഷിക്കുന്നത്.
അഞ്ചുലക്ഷം കുടുംബങ്ങളിലായി 25 ലക്ഷത്തോളം ആളുകള്‍ ഭൂരഹിതരായി അവശേഷിക്കുന്ന കേരളത്തില്‍ ശവസംസ്കാരത്തിന് വീടിന്‍െറ അടുക്കളപോലും പൊളിക്കേണ്ടിവരുന്ന നമ്മുടെ നാട്ടില്‍ ആകെ റവന്യൂ ഭൂമിയുടെ 58 ശതമാനം വിരലിലെണ്ണാവുന്ന ചില ആളുകളുടെ നിയന്ത്രണത്തില്‍ ആണ് എന്നത് പരിഷ്കൃത സമൂഹം എന്നനിലയില്‍ നമുക്ക് കടുത്ത അപമാനമാണ് സമ്മാനിക്കുന്നത്. അത് മാറ്റാനുള്ള ഉറച്ച നിലപാടുകള്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നിയമനിര്‍മാണം വഴിയോ ഓര്‍ഡിനന്‍സ് വഴിയോ ശാശ്വത പരിഹാരം എന്നനിലയില്‍ അനധികൃത തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍ ഈ സര്‍ക്കാറിന്‍െറ ഏറ്റവും വലിയ ഭരണനേട്ടമായി അത് വിശേഷിപ്പിക്കപ്പെടാതിരിക്കില്ല.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam articleland
Next Story