Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇറോം ശര്‍മിള:...

ഇറോം ശര്‍മിള: തോല്‍വി ഭരണകൂടത്തിന്‍േറത്

text_fields
bookmark_border
ഇറോം ശര്‍മിള: തോല്‍വി ഭരണകൂടത്തിന്‍േറത്
cancel

പതിനാറു വര്‍ഷമായി തുടര്‍ന്നുവന്ന സമാനതകള്‍ ഇല്ലാത്ത ഒരു സഹനസമരമാണ് ഇറോം ശര്‍മിള അവസാനിപ്പിച്ചത്. ഒന്നര പതിറ്റാണ്ടായി ഭക്ഷണം ഉപേക്ഷിച്ച് നടത്തിയ ധീരമായ പോരാട്ടം വിജയം കണ്ടില്ളെങ്കിലും ഒരു ജനതയുടെ ചെറുത്തുനില്‍പിന്‍െറ ചൂടും തീക്ഷ്ണതയും ഇന്ത്യയൊട്ടാകെ പടര്‍ത്തുന്നതില്‍ ആ സമരം വലിയ പങ്കാണ് വഹിച്ചത്. ഭരണകൂടം അധിനിവേശത്തിന്‍െറ ഭാഷയില്‍ മാത്രം സംസാരിക്കുന്ന വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ മുഴുവന്‍ പ്രതിരോധസമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും അര്‍ഥം ഇറോം ശര്‍മിളയുടെ സമരത്തില്‍ സൂചിതമായിരുന്നു എന്നതാണ് ആ സമരത്തെ ഇത്രയും പ്രതീകാത്മകം ആക്കിയത്.

ഇറോം ശര്‍മിളയുടെ സമരത്തിന് നിദാനമായ മാലം കൂട്ടക്കൊല നടക്കുമ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായാണ്, അല്ലാതെ അവിടത്തെ സ്വയംനിര്‍ണയ സമരങ്ങളുടെ ഭാഗമായല്ല അവര്‍ നിരാഹാരം തുടങ്ങിയത്. ഒരു ബസ്സ്റ്റോപ്പില്‍ അപ്രതീക്ഷിതമായി കടന്നുവന്ന് അവിടെ നില്‍ക്കുന്ന നിരപരാധികളായ യാത്രക്കാരെ മുഴുവന്‍ വെടിവെച്ചു വീഴ്ത്താന്‍ കഴിയുകയും അതിന്‍െറ പേരില്‍ ആരോടും കണക്കുപറയാന്‍ അസം റൈഫിള്‍സ് സേനക്ക് ബാധ്യത ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു നിയമം നാട്ടില്‍ നിലവിലുണ്ടെങ്കില്‍ അത് മാറ്റേണ്ടതാണ് എന്ന മൗലികമായ പൗരാവകാശബോധമാണ് അവരെ സമരരംഗത്തേക്ക് നയിച്ചത്. അനന്യമായ നിശ്ചയദാര്‍ഢ്യത്തോടെ നടത്തിയ സമരമായിരുന്നു അത്. എന്നാല്‍, ഇന്ത്യന്‍ ഭരണകൂടം സ്വന്തം നിലപാടുകള്‍ മാറ്റാന്‍ തയാറായിരുന്നില്ല.

സമരം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് നിരവധി സംവാദങ്ങള്‍ നടക്കുന്നുണ്ട്. അതിലെ ശരിതെറ്റുകള്‍ക്കിപ്പുറം  ഇറോം ശര്‍മിള സമരം അവസാനിപ്പിച്ചതിനെതിരെയുള്ള സഹപ്രവര്‍ത്തകരുടെയും മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങളുടെയും പ്രതിഷേധം സങ്കടകരമാണെങ്കിലും അത് തികച്ചും അപ്രതീക്ഷിതമായിരുന്നില്ല. മണിപ്പൂരിലെ മാത്രമല്ല, വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ മുഴുവന്‍ ജനതകളുടെയും ദേശീയ വികാരങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്ക്  ഈ പ്രതികരണത്തിന്‍െറ അര്‍ഥവും വ്യാപ്തിയും തീര്‍ച്ചയായും മനസ്സിലാക്കാന്‍ കഴിയും. പട്ടാളത്തിന് അമിതാധികാരങ്ങള്‍ നല്‍കുന്ന ക്രൂരമായ നിയമം (അഫ്സ്പ) പിന്‍വലിക്കാതെ സമരം അവസാനിപ്പിച്ചു എന്നതല്ല, ഒരു പക്ഷേ വലിയ കൂടിയാലോചനകള്‍ ഇല്ലാതെ വ്യക്തിപരമായ ഒരു തീരുമാനമായി സമരം നിര്‍ത്തിയതാവാം അവരുടെ സുഹൃത്തുക്കളെ വേദനിപ്പിച്ചത് എന്ന് ഞാന്‍ കരുതുന്നു. പക്ഷേ, ഇതിന്‍െറ പേരില്‍ അവരെ ഒറ്റപ്പെടുത്തുന്നതും കുറ്റപ്പെടുത്തുന്നതുമായ സമീപനത്തോട് ഒട്ടും യോജിക്കാന്‍ കഴിയില്ല. എന്നാല്‍, സമരമുഖങ്ങളില്‍ ഉള്ളവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ വ്യക്തിപരമായിപ്പോവുമ്പോള്‍ കൂടെ നില്‍ക്കുന്നവര്‍ക്കുണ്ടാവുന്ന നിരാശയും കോപവും ഉള്‍ക്കൊള്ളാന്‍കൂടി തയാറാവേണ്ടതുണ്ട്. സമരം പിന്‍വലിക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് എനിക്ക് ശരിയായി അറിയില്ല. കാരണമെന്തായാലും അതിനുള്ള ഇറോം ശര്‍മിളയുടെ സ്വാതന്ത്ര്യത്തെ മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

യഥാര്‍ഥത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ നിരാഹാരസമരത്തിന്‍െറ പിന്നിലുള്ള രാഷ്ട്രീയത്തെ കുറിച്ചാണ്. ഇത്രയും ദീര്‍ഘമായ ഒരു സഹനസമരം എന്തുകൊണ്ട് പരാജയപ്പെടുന്നു എന്നതിനെ കുറിച്ചാണ്. ഇറോം ശര്‍മിളക്ക് ലഭിച്ച പിന്തുണ ആ സമരത്തിന്‍െറ തീക്ഷ്ണതയുമായി തട്ടിച്ചു നോക്കുമ്പോള്‍ താരതമ്യേന പരിമിതമായിരുന്നു എന്നതാണ് സത്യം. ഇന്ത്യക്കുള്ളില്‍ മാത്രമല്ല, ലോകതലത്തില്‍തന്നെ ഇത്തരം ഒരു സമരം അതിന്‍െറ കേവലമായ നൈതികതകൊണ്ട് മാത്രം സൃഷ്ടിക്കേണ്ട ഐക്യദാര്‍ഢ്യം  അതിനു ലഭിച്ചില്ല എന്നതാണ് വസ്തുത. നമ്മുടെ രാഷ്ട്രീയ സമീപനത്തിലെ വലിയ ഒരു ഇരട്ടത്താപ്പാണ് ഇത് വെളിവാക്കുന്നത്. മാധ്യമങ്ങള്‍ തമസ്കരിച്ചു എന്നല്ല ഞാന്‍ പറയുന്നത്. വ്യക്തിപരമായി ഇറോം ശര്‍മിളയുടെ  ത്യാഗത്തെ വാഴ്ത്തുമ്പോഴും  അവരുടെ സമരത്തിന്‍െറ മൂലകാരണത്തോട് എല്ലാവരും പുലര്‍ത്തു ന്ന നിസ്സംഗത തീര്‍ച്ചയായും ഒരു ചൂണ്ടുപലകയാണ്. ഈ നിസ്സംഗതയെ ഭേദിക്കാന്‍ കഴിയാഞ്ഞതാണ് ഈ സമരത്തെ ഒരര്‍ഥത്തില്‍ പരാജയപ്പെടുത്തിയത്.

ഇന്ത്യന്‍ സായുധസേനക്ക് വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഉള്ള അമിതാധികാരം ആ പ്രദേശങ്ങളിലെ ജനങ്ങളുടെ സ്വാതന്ത്ര്യ ബോധത്തെയും ദേശീയവികാരങ്ങളെയും വ്രണപ്പെടുത്തുന്നതും അപമാനിക്കുന്നതുമാണ് എന്ന സത്യത്തിലേക്ക് മാത്രമല്ല, ഒരു അധിനിവേശ ഭരണകൂടത്തിന്‍െറ സ്ഥാനം മാത്രമാണ് ഇന്ത്യന്‍ ഭരണകൂടത്തിന് ആ പ്രദേശങ്ങളില്‍ ഉള്ളത് എന്ന യാഥാര്‍ഥ്യം  കൂടി അത് നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. മണിപ്പൂരിലെ ആയാലും നാഗാലാന്‍ഡിലെ ആയാലും മറ്റു സംസ്ഥാനങ്ങളിലെ ആയാലും ഇന്ത്യാ വിരുദ്ധസമരങ്ങളുടെ പശ്ചാത്തലം ജനാധിപത്യപരമായ പരിഹാരങ്ങള്‍ക്ക് പുറത്താണ് എന്ന് ഉറപ്പുള്ളതുപോലെയാണ് ഇത്രനാളും പട്ടാളവും സര്‍ക്കാറും ഈ പ്രശ്നത്തെ സമീപിച്ചിട്ടുള്ളത്. വെറുപ്പിന്‍െറയും എതിര്‍പ്പിന്‍െറയും മൂല കാരണങ്ങള്‍ നമ്മുടെ ഫെഡറല്‍ സംവിധാനത്തിന്‍െറ പരിമിതികള്‍ കൂടി വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അസം യൂനിവേഴ്സിറ്റിയുടെ ഒരു സെമിനാറില്‍ മുഖ്യ പ്രഭാഷകനായി ഞാന്‍ പങ്കെടുത്തിരുന്നു. ആ സെമിനാറില്‍ രാജീവ് ഭട്ടാചാര്യയുടെ റോണ്‍ഡിവ്യൂ വിത്ത് റെബല്‍സ്: ജേണി ടു മീറ്റ് ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് മേന്‍  എന്ന പുസ്തകം അസം യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രകാശനം ചെയ്തു. എന്താണ്  ഇന്ത്യന്‍ മ്യാന്മര്‍ അതിര്‍ത്തിയില്‍ മ്യാന്മര്‍ പ്രവിശ്യയില്‍ ഉള്‍ഫാ തീവ്രവാദികളുടെ ക്യാമ്പ് രഹസ്യമായി സന്ദര്‍ശിച്ച് അവരോടൊപ്പം മൂന്നു മാസം താമസിച്ച്, ഇന്ത്യയുമായുള്ള തര്‍ക്കത്തില്‍ അവര്‍ക്കെന്താണ് പറയാനുള്ളത് എന്നത് വിശദീകരിക്കുന്ന പുസ്തകമാണത്. വിസയില്ലാതെ മറു രാജ്യത്ത് പോയി അവിടെ ഉള്‍ഫ മിലിട്ടന്‍സ് സ്ഥാപിച്ചിട്ടുള്ള ഇന്ത്യാവിരുദ്ധ ആയുധശേഖരണ ക്യാമ്പും ഇന്ത്യന്‍ അതിര്‍ത്തി ക്കുള്ളില്‍ അവര്‍ സ്ഥാപിച്ചിട്ടുള്ള സ്വയംഭരണ പ്രദേശവും കണ്ടു, അതേക്കുറിച്ച് പുസ്തകമെഴുതിയ രാജീവുമായി അന്ന് രാത്രി ഞാന്‍ വിശദമായി സംസാരിച്ചിരുന്നു. ആ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ ചിത്രത്തെക്കുറിച്ച് മാധ്യമങ്ങളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ വസ്തുനിഷ്ഠമായ ഒരു ചിത്രം തന്‍െറ അനുഭവങ്ങള്‍ തന്നെ വിവരിച്ചുകൊണ്ട് രാജീവ് ഭട്ടാചാര്യ പകര്‍ന്നുതരുകയുണ്ടായി.

അതുപോലെ, ഞാന്‍ വിദേശത്തായിരുന്നപ്പോള്‍ ആയിരുന്നു മേഘാലയയിലെ Hynniewtrep National Liberation Council  ന്‍െറ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്ന കൈന്‍ ഹുന്‍ എന്ന യാഹൂ ഗ്രൂപ് നിര്‍ത്തലാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ആവശ്യപ്പെട്ടതും യാഹു അത് നിഷേധിച്ചതും. ഇതേ തുടര്‍ന്നാണ് 2003 സെപ്റ്റംബറില്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് സേവനദാതാക്കളോട് യാഹുഗ്രൂപ്പുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടത്. രണ്ടാഴ്ചയോളം ആ നിരോധം നിലനിന്നിരുന്നു. അക്കാലത്തു ഈ ഇന്ത്യാവിരുദ്ധ സംഘടനയുടെ ഇടപെടലുകളെക്കുറിച്ച് മാത്രമല്ല, ഇന്‍റര്‍നെറ്റ് സ്വാതന്ത്ര്യത്തെക്കുറിച്ചുകൂടിയുള്ള ആഴത്തിലുള്ള ചില ചര്‍ച്ചകള്‍ക്ക് ആ സംഭവം കാരണമായി. അന്ന് പക്ഷേ, ഇന്ത്യക്ക് പുറത്തു ഈ നിരോധം ബാധകമായിരുന്നില്ല. ആ ഗ്രൂപ്പിലെ പോസ്റ്റുകള്‍ പലതും അതുകൊണ്ട് അന്നുതന്നെ എനിക്ക് വായിക്കാന്‍ കഴിഞ്ഞു.  അവിടെയും പതഞ്ഞുപൊന്തുന്ന ഇന്ത്യാവിരുദ്ധ വികാരം കേവലം നിസ്സാരമായിരുന്നില്ല.

മേഘാലയയിലെ ആയാലും നാഗാലന്‍ഡിലെ ആയാലും മണിപ്പൂരിലെ ആയാലും ഈയൊരു ജനരോഷത്തിന്‍െറയും എതിര്‍പ്പിന്‍െറയും ചരിത്രസാഹചര്യത്തെ സൈനികമായല്ലാതെ നേരിടാന്‍ ഇന്ത്യന്‍ ഭരണകൂടത്തിനു ഒരു കാലത്തും കഴിഞ്ഞിട്ടില്ല. ഒരു തുള്ളി തേന്‍ നുകര്‍ന്ന്  ഇറോം സമരം നിര്‍ത്തിയപ്പോള്‍ ആ സമരത്തിന് ഐക്യദാര്‍ഢ്യം  പ്രഖ്യാപിച്ചിരുന്നവരെ ഒപ്പം നിര്‍ത്താന്‍ കഴിയാതെ വന്നിരിക്കുന്നു എന്ന യാഥാര്‍ഥ്യം  വിരല്‍ചൂണ്ടുന്നത് ഭരണകൂടത്തോടും ഇന്ത്യന്‍ പട്ടാളത്തോടുമുള്ള ആ നാട്ടിലെ ജനങ്ങളുടെ എതിര്‍പ്പ്  അവസാനിച്ചിട്ടില്ല എന്ന സത്യത്തിലേക്കാണ്.  
ഇത്തരമൊരു സഹനസമരം ഇങ്ങനെ അവഗണിച്ചു പരാജയപ്പെടുത്തിയതിനു ഇന്ത്യന്‍ ഭരണകൂടം വലിയ വില നല്‍കേണ്ടിവരും എന്നാണ് എനിക്ക് തോന്നുന്നത്. കാരണം, സമാധാനപരമായ സമരപരീക്ഷണങ്ങള്‍ക്ക് സ്ഥാനമില്ലാത്ത ഒരു രാഷ്ട്രീയ സംവിധാനമാണ് ഇവിടെ നിലനില്‍ക്കുന്നത് എന്ന സാമാന്യബോധത്തിന് ഇത് അടിവരയിടുന്നു. ഹിംസാരഹിതമായ ഏറ്റുമുട്ടലുകള്‍ ജനാധിപത്യപരമായ സംഭാഷണങ്ങള്‍ കൂടിയാണ്.  അത്തരം സംഭാഷണങ്ങളോടുള്ള അടഞ്ഞ സമീപനം സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുകയല്ല, കൂടുതല്‍ ആളിക്കത്തിക്കുകയാണ് ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irom Sharmila
Next Story