Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനാം അനുഭവിക്കുന്ന...

നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം

text_fields
bookmark_border
നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം
cancel

ദേശീയതയാണ് ദേശരാഷ്ട്രങ്ങളെ സംജാതമാക്കുന്നത്; അല്ലാതെ മറിച്ചല്ല
-ഏണസ്റ്റ് ഗെല്‍നര്‍
വര്‍ഷങ്ങളായി അമേരിക്കയില്‍ പ്രവാസജീവിതം നയിക്കുന്ന എനിക്ക് ഇടക്ക് ഇന്ത്യയില്‍ എത്തുമ്പോഴും ഇതര പ്രവാസികളുമായി ഇടപഴകുന്ന സന്ദര്‍ഭങ്ങളിലും ഒരു ചോദ്യം നേരിടേണ്ടിവരാറുണ്ട്. താങ്കള്‍ക്ക് യു.എസ് പൗരത്വം ഉണ്ടോ എന്നതാണ് ആ ചോദ്യം. ഇല്ളെന്ന എന്‍െറ ഉത്തരം ശ്രവിച്ച് അദ്ഭുതംകൂറും ഈ ചോദ്യകര്‍ത്താക്കള്‍. മികച്ച സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും വിദേശ പൗരത്വം സ്വന്തമാക്കാന്‍ ശ്രമിക്കാതിരുന്ന ഞാന്‍ അല്‍പബുദ്ധി എന്ന മട്ടിലാകും തുടര്‍ പ്രതികരണങ്ങള്‍.
സ്വാതന്ത്ര്യത്തിന്‍െറ 69ാം വാര്‍ഷികവേളയില്‍ ഇത്തരം ചില വൈരുധ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുകയാണ് ഞാന്‍. ഉദിച്ചുവരുന്ന വന്‍ശക്തി എന്ന് ഇന്ത്യക്ക് ഒരു വശത്ത് വിശേഷണം നേടാന്‍ സാധ്യമായിരിക്കുന്നു. അതേസമയം, കുലീന മധ്യവര്‍ഗങ്ങളിലെ ഭൂരിപക്ഷവും ഇന്ത്യ വിട്ട് അന്യദേശങ്ങളില്‍ ചേക്കേറിക്കൊണ്ടിരിക്കുന്നു.  അമിത ദേശഭക്തിയുടെയും ആക്രമണോത്സുക ദേശീയതയുടെയും വക്താക്കളായി രംഗപ്രവേശം ചെയ്യാന്‍ ഈ വിഭാഗത്തിന് സങ്കോചമില്ളെ ന്നതാണ് പരിശോധിക്കപ്പെടേണ്ട ഒരു പ്രധാന വൈരുധ്യം.
ഇത്തരം അമിത ദേശീയതയുടെ രക്തപങ്കിലമായ അടയാളങ്ങള്‍ക്ക് സമകാല ഇന്ത്യ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നു. രോഹിത് വെമുലയുടെ മരണം മുതല്‍ ചത്ത പശുവിന്‍െറ തൊലിയുരിച്ചതിന്‍െറ പേരില്‍ ഗുജറാത്തില്‍ ദലിതുകള്‍ക്കേറ്റ ക്രൂരമര്‍ദനങ്ങള്‍ വരെയുള്ള സംഭവങ്ങള്‍ ജനാധിപത്യ സങ്കല്‍പവുമായി ചേര്‍ന്നുപോകുന്നതായിരുന്നില്ല. സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ കശ്മീരില്‍ 50ഓളം സിവിലിയന്മാരെ സുരക്ഷാസേന വകവരുത്തിയത് ആരെയും വ്യാകുലപ്പെടുത്താത്തത് എന്തുകൊണ്ടാകാം. ഇത്തരം പ്രശ്നങ്ങള്‍ക്ക് കശ്മീരികള്‍തന്നെയാണ് ഉത്തരവാദികളെന്നും  അയല്‍രാജ്യത്തിന്‍െറ ഉപജാപങ്ങളാണ് സംഘര്‍ഷങ്ങളുടെ നിമിത്തം എന്നുമുള്ള മുഖ്യധാരാ നിലപാടുകള്‍ സ്വയം കണ്ണാടിയില്‍ നോക്കാതിരിക്കാനുള്ള നമ്മുടെ ദുശ്ശാഠ്യമാണ് പ്രതിഫലിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ലോകത്തെ ഏറ്റവും സൈനികവത്കൃത ദേശവും നാംതന്നെ. 15 പൗരന്മാര്‍ക്ക് ഒരു പട്ടാളക്കാരന്‍ എന്ന അനുപാതത്തിലാണ് കശ്മീരിലെ സേനാവിന്യാസം. തോക്കുകളും ബയണറ്റുകളും കമ്പിവേലികളുംകൊണ്ട് കശ്മീര്‍ ജനതയെ സ്നേഹമുള്ളവരാക്കി മാറ്റാമെന്ന മൂഢധാരണയില്‍ ഭൂരിപക്ഷം ഇന്ത്യക്കാരും പ്രതീക്ഷ അര്‍പ്പിക്കുന്നു. വിയറ്റ്നാം, ഇറാഖ്, അഫ്ഗാന്‍ പ്രതിസന്ധികളുടെ മഹാപാഠങ്ങള്‍ നമ്മുടെ ദൃഷ്ടിപഥങ്ങളില്‍ മായാതെ അവശേഷിക്കുമ്പോഴും ‘രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് സൈനിക പരിഹാരം’ എന്ന പോംവഴിയില്‍ നിര്‍ലജ്ജം വിശ്വാസമര്‍പ്പിക്കുകയാണ് നാം.
വാസ്തവത്തില്‍ സ്വാതന്ത്ര്യം എന്ന സങ്കല്‍പം ഭൂരിപക്ഷം പേര്‍ക്കും ഒരു മിത്തു മാത്രം. ജാതി-വര്‍ഗ മേധാവിത്വത്തിന്‍െറയും പുരുഷാധിപത്യത്തിന്‍െറയും ഇരകളാണ് മിക്കവരും. ‘മാതൃകാ പുരുഷനായ ഇന്ത്യക്കാരന്‍’ എന്നാല്‍ ‘ഉന്നത കുലജാതന്‍’ എന്നതാണ് പരക്കെയുള്ള ധാരണ. സ്വാതന്ത്ര്യത്തിന്‍െറ സ്തുതിഗീതങ്ങള്‍ ആലപിച്ചുകൊണ്ടിരിക്കെതന്നെ തോട്ടിപ്പണിയും മാലിന്യസംസ്കരണവും ചത്ത മൃഗങ്ങളുടെ തൊലിയുരിയുന്ന പ്രവൃത്തിയും നാം കീഴ്ജാതിക്കാര്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം നിലനിര്‍ത്താനും ജനാധിപത്യം സംരക്ഷിക്കാനുംവേണ്ടി ഇത്തരം കര്‍മങ്ങളില്‍ വ്യാപൃതരായ ജനങ്ങളെ അതേ കര്‍മങ്ങളുടെ പേരില്‍ നാം നിരന്തരം നിന്ദിക്കുന്നു.
സമൃദ്ധിയുടെ സ്വര്‍ഗങ്ങള്‍ തേടി വിദേശരാജ്യങ്ങളിലേക്ക് പ്രവഹിക്കുന്നവര്‍ അമിത ദേശഭക്തിയുടെ വാചാടോപങ്ങള്‍ ഉതിര്‍ക്കുന്നത് മറ്റൊരര്‍ഥത്തില്‍ പരിശോധിക്കുമ്പോള്‍ വിരോധാഭാസമല്ളെന്ന നിഗമനത്തിലാകും നാം എത്തിച്ചേരുക.
ദേശരാഷ്ട്രങ്ങള്‍ ചരിത്രാരംഭം മുതല്‍ പ്രത്യക്ഷപ്പെട്ട സമ്പ്രദായമോ ഭരണരൂപമോ അല്ല. ആധുനിക പാശ്ചാത്യ സംസ്കൃതിയില്‍നിന്നാണ് അവയുടെ പിറവി. മുതലാളിത്ത വ്യവസായികവത്കരണം, സാങ്കേതിക മുന്നേറ്റങ്ങള്‍, നഗരവത്കരണം, ചെറുസമൂഹങ്ങളുടെ തകര്‍ച്ച എന്നിവയില്‍നിന്ന് ആവിര്‍ഭവിച്ച പുതുസമൂഹങ്ങളാണ് ദേശരാഷ്ട്രസങ്കല്‍പങ്ങളുടെ രൂപകര്‍ത്താക്കള്‍. ദേശീയതാ സങ്കല്‍പത്തിന് വ്യത്യസ്ത ജനസമൂഹങ്ങള്‍ വ്യത്യസ്ത നിര്‍വചനങ്ങള്‍ നല്‍കി.
സര്‍വ ദേശീയതകളും-അപകടരഹിതമായ ദേശീയതകള്‍ ഉള്‍പ്പെടെ -മാനവികതയെ മുരടിപ്പിക്കുന്നതാണ്. ദേശത്തിന്‍െറ ചട്ടക്കൂടിനാല്‍ പരിധി നിര്‍ണയിക്കപ്പെടുന്ന വ്യക്തികള്‍ വളര്‍ച്ചാമുരടിപ്പിന് ഇരയാകുന്നു. തീവ്രദേശീയതയാകട്ടെ ഭ്രാന്തന്‍വാദങ്ങളാല്‍ വ്യക്തികളെ അതികഠിനമായി മുരടിപ്പിക്കുന്നു. യുദ്ധോത്സക ദേശീയത അന്തസ്സാര ശൂന്യസങ്കല്‍പമായി ഗണിക്കപ്പെടാനുള്ള കാരണമതാണ്. കശ്മീരിനോട് അമിത സ്നേഹം കാട്ടുക, കശ്മീരിലെ കൊലകളെയും നിരന്തര ജയില്‍പീഡനങ്ങളെയും അവഗണിക്കുക, ദേശത്തോടുള്ള അമിതപ്രേമം പ്രകടിപ്പിക്കുമ്പോള്‍തന്നെ രാജ്യത്തെ അധ$കൃത വിഭാഗങ്ങളെയും മതന്യൂനപക്ഷങ്ങളെയും നിന്ദിക്കുക തുടങ്ങിയവ ഇത്തരം അര്‍ഥരാഹിത്യങ്ങളെയാണ് പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ദേശത്തെ സംബന്ധിച്ച  ഇത്തരം സങ്കുചിത കാഴ്ചപ്പാടുകളാകട്ടെ ജനാധിപത്യം, സമത്വം, മതേതരത്വം തുടങ്ങിയ പ്രമാണങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ആര്‍ക്കും പ്രേരണ നല്‍കുന്നില്ല. ദാരിദ്ര്യം, അവകാശ നിഷേധങ്ങള്‍ തുടങ്ങിയവ ഇല്ലായ്മചെയ്യാനുള്ള ത്യാഗങ്ങളില്‍ മുഴുകാനുള്ള ആഹ്വാനവും അത് നല്‍കാറില്ല. പകരം അത് ദേശീയ പതാകകള്‍ ഉയര്‍ത്തുക, ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുക തുടങ്ങിയ പ്രതീകാത്മക നടപടികള്‍ക്ക് ഊന്നല്‍നല്‍കുകയും യുദ്ധോത്സുക ദേശീയതയെ നിരാകരിക്കുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുകയും ചെയ്യുന്നു.
അന്തസ്സാരശൂന്യ ദേശീയത
അന്തസ്സാരശൂന്യമായ ഈ ദേശീയതയുടെ പ്രചാരകരായി ഉന്നതങ്ങളില്‍ ഇടംപിടിക്കുന്നവര്‍ ആരെല്ലാം എന്നുകൂടി പരിശോധിക്കുക. വിദേശപൗരത്വം സ്വന്തമാക്കിയ പ്രവാസ ഭാരതീയരും അതിസമ്പന്നരായ പ്രവാസിസമൂഹവും രാജ്യത്തെ സമരോത്സുക ദേശീയവാദികളുമാണ് വിചിത്രമായ ഈ പ്രതിഭാസത്തെ വളര്‍ത്താന്‍ ശ്രമിക്കുന്നത്. പ്രവാസി ഇന്ത്യക്കാര്‍, ‘ഇന്ത്യക്കാരന്‍’ എന്ന നിര്‍വചനത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെടുന്നതില്‍ അപാകതയില്ല. അതേസമയം, അമിത ദേശീയതാവാദത്തോട് വിയോജിപ്പ് പുലര്‍ത്തുന്നവരില്‍ അനായാസം ദേശദ്രോഹമുദ്ര ചാര്‍ത്താനുള്ള ശ്രമങ്ങള്‍ തീര്‍ച്ചയായും അനഭിലഷണീയ പ്രവണത മാത്രമാണ്.
ദീര്‍ഘകാലം ഇന്ത്യയില്‍ ജീവിക്കുകയും സാംസ്കാരിക സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്ത നടന്മാര്‍ ദേശദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നു. സര്‍ക്കാറിനെ വിമര്‍ശിക്കുന്നപക്ഷം പ്രവാസിയായ ഞാന്‍ ദേശദ്രോഹിയായി ഗണിക്കപ്പെടാം. നീതി, ജനാധിപത്യം തുടങ്ങിയ ഉന്നത മൂല്യങ്ങളെ ദേശസങ്കല്‍പത്തില്‍നിന്ന് വിച്ഛേദിക്കുകയും ദേശത്തെ ഭരണകൂടം മാത്രമായി ന്യൂനീകരിക്കുകയും ചെയ്യുന്ന ഹീന പ്രവണതയായി ഇതിനെ വിലയിരുത്താം.
ഈ വിഷമസന്ധി മറികടക്കുന്നതിന് ദേശസങ്കല്‍പത്തിന് പുനര്‍നിര്‍വചനം നല്‍കാന്‍ നാം സന്നദ്ധരാകേണ്ടതുണ്ട്. നാം പുതിയ വിഭാവനകള്‍ നെയ്യേണ്ടിയിരിക്കുന്നു. ദേശം എന്നാല്‍ ഒരുപിടി മണ്ണു മാത്രമല്ല. ഉന്നതമായ ലക്ഷ്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുംവേണ്ടിയാകണം പോരാട്ടങ്ങള്‍. പുതിയ ദേശസങ്കല്‍പം രൂപപ്പെടുത്താനാഗ്രഹിക്കുന്നവര്‍ ശ്രീബുദ്ധന്‍ മുതല്‍ ഇറോം ശര്‍മിള വരെയുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന വ്യത്യസ്ത ഇന്ത്യന്‍ ചിന്താധാരകള്‍ സമന്വയിപ്പിക്കാന്‍ യത്നിക്കേണ്ടിയിരിക്കുന്നു. രാജ്യം ദര്‍ശിച്ച അസാമാന്യ  വിപ്ളവകാരിയായ അയ്യങ്കാളിയെപ്പോലുള്ള പ്രഗല്ഭരുടെ ഉള്‍ക്കാഴ്ചകള്‍ ദേശഭാവനയുടെ ചേരുവയായി പരിണമിക്കണം.
അഭൂതപൂര്‍വമായ രീതിയില്‍ ദലിത് വിഭാഗങ്ങള്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളില്‍ പുതിയ വിഭാവനയുടെ ബീജങ്ങള്‍ പ്രകടമാണ്. പ്രതീകാത്മക ചടങ്ങുകള്‍ക്കപ്പുറത്തേക്ക് നമ്മുടെ ദേശം സഞ്ചരിക്കേണ്ടിയിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ വിമോചകാഭിലാഷങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന പുതിയ ആശയപദ്ധതികള്‍ അത്തരമൊരു പ്രയാണത്തിന് ഏറെ അനുപേക്ഷണീയമാണ്. നമ്മുടെ സ്വാതന്ത്ര്യത്തിന് നാംതന്നെ വിലങ്ങിട്ടിരിക്കുന്നു. കബീറിന്‍െറ വരികള്‍ ഓര്‍മിക്കുക:
‘നിങ്ങളെ ബന്ധിച്ചിരിക്കുന്ന കയര്‍ ജീവിച്ചിരിക്കെ നിങ്ങള്‍ മുറിച്ചുമാറ്റാന്‍ ശ്രമിക്കുന്നില്ളെങ്കില്‍ നിങ്ങളുടെ പ്രേതങ്ങള്‍ ആ വേല ചെയ്യുമെന്നാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്.’


കാനഡയിലെ ഡല്‍ഹൗസി യൂനിവേഴ്സിറ്റിയില്‍ അന്താരാഷ്ട്ര പഠനവിഭാഗം മേധാവിയാണ് ലേഖകന്‍
-കടപ്പാട്: ദ ഹിന്ദു

Show Full Article
TAGS:nationalism nationality india independence 
Next Story