ഭാഗ്യദോഷമേ, നിന്‍െറ പേരോ കേശവന്‍കുട്ടി എന്ന് പണ്ടാരോ ചോദിച്ചതു പോലെയാണ് ബസ് കാത്തുനില്‍ക്കുമ്പോഴുള്ള കാര്യങ്ങള്‍. സീറ്റ് കിട്ടണേ എന്ന് ആഗ്രഹിച്ചും പ്രാര്‍ഥിച്ചുംകൊണ്ട് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുമ്പോള്‍ നിറയെ സീറ്റുമായി ഒരു ബസ് വരും. സ്റ്റോപ്പിനു കുറച്ചകലെയായി കൃത്യമായി നിര്‍ത്തും. ഓടിയത്തെി കയറുമ്പോഴേക്കും സീറ്റെല്ലാം ഫുള്‍. പിറ്റേന്നായാലോ? തലേന്ന് ബസ് നിര്‍ത്തിയേടത്ത് ആദ്യമേ പോയി നില്‍ക്കും. ബസ് അവിടത്തെന്നെ നിര്‍ത്തുകയും താന്‍ ആദ്യംതന്നെ കയറുകയും ചെയ്യും. പക്ഷേ, ഒറ്റസീറ്റും കാലിയുണ്ടാവില്ല. ഇതാണ് സ്ഥിരം അനുഭവം. പക്ഷേ, അതിനെ പഴങ്കഥയാക്കിക്കൊണ്ട് ഇന്നെന്തോ ഭാഗ്യത്തിന് സീറ്റ് കിട്ടി. പഴയ സാക്ഷരതാ പ്രവര്‍ത്തകരെ ആദരിക്കുന്നതിനായി ജില്ലാ സാക്ഷരതാ മിഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംബന്ധിക്കാനാണ് തന്‍െറ യാത്രയെന്ന് ബസുകാര്‍ അറിഞ്ഞു കാണുമോ?
‘സാക്ഷരതയുടെ പ്രസക്തി ഇന്ന്’ എന്ന വിഷയത്തില്‍ ഒരു പ്രസംഗം കാച്ചണം. എന്തൊക്കെ പറയണമെന്ന് ഇതുവരെ ആലോചിച്ചിട്ടില്ല. ബസില്‍ സീറ്റ് കിട്ടിയാല്‍ സ്വസ്ഥമായി ആലോചിക്കാം എന്നായിരുന്നു കണക്കുകൂട്ടല്‍. ഇരിക്കാനായി സീറ്റിനടുത്തേക്ക് ചെന്നപ്പോള്‍ സഹസീറ്റന്‍ മാരകമായ ഫോണ്‍വിളിയിലാണ്. നാവരിവാള്‍കൊണ്ട് മറുതലയുടെ തലയരിയാനാണ് ഭാവമെന്നു തോന്നും. ശരീരമാകെ കുലുക്കി അയാള്‍ ആക്രോശിക്കുന്നു. ഭീഷണിപ്പെടുത്തുന്നു. ‘ആഹാ താന്‍ അത്രക്കായോ? ഫോണ്‍ വെക്കടാ, ഫോണ്‍ വെച്ചിട്ടുപോടാ... തന്നോടാ പറഞ്ഞത് ഫോണ്‍ വെക്കാന്‍...’ സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ കേശവന്‍കുട്ടിമാഷ് ഉള്ളിലോര്‍ത്തു. ‘ഇപ്പറയുന്നയാള്‍ക്ക് വെച്ചാല്‍ പോരേ ഫോണ്‍?’ അയാളുടെ കലിയൊന്നടങ്ങിയപ്പോള്‍ കേശവന്‍കുട്ടിമാഷുടെ ചിന്തയുണര്‍ന്നു. പ്രസംഗ വിഷയത്തെക്കുറിച്ച് നന്നായി ആലോചിക്കണം. എപ്പോഴും ഇങ്ങനെയാണ്. ബസില്‍ സീറ്റ് കിട്ടിയാല്‍ ചിന്തകളും ഓര്‍മകളും എവിടെനിന്നെന്നില്ലാതെ ചിറകടിച്ച് പറന്നുവരും.
ആ ചിറകടി കേള്‍ക്കാന്‍ തുടങ്ങിയപ്പോഴേക്കും തൊട്ടുപിന്നിലെ സീറ്റില്‍നിന്ന് ഒരു ന്യൂജെന്‍ ഫോണ്‍വിളി. മറുഭാഗത്ത് കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്ന ആളിന് ഫോണിലൂടെ നിര്‍ദേശം നല്‍കുകയാണ്.
‘വിന്‍ഡോ മിനിമൈസ് ചെയ്യ്. കണ്‍ട്രോള്‍ എസ് അടിക്ക്. പുതിയ വിന്‍ഡോ ഓപണ്‍ ചെയ്ത് റൈറ്റ് ക്ളിക്...’
‘ഈശ്വരാ, സ്വസ്ഥത കിട്ടുന്നില്ലല്ളോ.’ അല്‍പം കഴിഞ്ഞപ്പോള്‍ ഭാഗ്യത്തിന് അത് നിന്നു.
‘സാക്ഷര കേരളം സുന്ദര കേരളം’ എന്ന് അഭിമാനത്തോടെ പ്രചരിപ്പിച്ച പഴയ നാളുകള്‍ കേശവന്‍കുട്ടിമാഷിന്‍െറ ഓര്‍മയിലത്തെി. പക്ഷേ, കാലം കുറെ കഴിഞ്ഞപ്പോള്‍ സാക്ഷരതയുമായി ബന്ധപ്പെട്ട പല പദങ്ങളും തന്‍െറ വരുതിക്ക് നില്‍ക്കുന്നില്ളെന്ന് കേശവന്‍കുട്ടിക്ക് തോന്നി. തുടര്‍ സാക്ഷരത, നവസാക്ഷരന്‍...
പിന്നില്‍ കനത്ത ബാഗ് തൂക്കിയിട്ട ഒരു വിദ്യാര്‍ഥി അശ്രദ്ധമായി തന്‍െറ സീറ്റില്‍ ചാരി നില്‍ക്കുന്നു. അവന്‍െറ ബാഗ് തന്‍െറ തോളില്‍ വിശ്രമിക്കാന്‍ തുടങ്ങിയപ്പോള്‍ കേശവന്‍കുട്ടിമാഷിന് ആ ഭാരം അസഹ്യമായി. വേദനിച്ചപ്പോള്‍ ബാഗ് അയാള്‍ തന്‍െറ തോളില്‍നിന്ന് നീക്കി. പയ്യന്‍ അതൊന്നും ശ്രദ്ധിക്കുന്നേയില്ല. നോക്കുമ്പോള്‍ ഒന്നല്ല അനേകം ബാഗുകാര്‍. തോളിലിട്ട കനത്ത ബാഗ് മറ്റുള്ളവരുടെ ശരീരത്തില്‍ താങ്ങിനിര്‍ത്തി അതൊന്നും ശ്രദ്ധിക്കാതെ തമാശപറഞ്ഞ് രസിക്കുന്നു. ഒരുപറ്റം കൗമാരക്കാര്‍. ബാഗ് പിന്നില്‍ തൂക്കിയിട്ട് കടന്നുപോകുമ്പോള്‍ മറ്റു യാത്രക്കാരുടെ ശരീരത്തില്‍ മുട്ടുന്നതും ഉരയുന്നതും പലരും കാര്യമാക്കുന്നേയില്ല. ഈ ബാഗുകാരെക്കൊണ്ട് തോറ്റു എന്ന് ആരോ മുറുമുറുത്തു.
ബാഗ് ശരീരത്തില്‍നിന്ന് അല്‍പം മാറിയപ്പോള്‍ കേശവന്‍കുട്ടി ചിന്തകളിലേക്ക് മടങ്ങി...
സാക്ഷരതയുമായി ബന്ധപ്പെട്ട് പല പദങ്ങളും പിന്നീട് പ്രചരിച്ചുതുടങ്ങി. മാധ്യമ സാക്ഷരത, ജലസാക്ഷരത, പരിസ്ഥിതി സാക്ഷരത, കമ്പ്യൂട്ടര്‍ സാക്ഷരത... ഒന്നും തന്‍െറ പിടിത്തത്തില്‍ കിട്ടുന്നില്ല. അര്‍ഥംപോലും മനസ്സിലാകുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂണ്‍മാസത്തോടെ എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറിയത്രെ. നാലാം ക്ളാസിലെ തുല്യതാ പരീക്ഷ എല്ലാ നവസാക്ഷരരും എഴുതിയതോടെയാണിത് സാധിച്ചത്. അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ എല്ലാവരും പത്താംതരം തുല്യതാ പരീക്ഷ എഴുതും. തുടര്‍ന്ന് എല്ലാവര്‍ക്കും ബിരുദതലത്തിലുള്ള തുല്യത. എല്ലാവരും ബിരുദധാരികളായ ഇന്ത്യയിലെ ഏക സംസ്ഥാനം. അല്ലാ ലോകത്തിലെതന്നെ ഏക സമൂഹമായി കേരളം മാറുകയാണ്. സാക്ഷരതയുടെ ഒരു നേട്ടമേ...
തൊട്ടുമുന്നിലുള്ള സീറ്റില്‍നിന്ന് ഉറക്കെയുള്ള ഫോണ്‍സംസാരം തുടങ്ങിയപ്പോള്‍ ചിന്തകള്‍ മുറിഞ്ഞു. ഇതെന്തൊരു ഫോണ്‍വിളി? ഒരു ബാഗുകാരനും സീറ്റിലിരിക്കുന്ന യാത്രക്കാരനുമായി കശപിശ. ബാഗുകാരന്‍െറ പതിവുരീതിയിലുള്ള അലസമായ മറുപടി.
ഓ... പ്രസംഗ വിഷയത്തിനാണോ പഞ്ഞം? കേരളത്തില്‍ ഇനി വരേണ്ടത് മൊബൈല്‍ വിളി സാക്ഷരതയും ബാഗ് സാക്ഷരതയുമാണ്. മൊത്തത്തില്‍ അതിനെ ബസ്യാത്ര സാക്ഷരതയെന്ന് വിളിച്ചാല്‍ മതിയോ? ആശയക്കുഴപ്പമായപ്പോള്‍ അയാള്‍ സീറ്റിലമര്‍ന്നിരുന്ന് വീണ്ടും ചിന്തിക്കാന്‍ തുടങ്ങി...