Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്വര്‍ണമത്സ്യം

സ്വര്‍ണമത്സ്യം

text_fields
bookmark_border
സ്വര്‍ണമത്സ്യം
cancel

ചിലരെക്കുറിച്ച് ആളൊരു സംഭവമാണെന്ന അര്‍ഥത്തില്‍ അയാള്‍ ഒരു വ്യക്തിയല്ല; ഒരു പ്രസ്ഥാനമാണ് എന്നൊക്കെ നമ്മള്‍ പറയും. മൈക്കല്‍ ഫ്രെഡ് ഫെല്‍പ്സ് രണ്ടാമന്‍െറ കാര്യത്തില്‍ അതിങ്ങനെ തിരുത്താം. ഇയാള്‍ ഒരു വ്യക്തിയല്ല. ഒരു രാജ്യമാണ് എന്ന്. ഒളിമ്പിക്സില്‍ തന്നോളം സ്വര്‍ണം നേടാനാവാത്ത 160 ഓളം രാജ്യങ്ങളെയാണ് ഈ താരം തനിച്ചുനിന്ന് തോല്‍പിച്ചിരിക്കുന്നത്.  ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക്സ് സ്വര്‍ണം നേടിയ താരം. ഒളിമ്പിക്സ് നീന്തല്‍ക്കുളത്തില്‍നിന്ന് ഇതുവരെ മുങ്ങിയെടുത്തത് 22 സ്വര്‍ണം. ഒരേയിനത്തില്‍ നാല് ഒളിമ്പിക്സുകളില്‍ സ്വര്‍ണം നേടുന്ന ആദ്യ നീന്തല്‍താരം. ചരിത്രത്തിലെ മൂന്നാമത്തെ കായികതാരം. ഈ അമേരിക്കന്‍ നീന്തല്‍ ഇതിഹാസം പക്ഷേ, പലപ്പോഴും മാധ്യമങ്ങളുടെ ഓളപ്പരപ്പില്‍ നിറഞ്ഞുനിന്നത് നല്ല കാര്യങ്ങളുടെ പേരിലായിരുന്നില്ല.
ജലാശയങ്ങളില്‍ മത്സ്യവേഗത്തില്‍ തുഴഞ്ഞുനീങ്ങുമ്പോള്‍ ഫെല്‍പ്സ് പിന്തള്ളിയത് തന്‍െറ ഉള്ളിലുള്ള നീചനെയാണ്; കള്ളും കഞ്ചാവും മദിരാക്ഷിയുമായി ആത്മനശീകരണപ്രവണതയോടെ പണക്കൊഴുപ്പിന്‍െറ അധോലോകങ്ങളില്‍ പുളച്ചുനീന്തിയ ഭൂതകാലത്തെയാണ്. വയസ്സിപ്പോള്‍ 31. ശിഥിലമായ കുടുംബത്തില്‍നിന്നു വരുന്ന ഏതൊരു അമേരിക്കന്‍ യുവാവിനെയും പോലെ ജീവിതം പലപ്പോഴും തനിച്ചാണ് തുഴഞ്ഞത്. അപ്പോഴെല്ലാം വേദനകളുടെ നിലയില്ലാക്കയങ്ങളില്‍പെട്ടുപോയിട്ടുണ്ട്.  കണ്ണീരിലാഴുമ്പോള്‍ കൈ നീ തരേണമേ, കടലിന്നു മീതേ നടന്നവനേ എന്ന് ഒമ്പതാം വയസ്സില്‍ അച്ഛന്‍ വിട്ടുപോയ കാലംതൊട്ട് പ്രാര്‍ഥിച്ചിട്ടുണ്ട്. എതിരൊഴുക്കില്‍ പലപ്പോഴും നിലതെറ്റി. ലാവാപ്രവാഹത്തില്‍ ചുട്ടുപൊള്ളി. വിഷാദത്തിന്‍െറ പ്രക്ഷുബ്ധമായ അലകടലില്‍ നീന്തി കരപറ്റിയ ചരിത്രവുമുണ്ട് ഫെല്‍പ്സിന്.
23ാം വയസ്സു മുതല്‍ കള്ളുകുടിയനും കഞ്ചാവടിക്കാരനുമായാണ് ലോകം കണ്ടത്. 2009ല്‍ കഞ്ചാവ് പൈപ്പ് കടിച്ചുപിടിച്ചു നില്‍ക്കുന്ന ഫെല്‍പ്സിന്‍െറ പടം ബ്രിട്ടീഷ് ടാബ്ളോയ്ഡുകള്‍ വെണ്ടക്ക നിരത്തി ആഘോഷിക്കുകയും ചെയ്തു. 2008ലെ ഒളിമ്പിക്സിന് പിന്നാലെയായിരുന്നു അത്. ഒടുവില്‍ ഫെല്‍പ്സിന് തെറ്റു സമ്മതിക്കേണ്ടിവന്നു. സൗത് കരോലിന സര്‍വകലാശാലയിലെ ഹൗസ് പാര്‍ട്ടിക്കിടെയായിരുന്നു സംഭവമെന്ന് ഏറ്റുപറഞ്ഞു. അന്ന് സസ്പെന്‍ഷനിലായി. കെല്ളോഗ്സ് എന്ന സ്പോണ്‍സറെയും നഷ്ടമായി. മദ്യപിച്ച് വാഹനമോടിച്ചതിന്‍െറ പേരില്‍ പലതവണ പിടിക്കപ്പെട്ടിട്ടുണ്ട്. പത്തൊമ്പതാം വയസ്സില്‍ മേരിലാന്‍ഡിലെ സാലിസ്ബറിയില്‍നിന്നാണ് ആദ്യം.  അന്ന് കിട്ടിയത് 250 ഡോളര്‍ പിഴ. ബാള്‍ട്ടിമോര്‍ തുരങ്കത്തിനുള്ളിലൂടെ അനുവദനീയമായ വേഗപരിധിയുടെ ഇരട്ടി വേഗത്തിലാണ് വണ്ടിയോടിച്ചത്. അക്കാലത്ത് വിഷാദരോഗത്തിന്‍െറ പിടിയിലായിരുന്നു.  2014ല്‍  വീണ്ടും അറസ്റ്റിലായി. യു.എസ്.എ സ്വിമ്മിങ് ആറുമാസത്തേക്ക് എല്ലാ മത്സരങ്ങളില്‍നിന്നും വിലക്കി. ഒന്നരമാസം പുനരധിവാസകേന്ദ്രത്തില്‍ കിടന്നു. അതിനുശേഷം പിന്നെ കുടിച്ചിട്ടില്ല. പല പെണ്ണുങ്ങളുടെയും പിറകെ പോവുന്നവന്‍ എന്ന് കാമുകിമാര്‍തന്നെ അപവാദം പ്രചരിപ്പിച്ചിട്ടുണ്ട്. ഒരു പെണ്ണ് സ്വകാര്യ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകപോലുമുണ്ടായി. അതിന്‍െറ പുകിലുകള്‍ വേറെ.
കോച്ച് ബോബ് ബോമാന്‍ വിശേഷിപ്പിച്ചത് ‘ഏകാകിയായ മനുഷ്യന്‍’ എന്നാണ്. 1985 ജൂണ്‍ മുപ്പതിന് മേരിലാന്‍ഡിലെ ബാള്‍ട്ടിമോറില്‍ ജനനം. മൂന്നു കുട്ടികളില്‍ ഇളയവന്‍. അമ്മ ഡെബി മിഡില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു. പിതാവ് മൈക്കിള്‍ ഫ്രെഡ് സ്റ്റേറ്റ് പൊലീസിലും. കായികമായ ഇനങ്ങളിലെ താല്‍പര്യം ഫെല്‍പ്സിന് കിട്ടിയത് അച്ഛനില്‍നിന്നു തന്നെയാവണം. ഹൈസ്കൂളിലും കോളജിലും ഫുട്ബാള്‍ കളിക്കുകയും എഴുപതുകളില്‍ അമേരിക്കന്‍ ഫുട്ബാള്‍ ടീമില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു അച്ഛന്‍. 1994ല്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞത് ഫെല്‍പ്സിന് കടുത്ത  മാനസികാഘാതമുണ്ടാക്കി. അച്ഛന്‍ 2000ത്തില്‍ പുനര്‍വിവാഹം ചെയ്തു.
ഏഴാംവയസ്സു മുതല്‍ വെള്ളത്തില്‍ കാലിട്ടടിച്ചു കളിച്ചു തുടങ്ങി. സഹോദരിമാരുടെ സ്വാധീനവുമുണ്ടായിരുന്നു അതില്‍. ആറാംക്ളാസില്‍ പഠിക്കുമ്പോള്‍  ‘അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍’ എന്ന മനോരോഗമുണ്ടെന്നു കണ്ടത്തെി. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള പ്രയാസം, അമിതമായ ചുറുചുറുക്ക്, പെരുമാറ്റത്തെ നിയന്ത്രിക്കാനാവാത്ത അവസ്ഥ. പത്താംവയസ്സില്‍ നൂറു മീറ്റര്‍ ബട്ടര്‍ഫൈ്ള ഇനത്തില്‍ ചിത്രശലഭത്തെ പോലെ നീന്തിക്കയറി ആ പ്രായത്തിലുള്ളവരുടെ ദേശീയ റെക്കോഡിനുടമയായി. പിന്നീട് ബോബ് ബോമാന് കീഴില്‍ നോര്‍ത് ബാള്‍ട്ടിമോര്‍ അക്വാട്ടിക് ക്ളബില്‍ പരിശീലനം തുടങ്ങി. സ്വന്തംപ്രായത്തിലുള്ളവരെ പിന്തള്ളി നീന്തിക്കയറിയത് പന്ത്രണ്ട് റെക്കോഡുകളുമായാണ്. 2000ത്തിലെ സമ്മര്‍ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത് പതിനഞ്ചാം വയസ്സില്‍. 68 വര്‍ഷത്തെ അമേരിക്കന്‍ കായികചരിത്രത്തിലാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ താരം ഒളിമ്പിക്സ് നീന്തല്‍ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെടുന്നത്.
നല്ല പ്രായത്തിലേ കായികമത്സരങ്ങളില്‍നിന്ന് വിരമിക്കണമെന്നു തോന്നിയതും വിചിത്രമായ മനോനില കാരണമാണ്. ഇ.എസ്.പി.എന്‍ വാര്‍ത്താചാനലിനോട് അന്നു പറഞ്ഞത്  ഇങ്ങനെ: ‘നീന്തല്‍ക്കുളത്തിനു പുറത്ത് ഞാനാരാണെന്നു ഞാന്‍ ചിന്തിച്ചുനോക്കി. പൊട്ടിത്തെറിക്കാന്‍ വെമ്പിനില്‍ക്കുന്ന ടൈംബോംബുപോലെയായിരുന്നു ഞാന്‍. എനിക്ക് ആത്മാഭിമാനമില്ല. എനിക്ക് ഒരു വിലയുമില്ല. ഇവിടെ ജീവിച്ചിരിക്കേണ്ടതില്ളെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട്. മദ്യപിച്ച് വണ്ടിയോടിച്ച് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രിയപ്പെട്ടവരില്‍നിന്നെല്ലാം അകന്നാണ് കഴിഞ്ഞത്. ഞാനില്ലാത്ത ലോകമായിരിക്കും നല്ലതെന്നു വിചാരിച്ചു. ജീവനൊടുക്കണമെന്നു നിശ്ചയിച്ചുറച്ചത് അപ്പോഴാണ്. ഞാന്‍ മൂത്ത സഹോദരനെപ്പോലെ കാണുന്ന ഫുട്ബാള്‍ താരം റേ ലെവിസ് ആണ് വിഷാദത്തിന്‍െറ ആ ഇരുള്‍ക്കയത്തില്‍നിന്ന് നീന്തിക്കയറാന്‍ കൈ തന്നത്. ലെവിസ് എന്നെ ഒരു പുനരധിവാസകേന്ദ്രത്തില്‍ എത്തിച്ചു. വായിക്കാന്‍ ഒരു പുസ്തകം തന്നു. റിക്ക് വാറന്‍ എഴുതിയ ‘പര്‍പസ് ഡ്രിവണ്‍ ലൈഫ്.’ ലക്ഷ്യബോധമുള്ള ജീവിതം നയിക്കാന്‍ ആ പുസ്തകം സഹായിച്ചു. ബന്ധങ്ങള്‍ എപ്പോഴും നിലനിര്‍ത്തിക്കൊണ്ടേയിരിക്കണം എന്ന് അതിലുണ്ടായിരുന്നു. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രണ്ടു പതിറ്റാണ്ടായി കാണാതിരുന്ന അച്ഛനെ പോയി കണ്ടു. ഇരുവരും പരസ്പരം ആശ്ളേഷിച്ചു.
ജലാശയത്തിലേക്ക് മുതലക്കൂപ്പു കുത്തുന്നതിനു മുമ്പ് പാട്ടുകേള്‍ക്കുന്ന പതിവുണ്ട്. ഏത് മത്സരത്തിനു മുമ്പും ഹെഡ്ഫോണ്‍ തലയില്‍ കാണും. കേള്‍ക്കുന്നത് 1998-2004 കാലത്ത് കൗമാരം പിന്നിട്ട ഏതൊരു അമേരിക്കന്‍ യുവാവിന്‍െറയും ചുണ്ടിന്‍െറ തുമ്പത്തുള്ള പാട്ടുകള്‍തന്നെ. എമിനെമിന്‍െറ ക്ളാസിക് റാപ് ഗാനങ്ങള്‍. 2015ല്‍ അമേരിക്കന്‍ മോഡലായ മിസ് കാലിഫോര്‍ണിയ നിക്കോള്‍ ജോണ്‍സന്‍ തന്‍െറ ഭാര്യയാവുമെന്ന് ഫെല്‍പ്സ് പ്രഖ്യാപിച്ചു. 2009ല്‍ കണ്ടുമുട്ടിയ അവര്‍ 2012ല്‍ പരസ്പരം അകന്നിരുന്നു. ഇക്കഴിഞ്ഞ മേയ് അഞ്ചിന് അവര്‍ക്ക് ഒരു മകന്‍ പിറന്നു. ബൂമര്‍ റോബര്‍ട്ട് ഫെല്‍പ്സ്.

 

Show Full Article
TAGS:editorial madhyamam editorial 
Next Story