ആഗസ്റ്റ് ഒമ്പതിന് ഒരാദിവാസി ദിനംകൂടി കടന്നുപോവുകയാണ്. ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം 1995 ആഗസ്റ്റ്് ഒമ്പതിനാണ് ആദ്യത്തെ ലോക ആദിവാസിദിനം ആചരിച്ചത്. സാങ്കേതികാര്‍ഥത്തില്‍ 21 ആദിവാസിദിനങ്ങള്‍ ലോകം ആചരിച്ചിരിക്കുന്നു. എന്നിട്ടും ഇങ്ങനെ ഒരു ദിനമുള്ളതായി ഇന്ത്യന്‍ സര്‍ക്കാറിനോ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാന സര്‍ക്കാറിനോ അറിവുള്ളതായി തോന്നുന്നില്ല. വനദിനം ആചരിച്ചതുകൊണ്ട് വനമോ പരിസ്ഥിതിദിനം ആചരിച്ചതുകൊണ്ട് പരിസ്ഥിതിയോ സംരക്ഷിക്കപ്പെടില്ളെന്ന് നമുക്കറിയാം. കലണ്ടറിലെ ഓരോ അക്കത്തിനുമൊപ്പം ഒന്നിലേറെ ആചാരദിനങ്ങള്‍ ഇപ്പോഴുണ്ട്. ആദിവാസിദിനാചരണത്തിനു വാദിക്കുന്നതിലെ മൗഢ്യം ചൂണ്ടിക്കാണിക്കാന്‍ ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. എങ്കിലും ഒരു പ്രതീകാത്മക നടപടി എന്ന നിലയില്‍ ഈ ദിനാചരണത്തിന്‍െറ സാംഗത്യം തള്ളിക്കളയാനാവില്ല. ഭൂമിയിലെ ഏറ്റവും നിസ്സഹായരും പ്രാന്തവത്കരിക്കപ്പെട്ടവരുമായ സമൂഹത്തിന് ലോകം നല്‍കുന്ന ഒരു സഹൃദയ ഹസ്തദാനമാണത്.
അവര്‍ 37 കോടി
ലോകജനസംഖ്യയില്‍ അവര്‍ 37 കോടിയുണ്ട് ആദിവാസികള്‍- അതായത് ഏകദേശം 5%. 90 രാജ്യങ്ങളില്‍ 5000 വ്യത്യസ്ത വിഭാഗങ്ങളായി അവര്‍ അധിവസിക്കുന്നു. അതിവേഗം സിമെട്രിക്കലായി, ഏകാകൃതിയായി മാറിക്കൊണ്ടിരിക്കുന്ന ലോകസംസ്കാരത്തെ ഇപ്പോഴും സമ്പന്നവും വൈവിധ്യപൂര്‍ണവും ഹൃദ്യവുമാക്കുന്നത് ആദിവാസികളാണ്. ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ ആദിവാസികളുള്ളത്. അടുത്ത സ്ഥാനം ഇന്ത്യക്കാണ്. 2011 ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 10.5 കോടിയോളം ആദിവാസികളുണ്ട്. ഇന്ത്യന്‍ ജനസംഖ്യയുടെ 8.6 ശതമാനം വരുമത്. അത് ലോകആദിവാസി ജനസംഖ്യയുടെ 28 ശതമാനവുമാണ്. ഇന്ത്യയില്‍ 533 ആദിവാസിവിഭാഗങ്ങളുണ്ട്. അതില്‍ 75 വിഭാഗങ്ങള്‍ പ്രാചീന ഗോത്രവര്‍ഗമാണ്. അതായത് ജനസംഖ്യകൊണ്ടും വൈവിധ്യംകൊണ്ടും അവര്‍ ഇന്ത്യയിലെ വലിയ അവകാശികളാണ്.
ലോകരാജ്യങ്ങള്‍ ഈ ദിനം എങ്ങനെയാണ് ആചരിച്ചുവരുന്നത്. വെറും വഴിപാടുകള്‍ക്കപ്പുറം അത് പോകാനിടയില്ല. പുതിയ ലോകം പണ്ടേ വെട്ടിക്കളഞ്ഞ ദിക്കുകളാണല്ളോ അവ. ഇന്ത്യയിലാണെങ്കില്‍ ആഗസ്റ്റ് ഒമ്പത് ക്വിറ്റിന്ത്യാദിനമാണ്. വിമോചന പോരാട്ടങ്ങളുടെ പൂര്‍വമഹിമയില്‍ അപ്രിയസത്യങ്ങളിലേക്കുള്ള കതകുകള്‍ അങ്ങനെ അടച്ചിട്ടു. പലപ്പോഴും വികസനത്തിന്‍െറ വലിയ എടുപ്പുകള്‍ക്കുവേണ്ടി ചതഞ്ഞരയുക എന്ന ദുര്‍വിധിയാണ് ആദിവാസികള്‍ക്കുള്ളത്. നര്‍മദയും സര്‍ദാര്‍ സരോവരും അതിന് ദൃഷ്ടാന്തങ്ങള്‍. ഫ്യൂഡല്‍ ഭൂപ്രഭുത്വത്തിന്‍െറ ഇരുട്ടിലാണ് ഇന്നും ഉത്തരേന്ത്യയിലെ മിക്കവാറും ആദിവാസിഗ്രാമങ്ങള്‍. അവരുടെ അധോനിലയും നിരാശയുമാണ് മാവോയിസ്റ്റുകളുടെ ഇന്ധനം.
ഒരേ സമയം വികസനത്തിന്‍േറയും ഫ്യൂഡലിസത്തിന്‍േറയും ഇരകളാവുക എന്ന ഇരട്ട ദുരന്തമാണ് ഇന്ത്യയില്‍ ആദിവാസികള്‍ നേരിടേണ്ടിവരുന്നത്. ഇക്കോ കള്‍ച്ചറിന്‍െറ തുടര്‍ച്ചയായ, ഏറെ സാംസ്കാരികസവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന, ആദിവാസിസമൂഹത്തെ ആ നിലയില്‍ സമീപിക്കുന്ന വികസനതന്ത്രം ഇനിയും രൂപകല്‍പന ചെയ്യാനാവാത്തതാണ് ആദിവാസി വികസനം നേരിടുന്ന യഥാര്‍ഥ പ്രതിസന്ധി. ഗോത്രമനസ്സിന്‍െറ ഉള്‍വെളിച്ചമേറ്റ് വിടരുന്ന നവോത്ഥാന സംരംഭങ്ങള്‍ക്കായിരിക്കും ആത്യന്തികമായി ഈ പ്രതിസന്ധിയെ അതിജീവിക്കാനാവുക. ആദിവാസിയുടെ രാഷ്ട്രീയശരീരത്തിന്‍െറ അധോനിലയില്‍ മാത്രം ഊന്നുന്ന, സാംസ്കാരിക ശരീരത്തിന്‍െറ മേല്‍നിലയിലൂന്നാത്ത, മനസ്സിന് ചരിത്രമുണ്ടെന്ന് മനസ്സിലാക്കാത്ത, വീക്ഷണംകൊണ്ട് ആദിവാസിജീവിതത്തിന് മുമ്പോട്ടുപോവാനാവില്ല. പ്രകൃതിക്കും സംസ്കൃതിക്കും ഇടയില്‍ രണ്ടുതരം ബോധങ്ങളുടെ അകലമുണ്ട്.
യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദിവാസി വനാവകാശനിയമം ഈ ദിശയിലുള്ള നല്ല ചുവടുവെപ്പായിരുന്നു. 2006 ഡിസംബര്‍ 18നാണ് ആദിവാസിവനാവകാശനിയമം പാര്‍ലമെന്‍െറ് പാസാക്കിയത്. 2007 ഡിസമ്പര്‍ 31ന് അത് പ്രാബല്യത്തില്‍ വരികയും ചെയ്തു. തലമുറകളായി വനത്തില്‍ താമസിച്ചുവരുന്നു ആദിവാസി കുടുംബങ്ങള്‍ക്ക് 10 ഏക്കര്‍ ഭൂമിവരെ പതിച്ചുനല്‍കാന്‍ ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്. അതുപോലെ തടിയിതരവന വിഭവങ്ങളുടെ ശേഖരണം, മേച്ചില്‍പുറങ്ങളുടെ വിനിയോഗം എന്നീ പാരമ്പര്യഅവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ട്. ഈ നിയമപ്രകാരം 40 ലക്ഷത്തോളം അപേക്ഷകളാണ് കേന്ദ്ര സര്‍ക്കാറിന്‍െറ പരിഗണനക്കായി സമര്‍പ്പിക്കപ്പെട്ടത്. പത്ത് വര്‍ഷം (2015 ഫെബ്രുവരി, 28 വരെ) കൊണ്ട് അവയില്‍ തീര്‍പ്പുകല്‍പിച്ച് ഭൂമി അനുവദിച്ചത് 16 ലക്ഷത്തോളം അപേക്ഷകര്‍ക്കു മാത്രമാണ്, ശതമാനക്കണക്കില്‍ പറഞ്ഞാല്‍ 39.44 ശതമാനം പേര്‍ക്ക്. 17 ലക്ഷത്തോളം അപേക്ഷകള്‍ തള്ളിക്കളഞ്ഞതായും കാണുന്നുണ്ട്.
വിപ്ളവപരമെന്ന് എല്ലാവരും ഒരുപോലെ വിശേഷിപ്പിച്ച ഒരു നിയമം നടപ്പാക്കിയതിന്‍െറ വേഗതയാണിത്. സംസ്ഥാനങ്ങളുടെ തലത്തില്‍ ത്രിപുരയാണ് ഒന്നാം സ്ഥാനത്തുള്ളത്. 65.97 ശതമാനം അപേക്ഷകര്‍ക്ക് ഭൂമിനല്‍കാന്‍ ത്രിപുര സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. കേരളമാണ് രണ്ടാം സ്ഥാനത്തുള്ളത്. 2015 ഫെബ്രുവരി മാസം വരെയുള്ള കണക്കനുസരിച്ച് 65.53 ശതമാനം അപേക്ഷകര്‍ക്ക് കേരളത്തില്‍ ഭൂമി നല്‍കിയതായി കാണുന്നുണ്ട്. സമര്‍പ്പിക്കപ്പെട്ട 37535 അപേക്ഷകരില്‍ 24599 പേര്‍ക്കും ഭൂമി നല്‍കിയിട്ടുണ്ട്. ഈ നേട്ടങ്ങളെ വരവുവെക്കുന്നതോടൊപ്പം ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി കിട്ടിയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സമയപരിധിയും നിശ്ചയിക്കേണ്ടതാണ്. അതോടൊപ്പം ആദിവാസി വികസന പ്രവര്‍ത്തനങ്ങള്‍ ആദിവാസികളെ ഏല്‍പിക്കണം. കേരളത്തിലിപ്പോള്‍ ഏകദേശം മൂവായിരത്തോളം ആദിവാസി ഊരുകളുണ്ടാവും. ഒരു ഊരില്‍ 30-40 കുടുംബങ്ങളും.
എന്തുകൊണ്ടാണ് ആദിവാസികള്‍ കൂട്ടമായി താമസിക്കുന്നത്. അത് കാര്‍ഷികപൂര്‍വഘട്ടത്തിലെ സാമൂഹികജീവിതത്തിന്‍െറ തുടര്‍ച്ചയാണ്. ഫലമൂലാദികള്‍ ശേഖരിച്ചും വേട്ടയാടിയും ജീവിച്ചിരുന്ന മനുഷ്യന് തന്‍െറ അതിജീവനത്തിന് ഈ കൂട്ടായജീവിതം അനിവാര്യമായിരുന്നു. അതിന് അനുയോജ്യമായ ഒരു രാഷ്ട്രീയ-അധികാരഘടനയും രൂപപ്പെടുകയുണ്ടായി. അപ്രകാരം നിലവില്‍വന്നതാണ് ഊരുമൂപ്പന്‍ എന്ന അധികാരകേന്ദ്രം. അട്ടപ്പാടിയിലാണെങ്കില്‍ വിഷയാടിസ്ഥാനത്തില്‍ കുറുതല, മണ്ണ്ക്കാരന്‍, ഭണ്ടാരി എന്നി മൂന്ന് പരമ്പരാഗത അധികാരകേന്ദ്രങ്ങള്‍ വേറെയുമുണ്ടായിരുന്നു. പ്രാക്തനകാലത്തെ ലളിതവും പ്രകൃതിദത്തവുമായ ജീവിതത്തെ പരിപാലിച്ചുപോന്നത് ഈ രാഷ്ട്രീയസംവിധാനമാണ്. ഇന്ന് ഈ സംവിധാനം നോക്കുക്കുത്തിയായി തീര്‍ന്നു. ഊര് ജൈവബന്ധങ്ങളില്ലാത്ത ഒരാള്‍ക്കൂട്ടത്തിന്‍െറ അധിവാസകേന്ദ്രമായിത്തീര്‍ന്നു.
പ്രതിസന്ധികള്‍ പരിഹരിക്കാം
ഇ ന്ന് ആദിവാസിയും അധുനാധുനജീവിതത്തിന്‍െറ എല്ലാ സങ്കേതങ്ങളേയും അഭിമുഖീകരിക്കേണ്ടതുണ്ട്. റേഷന്‍കാര്‍ഡു മുതല്‍ ഐഡന്‍റിറ്റി കാര്‍ഡ് വരെ ആദിവാസിക്കും ആവശ്യമുണ്ട്. വില്ളേജ് ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ ആദിവാസിയും കയറിയിറങ്ങേണ്ടതുണ്ട്. നല്ല വീടും റോഡും ആദിവാസിക്കും ആവശ്യമുണ്ട്. വീട് പാര്‍പ്പിടം മാത്രമല്ല, ഓരോ രാജ്യത്തിലേയും രാഷ്ട്രീയ ഭൂപടത്തിന്‍െറ ലഘു യൂനിറ്റു കൂടിയാണ്. സര്‍ക്കാറിനും വിപണിക്കും വേണ്ടി വീടിന്‍െറ വാതില്‍ എപ്പോഴും തുറന്നിരിക്കുന്നു. വനവാസിക്ക് അതറിയാം. നേര്‍വഴിയില്‍ സാധ്യമല്ളെങ്കില്‍ വളഞ്ഞവഴിയിലൂടെ ഈ ദൈവങ്ങളുടെ പ്രീതി അവര്‍ പിടിച്ചുപറ്റുന്നു. കാലവും സമൂഹവും അത്തരം ശിക്ഷണം അവര്‍ക്ക് നല്‍കിയിരിക്കുന്നു. എന്നാല്‍, അവ നേരിടുന്നതിലും നേടുന്നതിലും ആദിവാസിസമൂഹം പുലര്‍ത്തുന്ന സമീപനം വൃത്യസ്തമാണ്. അവര്‍ പുതിയകാലത്തിന്‍െറ പാഠശാലയില്‍ ചേര്‍ന്നിട്ടേയുള്ളൂ. അവര്‍ പഠിച്ച പാഠങ്ങള്‍ക്ക് ഈ ലോകത്ത് ഇപ്പോള്‍ സ്ഥാനമില്ല. പഴയജീവിതരീതിയുടെ തിരോധാനത്തെ തുടര്‍ന്ന് ഊരിലെ പഴയ രാഷ്ട്രീയഘടനയും അപ്രസക്തമായി തീര്‍ന്നു. പുതിയ ജീവിതരീതിക്ക് ആവശ്യമായ രാഷ്ട്രീയസംവിധാനം ഊരില്‍ രൂപപ്പെടുകയും ചെയ്തില്ല. ചരിത്രപരമായ ഈ ശൂന്യതയെ നികത്താനുള്ള ഉപാധിയാണ് ഊര് വികസനസമിതികള്‍.