പ്രവാസി വെല്‍ഫെയര്‍ ഫണ്ട് പരിഷ്കരണം ഉടന്‍
text_fieldsകമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്‍െറ നിലവിലെ ചട്ടങ്ങള്‍ പരിഷ്കരിക്കാനുള്ള നടപടികള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെന്നും ഈ പരിഷ്കരണം അനുവദിച്ചാല്‍ കേസില്‍ പെടുന്ന പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാക്കാന്‍ കൂടുതല്‍ തുക അനുവദിക്കാന്‍ സാധിക്കുമെന്നും യു.എ.ഇ അംബാസഡര്‍ ടി.പി. സീതാറാം. പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുമെന്നു കരുതുന്ന പരിഷ്കരണത്തോടെ ഫണ്ട് ചെലവഴിക്കുന്നതിന് കൂടുതല്‍ അധികാരം എംബസികള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 36 വര്‍ഷത്തെ ഒൗദ്യോഗിക ജീവിതത്തിനുശേഷം ആഗസ്റ്റ് 31ന് വിരമിക്കുന്ന മലയാളിയായ അംബാസഡറുമായി ‘ഗള്‍ഫ് മാധ്യമം’ റെസിഡന്‍റ് എഡിറ്റര്‍ പി.ഐ. നൗഷാദ് നടത്തിയ അഭിമുഖത്തില്‍നിന്ന്.
ആഗസ്റ്റ് 31ന് വിരമിക്കുകയാണല്ളോ. 36 വര്‍ഷത്തെ ഒൗദ്യോഗികജീവിതത്തെ എങ്ങനെ കാണുന്നു?
ചാരിതാര്‍ഥ്യത്തോടെ, സന്തോഷത്തോടെയാണ് വിരമിക്കുന്നത്. അവിസ്മരണീയമായ ധാരാളം അനുഭവങ്ങളുണ്ട്. 34 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്‍െറ സംഘാടനത്തില്‍ പങ്കുകൊള്ളാനായി. നെല്‍സണ്‍ മണ്ടേല ദക്ഷിണാഫ്രിക്കയില്‍ അധികാരത്തിലേറുമ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. കേരളത്തിന്‍െറ അഭിമാനമായ കെ.ആര്‍. നാരായണന്‍െറ പ്രസ് സെക്രട്ടറിയായ കാലവും മറക്കാനാവാത്തതാണ്. ഐ.എഫ്.എസിലെ അനുഭവങ്ങളെ മുന്‍നിര്‍ത്തി ഒരു പുസ്തകമെഴുതണമെന്നുണ്ട്.
ഐ.എഫ്.എസില്‍ ചേരുന്നത് 1980ലാണ്. രണ്ടുവര്‍ഷത്തെ പരിശീലനശേഷം ഹോങ്കോങ്ങിലായിരുന്നു ആദ്യ നിയമനം. വിദേശകാര്യ സര്‍വിസില്‍ പ്രത്യേകഭാഷയായെടുത്തത് ചൈനീസ് ആയിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട അയല്‍രാജ്യമാണ് ചൈന. ചൈനയുമായുള്ള നയതന്ത്രബന്ധം വളരെ പ്രധാനമാണെന്ന് തുടക്കത്തിലേ ബോധ്യമുണ്ടായിരുന്നു. അതിനാലാണ് ചൈനീസ് ഭാഷ പഠിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ നല്‍കിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കടുപ്പമേറിയ ഭാഷ പഠിച്ചെടുത്തു. എന്നാല്‍, പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് ചൈനീസ് മറന്നു തുടങ്ങിയപ്പോഴാണ് ബെയ്ജിങ്ങിലത്തെുന്നത്.
ഹോങ്കോങ്ങില്‍നിന്ന് സാംബിയയിലേക്കായിരുന്നു നിയമനം.
നമീബിയയിലെ തെരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയേറ്റെടുത്തു. നമീബിയയില്‍ ജനാധിപത്യത്തിന്‍െറ ശൈശവഘട്ടമായിരുന്നു. ശേഷം ചൈനയിലേക്ക് പോയി. അപ്പോഴാണ് കംബോഡിയയില്‍ തെരഞ്ഞെടുപ്പ് വരുന്നത്. നമീബിയയിലെ അനുഭവസമ്പത്തുള്ളതുകൊണ്ട് കംബോഡിയയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനായി രാജ്യം നിശ്ചയിച്ചു. പിന്നീട് ദക്ഷിണാഫ്രിക്കയിലെ പ്രഥമ തെരഞ്ഞെടുപ്പിലും ഇന്ത്യയുടെ നിരീക്ഷകനായി. നെല്‍സണ്‍ മണ്ടേല ജയില്‍മോചിതനായ കാലമായിരുന്നു ഇത്. നാലുവര്‍ഷം അവിടെ ജോലിചെയ്തു. വീണ്ടും ഡല്‍ഹിയില്‍ മടങ്ങിയത്തെി രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണന്‍െറ പ്രസ് സെക്രട്ടറിയായി. 2003-2005 കാലയളവില്‍ തായ്ലന്‍ഡില്‍ ഡെപ്യൂട്ടി ചീഫ് കമീഷണറായി. പിന്നീട് തായ്വാനില്‍ ഇന്ത്യ-തായ്പേയ് ഓഫിസില്‍ ചുമതലയേറ്റു. 2011 ല്‍ മൗറീഷ്യസ് അംബാസഡറായി. 2013 ഡിസംബറില്‍ യു.എ.ഇ അംബാസഡറായി ചുമതലയേറ്റ് അറേബ്യന്‍ മണ്ണിലേക്ക്.
ഒൗദ്യോഗികജീവിതത്തിന്‍െറ അവസാന കാലത്താണ് അറബ് മേഖലയിലേക്ക് എത്തുന്നത്. എന്താണ് അറബ് അനുഭവം?
മുമ്പ് സുഹൃത്തുക്കളെയും മറ്റും സന്ദര്‍ശിക്കാന്‍ ഞാന്‍ യു.എ.ഇയില്‍ വന്നിട്ടുണ്ട്. മേഖലയുടെ പ്രാധാന്യം എന്നും ഉള്‍ക്കൊണ്ടിരുന്നു. മേഖലയിലെ എണ്ണസമൃദ്ധി, ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ പ്രവാസം നയിക്കുന്ന രാജ്യങ്ങള്‍, രാഷ്ട്രീയ-നയതന്ത്ര പ്രാധാന്യം എന്നീ സവിശേഷതകള്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍, അറബി ഭാഷ അറിയാത്തതിനാല്‍ യു.എ.ഇ അംബാസഡറായി എത്തുമ്പോള്‍ ചെറിയ ആശങ്കയുണ്ടായിരുന്നു. നല്ല രീതിയില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്ന സംതൃപ്തിയുണ്ട്. കേട്ടതിനേക്കാള്‍ വിഭിന്നരാണ് അറബികള്‍. സ്നേഹസമ്പന്നരും സഹിഷ്ണുതയും ദീര്‍ഘദൃഷ്ടിയുമുള്ള ജനതയാണ് യു.എ.ഇയിലുള്ളത്.
യു.എ.ഇ നേതാക്കളുടെ ദീര്‍ഘവീക്ഷണവും ജനങ്ങളോടുള്ള അനുകമ്പയും മഹത്തരവും അഭിനന്ദനാര്‍ഹവുമാണ്. ശൈഖ് സായിദിന്‍െറ ഇച്ഛാശക്തിയും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലുമുള്ള നിഷ്ഠയുമാണ് യു.എ.ഇയെ മഹത്തായ നാടാക്കിയത്. നിലവിലെ ഭരണാധികാരികളും അതേ വഴി തന്നെയാണ് പിന്തുടരുന്നത്. നമ്മുടെ രാജ്യത്തെ നേതാക്കള്‍ക്കും മഹത്തായ കാഴ്ചപ്പാടുകളുണ്ട്. എന്നാല്‍, ഈ കാഴ്ചപ്പാടനുസരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കുന്നിടത്ത് കാലതാമസം വരുന്നുവെന്നതാണ് പ്രധാനപ്രശ്നം. ജനാധിപത്യ സാമൂഹികക്രമത്തില്‍ സര്‍ക്കാറുകള്‍ മാറിവരുന്നതും അതിനനുസരിച്ച് നയനിലപാടുകള്‍ മാറുന്നതും വീണ്ടും പദ്ധതികള്‍ പഠിക്കേണ്ടിവരുന്നതുമെല്ലാം വികസനം വൈകുന്നതിന്‍െറ കാരണമാണ്. ഇവിടെ ആ പ്രശ്നമില്ല. കാര്യങ്ങള്‍ വേഗതയില്‍ ചെയ്യാനുള്ള ഒരു സമീപനം ഇന്ത്യയിലും ഇപ്പോള്‍ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. വികസനത്തില്‍ സര്‍ക്കാറുകളുടെ മാറ്റം വലിയതോതില്‍ ബാധിക്കുന്ന അവസ്ഥയെയും നമ്മുടെ രാജ്യം മറികടന്നിരിക്കുന്നു.
കേരളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉടനെ യാഥാര്‍ഥ്യമാവുകയാണ്. അതിന്‍െറ ഭാഗമായി യു.എ.ഇയില്‍ പുതിയ കോണ്‍സുലേറ്റ് വരുമോ?
തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് ഉദ്ഘാടനം ഉടനെയുണ്ടാകും. ഇതിനായി കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ ആല്‍ സആബി കേരളത്തിലേക്ക് പോയിട്ടുണ്ട്. അദ്ദേഹമായിരിക്കും അവിടത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുക. കോണ്‍സുലേറ്റ് ആവശ്യങ്ങള്‍ക്ക് ഇനിമുതല്‍ മലയാളികള്‍ക്ക് ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ പോകേണ്ടിവരില്ല. മലയാളികള്‍ക്ക് മാത്രമല്ല, ദക്ഷിണേന്ത്യയിലത്തെന്നെ എല്ലാവര്‍ക്കും ഇത് പ്രയോജനപ്പെടും. മറ്റ് ഗള്‍ഫ്രാജ്യങ്ങളുടെ കോണ്‍സുലേറ്റും കേരളത്തിലേക്ക് വരാന്‍ ഇത് ഇടവരുത്തിയേക്കും. അതോടുകൂടി മലയാളികള്‍ക്ക് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കൂടുതല്‍ സൗകര്യമാകും. യു.എ.ഇ കേരളത്തില്‍ കോണ്‍സുലേറ്റ് തുടങ്ങുന്നതിനാല്‍ യു.എ.ഇയില്‍ ഒരു കോണ്‍സുലേറ്റ് കൂടി തുടങ്ങാന്‍ ഇന്ത്യക്ക് അവകാശമുണ്ട്. യു.എ.ഇയുടെ വടക്കന്‍ ഭാഗത്താണ് ഇനി കോണ്‍സുലേറ്റ് വേണ്ടത്. ഇന്ത്യന്‍ സര്‍ക്കാര്‍ നയപരമായി അത്തരമൊരു തീരുമാനം എടുത്തിട്ടില്ല. വടക്കന്‍ എമിറേറ്റുകളില്‍ ഒരു കോണ്‍സുലേറ്റ് വരുന്നത് പ്രവാസികള്‍ക്ക് ഏറെ സഹായകരമാവും.
കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് വേണ്ടത്ര തുക ചെലവഴിക്കുന്നില്ളെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ടല്ളൊ?
കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് രൂപവത്കരിക്കുന്നതിനുമുമ്പ് ആര്‍ക്കെങ്കിലും പ്രയാസമോ പ്രതിസന്ധിയോ നേരിട്ടാല്‍ അവരെ സഹായിക്കാന്‍ എംബസിയില്‍ ഒരു മാര്‍ഗവുമുണ്ടായിരുന്നില്ല. പ്രശ്ന പരിഹാരത്തിന് വലിയ വ്യാപാരികളെയോ വ്യവസായികളെയോ സമീപിക്കുകയായിരുന്നു പതിവ്. വെല്‍ഫെയര്‍ ഫണ്ട് ആരംഭിച്ചതോടെ ഇതുമാറി. എംബസിക്ക് നേരിട്ട് പ്രശ്നപരിഹാരത്തിനുള്ള അവസരമായി. വിദേശത്ത് ആലംബമറ്റ പ്രവാസികള്‍ക്ക് താമസസൗകര്യം, അസുഖബാധിതര്‍ക്ക് ചികിത്സാസഹായം, ജോലി നഷ്ടപ്പെട്ടും മറ്റും വിഷമാവസ്ഥയിലുള്ളവരുടെ യാത്രാചെലവ്, കേസുകളില്‍ അകപ്പെട്ടവര്‍ക്ക് നിയമസഹായം, മന$പൂര്‍വമല്ലാതെ കാലാവധി കഴിഞ്ഞും വിദേശത്ത് താമസിച്ചവരുടെ പിഴ, മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാനുള്ള ചെലവ് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് യഥാവിധി വിനിയോഗിക്കുന്നത്. മറ്റു വിദേശരാജ്യങ്ങളില്‍ എന്തെങ്കിലും പ്രതിസന്ധിയുണ്ടാവുമ്പോള്‍ പ്രവാസികളായ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാവശ്യമായ ചെലവിലേക്കും കമ്യൂണിറ്റി ഫണ്ടില്‍നിന്ന് വിഹിതം കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടാറുണ്ട്. ലിബിയയില്‍നിന്ന് നഴ്സുമാരെ ഒഴിപ്പിക്കാന്‍ ഈയിടെ സഹായം ചെയ്തിരുന്നു.
എന്നാല്‍, പ്രവാസികള്‍ സ്വയം വരുത്തുന്ന വലിയ സാമ്പത്തികബാധ്യതകളും പ്രശ്നങ്ങളും പരിഹരിക്കാനുള്ളതല്ല ഈ ഫണ്ട്. ചിലര്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തി ജയിലിലടക്കപ്പെടുമ്പോള്‍ കടം തീര്‍ക്കാനും മറ്റും ഇത് ചോദിക്കും. എന്നാല്‍, അത് നല്‍കാന്‍ സാധ്യമല്ളെന്നു പറഞ്ഞിട്ടുണ്ട്. എന്നാലും കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്‍െറ നിലവിലെ ചട്ടങ്ങള്‍ പരിഷ്കരിച്ചാല്‍ പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനകരമായിരിക്കും. ഫണ്ട് ചെലവഴിക്കുന്നതിന് കൂടുതല്‍ അധികാരം എംബസികള്‍ക്ക് നല്‍കുന്നതടക്കമുള്ള സുപ്രധാന മാറ്റങ്ങളടങ്ങുന്ന പരിഷ്കരണ നടപടികള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഫയല്‍ ഇപ്പോള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍െറ പരിഗണനയിലാണ്. പരിഷ്കരണം അനുവദിച്ചാല്‍ കേസില്‍പെടുന്ന പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാക്കാന്‍ കൂടുതല്‍ തുക അനുവദിക്കാന്‍ സാധിക്കും. യു.എ.ഇയില്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് കാര്യക്ഷമമായി ഉപയോഗപ്പെടുത്താനായതില്‍ ചാരിതാര്‍ഥ്യമുണ്ട്.ധാരാളം പ്രവാസികളുണ്ടെങ്കിലും നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു പോലും അവര്‍ മടികാണിക്കുകയാണ്. മറുഭാഗത്ത് പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉദാസീനരാണെന്ന പരാതിയുമുണ്ട്.
ഇന്ത്യാ ഗവണ്‍മെന്‍റ് പ്രവാസികള്‍ക്കുവേണ്ടി ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. 28 ലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാരുണ്ട്. എന്നാല്‍ ഇന്ത്യ, ഫിലിപ്പീന്‍സ് പോലെ പ്രവാസികളാകാന്‍ പ്രോത്സാഹിപ്പിക്കുന്ന രാജ്യമല്ല. നമ്മുടെ രാജ്യത്തിന്‍െറ താല്‍പര്യം ഇന്ത്യക്കാര്‍ അവിടത്തെന്നെ താമസിക്കുകയും വികസനത്തില്‍ പങ്കാളികളാകണമെന്നുമാണ്. എന്നാല്‍, പ്രവാസികളെ കൂടുതല്‍ പരിഗണിക്കുന്നതിലും ആവശ്യങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കുന്നതിലും നമ്മുടെ രാജ്യം ജാഗ്രത പുലര്‍ത്തുന്നു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ എംബസിയിലും നോര്‍ക്കയിലുമൊക്കെ രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുകയാണ്. ഇന്ത്യന്‍ പ്രവാസികളില്‍ 50,000ത്തോളം പേര്‍ മാത്രമേ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. ഇത് നല്ല പ്രവണതയല്ല. എന്തെങ്കിലും അപകടമുണ്ടാവുകയോ പ്രശ്നങ്ങളില്‍ അകപ്പെടുകയോ ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ അവര്‍ക്ക് പെട്ടെന്ന് സഹായമത്തെിക്കാന്‍ സര്‍ക്കാറിന് സാധിക്കും. അല്ളെങ്കില്‍ ഇവരെ കണ്ടത്തെുക വലിയ പ്രയാസമായിരിക്കും. വിദേശരാജ്യത്തെ ജോലിക്ക് പുറപ്പെടുമ്പോള്‍ ഏതെങ്കിലുമൊരു ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുകയെന്നതും പ്രധാനമാണ്.
വിവിധ രാജ്യങ്ങളിലെ ജനാധിപത്യ പ്രക്രിയയില്‍ നേരിട്ട് പങ്കാളിയായിട്ടുണ്ട് താങ്കള്‍. പ്രവാസി വോട്ട് ആവശ്യം അന്തിമഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ അത് സാക്ഷാത്കരിക്കാന്‍ താങ്കള്‍ കാണുന്ന മാര്‍ഗമെന്ത്?
പ്രവാസി വോട്ട് എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇനിയുള്ള തടസ്സങ്ങള്‍ സാങ്കേതികം മാത്രമാണ്. അവ പരിഹരിക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ ഗൗരവപൂര്‍വം ആലോചിക്കുന്നുണ്ട്. ഓണ്‍ലൈന്‍ -പ്രോക്സി വോട്ടിങ്ങും നേരിട്ടുള്ള വോട്ടിങ്ങുമാണ് നിലവിലുള്ളത്. യു.എ.ഇ വോട്ടിങ് സംവിധാനം നിലവിലില്ലാത്ത രാജ്യമാണ്. അതുകൊണ്ടുതന്നെ 28 ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികള്‍ക്ക് നേരിട്ടുള്ള വോട്ടെടുപ്പിന് ഒരുക്കങ്ങള്‍ നടത്തുക പ്രായോഗികമല്ല. ഓണ്‍ലൈന്‍ വോട്ടിങ് ആയിരിക്കും കൂടുതല്‍ കരണീയം എന്നാണ് അഭിപ്രായം. അതിന് മുഴുവന്‍ പ്രവാസികളും രജിസ്ട്രേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിക്കണം. പ്രവാസികള്‍ക്ക് കൂടുതല്‍ അവകാശവും അര്‍ഹതയും പരിഗണനയും ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അതില്‍ ഭാഗവാക്കാകാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
