Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവിശാല അര്‍മീനിയ...

വിശാല അര്‍മീനിയ സ്ഥാപിക്കാന്‍ കുരുതിയും അധിനിവേശവും

text_fields
bookmark_border
വിശാല അര്‍മീനിയ സ്ഥാപിക്കാന്‍ കുരുതിയും അധിനിവേശവും
cancel

സോവിയറ്റ് ശിഥിലീകരണത്തെ തുടര്‍ന്ന് സ്വതന്ത്രരാജ്യങ്ങളായിത്തീര്‍ന്ന അര്‍മീനിയയും അസര്‍ബൈജാനും പുതിയ ഏറ്റുമുട്ടലുകള്‍ വഴി വീണ്ടും സാര്‍വദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏതാനും വര്‍ഷം മുമ്പ് അധിനിവേശത്തിലൂടെ അര്‍മീനിയക്കാര്‍ കീഴ്പ്പെടുത്തിയ കരാബാഗ് മേഖലയുമായി ബന്ധപ്പെട്ടതാണ് പുതിയ സൈനിക അഭിമുഖീകരണങ്ങളും (കരാ എന്നാല്‍ കറുത്ത എന്നും ബാഗ് എന്നാല്‍ പൂന്തോട്ടം എന്നുമാണ് അസര്‍ബൈജാന്‍ ഭാഷയിലെ അര്‍ഥം. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അസര്‍ബൈജാന്‍കാര്‍ നാമകരണം ചെയ്ത പ്രദേശമാണ് കരാബാഗ്). അപ്പര്‍ കരാബാഗിന്‍െറ നിയന്ത്രണം നിലനിര്‍ത്തി വിശാല അര്‍മീനിയ സ്ഥാപിക്കുക എന്ന ഗൂഢലക്ഷ്യമാണ് പുതിയ സംഘര്‍ഷങ്ങള്‍ കുത്തിപ്പൊക്കാന്‍ അര്‍മീനിയന്‍ ഭരണകര്‍ത്താക്കള്‍ക്ക് പ്രേരണയരുളുന്നത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് സാധ്യമായ സര്‍വവഴികളും അവലംബിക്കപ്പെടുന്നതായി ഓരോ സംഭവവും സൂചനകള്‍ നല്‍കുന്നു. അര്‍മീനിയന്‍ പ്രവാസികള്‍ വഴിയും അന്താരാഷ്ട്ര മാധ്യമങ്ങള്‍ വഴിയും നടത്തുന്ന പ്രചാരണങ്ങളിലൂടെ ലോകരാജ്യങ്ങളുടെ വീക്ഷണത്തില്‍ തെറ്റായ സ്വാധീനം ചെലുത്തുന്നതില്‍ അര്‍മീനിയന്‍ കൗശലങ്ങള്‍ ഒരളവോളം വിജയിക്കുന്നു.
അതേസമയം, അര്‍മീനിയന്‍ അധികൃതരുടെയും കരാബാഗിലെ വിഘടനവാദികളുടെയും കരുനീക്കങ്ങളെ ഫലപ്രദമായി നേരിടാനാകാതെ അസര്‍ബൈജാന്‍ അധികൃതര്‍ അന്ധാളിച്ചുനില്‍ക്കുന്നുവെന്ന ദുര്യോഗം പ്രശ്നങ്ങളെ ഒന്നുകൂടി സങ്കീര്‍ണമാക്കുകയുമുണ്ടായി. ഫെബ്രുവരി 20ന് രണ്ട് അസര്‍ബൈജാന്‍ യുവാക്കളെ വധിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍പിക്കുകയും ചെയ്തുകൊണ്ടാണ് അര്‍മീനിയന്‍ വിഘടനവാദികള്‍ ഈ വര്‍ഷം പുതിയ പ്രകോപനങ്ങള്‍ക്ക് തിരികൊളുത്തിയത്. തുടര്‍ന്ന് അസര്‍ബൈജാനിലെ സുംഗായിത് പട്ടണത്തിനുനേരെ അര്‍മീനിയന്‍ സുരക്ഷാസേനയുടെ ആക്രമണമുണ്ടായി.
ദക്ഷിണ അസര്‍ബൈജാന്‍ ഗ്രാമത്തിനുനേരെ നടന്ന ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് രണ്ടാം വാരത്തിലും മാര്‍ച്ച് 25നും അര്‍മീനിയന്‍ ഭടന്മാര്‍ കൂടുതല്‍ ആക്രമണങ്ങളുമായി ഇരച്ചുകയറി. പ്രാകൃതരീതിയില്‍ ഗ്രാമീണരായ സിവിലിയന്മാരെ വധിച്ച് സംഭ്രാന്തി സൃഷ്ടിക്കുന്ന തന്ത്രമായിരുന്നു ഇവിടങ്ങളില്‍ അവലംബിക്കപ്പെട്ടത്.
സോവിയറ്റ് കാലഘട്ടത്തിലേ അര്‍മീനിയന്‍ വംശജരായ വിഘടനവാദികള്‍ കരാബാഗ് മേഖലയില്‍ പ്രശ്നകാരികളായി മാറിയിരുന്നെങ്കിലും സോവിയറ്റ് അധികൃതര്‍  പ്രശ്നത്തിനുനേരെ കണ്ണടക്കുകയായിരുന്നു. ഈ അലംഭാവം വിഘടനവാദം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. പ്രശ്നത്തിന്‍െറ വിഘടനവാദസ്വഭാവം മറച്ചുപിടിക്കാനായി സോവിയറ്റ് അധികൃതര്‍ അപ്പര്‍ കരാബാഗ് മേഖലക്ക് സ്വയംഭരണാവകാശം അനുവദിക്കുകയും ചെയ്തു.
 സോവിയറ്റ് അസര്‍ബൈജാന്‍െറ അതിര്‍ത്തികള്‍ ലംഘിച്ച് അര്‍മീനിയ മിഖായേല്‍ ഗോര്‍ബച്ചേവ് അധികാരത്തിലിരിക്കത്തെന്നെ ബാകുവില്‍ ഉള്‍പ്പെടെ ആക്രമണങ്ങള്‍ നടത്തി രക്തനദികള്‍ ഒഴുക്കിയ ചരിത്രം ഓര്‍മിക്കുക. 1990 ജനുവരി 20നായിരുന്നു അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ ഏറ്റവും വലിയ രക്തച്ചൊരിച്ചില്‍ നടത്തി അര്‍മീനിയന്‍ സേന സ്വന്തം കുടിലതന്ത്രങ്ങള്‍ അസര്‍ബൈജാനില്‍ പരീക്ഷണവിധേയമാക്കിയത്. എന്നാല്‍, കരാബാഗിന്‍െറ നിയന്ത്രണം അപ്പോഴും അസര്‍ബൈജാന് നഷ്ടപ്പെടുകയുണ്ടായില്ല.
1991ല്‍ സോവിയറ്റ് യൂനിയന്‍ ശിഥിലമായതിനെ തുടര്‍ന്ന് സംജാതമായ പുതിയ ഭൗമ രാഷ്ട്രതന്ത്ര പരിവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ അര്‍മീനിയന്‍ സേന വിഘടനവാദികളുടെ ഒത്താശയോടെ പുതിയ ആക്രമണങ്ങള്‍ നടത്തുകയും മേഖല ഉള്‍പ്പെടെ അസര്‍ബൈജാന്‍െറ കൂടുതല്‍ പ്രദേശങ്ങള്‍ വെട്ടിപ്പിടിക്കുകയും ചെയ്തു. ഇവ വിട്ടുനല്‍കണമെന്നാവശ്യപ്പെടുന്ന യു.എന്‍ പ്രമേയങ്ങള്‍ മാനിക്കാന്‍ നാളിതുവരെ തയാറാകാതെ ഹിംസാത്മകനയം തുടരുകയാണ് അര്‍മീനിയന്‍ ഭരണകൂടം.
മേഖലയില്‍ അര്‍മീനിയ നടത്തിവരുന്ന വംശഹത്യക്കും ആക്രമണങ്ങള്‍ക്കും രണ്ടു നൂറ്റാണ്ടിന്‍െറ ചരിത്രം പറയാനുണ്ട്. അര്‍മീനിയന്‍ അധിനിവേശം പതിനായിരക്കണക്കിന് അസര്‍ബൈജാന്‍ വംശജരെ മാതൃഭൂമിയില്‍നിന്ന് ആട്ടിപ്പായിക്കുകയും സ്വന്തം രാജ്യത്ത് അലയാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു. കൂടാതെ അര്‍മീനിയന്‍ മേഖലയില്‍ കഴിയുന്ന അസര്‍ബൈജാന്‍ വംശജരായ മുസ്ലിംകളെയും അധികാരികള്‍ ആട്ടിയിറക്കുകയും നൂറ്റാണ്ടുകളുടെ ചരിത്രസ്മാരകങ്ങള്‍ തകര്‍ത്ത് സാംസ്കാരികമുദ്രകള്‍ തുടച്ചുനീക്കുകയുമുണ്ടായി.

സോവിയറ്റ് ഭരണകാലത്ത് ഒന്നരലക്ഷം അസര്‍ബൈജാനികളാണ് അര്‍മീനിയന്‍ മേഖലയില്‍നിന്ന് നാടുകടത്തപ്പെട്ടത്. അര്‍മീനിയന്‍ വംശജര്‍ക്കു മാത്രം പൗരത്വമുള്ള രാഷ്ട്രം നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ അസര്‍ബൈജാന്‍പട്ടണങ്ങളും ചരിത്രമന്ദിരങ്ങളും ഇടിച്ചുനിരപ്പാക്കപ്പെട്ടു. എതിര്‍പ്പുയര്‍ത്തിയവര്‍ ഉന്മൂലനം ചെയ്യപ്പെട്ടു.
ഖോജാലിയില്‍ അര്‍മീനിയ നടത്തിയ കൂട്ടക്കുരുതി 20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വംശഹത്യകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ഹിരോഷിമ ദുരന്തവുമായാണ്  ചില ചരിത്രകാരന്മാര്‍ ഖോജാലി കുരുതിയെ താരതമ്യം  ചെയ്തത്. സവിശേഷമായ സാംസ്കാരികത്തനിമ നിലനിര്‍ത്തുന്ന ജനവിഭാഗമായിരുന്നു ഖോജാലി നിവാസികള്‍. വാസ്തുശില്‍പ ഭംഗിയാര്‍ന്ന കെട്ടിട നിര്‍മാണരീതി, വികസനരംഗത്തെ കുതിപ്പുകള്‍ എന്നിവ ഈ ജനവിഭാഗത്തിന് ചരിത്രത്തില്‍ അനിഷേധ്യമായ ഇടം നല്‍കിയിരുന്നു.
എന്നാല്‍, അവയുടെ നേരിയ അടയാളങ്ങള്‍പോലും അവശേഷിപ്പിക്കാതെ അര്‍മീനിയന്‍ അധിനിവേശകര്‍ നാമാവശേഷമാക്കുകയായിരുന്നു. ഏറ്റവും പുരാതനമെന്ന് കരുതപ്പെടുന്ന ഖോജാലി ശ്മശാനംപോലും അര്‍മീനിയന്‍ വംശവെറിയില്‍ കുഴിച്ചുമൂടപ്പെട്ടു. 1992 ഫെബ്രുവരിയിലാണ് അര്‍മീനിയ ഖോജാലി നഗരത്തിനുനേരെ ആക്രമണം ആരംഭിച്ചത്. ഉപരോധത്തിലൂടെ നഗരവാസികളെ ഞെരുക്കിയ പടയോട്ടക്കാര്‍ ആയിരങ്ങള്‍ക്ക് നഗരംവിടാന്‍ ഉത്തരവ് നല്‍കി. നഗരത്തില്‍നിന്ന്  മടങ്ങാന്‍ തയാറാകാത്തവരെ തോക്കുകള്‍ക്കിരയാക്കി.
അസര്‍ബൈജാനുനേരെ മാത്രം നടത്തിയ വംശഹത്യയായി കണക്കാക്കാതെ മുഴുവന്‍ മാനവരാശിക്കുനേരെയും നടത്തിയ ആക്രമണമായി ഗണിച്ച്  അര്‍മീനിയക്കെതിരെ കേസ് നല്‍കാന്‍ അസര്‍ബൈജാന്‍ തയാറാകണം. ഇത്തരം ഹീനതകളെ അപലപിക്കാന്‍ മുഴുവന്‍ ലോകവും തയാറാകണം.
അധിനിവേശ ഭൂപ്രദേശങ്ങളിലെ സാംസ്കാരിക സ്മാരകങ്ങളും ഭൗതിക സന്നാഹങ്ങളും നാമാവശേഷമാക്കുന്നത് നിര്‍ബാധം  തുടരുകയാണ് അര്‍മീനിയ. അശാസ്ത്രീയ ഖനന പ്രവര്‍ത്തനങ്ങള്‍, ശ്മശാനങ്ങള്‍ നശിപ്പിക്കല്‍, പുരാവസ്തുക്കള്‍ കൊള്ളയടിക്കല്‍ തുടങ്ങിയവ സമീപകാലംവരെയും തുടരുകയുണ്ടായി. സാര്‍വദേശീയ പ്രാധാന്യം കല്‍പിക്കപ്പെട്ട 13 സ്മാരകങ്ങള്‍, ദേശീയപ്രാധാന്യമുള്ള 292 പുരാവസ്തു കേന്ദ്രങ്ങള്‍, പ്രാദേശിക പ്രാധാന്യമുള്ള 330 സ്മാരകങ്ങള്‍ തുടങ്ങിയവ നശിപ്പിക്കപ്പെട്ടവയില്‍ ഉള്‍പ്പെടും. 23 തോട്ടങ്ങളും പാര്‍ക്കുകളും അര്‍മീനിയന്‍ ഭടന്മാരുടെ കൈയേറ്റങ്ങള്‍ക്കിരയായി.
പുരാവസ്തു ചരിത്രസ്മാരകങ്ങളെ ബോധപൂര്‍വം നശിപ്പിക്കാന്‍ അര്‍മീനിയന്‍ സേന ശ്രദ്ധയൂന്നിയതായി അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. സംഘര്‍ഷ ഘട്ടങ്ങളില്‍ ചരിത്രസ്മാരകങ്ങള്‍ സ്പര്‍ശിക്കരുതെന്ന ഹേഗ് കണ്‍വെന്‍ഷന്‍ ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു ഇത്തരം നീക്കങ്ങള്‍.
അധിനിവേശം 10 ലക്ഷം അസര്‍ബൈജാന്‍കാരെയാണ് അഭയാര്‍ഥികളാക്കിയത്. 20,000ത്തോളം പേര്‍ മരണം പുല്‍കി. ആയിരങ്ങള്‍ ബന്ദികളായി. പതിനായിരങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടു.തുടര്‍ച്ചയായ പ്രകോപനങ്ങളിലൂടെ സംഘര്‍ഷം കുത്തിപ്പൊക്കുക എന്ന തന്ത്രം  പയറ്റുകയാണ് അര്‍മീനിയ. നേരത്തേ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ ഉടമ്പടി അര്‍മീനിയ നഗ്നമായി ലംഘിച്ചു. സാര്‍വദേശീയ തലത്തില്‍ നിരോധിക്കപ്പട്ട ആയുധങ്ങളാണ് അര്‍മീനിയന്‍ സേന ഏറ്റുമുട്ടലുകളില്‍ ഉപയോഗിക്കുന്നത്. മേഖലയില്‍ ഈയിടെയുണ്ടായ സംഭവവികാസങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം അര്‍മീനിയയിലെ രാഷ്ട്രീയ-സൈനിക ഭരണകര്‍ത്താക്കള്‍ക്കാണ് എന്നതില്‍ തര്‍ക്കമില്ല.
(അസര്‍ബൈജാനിലെ പ്രമുഖ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമാണ് ലേഖിക)

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:azerbaijan and armenia
Next Story