Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമലയാളത്തെ...

മലയാളത്തെ നടതള്ളുന്നു... 

text_fields
bookmark_border
മലയാളത്തെ നടതള്ളുന്നു... 
cancel

ഭരണഭാഷ മലയാളമാക്കിയ നാട്ടിലെ ഏറ്റവും വലിയ പൊതുജനസേവന കേന്ദ്രമായ പബ്ളിക് സര്‍വിസ് കമീഷന്‍ എന്ന പി.എസ്.സി മാതൃഭാഷയോട് കാണിക്കുന്ന ചിറ്റമ്മനയം ലജ്ജാവഹവും അപലപനീയവുമാണ്. ഇക്കഴിഞ്ഞ ദിവസം, മലയാളത്തിനോടുള്ള പി.എസ്.സിയുടെ ബോധപൂര്‍വമായ ഈ അവഗണനക്കെതിരെ പ്രതിഷേധത്തിനത്തെിയ സാംസ്കാരിക പ്രവര്‍ത്തകരോട് എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും കൂടിയായ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞ ന്യായവാദങ്ങള്‍ ബാലിശമായിരുന്നു. പരീക്ഷക്ക് മലയാളം ഉള്‍പ്പെടുത്തുന്നതിന്‍െറ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉപസമിതിയെ  നിയോഗിച്ചിട്ടുണ്ടെന്നും അതിന്‍െറ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയെടുക്കാമെന്നുമാണ് ചെയര്‍മാന്‍ പറഞ്ഞത്. സൂര്യന്‍ കിഴക്കുദിക്ക് ഉദിക്കുന്നുവോ എന്നു പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചുവെന്ന് പറയുന്നതിനോളം ബാലിശമാണിത്. ബാലചന്ദ്രന്‍ ചുള്ളിക്കാടുള്‍പ്പെടെ നിരവധി എഴുത്തുകാരുടെ ആത്മസുഹൃത്തായ, കേവലം രാഷ്ട്രീയക്കാരനല്ലാത്ത ഡോ. രാധാകൃഷ്ണന്‍ മാതൃഭാഷക്കെതിരെ പ്രവര്‍ത്തിക്കുന്ന ശക്തമായ ഏതോ ലോബിയെ ഭയക്കുന്നു എന്നു വ്യക്തം. അല്ളെങ്കില്‍, മലയാളത്തിനെതിരെ നിലകൊള്ളാന്‍ പി.എസ്.സി അധികൃതരെ പ്രേരിപ്പിക്കുന്ന ഏതൊക്കെയോ വമ്പന്‍ പ്രലോഭനങ്ങള്‍ക്ക് അവരില്‍ ചിലര്‍ വശംവദരായിരിക്കുന്നു. ആരെയാണ് പി.എസ്.സി അധികൃതര്‍ ഭയക്കുകയോ പ്രീണിപ്പിക്കുകയോ ചെയ്യുന്നത്?.ബിരുദം അടിസ്ഥാനയോഗ്യതയായ ഉയര്‍ന്ന തസ്തികകള്‍ക്കുള്ള നിയമനപരീക്ഷകളില്‍ മലയാള ഭാഷാപരിചയവും വിലയിരുത്തണമെന്നത് ഭാഷക്കുവേണ്ടി സമരമുഖത്തിറങ്ങിയവരുടെ മുഖ്യ ആവശ്യമായിരുന്നു. 2013ല്‍  പി.എസ്.സി ഇത് അംഗീകരിച്ചതാണ്. അന്നാദ്യമായി സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പരീക്ഷക്ക് മലയാളത്തില്‍നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി.

 എന്നാല്‍, ഇത് അട്ടിമറിക്കാന്‍ അധികകാലം വേണ്ടിവന്നില്ല. 2015ലെ സെക്രട്ടേറിയറ്റ് പരീക്ഷയില്‍ മലയാളത്തെ ഒഴിവാക്കി. അതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ തീരുമാനം പുന$പരിശോധിക്കാമെന്നായി പി.എസ്.സി. ആ വാഗ്ദാനമാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. പരീക്ഷയില്‍ മലയാളം ഉള്‍പ്പെടുത്തുന്നതിനോട് തനിക്കും ഭൂരിപക്ഷം അംഗങ്ങള്‍ക്കും വിയോജിപ്പില്ളെന്നുപറയുന്ന ചെയര്‍മാന്‍ തന്നെയാണ് ഇക്കാര്യം പഠിക്കാന്‍ ഉപസമിതിയെ നിയോഗിച്ചിരിക്കുന്നത്. ആരുടെയൊക്കെയോ സ്ഥാപിതതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അടവാണിതെന്നു വ്യക്തം. അടുത്ത പി.എസ്.സി  പരീക്ഷക്ക് ഏതായാലും മലയാളമില്ളെന്നാണ് ഇതു നല്‍കുന്ന ദുരന്തസൂചന.മലയാളം ഒൗദ്യോഗികഭാഷയാക്കിയ നാട്ടില്‍ നിയമനപരീക്ഷകള്‍ ഇംഗ്ളീഷില്‍മാത്രം നടത്തണമെന്ന കമീഷന്‍െറ ദുശ്ശാഠ്യം നിയമവിരുദ്ധവും ജനവിരുദ്ധവുമാണ്. പകല്‍പോലെ വ്യക്തമാണ് ഇതിനു പിന്നിലെ സത്യങ്ങള്‍.

കേരളീയ ജനസംഖ്യയില്‍ 97 ശതമാനം പേരുടെയും മാതൃഭാഷ മലയാളമാണ്. മലയാളത്തില്‍ പ്രാവീണ്യമില്ലാത്ത പൊതുജനസേവകരായ ഉദ്യോഗാര്‍ഥികള്‍ അപ്പോള്‍പ്പിന്നെങ്ങനെ ജനങ്ങളുടെ ആവശ്യങ്ങള്‍ കാര്യക്ഷമമായി നിറവേറ്റും? ഇംഗ്ളീഷ് മാത്രം അറിയുന്ന ഉദ്യോഗാര്‍ഥികള്‍ ഒൗദ്യോഗിക കൃത്യനിര്‍വഹണം നടത്തുമ്പോള്‍ ഭരണം സങ്കീര്‍ണവും സാധാരണക്കാര്‍ക്ക് ദുഷ്കരവുമാകും. ഇംഗ്ളീഷില്‍ മാത്രം കാര്യങ്ങള്‍ മനസ്സിലാക്കിവെച്ചിരിക്കുന്ന ഈ ഉദ്യോഗാര്‍ഥികള്‍ക്കെങ്ങനെ മലയാളികളായ സ്വന്തം നാട്ടുകാര്‍ക്കായി കാര്യക്ഷമമായി ഒൗദ്യോഗിക കൃത്യനിര്‍വഹണം നടത്താനാകും?
ഒൗദ്യോഗിക സംവിധാനത്തിന്‍െറ ഭാഷാപരമായ സങ്കീര്‍ണതകളില്‍പെട്ട് സാധാരണക്കാര്‍ നട്ടംതിരിയുകയാകും ഇതിന്‍െറ ഫലശ്രുതി. ഇക്കാര്യം മനസ്സിലാക്കാനുള്ള സാമാന്യബോധം പി.എസ്.സിയില്‍ ആര്‍ക്കുമില്ലാതെ വരുമോ? അപ്പോള്‍, മറ്റെന്തൊക്കെയോ നിഗൂഢ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് ഭാഷക്കെതിരായ പി.എസ്.സിയുടെ നീക്കത്തിനു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

പരീക്ഷക്ക് മലയാളം ഉള്‍പ്പെടുത്തുന്നത് ഭാഷാന്യൂനപക്ഷങ്ങളുടെ പ്രതിഷേധത്തിനിടയാക്കുമെന്നാണ് പി.എസ്.സി ചെയര്‍മാന്‍െറ വാദഗതി. ഇത് ശുദ്ധ അസംബന്ധമാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തില്‍ 97 ശതമാനം ജനങ്ങളുടെയും മാതൃഭാഷ മലയാളമാണെന്ന് പറഞ്ഞല്ളോ. കര്‍ണാടകയില്‍ കന്നട മാതൃഭാഷയായിട്ടുള്ളവര്‍ 90 ശതമാനത്തില്‍ താഴെയാണ്. തമിഴ്നാട്ടില്‍ തമിഴ് മാതൃഭാഷയായിട്ടുള്ളവരുടെ എണ്ണത്തിന്‍െറ സ്ഥിതിയും മറിച്ചല്ല. എന്നിട്ടും കര്‍ണാടകവും തമിഴ്നാടും നിയമനപരീക്ഷകളില്‍ തങ്ങളുടെ മാതൃഭാഷക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇവിടെയാകട്ടെ ‘മലയാളം ഭരണഭാഷ’ എന്ന് ലെറ്റര്‍ ഹെഡില്‍ എഴുതിവെച്ചിട്ടുള്ള പി.എസ്.സിതന്നെ തങ്ങളുടെ പരീക്ഷകളില്‍നിന്ന് മലയാളത്തെ ഒഴിവാക്കിയിരിക്കുന്നു. ഇത് വിചിത്രമാണ്, ജനവിരുദ്ധമാണ്, സര്‍ക്കാര്‍ നിയമനത്തിന്‍െറ നഗ്നമായ ലംഘനമാണ്.

പൊതുജന സേവനസമിതി എന്നാണല്ളോ പി.എസ്.സിയുടെ അര്‍ഥം. മലയാളത്തെ പരീക്ഷയില്‍നിന്ന് ഒഴിവാക്കുമ്പോള്‍ പൊതുജന സേവനത്തിന് പ്രാപ്തരല്ലാത്തവരെയാകും സമിതി ഫലത്തില്‍ തെരഞ്ഞെടുക്കുക. ഇതരസംസ്ഥാനക്കാരായ ഐ.എ.എസുകാര്‍ കേരളത്തിലേക്ക് വരുമ്പോള്‍ അവര്‍ മലയാളം പഠിച്ചിരിക്കണമെന്നുണ്ട്.  എന്നാല്‍, കേരളത്തില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ക്ളര്‍ക്കിന് മലയാളത്തില്‍ ഒൗദ്യോഗിക ആശയവിനിമയം നടത്താന്‍ കഴിവ് വേണ്ടെന്നാണോ? ഭരണഭാഷ മലയാളമായ സര്‍വകലാശാലയില്‍ നിയമിക്കപ്പെടുന്ന അസിസ്റ്റന്‍റുമാര്‍ക്ക് മലയാളം അറിയണമെന്ന് നിര്‍ബന്ധമില്ളെന്നാണോ?
സത്യത്തിന്‍െറ മുഖം ഇവ്വിധ ലോഹംകൊണ്ട് പി.എസ്.സി അധികൃതര്‍ മറയ്ക്കുന്നത് അവര്‍ മന്ദബുദ്ധികളായതുകൊണ്ടൊന്നുമല്ല. കമീഷന്‍െറ ഈ ജനവിരുദ്ധ തീരുമാനത്തിനു പിന്നില്‍ മറ്റെന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്. ഇംഗ്ളീഷില്‍ പഠിച്ചിറങ്ങുന്ന തങ്ങളുടെ കുട്ടികളെ ഉദ്യോഗത്തില്‍ തിരുകിക്കയറ്റാനുള്ള ഒരു വിഭാഗം വിദ്യാഭ്യാസ കച്ചവടക്കാരുടെ ഗൂഢതന്ത്രത്തിന് പി.എസ്.സി അടിയറവ് പറഞ്ഞിരിക്കുകയാണ്. അവരുടെ കൈയിലെ ചട്ടുകമാണിന്ന് പി.എസ്.സി. ഇംഗ്ളീഷ് മാത്രം പഠിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ഉദ്യോഗം സംഘടിപ്പിച്ചെടുത്താല്‍ പിന്നീടെപ്പോഴെങ്കിലും പേരിന് ഒരു മലയാളം പരീക്ഷ എഴുതി ജയിച്ചെന്നുവരുത്തിയാല്‍ മതി! മലയാളത്തില്‍ പഠിച്ചിറങ്ങുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് തൊഴില്‍ കിട്ടാതെ പോകുന്നുവെന്നതാണ് ഇതിലെ സാമൂഹികദുരന്തം.
മലയാളഭാഷ അധപ്പതിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന പ്രച്ഛന്നശക്തികളുടെ അവിശുദ്ധകരങ്ങളും പി.എസ്.സിയെ നിയന്ത്രിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ജനസംഖ്യയില്‍ കാല്‍ ശതമാനംപോലുമില്ലാത്ത കന്നട ന്യൂനപക്ഷക്കാര്‍ പ്രതിഷേധിക്കുമെന്നതാണ് ഭാഷക്കെതിരായ ഈ അവഗണനയുടെ ന്യായീകരണമായി പി.എസ്.സി ചെയര്‍മാന്‍ ചൂണ്ടിക്കാട്ടുന്നത്. കാല്‍ശതമാനത്തിന് പ്രതിഷേധിക്കാം. 97 ശതമാനത്തിന് പാടില്ല. ഇതെന്തു നീതി? ഐ.എ.എസ് പരീക്ഷപോലും മലയാളത്തില്‍ എഴുതാവുന്ന നാട്ടിലാണ് ഈ നീതിനിഷേധമെന്നോര്‍ക്കണം.ഭരണഘടനാപരമായി രണ്ടു ഭാഷാന്യൂനപക്ഷങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്. തമിഴും കന്നടയും. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടു കൊണ്ടുതന്നെ നിയമനപരീക്ഷകളില്‍ മലയാളിക്കും മലയാളത്തില്‍ ഉത്തരമെഴുതാവുന്നതേയുള്ളൂ.
മറ്റാരുടെയോ ചട്ടുകമായിക്കൊണ്ടും, ആരുടെയൊക്കെയോ പ്രലോഭനങ്ങള്‍ക്ക് വശംവദരായും മലയാളത്തെ നടതള്ളാന്‍ ശ്രമിക്കുന്ന പി.എസ്.സിക്ക് ജനകീയ പ്രതിഷേധത്തിനു മുന്നില്‍ എത്രകാലം പിടിച്ചുനില്‍ക്കാനാകുമെന്ന് കാത്തിരുന്നുതന്നെ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam language
Next Story