Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആനക്കാര്യത്തിനിടയില്‍...

ആനക്കാര്യത്തിനിടയില്‍ മറക്കുന്നത്

text_fields
bookmark_border
ആനക്കാര്യത്തിനിടയില്‍ മറക്കുന്നത്
cancel

കാളവണ്ടിയുഗം കേരളത്തിലെ പുതിയതലമുറക്കെങ്കിലും കേട്ടുകേള്‍വിമാത്രമാണ്. അയല്‍സംസ്ഥാനങ്ങളിലെ കാര്‍ഷികഗ്രാമങ്ങളില്‍ വണ്ടിക്കാളകള്‍ അമിതഭാരം വലിച്ച് വേച്ചുവേച്ച് നീങ്ങുമ്പോള്‍ കേരളത്തില്‍ കാളവണ്ടി വെറും കാഴ്ചവസ്തുവായിപ്പോലുമില്ല. കേരളത്തിലെ തീര്‍ത്തും അവികസിതമായ വിദൂരഗ്രാമങ്ങളിലും നിലമുഴുന്നത് കാളകളല്ല; പവര്‍ ടില്ലറുകളും ട്രാക്ടറുകളുമാണ്. കന്നുകാലികളെ പീഡിപ്പിക്കുന്നത് ശരിയല്ളെന്ന ബോധംകൊണ്ടൊന്നുമല്ല, നാട്ടിലുണ്ടായ സാമ്പത്തിക-സാങ്കേതിക വികാസം കൊണ്ടാണ് കാര്‍ഷികമേഖലയിലെ മൃഗപീഡനം ഒരുപരിധിവരെയെങ്കിലും ഇല്ലാതായത്. ഈ മാറ്റം ആനകളുടെ കാര്യത്തിലും ഉണ്ടായേതീരൂ. വീട്ടുമൃഗങ്ങള്‍ക്കെന്നപോലെ കാട്ടുമൃഗങ്ങള്‍ക്കും സ്വന്തം ആവാസവ്യവസ്ഥക്കുള്ളില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും അവയെ തടവിലാക്കുന്നത് ക്രൂരതയാണെന്നുമുള്ള ബോധ്യവും മാനവികതയുടെ അടിസ്ഥാനഘടകമാണ്. മനുഷ്യന്‍െറ ഭൗതികമായ നിലനില്‍പിനും അതിജീവനത്തിനും അഹങ്കാരത്തിനും ആനകള്‍ ആവശ്യമായിരുന്ന ഒരു വിദൂരഭൂതകാലമുണ്ടായിരുന്നുവെന്നത് നേരാണ്. ഭാരംചുമക്കാനും യാത്രചെയ്യാനും മഹാക്ഷേത്രങ്ങളുടെയും രാജധാനികളുടെയും നിര്‍മിതിക്കും യുദ്ധാവശ്യങ്ങള്‍ക്കുമെല്ലാം ആനകളെ ആശ്രയിക്കേണ്ടിയിരുന്ന അവസ്ഥയില്‍നിന്ന് സാങ്കേതികമായി ഏറെ പുരോഗമിച്ചിട്ടും പഴയ ആനക്കമ്പം ഉപേക്ഷിക്കാന്‍ വിസമ്മതിക്കുന്നതിലെ പ്രാകൃതബോധത്തെയാണ് ആനപ്രേമമെന്ന് വിളിച്ച് നാമിപ്പോള്‍ ഓമനിക്കുന്നത്. രാജാക്കന്മാരുടെ പ്രതാപം പ്രകടിപ്പിക്കാനായി ആരംഭിച്ച ആനയെഴുന്നള്ളത്ത് ജനാധിപത്യയുഗത്തിലും ഒഴിവാക്കാനാവാത്ത ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണെന്ന ശാഠ്യം മലയാളിമനസ്സില്‍ അള്ളിപ്പിടിച്ച ഫ്യൂഡല്‍ മനോഭാവത്തിന്‍െറ നിര്‍ലജ്ജപ്രകടനമാണ്.

മനുഷ്യനുവേണ്ടിയാണ് സകലതും എന്ന സങ്കുചിതമായ പ്രാകൃതചിന്തയാണ് മൃഗങ്ങളോടുള്ള ക്രൂരതകള്‍ക്കും അടിസ്ഥാനം. ഇതരജന്തുക്കള്‍ക്കെതിരെയുള്ള മനുഷ്യപ്രവൃത്തികള്‍ കുറ്റകരമാണെന്നുള്ള മനോഭാവമാണ് ഒരു സമൂഹത്തെ പരിഷ്കൃതം എന്ന വിശേഷണത്തിന് അര്‍ഹമാക്കുന്നത്. അനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്നിരുന്ന നരബലിയും മൃഗബലിയുമെല്ലാം ഉപേക്ഷിക്കപ്പെട്ടത് പുതിയ നീതിബോധത്തില്‍ അധിഷ്ഠിതമായ ഈ പരിഷ്കൃതികൊണ്ടാണ്. ആ തിരിച്ചറിവിന്‍െറതന്നെ ഫലമായി വന്യജീവി സംരക്ഷണനിയമങ്ങളും മൃഗപീഡന നിരോധനിയമങ്ങളും നമ്മുടെ നാട്ടിലും പ്രാബല്യത്തിലുണ്ടെങ്കിലും അവ ലംഘിക്കപ്പെടാനുള്ളതാണെന്ന പൊതുബോധവും നിര്‍ഭാഗ്യവശാല്‍ നിലനില്‍ക്കുന്നു. പുറ്റിങ്ങല്‍ ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ ഉത്സവവേളകളിലെ ആനയെഴുന്നള്ളിപ്പുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ നിബന്ധനകള്‍ ദേവസ്വങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് വനംവകുപ്പ് മന്ത്രി പിറ്റേന്നുതന്നെ റദ്ദാക്കിയപ്പോള്‍ ഉണ്ടായ ആഹ്ളാദപ്രകടനങ്ങളെ ആ മട്ടിലേ കാണാനാവൂ. ആ സര്‍ക്കുലര്‍ പിന്‍വലിക്കപ്പെട്ടപ്പോള്‍ പ്രത്യക്ഷപ്പെട്ട പത്രവാര്‍ത്തയില്‍ ‘പൂരപ്രേമികളുടെ മനസ്സില്‍ പ്രതീക്ഷയുടെ ചെറുവെളിച്ചം വീണു’ എന്ന് നിര്‍വിചാരം എഴുതിച്ചേര്‍ക്കുന്ന പത്രലേഖകരുടെ സാമൂഹികസാക്ഷരതയും സംശയാസ്പദമാണ്.

വന്യജീവി സംരക്ഷണ നിയമം

കാട്ടില്‍ വളരേണ്ട ആനകളെ പിടികൂടി അടിമകളാക്കുന്ന പ്രകൃതിവിരുദ്ധതക്കെതിരെയും ആനയുള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങളോടും വീട്ടുമൃഗങ്ങളോടുമുള്ള ക്രൂരതക്കെതിരെയും എഴുപതുകളിലാണ് ഇന്ത്യയില്‍ ഒരു നിയമം ഉണ്ടാവുന്നത്. 1960ല്‍തന്നെ വന്യജീവികള്‍ക്കുനേരെയുള്ള ക്രൂരത തടയാനുള്ള നിയമം പ്രാബല്യത്തിലുണ്ടെങ്കിലും കാട്ടാനകളെ പിടികൂടി മെരുക്കുന്നത് വന്യജീവിസംരക്ഷണ നിയമംമൂലം നിരോധിക്കപ്പെടുന്നത് 1972ല്‍ മാത്രമാണ്. കേരള വനംവകുപ്പിന്‍െറ 15 വര്‍ഷം മുമ്പുള്ള കണക്കനുസരിച്ച് 600 ആനകളാണ് സ്വകാര്യവ്യക്തികളുടെയും ദേവസ്വങ്ങളുടെയും ഉടമസ്ഥതയില്‍ സംസ്ഥാനത്തുള്ളത്. വനംവകുപ്പിന്‍െറ കീഴിലും അത്രതന്നെ ആനകളുണ്ടാവും. തടവിലാക്കപ്പെട്ട ഈ ആനകള്‍ക്കുനേരെയുള്ള പീഡനങ്ങള്‍ നിത്യസംഭവങ്ങളായപ്പോഴാണ് നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നും അവതന്നെ പാലിക്കപ്പെടുന്നില്ളെന്നും സംസ്ഥാനസര്‍ക്കാര്‍ തിരിച്ചറിഞ്ഞത്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 64 അനുസരിച്ച് സംസ്ഥാനസര്‍ക്കാര്‍ 2003ല്‍ ഉണ്ടാക്കിയ തടവിലാക്കപ്പെട്ട ആനകളുടെ സംരക്ഷണത്തിനായുള്ള ചട്ടങ്ങള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാക്കാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാറും അംഗീകരിച്ചതാണ്. ആനകളുടെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ പ്രോജക്ട് എലിഫെന്‍റ് നിയോഗിച്ച എസ്.സി. ഡേ അധ്യക്ഷനായ വിദഗ്ധസമിതി 2004ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും മാതൃകയായി ഉദ്ധരിക്കുന്നത് കേരളത്തിന്‍െറ ചട്ടങ്ങളാണ്. അത്് പിന്തുടരാന്‍ 2005ല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ആ ചട്ടങ്ങള്‍ കേരളത്തില്‍തന്നെ പാലിക്കപ്പെടുന്നില്ളെന്നതാണ് വൈപരീത്യം.

2003ലെ ചട്ടങ്ങളില്‍, ആനകള്‍ക്ക് നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ചല്ലാതെ, ഉത്സവവേളകളില്‍ എഴുന്നള്ളിക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. കെ.ബി. ഗണേശ്കുമാര്‍ വനംവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ 2012ല്‍ പുതുക്കിയ ചട്ടങ്ങളിലാണ് ആ വിഷയം കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഡോ. പി.എസ്. ഈസയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്‍െറ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പുതുക്കിയ 2003ലെ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നില്ളെന്നതിന്‍െറ തെളിവാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മാത്രം ഉത്സവപ്പറമ്പുകളില്‍ ഇടഞ്ഞ ആനകള്‍മൂലമുണ്ടായ രണ്ടു ഡസനിലേറെ അപകടങ്ങള്‍. ഉത്സവപ്പറമ്പുകളിലെ ആനകള്‍ ആള്‍ക്കൂട്ടങ്ങളെ ആക്രമിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, സംരക്ഷണം ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് പ്രധാനമന്ത്രിക്കും കേന്ദ്ര വനം-വന്യജീവി മന്ത്രാലയത്തിനും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനും പരാതി നല്‍കിയിരുന്നു. സ്വകാര്യവ്യക്തികളെപ്പോലെ ദേവസ്വങ്ങളും അവര്‍ വളര്‍ത്തുന്ന ആനകളെ സംബന്ധിച്ച വിവരങ്ങള്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് സുപ്രീംകോടതി 2014ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും അതും പാലിക്കപ്പെടുന്നുണ്ടോ എന്ന് സംശയമാണ്. ആനകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിത്യേനയെന്നോണം പ്രത്യക്ഷപ്പെടുമ്പോഴും ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടാറില്ളെന്നതാണ് വാസ്തവം. അക്രമാസക്തരായ ആനകളുടെ ചവിട്ടേറ്റ് പാപ്പാന്മാരും നാട്ടുകാരും കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ പതിവാണെങ്കിലും അതിന്‍െറ കാരണങ്ങള്‍ കണ്ടത്തൊനോ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സുരക്ഷാസംവിധാനങ്ങളെന്തെന്ന് നിര്‍ദേശിക്കാനോ അധികാരികള്‍ക്കും താല്‍പര്യമില്ല.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ ഇടഞ്ഞ ആനകള്‍ പാപ്പാന്മാരെയും കാഴ്ചക്കാരെയും ആക്രമിക്കുന്നതിന്‍െറയും കൊല്ലുന്നതിന്‍െറയും പേടിപ്പെടുത്തുന്ന അമ്പതിലേറെ വിഡിയോ ഫൂട്ടേജുകള്‍ യൂ ട്യൂബില്‍ കാണാം. ആള്‍ക്കൂട്ടത്തിനിടയില്‍വെച്ച് ഇടയുന്ന ആനകള്‍ പരിഭ്രാന്തി പടര്‍ത്തുമ്പോഴും പൊലീസും ഫയര്‍ഫോഴ്സുമെല്ലാം മണിക്കൂറുകളോളം നിസ്സഹായരായി നോക്കിനില്‍ക്കുകയാണെന്ന് ഈ വിഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആനകള്‍ അക്രമാസക്തരാവുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച്്് സര്‍ക്കാര്‍ ഇത്രകാലമായിട്ടും ആലോചിച്ചിട്ടില്ളെന്നത് ഗുരുതരമായ വീഴ്ചയാണ്. 2008ല്‍ ചേറ്റുവയിലെ ഉത്സവത്തിനിടെ ഇടഞ്ഞ തിടമ്പേറ്റിയ ആന മറ്റൊരാനയെ കുത്തിവീഴ്ത്തിയതിനുശേഷമാണ് രണ്ടുപേരെ കൊന്നത്. കുത്തേറ്റ ആന ക്ഷേത്രസമുച്ചയത്തിലെ കെട്ടിടത്തിനുള്ളിലേക്ക് പാഞ്ഞുകയറിയപ്പോള്‍ അതിനുള്ളിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അരമണിക്കൂറിലേറെ ആനയുടെ പരാക്രമങ്ങള്‍ നോക്കി നിസ്സഹായരായി നില്‍ക്കുകയായിരുന്നു പൊലീസുകാര്‍. മയക്കുവെടിവെച്ച് ആനയെ വീഴ്ത്താന്‍ പരിശീലനം നേടിയ ഒരാള്‍ ആ ഉത്സവപ്പറമ്പിലുണ്ടായിരുന്നുവെങ്കില്‍ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. എന്തുകൊണ്ട് ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിക്കാന്‍ അധികൃതര്‍ ആനയുടമകളെയും ഉത്സവക്കമ്മിറ്റിയെയും നിര്‍ബന്ധിക്കുന്നില്ളെന്നതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്.

വളര്‍ത്താനകള്‍

റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തോളം വരില്ളെങ്കിലും വളര്‍ത്താനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ കേരളത്തിലും കുറവല്ല. ആന തന്‍െറ വരുതിയിലാണെന്നുകരുതി വടിയുമായി കൂടെ നടക്കുകയും അനുസരിക്കാതിരിക്കുമ്പോഴെല്ലാം അതിനെ വേദനിപ്പിക്കുകയുംചെയ്യുന്ന പാപ്പാന്‍ മാത്രമല്ല, ഉത്സവം കാണാനത്തെുന്നവരും വഴിപോക്കരുമായ നിരപരാധികളും, നിനച്ചിരിക്കാത്ത നേരത്ത് പൊടുന്നനെ ഉന്മാദികളാവുന്ന ആനകളുടെ ആക്രമണത്തില്‍ വധിക്കപ്പെടുന്നുണ്ട്. ഇത്തരം ദുരന്തങ്ങളുടെ വാര്‍ത്തകള്‍ അടുത്തിടെയായി പതിവായിരിക്കുന്നു. മദമിളകുന്ന ആനകള്‍ തൊഴിലിടങ്ങളിലേതിനെക്കാള്‍ അപകടകാരികളാവുക ഉത്സവപ്പറമ്പുകളിലെ ആള്‍ക്കൂട്ടങ്ങള്‍ക്കും വാദ്യഘോഷങ്ങള്‍ക്കുമിടയിലാണ്. സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മുന്‍കരുതലുകളൊന്നുമില്ലാതെ ആനയെഴുന്നള്ളിപ്പ് മുടക്കമില്ലാതെ നടത്തണമെന്ന് വാശിപിടിക്കുന്ന നമ്മുടെ അതിരുവിട്ട ആനക്കമ്പമാണ് ഉത്തരവാദി.

മനുഷ്യരാല്‍ പീഡിപ്പിക്കപ്പെടുന്ന ആനകളാണ് മനുഷ്യരെ ആക്രമിക്കുന്നത്. കാട്ടിലും നാട്ടിലും ഇതൊരുപോലെയാണെന്ന്് നിരവധി വര്‍ഷങ്ങളായി സ്വാഭാവികസാഹചര്യങ്ങളില്‍ കാട്ടാനകളെ നിരീക്ഷിക്കാന്‍ അവസരംലഭിച്ച ഒരാളെന്ന നിലയില്‍ എനിക്കറിയാം. കാട്ടില്‍പോലും മുന്നില്‍ വന്നുപെടുന്ന മനുഷ്യരില്‍നിന്നും വാഹനങ്ങളില്‍നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കുന്ന ലജ്ജാശീലരാണ് ആനകള്‍. ആക്രമിക്കപ്പെട്ടേക്കുമോ എന്ന ഭയംകൊണ്ടുമാത്രമാണ് അവ ചിലപ്പോഴെങ്കിലും മനുഷ്യര്‍ക്കുനേരെ തിരിയുന്നത്. മദമിളകുമ്പോഴോ പ്രതികൂല സാഹചര്യങ്ങളില്‍ അസ്വസ്ഥരാകുമ്പോഴോ ശാരീരികമായ അസ്വാസ്ഥ്യം ഉണ്ടാകുമ്പോഴോ അപ്രതീക്ഷിതമായി പിടിപെടുന്ന ഉന്മാദാവസ്ഥയിലോ വളര്‍ത്താനകളും ആക്രമണകാരികളാവാറുണ്ട്. കഠിനമായ ചൂട്, മണിക്കൂറുകളോളം നിശ്ചലമായുള്ള നില്‍പ്, ഇരമ്പുന്ന ആള്‍ക്കൂട്ടം, വെടിക്കെട്ടിന്‍െറയും വാദ്യഘോഷങ്ങളുടെയും കര്‍ണകഠോരമായ ശബ്ദഘോഷം, അത്യുജ്ജ്വലമായ തീവെട്ടം-നാട്ടിലാണെങ്കിലും വന്യജീവിയായ ആനകള്‍ക്ക് സഹിക്കാനാവുന്നതല്ല ഇതൊന്നും. വര്‍ഷങ്ങളോളം മനുഷ്യരുമായി ഇടപഴകാനിടയായ, പരിശീലിപ്പിക്കപ്പെട്ട ആനക്കുപോലും അതിന്‍െറ ജനിതകമായ സ്വഭാവവിശേഷങ്ങളില്‍നിന്ന് മോചനമില്ലാത്തതിനാല്‍ മനുഷ്യര്‍ സൃഷ്ടിക്കുന്ന ഇത്തരം അസ്വാഭാവിക സാഹചര്യങ്ങള്‍ക്കെതിരെ അവ പ്രതികരിക്കുക സ്വാഭാവികമാണ്.

സാന്ദര്‍ഭികമായി പറയട്ടെ, 1970കള്‍വരെയും നിലവിലുണ്ടായിരുന്ന ഖെദ്ദ എന്ന ആനപിടിത്ത സമ്പ്രദായത്തിന്‍െറ ഉപാധികളായിരുന്നു ഇത്തരം വാദ്യഘോഷവും വെടിയൊച്ചകളും തീപ്പന്തങ്ങളും.  ഇതേമട്ടിലുള്ള ശബ്ദങ്ങളും തീയുമുണ്ടാക്കിയാണ് ആനകളെ ഭയപ്പെടുത്തി പ്രത്യേകം തയാറാക്കിയ കൂടുകളിലേക്ക്്  തുരത്തിയോടിച്ച് തടവിലാക്കിയിരുന്നത്. തീയും വെടിയൊച്ചയുംപോലെ ആനകളില്‍ പേടിയുണ്ടാക്കാന്‍പോന്ന മറ്റൊന്നുമില്ല. ഉണ്ടെങ്കിലത്് പാപ്പാന്മാരുടെ മര്‍ദനം മാത്രമായിരിക്കും. ആനകളില്‍ ജനിതകമായി നിക്ഷേപിക്കപ്പെട്ടിരിക്കാവുന്ന പേടിപ്പെടുത്തുന്ന ശബ്ദ-ദൃശ്യ സ്മൃതികളെ ഉണര്‍ത്താന്‍ ഉത്സവപ്പറമ്പുകളിലെ ആ തീവെട്ടവും വെടിക്കെട്ടും കാരണമാകുന്നുണ്ടാവണം. ആനപ്പാപ്പാന്‍െറ കൈയിലെ വെറുമൊരു തോട്ടികൊണ്ട് ഏറ്റവും വലിയ മൃഗത്തിന്‍െറ ശരീരവും മനസ്സും നിയന്ത്രിക്കാനാവില്ളെന്ന സാമാന്യബോധംപോലും നമുക്കില്ളെന്നത് കഷ്ടമാണ്. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ആനകളെ എഴുന്നള്ളിക്കുന്നതിലെ അപകടം പ്രവചനാതീതമാണെന്ന് പറയുമ്പോള്‍, വിമാനാപകടം ഉണ്ടാവാറുള്ളതിനാല്‍ വിമാനംതന്നെ നിരോധിക്കണോ എന്ന് തിരിച്ചുചോദിക്കുന്നവരുടെ യുക്തിയെക്കുറിച്ച് സഹതപിക്കാനേ കഴിയൂ. പ്രോഗ്രാം ചെയ്തുവെച്ച കുറ്റമറ്റ ഒരു യന്ത്രം കണക്കെ ആനകള്‍ പ്രവര്‍ത്തിച്ചുകൊള്ളുമെന്ന് കരുതുന്നതില്‍പരം വിഡ്ഢിത്തം വേറെയുണ്ടാവില്ല.

പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തെ തുടര്‍ന്ന് നേരിട്ട് അപകടത്തില്‍പെടാത്ത നിരവധി പരിസരവാസികളുടെ ശ്രവണശേഷിയും മാനസികനിലയും തകരാറിലായിട്ടുണ്ടെന്ന കണ്ടത്തെല്‍ ഇക്കഴിഞ്ഞ ദിവസം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനുഷ്യര്‍ക്കെന്നപോലെ, കൂച്ചുവിലങ്ങോടെ നിന്നനില്‍പില്‍ മണിക്കൂറുകളോളം നില്‍ക്കാന്‍ നിര്‍ബന്ധിതരായ ആനകളെയും ഇതെല്ലാം വലിയ അളവില്‍ ബാധിക്കുമെന്ന് ആലോചിക്കാനുള്ള വിശേഷബുദ്ധിയാണ് നമുക്കും അധികാരികള്‍ക്കും ഇല്ലാത്തത്. ആനപ്രേമികളാണ് തങ്ങളെന്ന ആനക്കമ്പക്കാരുടെയും ഉടമകളുടെയും ആത്മപ്രശംസ, വാസ്തവത്തില്‍ ഒരു വിരുദ്ധോക്തിയാണ്. കാട്ടുമൃഗമായ ആനയെ പിടികൂടി പലവിധ പീഡനമുറകളിലൂടെ മെരുക്കി വിനോദത്തിനും പൊങ്ങച്ചപ്രകടനത്തിനുമായി ഉപയോഗിക്കുന്നവരെ ആനപ്രേമികള്‍ എന്നു വിശേഷിപ്പിക്കുന്നത് ക്രൂരമായ തമാശയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant
Next Story