നിത്യഹരിതയാകണം ഭൂമി
text_fieldsവേനല്‍ച്ചൂടില്‍ വെന്തുരുകുന്ന നാം ഈ സമയത്തെങ്കിലും ഭൂമിയെക്കുറിച്ച് ഓര്‍ക്കാതിരിക്കില്ല. ‘പൂര്‍വികരില്‍നിന്ന് പൈതൃക സ്വത്തായി ലഭിച്ചതല്ല, ഭാവി തലമുറകളില്‍നിന്ന് കടം വാങ്ങിയതാണ് ഈ ഭൂമി’ -ഒരേയൊരു ഭൂമി (Only one earth) എന്ന പുസ്തകത്തിലെ ഈ വാക്ക് നാം വിവേകപൂര്‍വം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് ഭൗമദിനം ആചരിക്കുമ്പോള്‍ നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. വനനശീകരണവും മണ്ണെടുപ്പും പ്ളാസ്റ്റിക് മാലിന്യങ്ങളുമെല്ലാം ഭൂമിയുടെ നിലനില്‍പിനെ ചോദ്യംചെയ്യപ്പെടുകയാണ്. കൊടുംചൂടും കുടിവെള്ളക്ഷാമവും നമ്മെ അലട്ടുന്ന വലിയ പ്രശ്നങ്ങളാണ്. മനുഷ്യന്‍െറ ആര്‍ത്തിപൂണ്ട ചിന്ത കുന്നുകള്‍ മണ്ണിനും കല്ലിനുവേണ്ടിയും പുഴകള്‍ മണലിനുവേണ്ടിയും മാത്രമായി കാണുമ്പോള്‍ തകിടംമറിയുന്നത് ഭൂമിയുടെ സന്തുലിതാവസ്ഥയാണെന്ന ബോധം നാം അറിയാതെ പോകുന്നു.
മനുഷ്യനില്ളെങ്കിലും ഭൂമിയുണ്ടാകും പക്ഷേ ഭൂമിയില്ളെങ്കില്‍ മനുഷ്യരില്ളെന്നോര്‍ക്കുക. നീരുറവകളും തണലും കിളിക്കൊഞ്ചലുകളും ഇല്ലാത്ത ഭൂമി ആലോചിക്കാന്‍ കഴിയുമോ. ‘ഭൂമിക്കായി മരങ്ങള്‍’ എന്നതാണ് ഈ വര്‍ഷത്തെ ഭൗമദിന സന്ദേശം. ചൂട് കൊണ്ട് വിങ്ങുമ്പോള്‍ ഒരാശ്വാസം ലഭിക്കുന്നത് മരത്തണലിലാണ്. ആ തണലുകള്‍ ഇല്ലാതായതാണ് ഇപ്പോള്‍ ഭീഷണിയായി മാറുന്ന കാലാവസ്ഥാ വ്യതിയാനത്തിനു കാരണം. ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് പ്രത്യുപകാരമായി തിരിച്ചു നല്‍കാന്‍ കഴിയുന്ന വലിയ കാര്യം മരങ്ങള്‍ വെച്ചുപിടിപ്പിക്കുകതന്നെയാണ്. ഭൗമദിനാ ചരണത്തിന്‍െറ സുവര്‍ണ ജൂബിലി വര്‍ഷമായ 2020 ആകുമ്പോഴേക്കും 780 കോടി മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ ആചരണത്തിന്‍െറ പ്രധാന ലക്ഷ്യം. അതുവഴി ‘ഭൂമിയില്‍ ഒരാള്‍ക്ക് ഒരു മരം’ എന്ന ലക്ഷ്യമാണ് കൈവരിക്കാന്‍ കഴിയുക. ഒന്നരക്കോടി മരങ്ങള്‍ ഓരോ വര്‍ഷവും അപ്രത്യക്ഷമാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഭൗമദിനാചരണം, 1970ല്‍ അമേരിക്കയില്‍ ഗലോഡ് നെല്‍സണാണ് തുടക്കം കുറിച്ചത്. ഏതാണ്ട് 192 രാജ്യങ്ങളില്‍ വളരെ വിപുലമായി മരം വെച്ചുപിടിപ്പിക്കല്‍ പദ്ധതികള്‍ നടപ്പാക്കിവരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ കാര്‍ബണ്‍ ഡൈഓക്സൈഡ്, നൈട്രജന്‍ ഓക്സൈഡ്, സള്‍ഫര്‍ ഡൈഓക്സൈഡ്, അമോണിയ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങള്‍ ക്രമാതീതമായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് വലിയ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. ഒരു വര്‍ഷം ഒരാള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ് മുഴുവനായും ആഗിരണം ചെയ്യാന്‍ ഏതാണ്ട് 96 മരങ്ങള്‍ ഭൂമിയില്‍ വേണ്ടിവരുമെന്നാണ് കണക്ക്.
മരങ്ങള്‍ ആവാസവ്യവസ്ഥയിലെ ജൈവബന്ധങ്ങള്‍ സൃഷ്ടിക്കുകവഴി ജൈവവൈവിധ്യം നിലനിര്‍ത്തുന്നു. മരങ്ങളുള്ള പ്രകൃതിരമണീയമായ പച്ചപ്പ് മനുഷ്യരുടെ ഉയര്‍ന്ന ആരോഗ്യത്തിനും ഊഷ്മളമായ സാമൂഹികബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനും സഹായകമാണെന്ന് പഠനങ്ങളില്‍ കണ്ടത്തെിയിട്ടുണ്ട്.
ഭൂമിയില്‍ ജീവന്‍െറ തുടിപ്പ് നിലക്കാതിരിക്കാന്‍ നാം നിതാന്തജാഗ്രത പുലര്‍ത്തണം. സകല പച്ചപ്പുകളും നമ്മെ ഏല്‍പിച്ചുപോയ തലമുറയെ നന്ദിയോടെ ഓര്‍മിക്കുന്നതിനോടൊപ്പം വരുംതലമുറക്കായി ഭൂമിയെ സംരക്ഷിക്കുന്ന പ്രയത്നങ്ങള്‍ക്ക് പ്രചോദനമേകുന്ന മുഹൂര്‍ത്തമാകട്ടെ ഈ ഭൗമദിനം.
l