Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകൊലക്കളമാകുന്ന...

കൊലക്കളമാകുന്ന കശ്മീര്‍

text_fields
bookmark_border
കൊലക്കളമാകുന്ന കശ്മീര്‍
cancel

സ്വതന്ത്ര ഇന്ത്യയുടെ ഭൂപടത്തിലെ കറുത്ത പാടുകളിലൊന്നാണ് കശ്മീര്‍. കശ്മീരിജനതയുടെയും ഇന്ത്യന്‍ പട്ടാളക്കാരുടെയും തീവ്രവാദികളുടെയും മറ്റും രക്തത്താല്‍ തീര്‍ത്ത ഉണങ്ങാത്ത കറുത്തപാട്. 1990 മുതല്‍ 2016വരെ 40,000ത്തോളം പേര്‍ കശ്മീരില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യാ ഗവണ്‍മെന്‍റിന്‍െറ കണക്കുകള്‍. മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍ പ്രകാരം ഇത് 1,00,000ത്തിലേറെയാണ്. സംഘര്‍ഷക്കെടുതികള്‍മൂലം പലായനം ചെയ്തവര്‍ അതിന്‍െറ ഇരട്ടിയിലേറെ. അച്ഛനമ്മമാരെ നഷ്ടപ്പെട്ട് അനാഥരായത് 1,10,000 കുട്ടികള്‍, വിധവകളായത് 23,000 സ്ത്രീകള്‍, കലാപത്തിന്‍െറഭാഗമായി അറസ്റ്റിലായത് 1,33,387 പേര്‍. കസ്റ്റഡിയില്‍ മരണമടഞ്ഞത് 7043, ബലാത്സംഗത്തിനിരയായത് 10,176 പേര്‍.ഇതിലേറ്റവും ഒടുവിലത്തേതാണ് ഹന്ദ്വാരയിലെ രക്തച്ചൊരിച്ചിലുകള്‍.
പ്രശ്നപരിഹാര സാധ്യതകള്‍ ഏറ്റവും കുറഞ്ഞ, അങ്ങേയറ്റം സങ്കീര്‍ണമായ സംഘര്‍ഷങ്ങളില്‍ ഒന്നായാണ് കശ്മീര്‍ പ്രശ്നത്തെ  വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതിനുകാരണം ഇതിന്‍െറ ചരിത്രപരവും രാഷ്ട്രീയവുമായ വ്യാപ്തിയും സങ്കീര്‍ണതകളുമാണ്. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിതര്‍ക്കം  മുതല്‍ ആഭ്യന്തരകലഹവും തീവ്രവാദവും രാഷ്ട്രീയ മുതലെടുപ്പുകളും ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങളും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളികളും അഭയാര്‍ഥിവിഷയങ്ങളും ഒത്തുചേര്‍ന്ന ഒന്നാണ് നിലവില്‍ കശ്മീര്‍ പ്രശ്നം.
സ്വാതന്ത്ര്യസമരത്തിന്‍െറ അവസാനനാളുകളില്‍ ഇന്ത്യയില്‍ ചേരണോ പാകിസ്താനില്‍ ലയിക്കണോ സ്വതന്ത്രമായി നില്‍ക്കണോ എന്ന കശ്മീര്‍ ഭരണാധികാരി ഹരി സിങ്ങിന്‍െറ ശങ്കയില്‍ തുടങ്ങിയതാണ് കശ്മീരികളുടെ ദുരിതം. ആദ്യഘട്ടത്തില്‍ സ്വതന്ത്രമായി നില്‍ക്കാന്‍ തീരുമാനിച്ച ഹരി സിങ്ങ് 1947 ഒക്ടോബര്‍ 22ന് പാകിസ്താന്‍ സൈന്യത്തിന്‍െറ വടക്കന്‍ കശ്മീരിലേക്കുള്ള അതിക്രമത്തില്‍ ഭയന്ന് ഇന്ത്യന്‍ യൂനിയനോട് സഹായമഭ്യര്‍ഥിക്കുകയും ചെയ്തതോടെ ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെട്ട കശ്മീരില്‍ സംഘര്‍ഷങ്ങളുടെ ചരിത്രത്തിന് തുടക്കംകുറിച്ചു. ഒരു വര്‍ഷം നീണ്ട ഇന്ത്യ-പാക് യുദ്ധത്തിനൊടുവില്‍ കശ്മീര്‍ഭൂമിയും ജനതയും രണ്ടായി വെട്ടിമുറിക്കപ്പെടുകയും ഇന്ത്യയും പാകിസ്താനും ഇവിടങ്ങളില്‍ അധീശത്വം സ്ഥാപിക്കുകയും ചെയ്തു. ഈ ഘട്ടത്തിലൊക്കെയും സ്വതന്ത്രമായി നില്‍ക്കുക, പാകിസ്താനോടൊപ്പമോ ഇന്ത്യയോടൊപ്പമോ ചേരുക എന്നിങ്ങനെ മൂന്നായി വിഭജിതമായിരുന്നു കശ്മീര്‍ജനതയുടെ മനസ്സ്. ഇതിന്‍െറ ഫലമായാണ് ഇന്ത്യന്‍ മതേതരത്വത്തെയും കശ്മീര്‍ ഉപദേശീയതയെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന 370ാം വകുപ്പ് 1952ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമായിത്തീര്‍ന്നത്. ഇതേ പ്രത്യേകാധികാരത്തിന്‍െറ ഭാഗമായാണ് കശ്മീര്‍ജനതയുടെ ഭാവി ഹിതപരിശോധനയിലൂടെ കശ്മീരികള്‍ തീരുമാനിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പലപ്പോഴായി പ്രഖ്യാപിച്ചത്. കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമല്ളെന്ന നെഹ്റുവിന്‍െറ കാഴ്ചപ്പാടിന്‍െറ മറ്റൊരു തെളിവാണ് മറ്റെല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഭരണാധികാരി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1965വരെ കശ്മീര്‍ ഭരണാധികാരി പ്രധാനമന്ത്രി എന്നറിയപ്പെട്ടത്.
എന്നാല്‍, 1965ലെ പാകിസ്താന്‍ ആക്രമണം സ്വതന്ത്ര കശ്മീരിനായുള്ള വാദങ്ങളെ ഒരു പരിധിവരെ പിന്നോട്ടടിപ്പിച്ചു. യുദ്ധത്തില്‍ ഇന്ത്യന്‍ പട്ടാളത്തോടൊപ്പം ചേര്‍ന്ന കശ്മീര്‍ ജനത, പാകിസ്താന്‍െറ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിക്കുകയും ചെയ്തു എന്നത് ഇതിന്‍െറ ആദ്യ ഉദാഹരണമാണ്. 1971ലെ ബംഗ്ളാദേശ് യുദ്ധത്തിലും പാകിസ്താന്‍ പരാജയപ്പെട്ടതോടെ ‘സ്വതന്ത്ര കശ്മീര്‍’ എന്നവാദം ‘സ്വയംഭരണ കശ്മീര്‍’ എന്നായിത്തീര്‍ന്നു. ഇത്തരം സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ 1975ല്‍ ഇന്ദിര ഗാന്ധിയും കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ലയും കശ്മീര്‍ ഒത്തുതീര്‍പ്പില്‍ (Kashmir Accord) ഒപ്പുവെക്കുകയും 370ാം വകുപ്പ് നിലനിര്‍ത്തിത്തന്നെ കശ്മീരിനെ കൂടുതല്‍ ഇന്ത്യയോടടുപ്പിക്കുകയും ചെയ്തു.
വിഘടനവാദവും പട്ടാളഭരണവും
1980കളില്‍ ശക്തമായ വിഘടനവാദമാണ് കശ്മീര്‍വിഷയത്തിന് പുതിയൊരു മാനം നല്‍കിയത്. ഇക്കാലത്ത് ‘കശ്മീര്‍ ദുരന്തം’ ‘കശ്മിരികളുടെ സ്വാതന്ത്ര്യപോരാട്ടം’ (Kashmiris Fight for Freedom) തുടങ്ങിയ ലഘുലേഖകളും പുസ്തകങ്ങളും മേഖലയിലാകമാനം വിതരണം ചെയ്യുകയും ഇത് ഒരു ഹിന്ദു-മുസ്ലിം സംഘര്‍ഷത്തിന്‍െറ തലത്തിലേക്ക് കശ്മീരിനെ വലിച്ചിഴക്കുകയും ചെയ്തു. എണ്‍പതുകളുടെ രണ്ടാംപകുതിയില്‍ മതമൗലികവാദികള്‍ പണ്ഡിറ്റുകള്‍ക്കെതിരായി നടത്തിയ ആക്രമണങ്ങളും ഗവര്‍ണര്‍ ജഗ്മോഹന്‍െറ അപക്വമായ തീരുമാനങ്ങളും യുവാക്കളിലെ തൊഴിലില്ലായ്മയും കശ്മീരിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിത്തീര്‍ത്തു. പിന്നീട് വിഘടനവാദവും തീവ്രവാദവും അടിച്ചമര്‍ത്തുന്നതിനായി തൊണ്ണൂറുകളില്‍ ഇന്ത്യാ ഗവണ്‍മെന്‍റ് നടപ്പില്‍വരുത്തിയ പട്ടാളനിയമങ്ങള്‍ കശ്മീരിനെ യഥാര്‍ഥത്തില്‍ കുരുതിക്കളമാക്കി മാറ്റുകയും നിരവധി പട്ടാളക്കാരും സാധാരണക്കാരും കൊല്ലപ്പെടുകയും ചെയ്തു.
പട്ടാളഭരണത്തിനും തീവ്രവാദത്തിനുമിടയില്‍ ചെകുത്താനും കടലിനും ഇടക്ക് അകപ്പെട്ട അവസ്ഥയാണ് കശ്മീരി ജനതയുടേത്. മലയാളികള്‍ക്ക്  സുപരിചിതമായ ‘കീര്‍ത്തി ചക്ര’യിലെ ‘എന്‍െറ പൂന്തോട്ടം ശ്മശാനമായി മാറിയിരിക്കുന്നു’ എന്ന വരികള്‍ ഇന്നത്തെ കശ്മീരിന്‍െറ യഥാര്‍ഥചിത്രമാണ് പ്രതിഫലിപ്പിക്കുന്നത്. ഇതില്‍തന്നെ തങ്ങളെ രക്ഷിക്കാന്‍ ബാധ്യസ്ഥരായ പട്ടാളക്കാര്‍ ചെയ്തുകൂട്ടുന്ന മനുഷ്യാവകാശ ധ്വംസനങ്ങളില്‍ പ്രതിഷേധിച്ചാണ് സ്വതന്ത്രകശ്മീര്‍ എന്നവാദം വീണ്ടും ശക്തമായത്. ഈ സംഭവവികാസങ്ങള്‍ തന്നെയാണ് തീവ്രവാദികളോട് അനുഭാവപൂര്‍ണമായ നിലപാടെടുക്കുന്നതിലേക്ക് കശ്മീര്‍ ജനതയെ കൊണ്ടത്തെിച്ചതും. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പുറംതിരിഞ്ഞുനില്‍ക്കുന്ന ഇത്തരം മനുഷ്യാവകാശ പ്രശ്നങ്ങളുടെ ഒരു കൂമ്പാരമാണ് ഇന്ന് കശ്മീര്‍.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സഹപാഠിയായ ഖുര്‍ശിദ് അഹ്മദ് മീറിനോളം പക്വമതിയായ ആളുകളെ വിരളമായേ ഞാന്‍ കണ്ടിട്ടുള്ളൂ. കശ്മീരിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ അധ്യാപകനാണിന്ന് അനന്ത്നാഗുകാരനായ ഖുര്‍ശിദ്. ഏത് കാര്യമായാലും എല്ലാവശങ്ങളും കേട്ട് ആലോചിച്ച് തീരുമാനമെടുക്കുന്ന ഒരാള്‍. കശ്മീര്‍ കലാപത്തെ കുറിച്ചുള്ള ഖുര്‍ശിദിന്‍െറ ഓര്‍മകള്‍ നടുക്കുന്നതാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് 16 പേര്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്‍െറ ക്ളാസില്‍. ഇന്ന് ഖുര്‍ശിദ് മാത്രമാണ് ഇവരില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരാള്‍. ഇത് ആദ്യമൊക്കെ അതിശയോക്തിയായി തോന്നിയെങ്കിലും മരിച്ചവരുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ രേഖകളും ഐക്യരാഷ്ട്രസഭയും ആംനസ്റ്റി ഇന്‍റര്‍നാഷനലും ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടുകളും ഈ  ധാരണയെ തിരുത്തി.
ഇതേ ക്ളാസില്‍ ഒരുമിച്ചുണ്ടായിരുന്ന റാഷിദ് റൈനയുടെ അനുഭവങ്ങളും വ്യത്യസ്തമല്ല. പഠിക്കുന്നകാലത്ത് ബി.ബി.സി റിപ്പോര്‍ട്ടറായിരുന്ന റൈന ഇന്ന് കശ്മീര്‍ അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന്‍െറ ഭാഗമാണ്. യൂനിവേഴ്സിറ്റി അവധിക്കാലത്ത് പഹല്‍ഗാമിലെ വീട്ടിലേക്കും തിരിച്ച് ഡല്‍ഹിയിലേക്കുമുള്ള യാത്രയില്‍ പലതവണയാണ് റൈന പട്ടാള-പൊലീസ് പീഡനത്തിനിരയായത്. പലപ്പോഴും കസ്റ്റഡിയിലേക്ക് നീങ്ങിയ ചോദ്യംചെയ്യലുകളില്‍നിന്ന് തന്നെ രക്ഷിച്ചത് ബി.ബി.സിയുടെ തിരിച്ചറിയല്‍രേഖ മാത്രമാണെന്ന് റൈന വല്ലാത്തൊരു ദീര്‍ഘനിശ്വാസത്തോടെ ഇപ്പോഴും ഓര്‍ത്തെടുക്കാറുണ്ട്.   
തീവ്രവാദികള്‍ മാത്രമാണ് കശ്മീരില്‍ പട്ടാളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നതെന്നും പട്ടാളനിയമത്തിന്‍െറ പീഡനത്തിനിരയാവുന്നതെന്നുമുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ക്ക്  വിരുദ്ധമാണ് യഥാര്‍ഥ വസ്തുതകളും കണക്കുകളും. പട്ടാളക്കാരുടെ വെടിയേറ്റുമരിച്ച സ്കൂള്‍ കുട്ടികളും ബലാത്സംഗത്തിനിരയായ സ്ത്രീകളുമാണ് ഇതിനേറ്റവും വലിയ ഉദാഹരണം. ഇനി ഈ പറയുന്ന സ്ത്രീകള്‍ തീവ്രവാദികളാണെങ്കില്‍ പോലും ഇവരെ ബലാത്സംഗം ചെയ്യാനുള്ള നിയമമൊന്നും ഇന്ത്യയില്‍ ഇല്ളെന്നോര്‍ക്കേണ്ടതാണ്. തൊണ്ണൂറുകളില്‍ ഗവാ കടല്‍, സകൂറ, ടെംഗപോറ, കുനാന്‍ പൊഷ്പോറ, ലാല്‍ ചൗക്, ബിജ്ബെഹാര, സോപോര്‍, സംഗ്രാമ, രണ്ടായിരത്തിനുശേഷം ധൂഡിപോറ, ഡോഡയി, ഷോപിയാന്‍, ബാരാമുല്ല, കൈഗാം, രാംബാന്‍, ഇന്ന് ഹന്ദ്വാര എന്നിവിടങ്ങളില്‍ അരങ്ങേറിയ കൊലപാതകങ്ങള്‍ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്തതാണ്. ഇത് ഒരു ജനതയുടെ മൗലികാവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ജീവിക്കാനുള്ള അവകാശത്തെ ചോദ്യംചെയ്യുന്ന, ഇല്ലാതാക്കുന്ന ഒന്നാണ്.
കശ്മീരികളോട് പലപ്പോഴായി സംവദിച്ചതില്‍നിന്ന് മനസ്സിലാക്കിയത് 80 ശതമാനം കശ്മീരികളും സ്വതന്ത്ര കശ്മീരിനെ പിന്തുണക്കുന്നുവെന്നാണ്. ഇന്ത്യയോട് ചേര്‍ന്നുപോകുക എന്നത് നിലവിലെ അവസ്ഥയില്‍ വലിയ ശതമാനം  കശ്മീരികള്‍ക്ക് ദുഷ്കരമാണ്. ഇത്തരമൊരവസ്ഥയിലേക്ക് അവരെ നയിച്ചത് വര്‍ഷങ്ങളായി ഇന്ത്യാ ഗവണ്‍മെന്‍റ് അവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തലുകളാണ്. ഇന്ത്യയും പാകിസ്താനും കശ്മീരികളും അവരവരുടെ കടുംപിടിത്തങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതാണ് പ്രശ്നപരിഹാരം ദുഷ്കരമാക്കുന്നത്. കേന്ദ്രഗവണ്‍മെന്‍റ് പ്രശ്നപരിഹാരം ഉദ്ദേശിക്കുന്നെങ്കില്‍ ചെയ്യേണ്ട ഏകകാര്യം കിരാതമായ പട്ടാളഭരണം അവസാനിപ്പിച്ച് ജനാധിപത്യത്തിന്‍െറ യഥാര്‍ഥമൂല്യങ്ങളെ തിരിച്ചറിയാന്‍ കശ്മീരികളെ അനുവദിക്കുകയാണ്. അവരെ രാജ്യത്തെ മറ്റു ജനതയെപ്പോലെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുകമാത്രമാണ് രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനുള്ള പോംവഴി. കശ്മീര്‍ ഇന്ത്യയുടേതോ പാകിസ്താന്‍േറതോ എന്ന് തീരുമാനിക്കാനുള്ള ദേശീയതയുടെ പേരില്‍ ഉറഞ്ഞുതുള്ളാനുള്ള സമയമല്ലിത്. ഇവിടെ പ്രധാനം രക്തച്ചൊരിച്ചിലുകള്‍ ഇല്ലാതാക്കുകയാണ്. ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുകയാണ്. ഇത് ഭാവിയില്‍ ഇന്ത്യയോടുള്ള കശ്മീരികളുടെ മനോഭാവവും മാറ്റിയേക്കാം.

(ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഗവേഷകനും ജാമിഅ മില്ലിയ നെല്‍സണ്‍ മണ്ടേല പീസ് ആന്‍ഡ് കോണ്‍ഫ്ളിക്ട് റെസലൂഷന്‍ വിഭാഗത്തില്‍ അധ്യാപകനുമാണ് ലേഖകന്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam articlejammu and kashmirHandwara Protest
Next Story