Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകരിയും കരിമരുന്നും...

കരിയും കരിമരുന്നും ഒരുപോലെ ദുരന്തവാഹികള്‍

text_fields
bookmark_border
കരിയും കരിമരുന്നും ഒരുപോലെ ദുരന്തവാഹികള്‍
cancel

വെടിക്കെട്ടുപോലത്തെന്നെ അപകടകരമാണ് ആനകളെ പങ്കെടുപ്പിച്ചുള്ള ഉത്സവങ്ങളും പെരുന്നാളുകളും നേര്‍ച്ചകളും. വെടിക്കെട്ടിന്‍െറ കാര്യത്തിലെന്നപോലെ കടുത്ത നിയമലംഘനമാണ് ആനകള്‍ ഇടയുന്നതിലും അതുവഴി ദുരന്തങ്ങള്‍ ഉണ്ടാകുന്നതിലും കലാശിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ സംസ്ഥാനത്തിന്‍െറ വിവിധ ഇടങ്ങളില്‍ ആന ഇടഞ്ഞ് സ്ത്രീ ഉള്‍പ്പെടെ ഒമ്പതുപേരാണ് മരിച്ചത്. അതില്‍ എട്ടുപേരും പാപ്പാന്മാരായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ  സംസ്ഥാനത്ത് 87 പേര്‍ മരിച്ചു. ഇതില്‍ 2012ല്‍ 298 ആനകളാണ് ഇടഞ്ഞത്. അക്കൊല്ലം മരിച്ച 49 പേരില്‍ 43 പേരും പാപ്പാന്മാരായിരുന്നു.
കൊടും വേനല്‍ചൂട് സഹിക്കാനാവാത്തതാണ് മിണ്ടാപ്രാണികളായ ആനകള്‍ ഇടയുന്നതിന്‍െറ പ്രധാന കാരണം. അതോടൊപ്പം, മതിയായി വെള്ളവും ഭക്ഷണവും വിശ്രമവും നല്‍കാതെ പീഡിപ്പിക്കുന്നതും അവയെ പ്രകോപിതരാക്കുന്നു. ഒരു ആനക്ക് ദിവസവും ചുരുങ്ങിയത് 250 ലിറ്റര്‍ വെള്ളം വേണം; അതനുസരിച്ച് ഭക്ഷണവും. എന്നാല്‍, എഴുന്നള്ളിപ്പുകളില്‍നിന്ന് എഴുന്നള്ളിപ്പുകളിലേക്ക് ഇവയെ ‘പറത്തു’കയാണ്. ആനക്കും ആനക്കാരനും ശരിയാംവണ്ണം ഉറക്കവും കിട്ടുന്നില്ല. അതിന്‍ഫലമായി രണ്ടു ജീവികളും ഒരുപോലെ മാനസിക പിരിമുറുക്കത്തിലാവുന്നു. തന്‍െറ കലി ആനക്കാരന്‍ തീര്‍ക്കുന്നത് മിണ്ടാപ്രാണികളോടാണ്. അതോടെ സംഹാരതാണ്ഡവമാടുന്ന അവ നിരപരാധികളായ ജനങ്ങളുടെ ജീവനെടുക്കുകയും വന്‍ നാശം വിതക്കുകയും ചെയ്യുന്നു.
 വെടിക്കെട്ട് ദുരന്തംപോലെ ഓരോ തവണയും ആനകള്‍ ദുരന്തം വിതക്കുമ്പോള്‍ ഭരണാധികാരികള്‍ ചില്ലറ പ്രസ്താവനകള്‍ നടത്തി ഫയല്‍ അടക്കുന്നു. മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും ‘ചില്ലറ’ നഷ്ടപരിഹാരവും കൊടുത്താല്‍ കാര്യം കഴിഞ്ഞു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍ക്കും അനാഥരായവര്‍ക്കുമുണ്ടായ ആത്യന്തിക നഷ്ടം ആര് നികത്തും? ഒരു ആനയെ കൊലക്കേസ് പ്രതിയാക്കി കേസെടുത്ത നാടാണിത് -തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ. കൊലയാളിയായ ഈ ആനക്ക് ഇപ്പോഴും എറണാകുളം ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്കുണ്ട്.

വനംവകുപ്പിന്‍െറ പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍

2013 മാര്‍ച്ച് 20നാണ് ആനകളെ എഴുന്നള്ളിക്കുന്നതിന് വനംവകുപ്പ് പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദേശ രേഖയിലെ പ്രസക്ത വ്യവസ്ഥകള്‍.
1. 15ല്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിപ്പിക്കാന്‍ മതിയായ സ്ഥലം വേണം. അത് ജില്ലാ കലക്ടര്‍ അധ്യക്ഷനായ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് ഉറപ്പുവരുത്തണം.
2. ഒരു ദിവസം ആറു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ഒരേ ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്.
3. പകല്‍ 11നും ഉച്ച 3.30നുമിടയില്‍ ആനകളെ എഴുന്നള്ളിക്കരുത്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഒഴിച്ചുകൂടാന്‍ വയ്യാത്ത ഇടങ്ങളില്‍ പന്തല്‍ കെട്ടി തണല്‍ ഒരുക്കണം.
4. ഒരേസമയം മൂന്നില്‍ കൂടുതല്‍ ആനകളെ ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പ്രവേശിപ്പിക്കരുത്.
5. ആനകളില്‍നിന്ന് മൂന്നു മീറ്റര്‍ അകലെ മാത്രമേ ആളുകള്‍  നില്‍ക്കാനും സഞ്ചരിക്കാനും പാടുള്ളൂ.
6.  മദ്യപിച്ച് പാപ്പാന്മാരെ ജോലിചെയ്യാന്‍ അനുവദിക്കരുത്.  
7. ജില്ലാ കലക്ടറുടെ ചുമതലയിലുള്ള മോണിറ്ററിങ് കമ്മിറ്റി എല്ലാ ജില്ലകളിലും യോഗം കൂടിയിരിക്കണം. ഉത്സവ സീസണ്‍ തുടങ്ങുന്ന നവംബര്‍ മുതല്‍ എല്ലാ മാസവും ഈ സമിതി കൂടിയിരിക്കണം.
8. ആനകളുടെ സ്വഭാവവും മറ്റു ചരിത്രവും ബയോമെട്രിക് അളവുകളും ചിത്രങ്ങളും സഹിതമുള്ള ഡാറ്റ ബുക് പകര്‍പ്പ് വനം-റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധനക്ക് വിധേയമാക്കണം.

നിയമ ലംഘനത്തിന്‍െറ വഴികള്‍

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പലപ്പോഴും പാലിക്കപ്പെടാറില്ല. ആനകളെ എഴുന്നള്ളിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ബന്ധപ്പെട്ട ഡി.എഫ്.ഒമാരെ അറിയിച്ച് അനുമതി വാങ്ങണമെന്നുണ്ട്. എന്നാല്‍, ഇത് നടക്കാറില്ല. ആനകള്‍ക്കൊപ്പം അഞ്ചു രേഖകള്‍ വേണം. മൂവ്മെന്‍റ് രജിസ്റ്റര്‍, ഭക്ഷണ രജിസ്റ്റര്‍, പ്രവൃത്തി രജിസ്റ്റര്‍, കുത്തിവെപ്പ് രജിസ്റ്റര്‍, ചികിത്സാ രജിസ്റ്റര്‍ എന്നിവയാണിത്. ഇതും ഡാറ്റ ബുക്കും പാപ്പാന്മാരോ ഉടമകളോ കൈവശം വെക്കാറില്ല. ആനകളെ എവിടേക്കെല്ലാം കൊണ്ടുപോയി, എത്ര എഴുന്നള്ളിപ്പുകള്‍, മതിയായ വിശ്രമം നല്‍കിയോ എന്നൊക്കെ രേഖപ്പെടുത്തണം. ഓരോ വര്‍ഷവും മദപ്പാടുണ്ടായ മാസവും മറ്റും രേഖപ്പെടുത്തണം. ഇതൊന്നും ചെയ്യാറില്ല. തൃശൂര്‍ പൂരം പോലെ അറിയപ്പെടുന്ന പൂരങ്ങള്‍ക്കല്ലാതെ ഉദ്യോഗസ്ഥര്‍ കാര്യമായ പരിശോധനയും നടത്താറില്ല.

പൈതൃക പദവി ലഭിച്ചിട്ടും ഫലമില്ല

2010ല്‍ ആനയെ പൈതൃകജീവിയായി (Heritage Animal) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്‍െറ അടിസ്ഥാനത്തിലും വന്യജീവി സംരക്ഷണ നിയമപ്രകാരവും ആനകളെ പൂരത്തിനും ഉത്സവത്തിനും എഴുന്നള്ളിപ്പിക്കരുതെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് പറയുന്നു. ഗുരുവായൂര്‍ ദേവസ്വത്തില്‍ അടുത്തിടെ മൂന്നു ദിവസം പരിശോധന നടത്തിയ ബോര്‍ഡ് ആവശ്യപ്പെട്ടത് ഘട്ടംഘട്ടമായി ദേവസ്വത്തിന്‍െറ ആനകളെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ്. എന്നാല്‍, ആനയെ പൈതൃക ജീവിയായി പ്രഖ്യാപിച്ചത് ഉടമകളെ പ്രകോപിപ്പിച്ചു. പൂരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും എതിരാണ് ഈ പ്രഖ്യാപനമെന്ന് പൂര-ഉത്സവ കമ്മിറ്റിക്കാരും വാദിച്ചു. അതേസമയം, പൂരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും എഴുന്നള്ളിക്കുന്ന ആനകളും മനുഷ്യനെപ്പോലെ ജീവനും വികാരങ്ങളുമുള്ള ജീവിയാണെന്ന് ആരും അംഗീകരിക്കുന്നില്ല.
വന്യജീവി സംരക്ഷണ നിയമപ്രകാരം ബന്ധിത ആനകളില്‍ ചങ്ങലയടക്കം പരമാവധി 1000 കിലോ ഭാരമേ പാടുള്ളൂ. എന്നാല്‍, എഴുന്നള്ളിക്കുന്ന ആനകള്‍ ഇതേക്കാള്‍ ഭാരം വഹിക്കുകയാണ്. ചങ്ങലക്ക് മാത്രം ഏതാണ്ട് 500 കിലോ തൂക്കം വരും. കനത്ത പുഷ്പമാലകൊണ്ട് അലങ്കരിച്ച കോലത്തിന് 350 കിലോയോളം വരും.
‘കരിയും കരിമരുന്നും വേണ്ടെന്നു പറഞ്ഞത് ശ്രീനാരായണ ഗുരുവാണ്. ഇന്ന് ഗുരുവാക്യം ഹൈജാക്ക് ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയും ചെയ്യുന്നത്. അതേസമയം, കരിയും (ആന) കരിമരുന്നും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ശ്രീനാരായണീയരുടെ ക്ഷേത്രങ്ങളിലാണ്.  കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രം ശ്രീനാരായണ ക്ഷേത്രമാണല്ളോ. ശ്രീനാരായണീയര്‍ മാത്രമല്ല ആനകളെ ആഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന എല്ലാ സംഘാടകര്‍ക്കും വീണ്ടുവിചാരമുണ്ടാകേണ്ട വിഷയമാണിത്.

Show Full Article
TAGS:fireworks fireworks accident 
Next Story