Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഈസായീ രാഷ്ട്രീയ

ഈസായീ രാഷ്ട്രീയ മഞ്ച് 

text_fields
bookmark_border
ഈസായീ രാഷ്ട്രീയ മഞ്ച് 
cancel

സംഘിനോട് അടുപ്പമുള്ള ക്രിസ്ത്യന്‍ കൂട്ടായ്മ  രൂപവത്കരിക്കാനുള്ള ആര്‍.എസ്.എസിന്‍െറ ശ്രമത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ഫെബ്രുവരി 13ന് ഇന്ത്യയിലെ ക്രൈസ്തവ പുരോഹിതന്മാരും അല്‍മായക്കാരും യോഗംചേരാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത് പത്രപ്രവര്‍ത്തനത്തിന്‍െറ പരിമിതിക്കു പുറത്ത് ആദ്യമായി സംഘ് നേതൃതൃത്വത്തെയും ഭാവിപ്രധാനമന്ത്രി മോദിയെയും കണ്ട സംഭവമാണ്. 
1998ലായിരുന്നു അത്.  ഇന്ത്യന്‍ ക്രൈസ്തവ സമൂഹത്തിന് അസ്വസ്ഥജനകമായ കൊല്ലമായിരുന്നു അത്. ആക്രമണങ്ങള്‍ക്ക് നടുവില്‍പെട്ട കാലം. 1998ല്‍ ക്രിസ്ത്യന്‍ സമൂഹത്തിനുനേരെ രേഖപ്പെടുത്തപ്പെട്ട 24 ആക്രമണങ്ങളുടെ പരമ്പരതന്നെയുണ്ടായി; കൂടുതല്‍ ദുരന്തങ്ങള്‍ കാത്തുനില്‍ക്കുന്നുമുണ്ടായിരുന്നു. ഗുജറാത്തിലെ ഡാന്‍ങ്സ് ജില്ലയില്‍ രണ്ടു ഡസന്‍ ചെറിയ പള്ളികള്‍ നശിപ്പിക്കപ്പെട്ടതും കുഷ്ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ആസ്ട്രേലിയക്കാരന്‍ ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റയിന്‍സിനെയും അദ്ദേഹത്തിന്‍െറ മക്കളായ തിമോത്തിയും ഫിലിപ്പും ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ ദാരാസിങ്ങ് 1999ല്‍ ഒഡിഷയില്‍ ജീവനോടെ ചുട്ടുകൊന്നതുമായ സംഭവങ്ങള്‍ ഈ ആക്രമണപരമ്പരകളില്‍പെടുന്നു. 
അക്കാലത്ത് നാഗ്പൂരിലും ഡല്‍ഹിയിലെ ഝണ്ഡെവാല ഓഫിസിലുമുള്ള ആര്‍.എസ്.എസ് നേതൃത്വം ക്രൈസ്തവ സമൂഹവുമായി ഡയലോഗ് നടത്താന്‍ ആദ്യമായി കൂടിയാലോചിച്ചു തുടങ്ങി. ഈ നീക്കങ്ങളുടെ ഭാഗമായി മോദിയുമായി വളരെ അടുത്തുകാണാന്‍ എനിക്കവസരം ലഭിച്ചു. മുഖ്യമന്ത്രി എന്നനിലയില്‍ അദ്ദേഹം അഹ്മദാബാദില്‍ ആകാശത്തുനിന്ന് ഇറക്കപ്പെടുന്നതിനും മുമ്പായിരുന്നു ഇത്. അന്നത്തെ ആര്‍.എസ്.എസ് തലവന്‍ പരേതനായ സുദര്‍ശനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അക്കാലത്ത് ഇന്ത്യന്‍ കത്തോലിക്കാ സഭയുടെ നേതാവും ഡല്‍ഹി ആര്‍ച്ച് ബിഷപ്പുമായിരുന്ന പരേതനായ അലന്‍ ഡി. പാസ്റ്റിക്കിനാല്‍ അനുഗതരായി ഇരുവരും ന്യൂഡല്‍ഹിയിലെ കത്തോലിക്കാ ബിഷപ് ഹൗസിലത്തെി.

മതാന്തര സംവാദം
കൃത്യമായി രൂപംകൊടുത്ത ഒരു ‘ഒൗപചാരിക സംഭാഷണ’മായിരുന്നില്ല അത്. പല ഇടനിലക്കാരുടെയും പ്രേരണയാല്‍ ആര്‍ച്ച് ബിഷപ് ഇതിന് വഴങ്ങുകയായിരുന്നു. മതാന്തര സംവാദത്തെക്കുറിച്ച് ഗവേഷണപഠനം നടത്തുകയാണെന്ന് അവകാശപ്പെട്ട യു.എസിലെ ഒരു ക്രിസ്ത്യന്‍ പണ്ഡിതന്‍ ആര്‍ച്ച് ബിഷപ്പില്‍ ഇതിനായി സമ്മര്‍ദം ചെലുത്തുകയുണ്ടായി. ഇന്ത്യയിലെ നിരവധി ശങ്കരാചാര്യന്മാര്‍ക്കും മഠങ്ങള്‍ക്കും പകരം അല്ളെങ്കില്‍ വര്‍ഷങ്ങളായി മതാന്തര സംവാദങ്ങളിലൂടെ സഭക്ക് നിരന്തര ബന്ധമുള്ള രാമകൃഷ്ണാശ്രമത്തിനു പകരം എന്തുകൊണ്ടാണ് ആര്‍.എസ്.എസുമായി ഈ സംഭാഷണം ഉറപ്പിച്ചതെന്ന് ആ പണ്ഡിതന്‍ വ്യക്തമാക്കുകയുണ്ടായില്ല. സംഭാഷണം ആര്‍.എസ്.എസ് ഓഫിസിലല്ല, ന്യൂഡല്‍ഹിയിലെ തന്‍െറ ആസ്ഥാനത്തായിരിക്കണമെന്ന്, അല്ളെങ്കില്‍ ‘നിഷ്പക്ഷ’മായ മറ്റെവിടെയെങ്കിലുമായിരിക്കണമെന്ന് ആര്‍ച്ച് ബിഷപ് നിര്‍ബന്ധം പിടിച്ചു. പുരോഹിതന്മാരും സ്ത്രീകളും ഞാനടക്കമുള്ള ചില സാധാരണക്കാരുമുള്‍പ്പെടുന്ന ഒരു പ്രതിനിധിസംഘത്തെ അദ്ദേഹം ഇതിനായി തെരഞ്ഞെടുത്തു.

ആര്‍ച്ച് ബിഷപ് പ്രതീക്ഷിച്ചപോലെ കൂടിക്കാഴ്ച വിഫലമായി കലാശിക്കുകയാണുണ്ടായത്. ആ യോഗത്തില്‍ മോദി വളരെ കുറച്ചുമാത്രമേ സംസാരിച്ചുള്ളൂ. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നതിനെക്കുറിച്ചായിരുന്നു സുദര്‍ശനു പറയാനുണ്ടായിരുന്നത്. അത് സ്വമേധയാ നടക്കുന്നതല്ളെന്നും ചില തട്ടിപ്പുകളിലൂടെ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ ചെയ്യുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ സംസാരത്തിലെ ധ്വനി. സഭ ഉടന്‍ അത് നിര്‍ത്തണമെന്ന് അദ്ദേഹമാവശ്യപ്പെട്ടു. മതപരിവര്‍ത്തനത്തിന്‍െറ മതപരമായ ഊന്നല്‍ മന$പരിവര്‍ത്തനമാണെന്ന് വിശദീകരിക്കാന്‍ ആര്‍ച്ച് ബിഷപ് അലന്‍ ശ്രമിച്ചു. സുദര്‍ശന്‍ അതൊന്നും കേള്‍ക്കുന്നതായി എനിക്കുതോന്നിയില്ല. പടിഞ്ഞാറന്‍ ദുഷ്ടശക്തികളുടെ ഫണ്ടുപയോഗിച്ച് ഹൈന്ദവതക്കും ‘ഭാരതമാതാവി’നുമെതിരെ നടത്തുന്ന യുദ്ധമായാണ് സംഘം മതപരിവര്‍ത്തനത്തെ കാണുന്നത്. ആരും സ്വയം തെരഞ്ഞെടുത്തുകൊണ്ട് മതപരിവര്‍ത്തനം ചെയ്യുന്നില്ളെന്ന് സുദര്‍ശന്‍ പറഞ്ഞു. അങ്ങനെയൊരു സങ്കല്‍പംതന്നെ അദ്ദേഹത്തിനറിഞ്ഞുകൂടാ. ഞങ്ങളുടെ പ്രതിനിധിസംഘത്തില്‍ നാഗ്പുരില്‍നിന്നുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. ആശയവിനിമയ വിദഗ്ധയായ ഒരു സാമൂഹികപ്രവര്‍ത്തക. ക്രിസ്തുമതത്തിലേക്ക് സ്വാഭീഷ്ടപ്രകാരം പരിവര്‍ത്തനംചെയ്ത ഒരു ഹിന്ദു മേല്‍ജാതി വിഭാഗത്തില്‍പെട്ട വ്യക്തിയാണ് താനെന്ന് അവര്‍ സുദര്‍ശനോട് പറഞ്ഞു. ഉത്തരേന്ത്യന്‍ ചര്‍ച്ചിലെ ഉദ്യോഗസ്ഥയായിരുന്നു അവര്‍. ഒരു സ്ത്രീയില്‍നിന്ന് അങ്ങനെയൊരു വിശദീകരണം അദ്ദേഹം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം നിശ്ശബ്ദത പാലിച്ചു. അതോടെ യോഗം അവസാനിക്കുകയും ചെയ്തു. അത് കാര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടാക്കിയില്ല. 

ദേശീയചര്‍ച്ച
ക്രിസ്മസ് കാലത്ത് ദാന്‍ങ്സില്‍ നടന്ന ആക്രമണസംഭവങ്ങള്‍ക്കുശേഷം അന്നത്തെ പ്രധാനമന്ത്രി വാജ്പേയി ആ പ്രദേശത്ത് ഒരു സര്‍വേ നടത്താന്‍ പ്രേരിതനായി. അവിടത്തെ നശീകരണങ്ങള്‍ നേരിട്ടുകണ്ട അദ്ദേഹം ഒരു ദേശീയചര്‍ച്ചക്ക് ആഹ്വാനംചെയ്തു. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച് നടന്ന വര്‍ഗീയാക്രമണത്തെക്കുറിച്ചല്ല, മതപരിവര്‍ത്തനത്തെക്കുറിച്ച്. അന്നുമുതല്‍ സഭാനേതൃത്വവും സംഘുമായി ഏതാനും അടുത്ത കൂടിക്കാഴ്ചകള്‍ പിന്നെയുമുണ്ടായി. 2007ലും 2008ലും ഒഡിഷയിലെ കണ്ഡമാലില്‍ നടന്ന പല കൊലപാതക, തീവെപ്പ്, ബലാത്സംഗ കേസുകളെ തുടര്‍ന്ന് ഭുവനേശ്വറില്‍വെച്ച് നടന്നതായിരുന്നു കൂട്ടത്തില്‍ വിപുലമായ സംഗമം. വര്‍ഗീയാക്രമണത്തില്‍ 120 ആളുകള്‍ കൊല്ലപ്പെടുകയും 56,000 പേര്‍ നാടുപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു. ധാരാളം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും 300ഓളം ചര്‍ച്ചുകള്‍ അഗ്നിക്കിരയാക്കപ്പെടുകയുമുണ്ടായി. മരണസംഖ്യ 1983ലെ നെല്ലി സംഭവത്തിലെപോലെയോ 2002ലെ ഗുജറാത്ത് കലാപത്തിലെപ്പോലെയോ 1984ലെ ഡല്‍ഹിയിലെപ്പോലെയോ ഉയരുകയുണ്ടായില്ളെങ്കിലും മത ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്ക് ഭരണകൂട പരിരക്ഷയുടെ ഘടകമുള്ളതിനാല്‍ കണ്ഡമാല്‍ ഈ ഭീകരസംഭവങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സാമുദായിക സൗഹാര്‍ദം തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് ബോധിപ്പിക്കാന്‍ വിസമ്മതിച്ചുകൊണ്ട് മതപരിവര്‍ത്തന നിരോധം എന്ന ഒരേയൊരു പല്ലവിതന്നെ ആര്‍.എസ്.എസ് ആവര്‍ത്തിച്ചതിനാല്‍ ഭുവനേശ്വര്‍ സംഗമവും പരാജയപ്പെട്ടു. 
കത്തോലിക്കാ സഭക്കും പ്രൊട്ടസ്റ്റന്‍റ് സഭക്കും ഡയലോഗില്‍ താല്‍പര്യമുണ്ട്. കത്തോലിക്കാ അധ്യാപനങ്ങളുടെ ഒരു വിശ്വാസതത്ത്വം തന്നെയാണത്. പല പോപ്പുമാരും നിരന്തര സംവാദത്തിന്‍െറ ആവശ്യകത ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഭീകരതക്കെതിരെ സമാധാന സംഭാഷണത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമാണ് സഭയുടെ സവിശേഷമായ ഊന്നല്‍. തിന്മക്കും ആക്രമണത്തിനും യേശുക്രിസ്തു പഠിപ്പിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമായ മൂല്യങ്ങള്‍ക്കുമുള്ള കീഴടങ്ങലായല്ല സഭ ഡയലോഗിനെ കാണുന്നത്. ജര്‍മനിയില്‍ ഹിറ്റ്ലറുടെ ഭരണകാലത്ത് സഭ കൈക്കൊണ്ട ചില നടപടികളെ സഭയിലുള്ളവരില്‍ പലരും ഇപ്പോഴും സംശയത്തോടെ നോക്കിക്കൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്.
ഒരു ഡയലോഗിനെക്കുറിച്ചുള്ള പ്രതീക്ഷയും  അതിനെതിരെ  ക്രിസ്ത്യന്‍ സമുദായത്തിലൊരു വിഭാഗത്തിന്‍െറ ആസൂത്രിത നീക്കവും ഉണ്ടാകുന്നത്, സിഖ്-മുസ്ലിം വിഭാഗങ്ങളുടെ അതേരീതിയില്‍ ഒരു ഈസായീ രാഷ്ട്രീയ മഞ്ച് രൂപവത്കരിക്കാനുള്ള നിര്‍ദേശം ആര്‍.എസ്.എസിനു മുന്നിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് (മറ്റു സംഘടനകള്‍ വിരലിലെണ്ണാവുന്ന ഏതാനും ന്യൂനപക്ഷ പ്രതിനിധികളുടെ തെരഞ്ഞെടുപ്പുകാലത്ത് മാത്രം പ്രദര്‍ശനത്തില്‍ വെക്കുന്ന കടലാസ് സംഘടനകള്‍മാത്രമാണെന്നത് അത്ര കാര്യമാക്കേണ്ട). ഒഡിഷയിലെ സാമുദായിക കലാപം ആളിക്കത്തിച്ച ആളെന്ന് ആരോപിക്കപ്പെടുന്ന, ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം ഇന്ദ്രേഷ്കുമാറിന്‍െറ നിര്‍ദേശാനുസരണമുള്ള ‘ഈസായീ രാഷ്ട്രീയ മഞ്ച്’ കൊണ്ട് സംഘം ഉദ്ദേശിക്കുന്നത് ഉഭയ സമുദായങ്ങള്‍ക്കുമിടയില്‍ സൗഹൃദം കെട്ടിപ്പടുക്കുകയാണ്.

ഉറപ്പില്ലാത്ത ചട്ടക്കൂട്
ഇത്തരമൊരു ഡയലോഗിന്‍െറ പരിശോധനാ വിഷയം (ടേംസ് ഓഫ് റഫറന്‍സ്) എന്താണെന്നതിനെക്കുറിച്ച് ആര്‍ക്കുമൊരു തിട്ടവുമില്ല. അത്തരമൊരു സംവാദത്തില്‍ ക്രൈസ്തവ സമൂഹത്തിന് നേടിയെടുക്കാനുള്ളത് എന്താണ്? തങ്ങളെ വെറുതെവിടണമെന്നാണോ ക്രൈസ്തവ മതനേതൃത്വത്തിന്‍െറ ആഗ്രഹം? അതല്ല, ഞങ്ങള്‍ ‘നല്ല ക്രിസ്ത്യാനികളാണ്’ എന്നതിന് ആര്‍.എസ്.എസില്‍നിന്ന് സാക്ഷ്യപത്രം നേടിയെടുക്കലോ? യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രേഷിതവേലകളടക്കം സ്വന്തം പ്രവര്‍ത്തനങ്ങള്‍ അവരുപേക്ഷിക്കുമോ? തങ്ങളും തങ്ങളുടെ ചടങ്ങുകളും അടച്ചിട്ട വാതിലുകള്‍ക്കുള്ളില്‍ ഒതുക്കിക്കൂട്ടാന്‍  അവര്‍ തയാറാകുമോ? ഇന്ത്യയിലെ തങ്ങളുടെ സ്കൂളും കോളജുകളും ആശുപത്രികളും കേവലം സാമൂഹികപ്രവര്‍ത്തനങ്ങള്‍, അല്ളെങ്കില്‍ വ്യാപാരസ്ഥാപനങ്ങള്‍ മാത്രമാണെന്നും ദലിതര്‍, പവപ്പെട്ടവര്‍, ഗോത്രവര്‍ഗക്കാര്‍ തുടങ്ങിയ പാര്‍ശ്വവത്കൃതരിലേക്ക് അവയെ എത്തിക്കുകയില്ല എന്നും അവര്‍ ഉറപ്പുനല്‍കുമോ?
നൂറ്റാണ്ടുകളായി ഈ മാതൃഭൂമിയില്‍ നിവസിച്ചുവരുന്ന മതന്യൂനപക്ഷങ്ങളെ തങ്ങള്‍ എങ്ങനെയാണ് കാണുന്നത് എന്നതിനെ സംബന്ധിച്ച് ഒരുപക്ഷേ, ആര്‍.എസ്.എസിനകത്തും സംവാദങ്ങള്‍ നടക്കേണ്ടതുണ്ട്. ആര്‍.എസ്.എസ് പരമോന്നത നേതാവായ മോഹന്‍ ഭാഗവതും ഇന്ദ്രേഷ്കുമാറും -മതന്യൂനപക്ഷങ്ങള്‍ക്കായുള്ള സംഘിന്‍െറ പ്രധാന വ്യക്തിത്വങ്ങള്‍- സിഖുകാര്‍ക്കും മുസ്ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും വെവ്വേറെ മഞ്ചുകളെ ഇറക്കുന്നതില്‍ വൈരുധ്യം കാണുമോ? തങ്ങളുടെതന്നെ സ്ഥാപകനേതാക്കളായ വീര്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും രേഖകള്‍ അവര്‍ വായിച്ചിട്ടുണ്ടാകുമോ? ഇവയെ, അല്ളെങ്കില്‍ പാര്‍ലമെന്‍റ് മെംബര്‍മാരടക്കമുള്ള തങ്ങളുടെ ഉന്നത നേതാക്കളുടെ അടുത്തിടെ പുറത്തിറങ്ങിയ പ്രസ്താവനകളെ ഇവര്‍ തള്ളിപ്പറയുമോ? 
ഭാഗവത് സ്വന്തം വാക്കുകള്‍ അനുസ്മരിക്കേണ്ടിയിരിക്കുന്നു: ‘ചില പ്രലോഭനങ്ങളാലാണ് അവര്‍ മറ്റൊരു മതത്തിലേക്ക് പോയത്. അതിനാല്‍ അവരെ യഥാര്‍ഥ ഇടത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ തെറ്റൊന്നുമില്ല. നമ്മുടെ വിലപിടിച്ച വസ്തുക്കള്‍ കക്കുന്ന ഒരു കള്ളനെപ്പോലെയാണത്. കള്ളന്‍ പിടികൂടപ്പെടുമ്പോള്‍ നമ്മുടെ വിലപിടിച്ച സാധനങ്ങള്‍ തിരിച്ചുകിട്ടുന്നു. അവ നമ്മുടേതാണ്’. കൊല്‍ക്കത്തയിലെ തെരേസയെക്കുറിച്ചു ഭാഗവത് പറഞ്ഞു: അഗതികള്‍ക്കുവേണ്ടിയുള്ള അവരുടെ സേവനം അവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനംചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു... മഹത്തായ ഒരു ലക്ഷ്യം അങ്ങനെ വിലകെട്ടു’. 
ഇന്ദ്രേഷ്കുമാറും പ്രസംഗത്തിലും എഴുത്തിലും തുല്യരീതിയില്‍ തുറന്നടിക്കുന്ന ആള്‍ തന്നെ. പോപ് ബെനഡിക്ട് 16ാമന് എഴുതിയ തുറന്ന കത്തില്‍ അദ്ദേഹം പറയുന്നു:
‘സേവനത്തിന്‍െറയും ആരോഗ്യത്തിന്‍െറയും വിദ്യാഭ്യാസത്തിന്‍െറയും സഹകരണത്തിന്‍െറയും മറവിലുള്ള സേവനം സേവനത്തത്തെന്നെ വിലയിടിക്കുന്നതും അപമാനിക്കുന്നതുമാണ്. മനുഷ്യത്വത്തിനെതിരെയുള്ള ഒരു കുറ്റകൃത്യമാണത്. നിങ്ങളുടെ സേവനങ്ങള്‍ സ്വയംതന്നെ സ്വാര്‍ഥപ്രചോദിതവും വികസനമോഹമുള്ളതും അസഹിഷ്ണവുമാണെന്നാണു അത് തെളിയിക്കുന്നത്. 

തുടരുന്ന ആക്രമണങ്ങള്‍
പാസ്റ്റര്‍മാരെ കഴുതപ്പുറത്തിരുത്തി തെരുവ് ചുറ്റിച്ചുകൊണ്ട് അപമാനിക്കലും ഉത്തര-മധ്യേന്ത്യയിലെ ഘര്‍ വാപസി കേസുകളും ചര്‍ച്ചിനെതിരെയുള്ള പതിവായ ആക്രമണങ്ങളും - കൊല്ലംതോറും ശരാശരി 250 ആക്രമണ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് -ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്‍െറ സഹായത്തോടെ ‘രാഷ്ട്രീയ’ ഈസായീ മഞ്ച് രൂപവത്കരിക്കാനുള്ള നിര്‍ദേശത്തിന് തിരിച്ചടിയായിരിക്കുകയാണ്. ക്രിസ്ത്യാനികള്‍, അല്ളെങ്കില്‍ മറ്റേതെങ്കിലും സമുദായം ഇന്ത്യയില്‍ ഇതരവിഭാഗങ്ങളുമായി ഒരു ഉഭയകക്ഷി ഉടമ്പടി ചെയ്യേണ്ടതുണ്ടോ? രാജ്യത്തിന്‍െറ ഏകതക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ നിര്‍ദേശം. എല്ലാ സമുദായങ്ങള്‍ക്കും ഇവിടെ ഒന്നിച്ചുജീവിക്കേണ്ടതുണ്ട്. ഭരണഘടനയോടും നിയമവാഴ്ചയോടും പൊതുവായി കൂറുപുലര്‍ത്തുമെന്ന് അവര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോഴേ ഇത് സംഭവിക്കുകയുള്ളൂ. രണ്ടോ കൂടുതലോ സമുദായങ്ങള്‍ മൂന്നാമതൊരു സമുദായത്തിനെതിരെ കൂട്ടായ്മചേരുന്ന ഒരു സ്ഥിതിവിശേഷത്തെക്കുറിച്ച് നാം പേടിക്കേണ്ടതുണ്ട്.

സംവാദം നല്ലതുതന്നെ. ഇതര ആത്മീയ പാരമ്പര്യങ്ങളോടു നാം സംവാദം നടത്തേണ്ടതുണ്ട്. വിവിധ ക്രിസ്ത്യന്‍ ധാരകളുമായും സംവാദം ആവശ്യമാണ്. കത്തോലിക്കാ സഭയിലെ വ്യത്യസ്ത അല്‍മായക്കാര്‍ക്കിടയിലും മതപുരോഹിതന്മാര്‍ക്കിടയിലും ആരോഗ്യകരമായ സംവാദം നടക്കണം. ആരോഗ്യമുള്ളൊരു ചര്‍ച്ചിന് ഇതാവശ്യമാണ്. അതിനാല്‍, അനിവാര്യമായ ഈ ഡയലോഗ് നമുക്ക് ആരംഭിക്കാം. ആര്‍.എസ്.എസ് ഇന്ത്യയെയും അതിന്‍െറ ഭരണഘടനെയുംകുറിച്ച് കൂടുതല്‍ പഠിക്കട്ടെ. 
(കടപ്പാട്: സ്ക്രോള്‍)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssrashtriya swayamsevak sanghrashtriya manch
Next Story