ലോക മുസ്ലിംകളുടെ ആഗോളശബ്ദമാണ് ഒ.ഐ.സി അഥവാ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്‍. ഒ.ഐസിയുടെ 13ാം ഉച്ചകോടിക്ക് ആതിഥ്യമരുളുന്നതില്‍ തുര്‍ക്കിക്ക് അകൈതവമായ സന്തോഷമാണുള്ളത്. നിര്‍ണായകമായ നിരവധി ഉന്നതതല സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിലും ശ്രദ്ധേയമായ തീരുമാനങ്ങള്‍ കൈക്കൊണ്ട് അവ നടപ്പാക്കുന്നതിലും 1969ല്‍ രൂപംകൊണ്ട ഒ.ഐ.സി വിജയിക്കുകയുണ്ടായി.
മുസ്ലിംസമൂഹം ആപല്‍ക്കരമായ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ഒ.ഐ.സി ഇസ്തംബൂളില്‍ ഉച്ചകോടി വിളിച്ചുചേര്‍ത്തിരിക്കുന്നത്. സിറിയ, ലിബിയ, ഇറാഖ്, ഫലസ്തീന്‍, മധ്യആഫ്രിക്ക എന്നിവിടങ്ങളിലെ പൗരന്മാര്‍ ആഭ്യന്തര ശൈഥില്യങ്ങള്‍ നിമിത്തം നിരന്തരം പലായനം ചെയ്തുകൊണ്ടിരിക്കുന്നു. ഈ അഭയാര്‍ഥിപ്രവാഹത്തിന് ഉചിതമായ പരിഹാരം കണ്ടത്തെുന്നതിനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും വിജയിച്ചുവെന്ന് അവകാശപ്പെടാനാവില്ല. ചില പരാജിത രാഷ്ട്രങ്ങളും ദുര്‍ബല ഭരണകൂടങ്ങളും ജനജീവിതം ദുസ്സഹമാക്കുകയും സാമൂഹികപ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരം വെല്ലുവിളികളെ ധീരമായി അഭിമുഖീകരിക്കുക, ദുരിതബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക, സമാധാനവും നീതിയും ഉറപ്പുവരുത്താനുള്ള യത്നങ്ങള്‍ ഊര്‍ജിതപ്പെടുത്തുക തുടങ്ങിയവയാണ് ഒ.ഐ.സിയുടെയും മുസ്ലിം നേതാക്കളുടെയും കര്‍ത്തവ്യം.
മുസ്ലിംലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണിയായി ഭീകരത ശക്തിപ്രാപിച്ചിരിക്കുകയാണ്. ഐ.എസ്, അല്‍ഖാഇദ തുടങ്ങിയ ശക്തികള്‍ അഴിച്ചുവിടുന്ന കിരാതപ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യരാജ്യങ്ങളില്‍ ഇസ്ലാം ഭീതിക്കും നിമിത്തമായിരിക്കുന്നു. മുസ്ലിംകളെ അപരന്മാരായിക്കണ്ട് വിവേചനങ്ങള്‍ക്ക് ഇരയാക്കാനുള്ള കാരണങ്ങളിലൊന്നായി ഭീകരത മാറിക്കഴിഞ്ഞു. ഇസ്ലാമിനെ ഭീകരതയുമായി തെറ്റായി ബന്ധിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര സമൂഹം മറ്റു ഭീകരതകള്‍ക്ക് നരഹത്യകള്‍ തുടരാന്‍ പരോക്ഷമായ അനുമതിപത്രം നല്‍കിയിരിക്കുന്നു. തുര്‍ക്കിയും അമേരിക്കയും ഭീകരസംഘടനയായി പ്രഖ്യാപിച്ച പി.കെ.കെ എന്ന കുര്‍ദ് സംഘടന നടത്തുന്ന ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലപാടാണ് നിര്‍ഭാഗ്യവശാല്‍ പല രാഷ്ട്രങ്ങളും കൈക്കൊണ്ടിട്ടുള്ളത്. ഐ.എസിനെ ആക്രമിക്കുന്നു എന്ന വ്യാജേന സിവിലിയന്‍ ഹത്യ തുടരുകയാണ് പി.കെ.കെ.
വിഭാഗീയതയാണ് മുസ്ലിംലോകം അഭിമുഖീകരിക്കുന്ന മറ്റൊരു ഭീഷണി. ശിയ-സുന്നി വൈരം മൂര്‍ച്ഛിപ്പിക്കുന്നതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ദുഷ്ടലാക്ക് അപലപനീയമാണ്. ഭീകരതയെ വളം നല്‍കി പോഷിപ്പിക്കുന്ന പ്രവര്‍ത്തനമാണിത്. യുവജനങ്ങള്‍ക്കിടയിലുള്ള അമര്‍ഷം ദുരുപയോഗം ചെയ്ത് സംഘര്‍ഷം ആളിക്കത്തിക്കുന്ന രീതി അവസാനിപ്പിച്ചേ മതിയാവൂ. അതേസമയം, അടിച്ചമര്‍ത്തലിനെതിരെ മര്‍ദ്ദിത പക്ഷത്ത് നിലയുറപ്പിക്കാന്‍ നാം തയാറാകണം. പ്രതിസന്ധികള്‍ തരണംചെയ്യുന്നതിന് മുസ്ലിംരാഷ്ട്രങ്ങളുടെ സഹകരണം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒ.ഐ.സി അധ്യക്ഷപദവിയിലിരുന്ന് ഊര്‍ജിതപ്പെടുത്താന്‍ തുര്‍ക്കി ആഗ്രഹിക്കുന്നു.
പ്രശ്നപരിഹാര ശ്രമങ്ങള്‍ ഒ.ഐ.സി അംഗങ്ങളില്‍ മാത്രം പരിമിതപ്പെടാന്‍ ഇടയാകരുത്. ലോകത്തെ എല്ലാ സഹോദരന്മാരുമായും സഹകരിച്ചുകൊണ്ടാകണം നമ്മുടെ നീക്കങ്ങള്‍. മുസ്ലിം യുവജനങ്ങളെ ശാക്തീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 11ന് ഇസ്തംബൂളില്‍ ‘ഒ.ഐ.സി യങ്ലീഡേഴ്സ് സമ്മേളനം’ സംഘടിപ്പിച്ചത് നിര്‍ണായക ചുവടുവെപ്പായിരുന്നു. സമൂഹത്തില്‍ സ്ത്രീകളുടെ പദവിയും പ്രസക്തിയും സംരക്ഷിക്കപ്പെടാനുള്ള ശ്രമങ്ങളും നാം ഊര്‍ജിതപ്പെടുത്തേണ്ടിയിരിക്കുന്നു. വെല്ലുവിളികളും ഭീഷണികളും നിറഞ്ഞ നിര്‍ണായക ഘട്ടത്തിലാണ് ഇസ്തംബൂളില്‍ ഒ.ഐ.സി ഉച്ചകോടി സമ്മേളിച്ചിരിക്കുന്നത്. എന്നാല്‍, ഒരുമയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന ആത്മാര്‍ഥ യത്നങ്ങളിലൂടെ ഏതു വെല്ലുവിളികളെയും അതിജീവിക്കാന്‍ നമുക്ക് സാധിക്കും.
കടപ്പാട്: ഡെയ് ലി സബാഹ്