Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇന്ന് വിഷു...

ഇന്ന് വിഷു ഒന്നാന്തിയ്യതിയല്ലേ, ഹഹഹഹ!

text_fields
bookmark_border
ഇന്ന് വിഷു ഒന്നാന്തിയ്യതിയല്ലേ, ഹഹഹഹ!
cancel

മനുഷ്യരെ തീ അക്ഷരാര്‍ഥത്തില്‍ കൂട്ടത്തോടെ തിന്നുന്ന ഇങ്ങനെ ഒരു അനുഭവം വീണ്ടുമൊരിക്കല്‍ ഇവിടെ എന്നല്ല എവിടെയും ഉണ്ടാകാതിരിക്കട്ടെ എന്ന പ്രാര്‍ഥനയാണ് ഈയാണ്ടത്തെ വിഷു ആശംസ. എവിടെയോ ഏതോ മരുഭൂമികളില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കാശ് സംഭാവനയായി നാട്ടിലേക്ക് അയച്ച് അത് വെടിമരുന്നായി സ്വന്തക്കാരുള്‍പ്പെടെയുള്ളവരുടെ തലയില്‍ ഇടിത്തീയായി വീഴുക എന്ന ദുരന്തം ഇതോടെ അവസാനിക്കട്ടെ.  തീയും പുകയും പൊട്ടിത്തെറിയും ചോരയും ജീവനാശവും ആഗ്രഹിക്കുന്ന ഏതെങ്കിലും ദൈവം ഉണ്ടെങ്കില്‍ യഥേഷ്ടം കോപിച്ചുകൊള്ളട്ടെ.

ചുട്ടുപൊള്ളുകയാണ് നാട്. കാടായ കാടൊക്കെ ഇല്ലാതായതിന്‍െറകൂടി ഫലം. കൃഷിയുടെ ഉദ്ഘാടന മഹോത്സവമാണ് വിഷു. ഇല്ലാത്ത കൃഷി എങ്ങനെ ഉദ്ഘാടനം ചെയ്യാന്‍? ഇവിടെ എന്‍െറ ചുറ്റുവട്ടത്ത് ആറായിരം ഹെക്ടര്‍ നെല്‍വയലില്‍ കൃഷി ഉണ്ടായിരുന്നു. ഇന്ന് അരേക്കറില്‍പോലും ഇല്ല! കൃഷി അത്രയും വികസിച്ചുകഴിഞ്ഞു! മലപ്പുറം ജില്ലയുടെ മിക്ക ഭാഗങ്ങളും കുടിവെള്ളമില്ലാതെ തൊണ്ടവരണ്ട് കേഴുന്നു.  പാതി ജില്ലയിലും കുടിവെള്ളം എത്തിക്കാന്‍ നൂറ്റമ്പതു കോടിയിലേറെ ചെലവാക്കി ഉണ്ടാക്കിയ സംവിധാനം കഴിഞ്ഞ അഞ്ചുവര്‍ഷമായി ചോര്‍ച്ച വീണ് ഉപയോഗശൂന്യമായി കിടക്കുന്നു. നിര്‍മിച്ച് ഒരുദിവസംപോലും ഉപയോഗിക്കാനാവാത്ത ഒരു ജലസേചന പദ്ധതിയും ലോകത്തെങ്ങും വേറെ ഇല്ലാത്തതിനാല്‍ ഇത് ഗിന്നസ്ബുക്കില്‍ സ്ഥലംപിടിക്കുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. അത്രയെങ്കിലുമായല്ലോ!
വിഷുവിന് വിഷമില്ലാത്ത പച്ചക്കറി എന്നൊക്കെ പലേടത്തും പുതിയ ബോര്‍ഡുകള്‍ കാണാനുണ്ടെന്നാലും അവരില്‍ മിക്കവരും തമിഴ്നാട്ടിലെ വിഷക്കറിതന്നെയാണ് വില്‍ക്കാന്‍ കൊണ്ടുവരുന്നതെന്ന് ജനം പറയുന്നു. ഇതൊന്നും നോക്കാന്‍ ഇപ്പോള്‍ ആരുമില്ല. എല്ലാരും പറയുന്നത് പെരുമാറ്റച്ചട്ടം തടസ്സമാണെന്നാണ്. പെരുമാറ്റദോഷമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ.
കഴിഞ്ഞ വിഷുവിന് തലച്ചക്രം കത്തിച്ചത് മൂന്നു തിരിയും മുമ്പ് പൊട്ടിയപ്പോള്‍ ഭാഗ്യംകൊണ്ടാണ് പേരക്കുട്ടികള്‍ രക്ഷപ്പെട്ടത്. അതിനാല്‍ ഈയാണ്ടില്‍ ആ വക തിരിമറി വേണ്ട എന്ന് നിശ്ചയിച്ചിരിക്കയാണ്. കൈയിലിരിക്കുന്ന കാശുകൊടുത്ത്  കടിക്കുന്ന പട്ടിയെ വാങ്ങരുത് എന്ന്, പഠിപ്പില്ലാത്തവരെന്നാലും പണ്ടത്തെ കാരണവന്മാര്‍ പറഞ്ഞിട്ടുണ്ടല്ലോ?
വിഷുക്കൈനേട്ടം കൊടുക്കാന്‍ ചില്ലറ എങ്ങുമില്ല. നോട്ടു കൊടുക്കുന്നതല്ല പഴയ പതിവ്. ഇനി അഥവാ ചില്ലറ സമ്പാദിച്ചാലും പിച്ചക്കാര്‍ക്കുപോലും അതു വേണ്ട, അത്രയും അമൂല്യം! കൊന്ന ആരും തൊടിയില്‍ നിര്‍ത്താറില്ല. കാരണം അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. വല്ളേടത്തും അപൂര്‍വമായി നില്‍ക്കുന്ന കൊന്നയായ കൊന്നയൊക്കെ നേരത്തേ പൂത്തു കൊഴിഞ്ഞുംപോയി. പിന്നെയുള്ളത് ചൈനയില്‍ നിര്‍മിച്ച വാടാക്കൊന്നയാണ്. ഈടുള്ള ജാതി, കൊഴിയില്ല, കഴുകിവെച്ചാല്‍ അടുത്ത വിഷുവിനും മതി! മധുരമനോഹരമനോജ്ഞ ചൈന!
വരുംവര്‍ഷം ധാരാളം മഴ കിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം. അവര്‍ വല്ലതും പറഞ്ഞാല്‍ മറിച്ചേ സംഭവിക്കാറുള്ളൂ എന്നതിനാല്‍ ആശങ്കയുണ്ടെന്നാലും നല്ലതു വരുമെന്നു പറയാന്‍ ആളുണ്ടാകുന്നത് നല്ലതല്ളേ? പെയ്യാനും പെയ്യാതിരിക്കാനുമുള്ള സാധ്യത പറയുന്നവര്‍ക്കു നന്ദി.
പിന്നെയുള്ളത് തെരഞ്ഞെടുപ്പാണ്. എല്ലാ സ്ഥാനാര്‍ഥികളും ജയിച്ചതായി ഇപ്പോഴേ പ്രഖ്യാപിച്ചാല്‍ ഒരുപാട് കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാം എന്നുതോന്നുന്നു. അസംബ്ളിയില്‍ കുറെ സീറ്റുകള്‍ കൂടി ഇട്ടാല്‍ മതിയല്ളോ. ഓരോ മുന്നണിക്കും മുഴുവന്‍ സീറ്റുകളും കൊടുക്കുക. ഓരോന്നില്‍നിന്നും ഓരോ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക, ഓരോ മന്ത്രിസഭയും ഉണ്ടാക്കുക, മൂവരും ഒരേസമയം ഭരിക്കുക. ഓരോ മുന്നണിയിലുമെന്നല്ല ഓരോ കക്ഷിയിലും ഇപ്പോഴേ മൂന്നിലേറെ ഗ്രൂപ്പുകളുള്ളതിനാല്‍ ഇന്നുള്ളതിലേറെ ഭരണസ്തംഭനമൊന്നും ഏതായാലും വരാനില്ല! മന്ത്രിമാരുള്‍പ്പെടെ ആര്‍ക്കും ശമ്പളമോ അലവന്‍സോ പേഴ്സനല്‍ സ്റ്റാഫിനെയോ കൊടുക്കേണ്ടതില്ല എന്നും എല്ലാരും പുറംവരായ്കകൊണ്ടു ജീവിക്കണമെന്നും നിശ്ചയിക്കുക. അരമനയില്‍ അരക്കാശ് ശമ്പളം എന്ന പ്രമാണം ഉദ്ധരിക്കുക.
അസംബ്ളിയിലെ കാമറകള്‍ സ്ഥിരമായി എല്ലാ ചാനലുകളുമായും ഫീസ് വാങ്ങി ബന്ധിപ്പിക്കുക, ആ തുക ഖജനാവില്‍ നിറയട്ടെ, കേരള നിയമസഭ എന്ന പേരുമാറ്റി സ്ഥിരം നാടകവേദി എന്നാക്കുക.
വിഷുത്തലേന്നാള്‍ ഇത്തരം രസികന്‍ ചിന്തകളാണ് വരുന്നത്. നടപ്പില്ളെന്നറിയാം. എങ്കിലും ചിന്തിക്കുന്നതിന് നികുതി ഇല്ലാത്ത സ്ഥിതിക്ക് ഏവര്‍ക്കും ഇതിലേറെ രസകരങ്ങളായ ചിന്തകള്‍ ആശംസിക്കുന്നു. ഒന്നാന്തിയ്യതിയല്ളേ, ഒന്നു നന്നായി ചിരിക്കുക. ഹഹഹഹ!

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vishu
Next Story