Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭീരുക്കളുടെ യുദ്ധം

ഭീരുക്കളുടെ യുദ്ധം

text_fields
bookmark_border
ഭീരുക്കളുടെ യുദ്ധം
cancel

സാങ്കേതികജ്ഞാനം യുദ്ധരംഗം മാറ്റിമറിച്ചിരിക്കുന്നു. നേര്‍ക്കുനേരെ പ്രതിയോഗിയെ കൊലപ്പെടുത്തുന്നത് ഏറെ മന$സ്താപമുണ്ടാക്കുന്ന കാര്യമാണെന്നു സമ്മതിക്കാതെ വയ്യ. യുദ്ധരംഗത്തുനിന്ന് വിരമിക്കുന്ന പട്ടാളക്കാരുടെ മന$ക്ളേശവും ചിത്തഭ്രമവും വന്‍ശക്തികള്‍ക്ക് തലവേദനയായിരിക്കുകയാണ്. ഇവരുടെ ശിഷ്ടജീവിതം മനോരോഗചികിത്സകള്‍ക്കായി ഉഴിഞ്ഞുവെക്കാനാണവര്‍ വിധിക്കപ്പെട്ടിരിക്കുന്നത്. ഇത് മറികടക്കാനാണ് അമേരിക്ക ആളില്ലാ വിമാനങ്ങളായ ഡ്രോണുകള്‍ ഉപയോഗിച്ചുതുടങ്ങിയത്. വൈമാനികരില്ലാത്ത വിമാനങ്ങള്‍ (Unarmed Aerial Vehicle-UAV) രംഗം കൈയടക്കിയിരിക്കുന്നു. ഇപ്പോള്‍ അഫ്ഗാനിസ്താനിലും ഇറാഖിലും സിറിയയിലും യമനിലുമെല്ലാം അമേരിക്ക ആക്രമണം നടത്തുന്നത് ഡ്രോണുകള്‍ ഉപയോഗിച്ചാണ്.

2002ല്‍ അമേരിക്കയുടെ വശം 167 ഡ്രോണുകളാണത്രെ ഉണ്ടായിരുന്നത്. എന്നാല്‍, ഇവയുടെ എണ്ണം ഇപ്പോള്‍ 2000ത്തില്‍ കൂടുതലാണെന്നറിയുന്നു. സിറിയ, പാകിസ്താന്‍, ഇറാഖ്, യമന്‍, സോമാലിയ എന്നീ രാഷ്ട്രങ്ങളെല്ലാം ഡ്രോണിന്‍െറ കരുത്തനുഭവിച്ചറിഞ്ഞിരിക്കുന്നു. 2014 ആഗസ്റ്റിനും 2015 ആഗസ്റ്റിനും ഇടയിലെ ഒരു വര്‍ഷത്തില്‍ അമേരിക്കയുടെ ‘ഇരപിടിയന്‍ വിമാനവ്യൂഹം’ (Predator Fleet) 4300 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടത്രെ!

‘കണ്ണില്‍ പെടാത്തത് മനസ്സില്‍ പതിയില്ല’ (Out of sight is out of mind) എന്ന സങ്കല്‍പനം ആക്രമണം നടത്താന്‍ പ്രചോദനമാകുമെന്നാണ് അമേരിക്കന്‍ സൈനികവിദഗ്ധര്‍ കരുതിയത്. എന്നാല്‍, വസ്തുതകള്‍ ഇതു നിരാകരിക്കുന്നു. മന$ശാസ്ത്രജ്ഞന്‍ കൂടിയായ ലെഫ്. കേണല്‍ ഡാവ് ഗ്രോസ്മാന്‍ ഇതുസംബന്ധമായി ഗവേഷണം നടത്തിയിട്ടുണ്ട്. പ്രതിയോഗിയാണെങ്കിലും, തന്നെപ്പോലൊരു ഭടന്‍ രക്തത്തില്‍ കുളിച്ചു മരിച്ചുവീഴുന്ന രംഗം സിരകളില്‍ സംഘര്‍ഷമുളവാക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

അഫ്ഗാനിസ്താനിലെ കാന്തഹാറില്‍ ഡ്രോണുകളുപയോഗിച്ച് ബോംബ് വര്‍ഷിക്കാനുള്ള ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടത് സ്കോട്ട് സ്വാന്‍സന്‍ എന്ന വൈമാനികനായിരുന്നു. സി.ഐ.എ ആസ്ഥാനത്തിരുന്ന് ടെലിസ്കോപ്പിലൂടെ രംഗനിരീക്ഷണം നടത്തിയാണ് സ്വാന്‍സണ്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. അങ്ങനെ ബോംബുകള്‍ വര്‍ഷിക്കപ്പെട്ടു. അതില്‍ ആള്‍ക്കൂട്ടം വെന്തുവെണ്ണീരായി. എന്നാല്‍, പിന്നീടാണറിയുന്നത് ലക്ഷ്യം പിഴച്ചെന്ന് -മരിച്ചുവീണവരത്രയും സിവിലിയന്മാരായിരുന്നു.

സ്വാന്‍സണ്‍ പിന്നീടെഴുതി: ആളില്ലാ വിമാനത്തെ ആദ്യമായി നിയന്ത്രിച്ചവരില്‍ ഒരാളെന്ന നിലക്ക് സതീര്‍ഥ്യരുടെ നിന്ദ്യമായ പരാമര്‍ശങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ലജ്ജകൊണ്ട് പരുങ്ങാറുണ്ട്. വിമാന എന്‍ജിന്‍െറ മുഴക്കമോ ശബ്ദമോ ചലനമോ നേരിട്ടനുഭവിക്കാതത്തെന്നെ യുദ്ധത്തില്‍ പങ്കാളിയാകുന്ന ഒരു വൈമാനികനാണ് ഡ്രോണ്‍ പൈലറ്റ്. മുന്നില്‍ ഒരു ടെലിസ്കോപ്പും ഏതാനും ടി.വി സ്ക്രീനുകളുമായി സൈനിക ആസ്ഥാനത്തിരുന്ന് രംഗനിരീക്ഷണം നടത്തി വിമാനങ്ങളെ നിയന്ത്രിക്കുന്നവനെ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് അസൂയയുണ്ടായെന്നുവരാം. എന്നാല്‍, ബോംബുകള്‍ വര്‍ഷിക്കപ്പെടുകയും മരണരംഗം മുന്നിലുള്ള സ്ക്രീനില്‍ തെളിയുകയും ചെയ്യുന്നതോടെ മനസ്സ് വിറങ്ങലിക്കുന്നു; തീവ്രമായ വേദനയാല്‍ പുളയുന്നു. ശേഷം, ആക്രമണം ലക്ഷ്യം പിഴച്ചതായിരുന്നുവെന്ന് അറിയുമ്പോഴുള്ള മന$ക്ഷോഭം ഒന്നാലോചിച്ചുനോക്കൂ! ഇതാണ് കാന്തഹാറില്‍ സംഭവിച്ചത്. അതുകൊണ്ടാണ് അമേരിക്കന്‍ സൈനികവൃത്തങ്ങളില്‍ ഡ്രോണാക്രമണം ‘ഭീരുക്കളുടെ യുദ്ധം’ എന്നു വിളിക്കപ്പെടുന്നത്.

സി.ഐ.എയുടെ ആളില്ലാ വിമാനം ആദ്യമായി പറന്നുയര്‍ന്നത് ഉസാമ ബിന്‍ലാദിനെ ലക്ഷ്യംവെച്ചായിരുന്നു. അഫ്ഗാനിസ്താനിലെ പക്തിയ പ്രവിശ്യയിലെ കെട്ടിടത്തില്‍ ബിന്‍ലാദിനെ കണ്ടതായി സി.ഐ.എ റിപ്പോര്‍ട്ട് ചെയ്തു. ആ കെട്ടിടത്തിനു നേരെയാണ് മിസൈലുകള്‍ തൊടുത്തത്. എന്നാല്‍, നിഗമനങ്ങള്‍ തെറ്റായിരുന്നു. ‘ന്യൂയോര്‍ക് ടൈംസി’ന്‍െറ ജോണ്‍ ബേണ്‍സ് ഇതിനെക്കുറിച്ചന്വേഷണം നടത്തി. ദാരുണമായി കൊലചെയ്യപ്പെട്ടത് ദറാസ്ഖാന്‍ എന്ന പാവപ്പെട്ട ഒരു അഫ്ഗാനിയായിരുന്നു. അദ്ദേഹത്തിന് കാഴ്ചയില്‍ ബിന്‍ലാദിനുമായി സാദൃശ്യമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ഡൊണാള്‍ഡ് റംസ്ഫെല്‍ഡിനോട് മാധ്യമങ്ങള്‍ ചോദിക്കുകയുണ്ടായി. ‘അതേ, ഒരു ‘നരകാഗ്നി’ മിസൈല്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ചെയ്തു’ -വളരെ ലാഘവത്തോടെയുള്ള ആ മറുപടി ആരെയും അദ്ഭുതപ്പെടുത്തിയില്ല. ലക്ഷ്യസ്ഥാനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ഡ്രോണ്‍ ആക്രമണങ്ങള്‍ അരങ്ങേറുന്നത്. ഇതിനിരയാകുന്നതാകട്ടെ, സാധാരണ ജനങ്ങളും. അവര്‍ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുകയോ മൃതദേഹത്തെ അനുഗമിക്കുകയോ ചെയ്യുന്നവരാകാം.

ബൈബിളിലെ പഴയനിയമത്തില്‍ ശേബാ രാജ്ഞിയുടെ നാടായറിയപ്പെടുന്ന യമനില്‍ കുന്നിന്‍ചെരിവുകളില്‍ ആളുകള്‍ കൃഷിചെയ്തു ജീവിക്കുന്ന കാര്യം സാമാന്യബുദ്ധികള്‍ക്കൊക്കെ അറിയുന്ന കാര്യമാണ്. ഡ്രോണുകള്‍ പലതവണ ഇവിടങ്ങളില്‍ ബോംബുവര്‍ഷിച്ചു. വിവാഹപാര്‍ട്ടികളിലെ അംഗങ്ങളും ശവമടക്കുന്നവരും പലതവണ വെന്തുരുകി മരണം പൂകി. പാകിസ്താനില്‍ കഴിഞ്ഞ ദശകത്തില്‍ 3962 പേര്‍ ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ചുവെന്നാണ് കണക്ക്.
ഡ്രോണുകള്‍ യുദ്ധനിയമങ്ങളൊന്നും പാലിക്കുന്നില്ല. എന്നാല്‍, അമേരിക്കന്‍ ജനതക്കാകട്ടെ, ഇതില്‍ വേവലാതിയുമില്ല. പ്യൂ റിസര്‍ച് സെന്‍റര്‍ നടത്തിയ പഠനത്തില്‍ 58 ശതമാനം ആളുകള്‍ ആക്രമണത്തെ അനുകൂലിച്ച് വോട്ടുചെയ്തു. വെറും 33 ശതമാനം ആളുകളാണ് എതിര്‍ത്തത്. പ്രസിഡന്‍റ് ഒബാമ ഏറെ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍, ഒബാമയുടെ ഭരണത്തിന്‍ കീഴില്‍ 2000ത്തിലധികം പേര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ ഡ്രോണുകളുടെ ഉപയോഗത്തില്‍ അമേരിക്ക ഒരു പുതിയ പ്രതിസന്ധി നേരിടുകയാണ്. ന്യൂ മെക്സിക്കോയിലെയും ടെക്സസിലെയും ഹോലോമാന്‍, റാന്‍ഡോള്‍ഫ് എന്നീ വ്യോമകേന്ദ്രങ്ങളില്‍നിന്ന് പ്രതിവര്‍ഷം 180 വൈമാനികരാണ് പരിശീലനം നേടി പുറത്തുവരുന്നത്. എന്നാല്‍, അതേ കാലയളവില്‍ 240 വൈമാനികര്‍ സേവനം ഉപേക്ഷിച്ച് യുദ്ധരംഗം വിടുന്നു. വീണ്ടുവിചാരമില്ലാതെ മനുഷ്യരെ കൊല്ലുന്ന പണി അവര്‍ക്ക് താങ്ങാനാവുന്നതിലപ്പുറമാണത്രെ. മാത്രമല്ല, ഡ്രോണുകളുടെ ഉപയോഗം വേറെയും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. അമേരിക്കന്‍ സെക്യൂരിറ്റി പ്രോജക്ടിന്‍െറ മേധാവികളിലൊരാളായ ഡിക്സന്‍ ഓസ്ബേണ്‍ പറയുന്നത് അടുത്ത പത്തുവര്‍ഷത്തിനകം എല്ലാ വന്‍കിട രാഷ്ട്രങ്ങളും ഡ്രോണുകള്‍ കൈവശപ്പെടുത്തുമെന്നാണ്. അങ്ങനെ വരുമ്പോള്‍ അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും ആകാശത്തിലെ സംഘട്ടനങ്ങളുമെല്ലാം ഡ്രോണുകള്‍ തമ്മിലായിരിക്കും. മഞ്ഞുമൂടിയ പര്‍വതശിഖരങ്ങളിലെ സൈനികസാന്നിധ്യമൊക്കെ പഴയകഥയായി മാറും. വന്‍ശക്തികളുടെയും പടക്കോപ്പുല്‍പാദകരുടെയും കണക്കുകള്‍ തെറ്റാനിടയില്ല. അതെ, ജനീവയിലെയോ ശറമുശൈ്ശഖിലെയോ സുഖവാസകേന്ദ്രങ്ങളില്‍ സമാധാനത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ അവരുടെ തീന്മേശയുടെ മുന്നിലുള്ള സ്ക്രീനുകളില്‍ ഡ്രോണുകള്‍ വൈതരണികളില്ലാതെ മനുഷ്യരെ കൊന്നുതീര്‍ക്കുന്നത് അവര്‍ക്ക് കണ്ടാനന്ദിക്കാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us army
Next Story