വൈദ്യശാസ്ത്രത്തിലായാലും മറ്റു മേഖലകളിലായാലും വേറിട്ട വഴികളിലൂടെ നടന്നവരെല്ലാംതന്നെ ശ്രദ്ധിക്കപ്പെടുകയും സ്വന്തം മേഖലകളില്‍ ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മഹാവ്യക്തിത്വമായിരുന്നു ഡോ. ക്രിസ്ത്യന്‍ ഫ്രെഡറിക് സാമുവല്‍ ഹാനിമാന്‍. ജര്‍മന്‍കാരനായ ഇദ്ദേഹമാണ് ഇന്ന് ഏറെ പുരോഗമിച്ച ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന് രൂപംനല്‍കിയത്. 1755 ഏപ്രില്‍ 10ന് ജനിച്ച ഹാനിമാന്‍ ഒരു അലോപ്പതി ഡോക്ടറായിരുന്നു. അദ്ദേഹത്തിന്‍െറ ജന്മദിനം ലോക ഹോമിയോപ്പതി ദിനമായാണ് ആചരിച്ചുവരുന്നത്. ഇന്ന് ലോകത്ത് ഹോമിയോപ്പതി ചികിത്സക്ക് ഏറ്റവുമധികം പ്രചാരമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയില്‍ വിദ്യാഭ്യാസപരമായും ആരോഗ്യമേഖലയിലും ഏറ്റവും മുന്നില്‍നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ പാര്‍ശ്വഫലരഹിതവും ഫലപ്രദവുമായ ചികിത്സ എന്നനിലയില്‍ മികച്ച സ്വാധീനമാണ് ഹോമിയോപ്പതി നേടിയത്. രോഗിയുടെ വേദന വര്‍ധിപ്പിക്കുന്ന പ്രാകൃതമായ ചികിത്സാരീതികള്‍ താണ്ഡവമാടിയിരുന്ന കാലത്ത് രോഗിയുടെ ശാരീരിക-മാനസിക പ്രത്യേകതകള്‍ കണക്കിലെടുത്തുവേണം ചികിത്സ നടത്തേണ്ടത് എന്ന ആശയം അടിസ്ഥാനപ്പെടുത്തിയാണ് ഡോ. ഹാനിമാന്‍ രണ്ടു നൂറ്റാണ്ടുമുമ്പ് നിരവധി പരീക്ഷണങ്ങളിലൂടെ ഹോമിയോപ്പതിക്ക് രൂപംനല്‍കിയത്. അലോപ്പതി ചികിത്സയിലെ രീതികള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ വന്ന് പഴഞ്ചന്‍ രീതികളില്‍നിന്ന് മോചിതമായെങ്കിലും ഒരു പുതിയ വൈദ്യശാസ്ത്രമെന്ന രീതിയില്‍ ഡോ. ഹാനിമാന്‍ അന്ന് രൂപംകൊടുത്ത ശാസ്ത്രീയ തത്ത്വങ്ങള്‍ അടിസ്ഥാനമാക്കി നടത്തുന്ന ഹോമിയോപ്പതി ചികിത്സയുടെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുക തന്നെയാണ്. സാധാരണക്കാരന് താങ്ങാന്‍ കഴിയാത്ത രീതിയിലേക്ക് ചികിത്സച്ചെലവ് വര്‍ധിച്ചുവരുമ്പോള്‍, ചികിത്സയെന്നത് ലാഭക്കണ്ണോടെയുള്ള ഒരു കച്ചവടമായി മാറുമ്പോള്‍, താരതമ്യേന ചെലവ് കുറവുള്ളതും എന്നാല്‍, മികച്ച ഫലം പ്രദാനംചെയ്യുന്നതുമായ ഹോമിയോപ്പതി ചികിത്സ കാലത്തിന്‍െറ ആവശ്യമായിത്തീരുന്നു.
ഹോമിയോപ്പതി ചികിത്സക്ക് സ്വീകാര്യത വര്‍ധിച്ചുവരുന്നതുകൊണ്ട് ചില കോണുകളില്‍നിന്ന് വിമര്‍ശങ്ങളും ശ്രദ്ധയില്‍പ്പെടുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇക്കാലത്ത് നിലവിലുള്ള ഒരു വൈദ്യശാസ്ത്രശാഖയും പരിപൂര്‍ണമെന്ന് പറയാന്‍ കഴിയില്ല. ഓരോന്നും അവക്ക് കഴിയുന്ന മേഖലകളില്‍ മികച്ച ചികിത്സാഫലങ്ങള്‍ നല്‍കി പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഇതര വൈദ്യശാസ്ത്രങ്ങളെ അവ അര്‍ഹിക്കുന്ന ബഹുമാനത്തോടെ കാണുകയും അനാവശ്യ വിമര്‍ശങ്ങള്‍ ഉന്നയിക്കാതിരിക്കുകയും ചെയ്ത്, സ്വന്തം ചികിത്സാരീതി കൂടുതല്‍ പഠനഗവേഷണങ്ങളിലൂടെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ഇതര ശാസ്ത്രങ്ങളിലെ പഠനത്തിനോ ചികിത്സാസംവിധാനത്തിനോ തടസ്സം നില്‍ക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് രോഗിയുടെ ആശ്വാസം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യേണ്ടത്.
ഹോമിയോപ്പതിക്ക് അധികാരികളുടെ ഭാഗത്തുനിന്ന് ഏറെ പ്രോത്സാഹനം ലഭിക്കുന്നുണ്ടെങ്കില്‍ തന്നെയും നിരവധി ആവശ്യങ്ങള്‍ പൊതുജനാരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും സ്വകാര്യ മേഖലയിലും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഇതിലേറ്റവും പ്രധാനം വ്യാജചികിത്സകരുടെ സാന്നിധ്യമാണ്. ഇന്നും കേരളത്തില്‍ ഒരു ഏകീകൃത മെഡിക്കല്‍ ബില്‍ രൂപവത്കരിക്കാത്തതിനാല്‍ ഒരു നിയന്ത്രണവുമില്ലാതെ വ്യാജചികിത്സകര്‍ പെരുകുകയാണ്. ഇതിനായി ഒരു നിയമനടപടിയും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാവുന്നില്ല. കഴിഞ്ഞ ഇടത് സര്‍ക്കാറിന്‍െറ കാലത്ത് വ്യാജചികിത്സകര്‍ക്ക് നിയമപരിരക്ഷ നല്‍കാനുള്ള നീക്കംനടന്നപ്പോള്‍ രാഷ്ട്രീയത്തിനും മറ്റ് വിഭാഗീയതകള്‍ക്കും അതീതമായി ആയുര്‍വേദ, ഹോമിയോപ്പതി ചികിത്സകര്‍ ഒന്നിച്ചുനിന്ന് എതിര്‍ത്തപ്പോള്‍, ആ വേദികളില്‍ വന്ന് പ്രതിഷേധത്തിന്‍െറ ഭാഗമായ ഇന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അന്നത്തെ പ്രതിപക്ഷ നേതാക്കള്‍ സംസാരിക്കുകയുണ്ടായി. എന്നാല്‍, അതേ നേതാക്കള്‍ക്ക് ഭരണം ലഭിച്ചിട്ടും സംഘടനകള്‍ നടത്തിയ നിരവധി സമരങ്ങളും നല്‍കിയ നിവേദനങ്ങളും തൃണവദ്ഗണിച്ചതും ദു$ഖകരമാണ്.
ഹോമിയോപ്പതിക്കനുകൂലമായി പുതിയ ഡിസ്പെന്‍സറികളും കാന്‍സര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ആരംഭിച്ചതില്‍ ഹോമിയോപ്പതി സമൂഹത്തിന് ഈ സര്‍ക്കാറിന് നന്ദിയുണ്ട്. എന്നാല്‍, പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനപ്പുറം അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ ചെയ്യേണ്ടിയിരുന്ന പല ആവശ്യങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ ഹോമിയോപ്പതി എം.ഡി കോഴ്സ് കൃത്യമായി നടക്കാതായി. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ളെന്നതു പോകട്ടെ, ഉള്ള സീറ്റുതന്നെ ആവശ്യമായ അധ്യാപകരില്ലാത്തതിനാല്‍ കുറഞ്ഞു. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലുകളുണ്ടായില്ല. ഗവ. ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ അധ്യാപകരുടെ ഒഴിവുകളിലേക്ക് പി.എസ്.സി നിയമനം വളരെക്കാലമായി നടക്കുന്നില്ല. റിട്ടയര്‍മെന്‍റ് വഴി വന്ന ഒഴിവുകളില്‍ വലിയൊരു ശതമാനവും നികത്തിയിട്ടില്ല. കൂടാതെ കേരളത്തിനു പുറത്ത് ഏഴു വിഷയങ്ങളില്‍ എം.ഡി കോഴ്സ് നടക്കുന്നുണ്ടെങ്കിലും ഹോമിയോപ്പതി വിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ ഇന്നും മൂന്നു വിഷയങ്ങളിലേ കോഴ്സ് നടക്കുന്നുള്ളൂ. ഹൗസ് സര്‍ജന്‍സിന്‍െറ സ്റ്റൈപന്‍ഡ് എം.ബി.ബി.എസ്, ആയുര്‍വേദ വിഭാഗങ്ങള്‍ക്ക് 20,000 രൂപയാക്കിയിട്ടും ഹോമിയോപ്പതിയില്‍ മാത്രം 17,000ത്തില്‍ ഒതുക്കി. സംഘടനകള്‍ ഇടപെട്ടിട്ടും വിദ്യാര്‍ഥികള്‍ സമരമുള്‍പ്പെടെ നടത്തിയിട്ടും ഈ വിവേചനം അവസാനിപ്പിക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല.
ഇത്തരം പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്നതിനു പുറമെ ഹോമിയോപ്പതിയുടെ സാധ്യതകള്‍ വിനിയോഗിച്ച് കേരളത്തിന്‍െറ ആരോഗ്യമേഖലക്ക് മുതല്‍ക്കൂട്ടാവേണ്ട നയങ്ങള്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാവണം.
ഹോമിയോപ്പതി എന്ന മഹത്തായ ചികിത്സാരീതിക്ക് രൂപംനല്‍കിയ ഡോ. ഹാനിമാന്‍ 1843ല്‍ ഇഹലോകവാസം വെടിഞ്ഞു. സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു (Similia Similibus Curentur) എന്ന തത്ത്വത്തിലധിഷ്ഠിതമായ ചികിത്സാരീതിയിലൂടെ മനുഷ്യകുലത്തിന് രോഗശാന്തി പ്രദാനം ചെയ്ത അദ്ദേഹം വെട്ടിത്തുറന്ന നൂതനപാത അസാധാരണ പരിവര്‍ത്തനങ്ങളാണ് സൃഷ്ടിച്ചത്. ഈ പാതയിലൂടെ ഹോമിയോ ചികിത്സകര്‍ രോഗപീഡയാല്‍ വേദനിക്കുന്ന മാനവകുലത്തിനു മികച്ച ചികിത്സയും സഹാനുഭൂതിയും നല്‍കുന്നതായിരിക്കും അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും മികച്ച സ്മരണാഞ്ജലി.
(ദി ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)